ഇവിടുത്തെ കാറ്റാണ് കാറ്റ്.. മലമൂടും മഞ്ഞാണ്‌ മഞ്ഞ്.. ഇടുക്കിയിലെ മിടുക്കി

വിവരണം – അജ്മൽ അലി പാലേരി.

“ഇവിടുത്തെ കാറ്റാണ് കാറ്റ്… മലമൂടും മഞ്ഞാണ്‌ മഞ്ഞ്… കതിർ കനവേകും മണ്ണാണ് മണ്ണ്…” കാറിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒഴുകിവരുന്ന പാട്ട് സന്ദർഭോചിതമാണെന്നെനിക്കു തോന്നി. മൂന്നാറിൽ നിന്നും ഇടുക്കി വഴി വാഗമണ്ണിലേക്കുള്ള യാത്രയിലാണ്. പാട്ടുകളിലൂടെ സിനിമകളിലൂടെ ഇടുക്കി എന്റെ മനസ്സിലേക്ക് കുടിയേറിയിട്ടൊരുപാട് നാളായിരുന്നു.

വർണ്ണനകൾക്കതീതമായ സൗന്ദര്യം അതാണ് ഇടുക്കിയെന്ന് മുന്നോട്ടുപോകുംതോറും മനസ്സിലായി. മലഞ്ചേരിവുകളും കാട്ടരുവികളും നാൽക്കവലകളും ഇടക്കിടക്കുള്ള ചെറിയ വെള്ളച്ചാട്ടങ്ങളും കൂട്ടിനു ചെറിയ ചാറ്റൽ മഴയും, ഇടുക്കി എന്നെ ആദിത്യമരുളുകയാണ്. അല്ല ഇതെന്നെ മാത്രമല്ല, ഇടുക്കി ഇങ്ങിനെയാണ്, അവൾ എല്ലാവരെയും മനസ്സറിഞ്ഞു സ്വീകരിക്കും.

മൂന്നാറിൽ നിന്നും മലയിറങ്ങിയപ്പോഴേക്കും സമയം ഉച്ചയായിരുന്നു, അതുകൊണ്ടുതന്നെ വിശപ്പിന്റെ വിളി എവിടെനിന്നോ കേൾക്കുന്നുണ്ടായിരുന്നു. പോകുന്ന വഴി ഒരു കവലയിൽ കാട്ടരുവിയോട് ചേർന്നുള്ള ഓടുമേഞ്ഞ ഒരു കട കണ്ടു ഞങ്ങൾ കാർ നിർത്തി. “ചേച്ചിയുടെ കട,വീട്ടിലെ ഊണ്” പേരിൽ തന്നെ ഒരു കൗതുകം. പൊരിച്ച മീനുംകൂട്ടി നല്ല നാടൻ ചോറ് കഴിച്ചപ്പോഴേക്കും വിശപ്പെല്ലാം പമ്പ കടന്നു.

ഇതുവരെയുള്ള യാത്രയൊക്കെയും പ്ലാൻ ചെയ്തതായിരുന്നു, താമസമെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ പ്രത്യേകിച്ചൊരു പ്ലാനുമില്ലായിരുന്നു. വാഗമണ്ണിൽ പോവണമോ അതോ നേരെ കൊച്ചിയിൽ പോയി ഒരു ദിവസം അവിടെ തങ്ങി ഫോർട്ട് കൊച്ചിയും കറങ്ങി നാട്ടിലേക്ക് പോവാണോ. തീരുമാനം നീണ്ടെങ്കിലും, തീരുമാനം എന്തായാലും ഇനി കാൽവരിമൗണ്ട് കണ്ടിട്ടേ മുന്നോട്ടൊള്ളു എന്നു എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

ഇടുക്കി ചെറുതോണി-കട്ടപ്പന റൂട്ടിൽ പതിമൂന്ന് കിലോമീറ്റർ പോയിട്ടുവേണം കാൽവരിമൗണ്ടിലെത്താൻ. ഇടുക്കി ജില്ലാ കോണ്ഗ്രസ് ഹർത്താലായിരുന്നതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നെങ്കിലും ഇടക്കിടക്ക് വാഹനങ്ങൾ തടയുന്നുണ്ടായിരുന്നു. മെയിൻ റോഡിൽ നിന്നും വലത്തെക്കു തിരിഞ്ഞു കുത്തനെയുള്ള കയറ്റവും കഴിഞ്ഞു ഫോറസ്റ് കവാടവും കടന്നു മേലെയെത്തുമ്പോൾ സമയം വൈകുന്നേരം നാലുമണിയായിരുന്നു.

ആൾക്ക് ഇരുപതു രൂപ നിരക്കിൽ ടിക്കറ്റ് എടുത്ത് മുന്നോട്ട് പോകുമ്പോൾ തണുത്ത കാറ്റിനൊപ്പം ചാറ്റൽമഴയുമുണ്ടായിരുന്നു. ഒരു ചെറിയ കയറ്റം കഴിഞ്ഞ്‌ മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ച വാക്കുകളിലൂടെ വർന്നിക്കാനും ചിത്രങ്ങൾക്ക്‌ പറയാനും കഴിയാത്തതാണ്. ഇടുക്കി ഡാമിന്റെ റിസർവോയറിന്റെ സുന്ദരമായ മുകളിൽ നിന്നുള്ള ദൃശ്യത്തിനൊപ്പം ദൂരെ ഇടുക്കി വൈൽഡ്ലൈഫ് സാങ്ചൊറിയുടെ ഭാഗമായുള്ള കാടുകളും മലനിരകളും കാണാം.

ഒരാൾപോക്കമുള്ള പുല്ലുകൾക്കിടയിലൂടെ ഞങ്ങൾ താഴേക്കൂർന്നിറങ്ങി നടക്കുമ്പോൾ കണ്ട പാറയിലും ബെഞ്ചിലുമായി ഞങ്ങൾ ഇരുന്നു. മൊബൈലുകൾക്കും ക്യാമറകൾക്കും തൽക്കാലം വിശ്രമം കൊടുത്തു ആ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞിരുന്നപ്പോൾ ഒരു സ്വപ്നലോകത്തെത്തിയ പോലെ തോന്നി. ശരിക്കും ഇടുക്കിയിലെ മിടുക്കി തന്നെയാണ് കാൽവരിമൗണ്ട്, നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടും.

സമയം പിന്നെയും കടന്നുപോയി. ദൂരെ മലമടക്കുകൾക്കപ്പുറം സൂര്യൻ മറയാൻ തുടങ്ങുന്നതിന് മുന്നേ തന്നെ ആകാശം ചെഞ്ചായമണിഞ്ഞു. ഹർത്താലായതിനാൽ സഞ്ചാരികൾ കുറവായിരുന്നെങ്കിലും, ഉള്ളവർ കൂടെ മടങ്ങിയതോടെ അവിടെ ഞങ്ങൾ മാത്രമായി. അസ്തമയ ശേഷം ടിക്കറ്റ് കൗണ്ടറിനോട് ചേർന്നുള്ള കോഫീ ഷോപ്പിൽ നിന്നും ചൂട്കാപ്പിയും കുടിച്ചിരിക്കുമ്പോൾ അടുത്ത ലക്ഷ്യസ്ഥാനത്തേക്കുറിച്ചുള്ള ചർച്ചകളായിരുന്നു. സമയം വൈകിയതിനാൽ ഞങ്ങൾ വാഗമണ് സ്വപ്നം ബാക്കിയാക്കി കൊച്ചിയിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ കൊച്ചിയിലെ വെല്ലിങ്ടൻ ഐലൻഡിലുള്ള ഹോട്ടലിൽ റൂം ബുക്ക് ചെയ്‌തു.

മടക്കയാത്രകളുടെ വിരസത മാറ്റാൻ ഞങ്ങൾ സാധാരണ ചെയുന്നപോലെ ടീമായി തിരിഞ്ഞു അന്താക്ഷരിയും കളിച്ചു ഹോട്ടലിലെത്തുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. ചെക്കിന് ചെയ്തു ഒന്നു ഫ്രഷ് ആയ ശേഷം ഫോർട്ട് കൊച്ചിയുടെ ഒരു നെറ്റ്ഡ്രൈവും കഴിഞ്ഞു ഉറക്കത്തിലേക്കു വഴുതിവീഴുമ്പോൾ സമയം അർധരാത്രി കഴിഞ്ഞിരുന്നു. ഇനിയുമൊരിക്കൽ കൂടി പോയ വഴികളിലൂടെയെല്ലാം സഞ്ചരിക്കണം.