മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങി.

പിന്നാലെയുണ്ടായിരുന്ന ഞാനും ഇമിഗ്രെഷൻ ഓഫീസർക്ക് പാസ്സ്പോർട്ട് നൽകി നടപടിക്രമങ്ങൾക്കായി കാത്തുനിന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്, ഓഫീസർ എൻ്റെ പാസ്സ്‌പോർട്ട് തിരിച്ചും മറിച്ചുമൊക്കെ പരിശോധിക്കുന്നു. ഇതെന്താ പതിവില്ലാതെ ഇങ്ങനെയൊരു ചെക്കിംഗ് എന്നോർത്ത് ഞാൻ നിൽക്കവേ ആ ഓഫീസർ മറ്റൊരു ഓഫീസറെ വിളിച്ചുവരുത്തി എൻ്റെ പാസ്സ്പോര്ട്ടും ബോർഡിംഗ് പാസും അദ്ദേഹത്തെ ഏൽപ്പിച്ചു.

ആ ഓഫീസർ എന്നോട് “ഫോളോ മീ’ എന്നു പറഞ്ഞു. ഇത്രയുമായപ്പോൾ എൻ്റെ നെഞ്ചിൽ ഇടിമിന്നൽ ആളി. ഇത് എന്തോ ഒരു മുട്ടൻ പണി വരുന്നതിൻ്റെ ലക്ഷണമാണല്ലോ എന്ന് എൻ്റെ മനസ്സ് പറഞ്ഞു. ഇതേസമയം എന്നെപ്പോലെ ഞങ്ങളുടെ ഫ്‌ളൈറ്റിൽ വന്ന പതിനഞ്ചോളം ആളുകളെക്കൂടി “ഫോളോ മീ” പറഞ്ഞുകൊണ്ട് പോയി. ഞങ്ങളെ അവർ കൊണ്ടുപോയത് ടെർമിനലിന്റെ മുകളിലത്തെ നിലയിലേക്ക് ആയിരുന്നു.

അവിടെ ചെന്നപ്പോഴാണ് എൻ്റെ കണ്ണുതള്ളിപ്പോയത്. ഞങ്ങളെപ്പോലെ നൂറോളം യാത്രക്കാർ അവിടെ കാത്തിരിക്കുകയാണ്. “എന്താണ് കാര്യം” എന്നൊക്കെ ഞങ്ങളിൽ പലരും തിരക്കിയെങ്കിലും അതിനൊന്നും മറുപടി തരാൻ അവിടത്തെ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. ദേഷ്യത്തിലല്ലെങ്കിലും “No questions, just wait” എന്നു മാത്രമായിരുന്നു അവരുടെ മറുപടി. അങ്ങനെ അവിടെ ഒരു ഒന്നര മണിക്കൂർ സമയം എനിക്ക് കാത്തിരിക്കേണ്ടി വന്നു.

ഇതിനിടയിൽ പുറത്തിറങ്ങിയ സഹീർഭായി എന്നെ കാണാതെ അമ്പരപ്പിലായിരുന്നു. ഇതിനിടയിൽ സഹീർ ഭായിയെ ഒരുകണക്കിന് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചു. എൻ്റെ ഫോണിൽ ഇന്റർനാഷണൽ റോമിംഗ് പാക്ക് ആക്ടിവേറ്റ് ചെയ്തിരുന്നത് എന്തായാലും നന്നായി എന്ന് അപ്പോൾ തോന്നി. അങ്ങനെ സഹീർഭായി പിന്നെയും പുറത്ത് എന്നെ കാത്തിരുന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു ഓഫീസർ വന്ന് എൻ്റെ പേര് വിളിക്കുകയും എന്നെയുംകൊണ്ട് മറ്റൊരു മുറിയിലേക്ക് പോകുകയും ചെയ്തു. ആ മുറിയിൽ വെച്ച് എന്നോട് കുറെ ചോദ്യങ്ങൾ അവർ ചോദിച്ചു. “എന്തിനാണ് റഷ്യയിലേക്ക് വന്നത്? എപ്പോൾ തിരിച്ചു പോകും? എന്ത് ചെയ്യുന്നു? എത്ര രൂപയുണ്ട് കയ്യിൽ?” തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ ഞാൻ കൃത്യമായി മറുപടി കൊടുക്കുകയും, ആവശ്യമായ Documents കാണിച്ചു കൊടുക്കുകയും ചെയ്തു. അതോടൊപ്പം തന്നെ നമ്മുടെ യൂട്യൂബ് ചാനലും മറ്റും അവരെ കാണിച്ച് ട്രാവൽ വ്ലോഗർ ആണെന്നു ബോധ്യപ്പെടുത്തി.

എന്തായാലും എൻ്റെ മറുപടിയിൽ അവർ തൃപ്തരാണെന്ന് മനസ്സിലായി. ഒടുവിൽ എൻ്റെ ഫോണിൻ്റെ IMEI നമ്പർ വരെ എഴുതിയെടുത്ത ശേഷം അവർ എന്നെ മുൻപ് കാത്തിരുന്ന സ്ഥലത്ത് തിരികെയെത്തിച്ചു. അവിടെ വീണ്ടും 15 മിനിറ്റോളം കാത്തിരുന്നു. പിന്നെ മറ്റൊരു ഓഫീസർ വന്ന് എന്നെ വിളിച്ച് ഇമിഗ്രെഷൻ കൗണ്ടറിലേക്ക് കൊണ്ടുപോകുകയും, അവിടെ വെച്ച് എൻ്റെ പാസ്സ്പോർട്ടിൽ എൻട്രി സ്റ്റാമ്പ് ചെയ്യിക്കുകയും, എന്നെ പുറത്തേക്ക് പോകുവാൻ അനുവദിക്കുകയും ചെയ്തു.

അങ്ങനെ രണ്ടു മണിക്കൂറോളം എയർപോർട്ടിനുള്ളിൽ പോസ്റ്റായ ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി. പാവം സഹീർ ഭായി ഇത്രയും സമയം അവിടെ എന്നെ കാത്തിരിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഈ രണ്ടു മണിക്കൂർ ഞാൻ നിന്നിരുന്നത് മുൾമുനയിലായിരുന്നു. കാര്യം ഇത് മറ്റൊരു രാജ്യമാണ്. എന്താണ് പ്രശ്നമെന്ന് പോലും അവർ പറയുന്നില്ല. ഇനിയെങ്ങാനും തിരികെ കയറ്റി അയച്ചാലോ? എന്തായാലും പ്രശ്നങ്ങളൊന്നും കൂടാതെ പുറത്തിറങ്ങുവാൻ സാധിച്ചു.

ഹോട്ടൽ റൂമിലെത്തി സഹീർഭായിയോട് ഈ കാര്യത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോളാണ് ഇതെല്ലാം സുരക്ഷയെ മുൻനിർത്തി ചെയ്യുന്ന കാര്യങ്ങളാണെന്ന് മനസ്സിലായത്. ചിലർ വിസിറ്റിങ് വിസയിലും മറ്റും ഇവിടേക്ക് വന്നിട്ട് പിന്നീട് തിരികെ പോകാതെ അവിടെ ഒളിച്ചു താമസിക്കാറുണ്ടത്രേ. അതെല്ലാം ഒഴിവാക്കുവാനായാണ് Randam ആയി യാത്രക്കാരെ ഇങ്ങനെ പരിശോധിക്കുന്നത്. നമ്മുടെ കൈയിൽ രേഖകളെല്ലാം പക്കാ ഓക്കെയാണെങ്കിൽ പേടിക്കേണ്ട കാര്യമില്ല. അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ ധൈര്യമായി മറുപടി നൽകിയാൽ മാത്രം മതി.