ബസ് ജീവനക്കാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ഇട്ടിരുന്നുവെങ്കിൽ?

എഴുത്ത് – Shyamlal T Pushpan, ചിത്രം – മനോരമ ഓൺലൈൻ.

അവിനാശി ബസ് അപകടത്തിൽ അവസാന നിരയിൽ നടുക്ക് ഉള്ള സീറ്റിൽ ഉണ്ടായിരുന്ന യാത്രക്കാരനും മരണപ്പെട്ടത് മനോരമ നൽകിയ വാർത്തയിൽ കണ്ടു. 45 നമ്പർ സീറ്റ്. അടുത്തുള്ള ഒരു സീറ്റിലും ഉള്ള യാത്രക്കാരന് കുഴപ്പം ഇല്ലാതെ ആ ഒരാൾക്ക് മാത്രം ഉണ്ടായ ദുര്യോഗം ആ സീറ്റിൽ ഉള്ള സീറ്റ് ബെൽറ്റ് ധരിക്കാത്തതു കൊണ്ടാണ്. ആ സീറ്റ് വേറെ ഒരിടത്തും പിടിക്കാൻ ഇട കിട്ടാത്ത ഒന്നായതു കൊണ്ട് ആ സീറ്റ് നിർബന്ധം ആയും ബെൽറ്റ് ധരിക്കേണ്ട ഒന്നാണ്.

ലോ ഫ്ലോർ ബസിൽ ആ സീറ്റിൽ ഇരിക്കുന്ന സമയത്തു ആദ്യം ചെയുക ആ സീറ്റ് ബെൽറ്റ് ഇടുക എന്നത് ആണ്. എന്നാൽ പല ലോ ഫ്ലോർ ബസിലും ഇപ്പോൾ ആ ബെൽറ്റ് ഇല്ല. കഴിഞ്ഞ ദിവസം കണ്ടക്ടർനോട് ചോദിച്ചപ്പോൾ ‘ഇവനേതു അമുൽ ബേബി’ എന്ന മട്ടിൽ ഒരു ആക്കിയ ചിരി. അടുത്ത് ഇരുന്ന ആൾ പേടി ആണെങ്കിൽ ഇവിടെ ഇരുന്നോ എന്ന് പറഞ്ഞു സീറ്റ് മാറി ഇരിക്കാൻ തയ്യാർ.

അത് പോലെ ഏറ്റവും മുന്നിലെ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് ഉണ്ട്. അത് നിർബന്ധമായും യാത്രക്കാർ ധരിക്കണം യാത്രയിൽ ഉടനീളം . ഈ വണ്ടി തന്നെ കഴിഞ്ഞ തവണ അപകടത്തിൽ പെട്ട് ഡ്രൈവർ മാത്രം മരണപ്പെട്ട സംഭവത്തിലും ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു എങ്കിൽ ആ വ്യക്തി നമ്മുടെ കൂടെ ഉണ്ടായേനെ.

അത് പോലെ രാത്രി യാത്രകളിൽ കണ്ടക്ടർ ഇരിക്കുന്ന ജമ്പ് സീറ്റിനു സീറ്റ് ബെൽറ്റ് ഇല്ലാതെ എങ്ങനെ ഇരിക്കാൻ ധൈര്യം വരുന്നു? കഴിഞ്ഞ ദിവസത്തെ അപകടത്തിലും കണ്ടക്ടർ രക്ഷപെടാൻ ഉള്ള സാധ്യത നൽകുന്ന ഒന്നാണ് ആ സീറ്റ് ബെൽറ്റ്. ആ ഭാഗത്തെ തകർച്ച കുറവാണു. കണ്ടക്ടർ തെറിച്ചു പോയി അപകടം ഉണ്ടായത് ആവാൻ ആണ് സാധ്യത.

എന്ത് കൊണ്ട് ഹെവി വാഹനങ്ങളിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് നിർബന്ധം ആകുന്നില്ല? അപകടം സംഭവിച്ചാൽ ഏറ്റവും മാരകമായ പൊസിഷൻ വലിയ വണ്ടികളിൽ ഉള്ള ഡ്രൈവർക്കു ആണ്. KSRTC ബസിൽ ആ സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി അത് ഡോറിനു ഉള്ള ചരട് ആക്കി മാറ്റിയാൽ മാത്രമേ സമാധാനം ആകൂ എന്ന അവസ്ഥ ആണ് .

ഞാൻ സീറ്റ് ബെൽറ്റ് ഇട്ടു മാത്രമേ ഇനി ബസ് ഓടിക്കൂ എന്നും അതില്ലെങ്കിൽ മെക്കാനിക്കൽ ഡിവിഷൻ ഒരാഴ്ച്യ്ക്ക് ഉള്ളിൽ അതെല്ലാം പിടിപ്പിക്കണം എന്നും പറയാൻ തയ്യാറുള്ള ഹെവി ഡ്യൂട്ടി ഡ്രൈവേഴ്സ് ഇവിടെ ഉണ്ടോ?