രാമന്‍ രാഘവ് മുതൽ ഓട്ടോ ശങ്കർ വരെ; ഇന്ത്യയെ നടുക്കിയ സീരിയൽ കില്ലേഴ്‌സ്

കൊലയാളികളും തുടര്‍ കൊലപാതകികളും (സീരിയല്‍ കില്ലര്‍) ഉണ്ട്. പല കൊലപാതകങ്ങള്‍ക്ക് പിന്നിലും പ്രതികാരത്തിന്റെയോ വിദ്വേഷത്തിന്റെയോ കാരണങ്ങള്‍ കാണാം. പക്ഷേ, സീരിയല്‍ കില്ലറുകളുടെ കാര്യത്തില്‍ ഭൂരിഭാഗത്തിനും അങ്ങനെയൊരു കാരണങ്ങള്‍ കാണാന്‍ കഴിയില്ല. മിക്കതും അവരുടെ മാനസിക വിഭ്രാന്തിയുടെ ഫലങ്ങളായിരുന്നു. ഇന്ത്യയിലും അങ്ങനെ ധാരാളം സീരിയല്‍ കില്ലറുകള്‍ പല കാലങ്ങളിലായി സംഭവിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കൊച്ചു ബാലന്‍ ഉള്‍പ്പെടെ. മിക്ക സംഭവങ്ങളും പിടിക്കപ്പെട്ടെങ്കിലും ഇന്നും തെളിയിക്കപ്പെടാത്ത സീരിയല്‍ കൊലപാതങ്ങളും അവശേഷിക്കുന്നു. നിങ്ങളില്‍ ഭയത്തിന്റെ കനലുകള്‍ ആളിക്കത്തിക്കാന്‍ പോന്ന ചില സീരിയല്‍ കില്ലറുകളെക്കുറിച്ച് വായിക്കൂ.

1. രാമന്‍ രാഘവ് : ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലെര്‍ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും രാമന്‍ രാഘവിനെ. സൈക്കോ രാഘവ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇയാള്‍ എത്ര കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ കണക്കുകള്‍ ഇല്ല. 40നു മുകളില്‍ എന്ന് ഒരു കണക്കിന് വേണ്ടി പറയാമെങ്കിലും ഇതിലും ഒത്തിരി കൂടുതല്‍ ആയിരിക്കും യഥാര്‍ത്ഥ കണക്കുകള്‍ എന്നാണ് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ പറയുന്നത്.

2. സൈനേഡ് മോഹന്‍ : മോഹന്‍കുമാര്‍ എന്ന സൈനേഡ് മോഹന്‍. ഒരു പ്രൈമറി സ്‌കൂളിലെ കായികാധ്യാപകനായിരുന്ന ഇയാള്‍ 2005-2009 കാലഘട്ടത്തില്‍ കൊലപ്പെടുത്തിയത് 20 യുവതികളെയാണ്. അവിവാഹിതരായ സ്ത്രീകളുമായി ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭനിരോധന ഗുളികകള്‍ എന്ന പേരില്‍ സൈനെയിഡ് ഗുളികകള്‍ നല്‍കി കൊല്ലുകയുമായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഇയാള്‍ വിരുതനാണ്. 2013 ല്‍ തൂക്കിലേറ്റാല്‍ കോടതി വിധിച്ചു.

3. ദേവേന്ദ്ര ശര്‍മ : ഉത്തര്‍പ്രദേശിലെ ആയുര്‍വേദ ഡോക്ടറെ പുറം ലോകം അറിഞ്ഞത് ക്രൂരമായ കൊലപാതകങ്ങളുടെ പേരിലായിരുന്നു. ആഡംബര കാറുകളോടുള്ള അത്യാര്‍ത്തിയായിരുന്നു കൊലക്ക് പിന്നിലുള്ള വികാരങ്ങള്‍. അതില്‍ നഷ്ടപ്പെട്ട ജീവനുകളെക്കുറിച്ച് ഇയാള്‍ക്ക് ആവലാതികള്‍ ഇല്ലായിരുന്നു. 2004 മുതല്‍ 2006 വരെ ഉത്തര്‍പ്രദേശ്, ഗാര്‍ഗൂണ്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാറുകള്‍ തട്ടിയെടുക്കുകയായിരുന്നു രീതി. ദേവേന്ദ്ര ശര്‍മയുടെ കുറ്റസമ്മത മൊഴിപ്രകാരം 40ഓളം പേരെ കൊലപ്പെടുത്തിയെന്നാണ്. 2008 ല് തൂക്കിലേറ്റാന്‍ വിധിച്ചു.

4. നിതാരി കൊലപാതകികള്‍ : മൊനിന്ദര്‍ സിംഗ് പാന്ഥര്‍ -നോയിദയിലെ ബിസിനസ്സുകാരന്‍, അയാളുടെ സഹായി സുരീന്ദര്‍ കോലി. നോയിദയിലെ നിതാരി വില്ലേജില്‍ നിന്ന് കാണാതായ കുട്ടികളുടെ തലയോട്ടി കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരും 2006 ല്‍ അറസ്റ്റിലായി. പിന്നീട് ചുരുളഴിഞ്ഞത് കൊടുംക്രൂരതയുടെ കഥകളായിരുന്നു. ബലാല്‍സംഗം, ബാലപീഡനം, അവയവ കടത്ത് എന്നിവ. സുരീന്ദര്‍ കോലിക്കെതിരെ അഞ്ച് കൊലപാതകങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. വധശിക്ഷ കാത്ത് കഴിയുന്നു. അതേ കേസില്‍ തെളിയിക്കാത്ത 11 കൊലപാതകങ്ങളുടെ വിധി കാത്ത് പാന്ഥറും.

5. ചാള്‍സ് ശോഭരാജ് : സൗമ്യനായ ബിക്കിനി കൊലയാളിയെന്ന അപര നാമത്തിലറയിപ്പെട്ട കുപ്രസിദ്ധന്‍. 1975-76 കാലഘട്ടങ്ങളില്‍ സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഇയാള്‍ നടത്തിയത് 12 കൊലപാതകങ്ങള്‍. കൊലപാതകങ്ങള്‍ക്ക് അയാളെ പ്രേരിപ്പിച്ചതോ ആഡംബര ജീവിതത്തോടുള്ള ആസക്തി. ശോഭരാജ് തന്റെ ഇരകളെ കണ്ടെത്തിയിരുന്നത് പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. ഇരകളുടെ വിശ്വാസം നേടാന്‍ ശോഭരാജ് തന്നെ അപകടങ്ങളൊരുക്കി അതില്‍ നിന്ന് രക്ഷപ്പെടുത്തുകയെന്നതായിരുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത് സ്വമ്മിംഗ് പൂളിന് സമീപം ബിക്കിനിയിലായിരുന്നു. അതാണ് ‘ബിക്കിനി കില്ലര്‍’ എന്ന അപരനാമത്തിന് കാരണഹേതു. ആദ്യം 1976 -77ല്‍ ഇന്ത്യയില്‍ തടവില്‍ കഴിഞ്ഞ ഇയാള്‍ തന്റെ ജീവിതം പുസ്തകമാക്കാനും സിനിമയാക്കാനും വന്‍ വിലയാണ് നേടിയത്. 2004 ല്‍ നേപ്പാളിലേക്ക് തിരികെ പോയി. അവിടെ വെച്ച് വീണ്ടും പിടിയിലായി. ഇപ്പോള്‍ തന്റെ രണ്ടാം തടവുജീവിതം അനുഭവിക്കുന്നു.

6. സൈനേഡ് മല്ലിക : ബ്ലാംഗ്ലൂര്‍ സ്വേദേശിനിയായ മല്ലിക കൊലപ്പെടുത്തിയത് 2007 വരെ കൊലപ്പെടുത്തിയത് ആറ് സ്ത്രീകളെയായിരുന്നു. സ്ത്രീകളെ കണ്ടെത്തി സൈനേഡ് നല്‍കി കൊലപ്പെടുത്തി അവരുടെ ആഭരണങ്ങളും സമ്പാദ്യവും കൈക്കലാക്കുകയായിരുന്നു ഇവര്‍. 2012 ല്‍ വധശിക്ഷക്ക് വിധിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജീവപര്യന്തം കഠിനതടവാക്കി ചുരുക്കി.

7. രേണുക ഷിണ്ഡേ, സീമ ഗവിത് : രേണുകയും സീമയും കൊലപാതകത്തിന്റെ ക്രൂരലോകത്ത് പ്രവേശിച്ചത് മാതാവ് അഞ്ജനാബായിയില്‍ നിന്നുള്ള പരിശീലനത്തിലൂടെയാണ്. കൊച്ചു കുട്ടികളെ തട്ടിയെടുത്ത് മോഷണത്തിന് ഉപയോഗിക്കുകയായിരുന്നു ഇവര്‍. ഈ കുട്ടികളിലാരെങ്കിലും എതിര്‍പ്പ് കാണിച്ചാല്‍ അവരെ ചുവരില്‍ തലയടിച്ച് കൊല്ലുകയായിരുന്നു. ഒരു വയസ്സിനും ആറ് വയസ്സിനും മധ്യേയുള്ള ആറ് പിഞ്ചുകുഞ്ഞുങ്ങളെയാണ് 1990 നും 1996നും മധ്യേ ഇവര്‍ കൊലപ്പെടുത്തിയത്. 90 ന് മുമ്പ് എത്രപേരെ കൊന്നുവെന്ന് ഇവര്‍ക്ക് നിശ്ചയമില്ലെന്നാണ് ഇവരുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നത്.

8. റിപ്പര്‍? : ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്നും തെളിയിക്കപ്പെടാത്ത കൊലപാതക പരമ്പരകളാണ് 1989 ല്‍ കൊല്‍കത്തയില്‍ അരങ്ങേറിയത്. വഴിയോരത്ത് കിടക്കുന്നവരുടെ തലയില്‍ വലിയ കല്ലുകള്‍ പതിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി ഒരാളോ അതോ എത്രപേരുണ്ടെന്നോ ഇതുവരെ തെളിയിച്ചിട്ടില്ല.

9. ദര്‍ബറ സിംഗ് : 2004 വരെ 15 പെണ്‍കുട്ടികളെയും 2 ആണ്‍കുട്ടികളെയും കൊലപ്പെടുത്തിയ ദര്‍ബറ സിംഗ്. ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുന്നു. ഇതുവരെ അഞ്ച് കൊലപാതകങ്ങളാണ് ഇയാളുടെ പേരില്‍ തെളിയിക്കപ്പെട്ടത്. ബാക്കിയുള്ളതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. കുട്ടികളുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു ഇയാള്‍.

10. അമര്‍ദീപ് സദ -കുട്ടിക്കൊലയാളി : വിശ്വസിക്കാന്‍ പ്രയാസമായിരിക്കാം. പക്ഷേ സത്യമാണ്. ഇത് അമര്‍ദീപ് സദ ഇന്ത്യയിലെ കുട്ടി സീരിയല്‍ കില്ലര്‍. എട്ടാമത്തെ വയസ്സില്‍ അമര്‍ദീപ് അറസ്റ്റിലാവുമ്പോള്‍ അതുവരെ സ്വന്തം സഹോദരിയെ ഉള്‍പ്പെടെ മൂന്ന് കുട്ടികളെയാണ് ഇവന്‍ കൊലപ്പെടുത്തിയത്. അയല്‍വീട്ടിലെ രണ്ട് കുട്ടികളും. ആദ്യ രണ്ട് കൊലപാതകങ്ങളും വീട്ടുകാര്‍ക്ക് അറിയാമായിരുന്നിട്ടും അവര്‍ പൊലീസിനെ സമീപിച്ചില്ല. കുടുംബത്തിനുള്ളിലെ പ്രശ്‌നമായി ഒതുക്കി തീര്‍ത്തു. എന്നാല്‍ അയല്‍വാസിയുടെ മകളെ കൊലപ്പെടുത്തിയതോടെയാണ് കൊലപാതക പരമ്പര പുറംലോകം അറിഞ്ഞത്. കൊലപാതകത്തെ കുറിച്ച് പൊലീസ് ചോദിച്ചപ്പോള്‍ അമര്‍ദീപ് ചിരിക്കുക മാത്രം ചെയ്തു.

11. ഓട്ടോ ഷങ്കര് : യഥാര്‍ത്ഥ പേര് ഗൗരി ശങ്കര്‍. തമിഴ്‌നാട്ടില്‍ കള്ളച്ചരായ കടത്തും പെണ്‍വാണിഭവുമായി ബന്ധപ്പെട്ടാണ് ആദ്യമായി പേര് പുറത്ത് വരുന്നത്. എന്നാല്‍ ഇയാള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് 80കളില്‍ നടത്തിയ നരനായാട്ടിനെ തുടര്‍ന്നാണ്. 1988 ല്‍ ആറ് മാസത്തിനിടെ ഒമ്പത് ബാലികമാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. സിനിമകളാണ് കൊലപാതകങ്ങള്‍ക്ക് പ്രചോദനമായതെന്ന്ആദ്യം പറഞ്ഞെങ്കിലും ചില രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയാണ് താന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയതെന്ന് തൂക്കിലേറുന്നതിന് രണ്ട് മാസം മുമ്പ് കുറ്റസമ്മതം നടത്തി. ഒരിക്കല്‍ ഇയാള്‍ തടവ് ചാടിയെങ്കിലും ഒറീസയില്‍ നിന്ന് പിടിയിലായി 1995 സേലം ജയിലില്‍ വെച്ച് തൂക്കിലേറ്റി.

കടപ്പാട്: ആരാധന രാജ്, വിക്കി റിപ്പോർട്ടർ, ഇന്റെർനെറ്റ്.