അച്ചടിച്ച പേപ്പറിനേക്കാൾ വിലയുള്ള കറൻസി നോട്ടുകളുടെ വിശേഷങ്ങൾ

എഴുത്ത് – വിനോജ് അപ്പുക്കുട്ടൻ.

പേപ്പറിനേക്കാൾ വിലയാണല്ലൊ പേപ്പറിലടിച്ച കറൻസിക്ക്. 2000 രൂപ നോട്ടടിക്കാൻ 4.18 രൂപയേ ചിലവുള്ളൂ. 500 രൂപയാണേൽ 2.57 രൂപയും. 100 രൂപയ്ക്ക് 1.51 ഉം, 50 രൂപയ്ക്ക് 1.01 രൂപ, 20 രൂപയ്ക്ക് 1 രൂപ, 10 രൂപയ്ക്ക് 1.01 രൂപ. ഇത്രയും വില കുറഞ്ഞ കടലാസ് കഷണത്തിന് വില കൂട്ടുന്നത് യഥാർത്തിൽ RBl ഗവർണറാണ്.

കറൻസിയിൽ കാണാം”I PROMISE TO PAY THE BEARER THE SUM OF TWO THOUSAND RUPEES” എന്നും താഴെ ഒപ്പും. അതോടുകൂടി 4.18 രൂപ ചിലവിൽ പ്രിന്റ് ചെയ്ത പേപ്പർ കഷണത്തിന് 2000 ന്റെ മൂല്യമായി. നോട്ട് നിരോധനത്തിന് മുൻപ് 1000 രൂപ പ്രിന്റ് ചെയ്യാൻ 3.54 രൂപയാണ് ചിലവുണ്ടായിരുന്നത്. ഇപ്പോഴത് 64 പൈസ കൂടുതൽ ചേർത്ത് ഇരട്ടി മൂലമുള്ള 2000 ത്തിന്റെ നോട്ടായി.

പഴയ 500 അച്ചടിക്കാൻ 3.09 രൂപ വേണ്ടിവന്നപ്പോൾ ഇപ്പോഴുള്ളതിന് 52 പൈസ കുറവാണ് 2.57 രൂപ. പണം അച്ചടിക്കാനുള്ള അധികാരം ഗവൺമെന്റ് ഏറ്റെടുത്തശേഷമാണ് ഇന്ന് ഉപയോഗിക്കുന്ന നോട്ടുകൾ പ്രചാരത്തിലായത്. ആ സംഖ്യയുടെ നിശ്ചിതശതമാനം സ്വർണ്ണമായും ബാക്കിയുള്ളവ ഗവൺമെന്റ് സെക്യൂരിറ്റിയായും (ബോണ്ട്) റിസർവ്വ് ബാങ്കിൽ സൂക്ഷിച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി നോട്ട് പിൻവലിക്കൽ നടന്നത് 1946 ലാണ്. അന്ന് 1000, 10000 നോട്ടുകൾ പിൻവലിച്ചു. പിന്നീട് സ്വാതന്ത്ര്യത്തിനു ശേഷം 1954 ൽ അവ വീണ്ടും പുറത്തിറക്കി. അന്ന് 5000 ത്തിന്റെ നോട്ടുമുണ്ടായിരുന്നു. 1978 ൽ രണ്ടാമത്തെ പിൻവലിക്കൽ നടന്നു. 1000, 5000, 10000 നോട്ടുകൾ പിൻവലിച്ചു. 2000 വർഷത്തിൽ 1000 നോട്ട് വീണ്ടുമിറക്കി. പിന്നീടുള്ള നോട്ട് പിൻവലിക്കലാണ് 2016 ൽ നടന്നത്.

1987 ലാണ് 500 ന്റെ നോട്ടുകൾ ഇറങ്ങുന്നത്. 1, 2 രൂപകളുടെ അച്ചടി നിർത്തിയത് 1994 – 95 വർഷത്തിലാണ്. ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകൾ വന്നിട്ട് അധികകാലമായിട്ടില്ല. 1969 ൽ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയിൽ ഗാന്ധി സീരീസ് നോട്ടുകളും നാണയങ്ങളും ഇറക്കിയിരുന്നു. 1987 ൽ ഇറക്കിയ 500 ലും ഗാന്ധിജിയുണ്ടായിരുന്നു. എല്ലാ നോട്ടുകളിലും ഗാന്ധിജി വേണമെന്ന് RBl നിർദ്ദേച്ചത് 1993 ലാണ്. പിന്നീട്1996 മുതൽ എല്ലാ നോട്ടുകളിലും ഗാന്ധിജിയുണ്ട്.

ദേവനാഗരിയിലെ “र” എന്ന അക്ഷരത്തോട് തിരശ്ചീനമായഒരു രേഖ ചേർന്നതാണ് രൂപയുടെ ചിഹ്നം ‘₹’. 2010-ലാണ് ഈ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി.

ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് “പണം” എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്.