ഇന്ത്യൻ രാഷ്ട്രപതിമാരും അവരുടെ അധികാരങ്ങളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

രാഷ്ട്രപതി ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിയമമെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രപതിയുടെ താമസസ്ഥലമാണ് രാഷ്ട്രപതി ഭവൻ.

1947 ഓഗസ്റ്റ് 15-നു ഇന്ത്യ ബ്രിട്ടീഷ് കോമൺവെൽത്തിനു കീഴിലുള്ള പുത്രികാരാജ്യം(Dominion) ആയിട്ടാണ് സ്വതന്ത്രമായത്. ഇതിൻറെ തലവൻ ജോർജ് ആറാമൻ രാജാവും, അദ്ദേഹത്തിൻറെ ഭാരതത്തിലെ പ്രതിനിധി ഗവർണർ ജനറലും ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്ര രാഷ്ട്രമായപ്പോൾ രാജാവിന്റെയും ഗവർണർ ജനറലിന്റെയും പദവികൾ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവിൽ വരുകയും ചെയ്തു. ആദ്യത്തെ രാഷ്ട്രപതിയായ് ഡോ. രാജേന്ദ്ര പ്രസാദ് സ്ഥാനമേറ്റു.

ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്. നിർണ്ണായക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.

കാര്യനിർവ്വഹണാധികാരം : രാഷ്ട്രത്തലവൻ എന്ന നിലയിൽ എല്ലാ സുപ്രധാന നിയമനങ്ങളും രാഷ്ട്രപതിയാണ് നടത്തുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി – ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

നിയമനിർമ്മാണാധികാരം : രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അദ്ദേഹം ഒപ്പിടേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ്. കൂടാതെ ലോക്‌സഭയിലേയ്ക്ക് രണ്ടുപേരെയും രാജ്യസഭയിലേയ്ക്ക് പന്ത്രണ്ടുപേരെയും നിയമിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്.

അടിയന്തരാധികാരങ്ങൾ : ചില പ്രത്യേക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് രാഷ്ട്രപതിയുടെ അധികാരമാണ്. മൂന്ന് തരത്തിൽ അടിയന്തരാധികാരം വീതിച്ചിട്ടുണ്ട്: 1. ദേശീയ അടിയന്തരാവസ്ഥ 2. സംസ്ഥാന അടിയന്തരാവസ്ഥ അഥവാ രാഷ്ട്രപതി ഭരണം 3. സാമ്പത്തിക അടിയന്തരാവസ്ഥ.

പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം അംഗങ്ങൾ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യത്തിലെ ഒറ്റവോട്ട് കൈമാറ്റ സമ്പ്രദായമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള സ്ഥാനാർത്തികളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4… എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ ‘യഥാർഥ’ വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. ഭൂരിപക്ഷം വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി രാഷ്ട്രപതിയായി ചുമതലയേൽക്കുന്നു. ഇന്ത്യൻ മുഖ്യ ന്യായാധിപനാണ് രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നത്. ഭരണഘടനാലംഘനമാണ് ഇതിനുള്ള ഏക കാരണം. പാർലമെന്റിന്റെ സഭകളിലൊന്നിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരികയും, ഇരുസഭകളിലും അത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുകയും ചെയ്താൽ രാഷ്ട്രപതി സ്ഥാനഭ്രഷ്ടനാകും. ഇതുവരെ ഇന്ത്യയിൽ ഈ സ്ഥിതിയുണ്ടായിട്ടില്ല.

1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ വിവരങ്ങൾ : രാജേന്ദ്ര പ്രസാദ്
(1950-62), സർവേപള്ളി രാധാകൃഷ്ണൻ (1962-67), സാക്കിർ ഹുസൈൻ (1967-69), വരാഹഗിരി വെങ്കട ഗിരി (1969 -69), മുഹമ്മദ് ഹിദായത്തുള്ള (1969 -69), വരാഹഗിരി വെങ്കട ഗിരി (1969-74), ഫക്രുദ്ദീൻ അലി അഹമ്മദ്‌ (1974-77), ബാസപ്പ ദാനപ്പ ജട്ടി (1977-77), നീലം സഞ്ജീവ റെഡ്ഡി (1977-82), ഗ്യാനി സെയിൽ സിംഗ്‌ (1982-87), രാമസ്വാമി വെങ്കടരാമൻ (1987-92), ശങ്കർ ദയാൽ ശർമ്മ (1992-97), കോച്ചേരിൽ രാമൻ നാരായണൻ (1997-2002), എ.പി.ജെ. അബ്ദുൽ കലാം (2002-2007), പ്രതിഭാ പാട്ടിൽ (2007-12), പ്രണബ് മുഖർജി (2012-17), റാംനാഥ് കോവിന്ദ് (2017 – ).

കടപ്പാട് – വിക്കിപീഡിയ.