എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്ന് എത്രയാളുകൾക്കറിയാം?

Image - Amal Vellathooval.

വിവരണം – Amesh KA.

എറണാകുളം ജില്ലയിൽ ഇങ്ങനെയും ഒരു സ്ഥലമുണ്ടെന്നു ഇപ്പോഴാണ് മനസിലായത്. നഗരത്തിരക്കുകളിൽ നിന്നും ശബ്ദമലിനീകരണത്തിൽ നിന്നുമൊക്കെ മോചിതമായി ഒരു കാവ്. “ഇരിങ്ങോൾ കാവ്” – യാദൃശ്ചികമായി പോകാനിടയായ ഒരു കാവ്. കത്തുന്ന ചൂടിലും തണുപ്പ് അനുഭപ്പെടുന്ന പച്ചപ്പിന്റെയും കിളികളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രം. “ഇരിങ്ങോൾ കാവ്”. എനിക്ക് മുൻപ് കേട്ട് കേൾവിപോലും ഇല്ലാതിരുന്ന ഈ കാവ് കണ്ട് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി.

ഏതാണ്ട് 50 ഏക്കർ സ്ഥലത്ത് ആകാശംമുട്ടെ ആകാശംപോലും മറച്ചുകൊണ്ട് വളർന്ന് നിൽക്കുന്ന മരങ്ങളും വനത്തിന്റെ ഒത്ത നടുക്ക് 1000 വർഷത്തിന്റെ മുകളിൽ പഴക്കമുള്ള ദുർഗ്ഗാദേവിയുടെ ക്ഷേത്രവും. കാവിന്റെ ചുറ്റും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളാണ് കാവിലേക്ക് പ്രവേശിക്കുമ്പോഴുള്ള ആദ്യ കാഴ്ച്ച. മരങ്ങൾക്കിടയിൽ തേക്ക്, ആഞ്ഞിലി, മഹാഗണി അങ്ങനെ പേര് അറിയാത്തതും കൂടെ കൂട്ടി അനേകം വൃക്ഷങ്ങൾ. കൂടാതെ കിളികളുടെ ആരവങ്ങളും ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും.
ആദ്യമായി കണ്ടറിഞ്ഞ കാവിന്റെ ചരിത്രം അറിയാൻ ലേശം കൗതുകം തോന്നി. ഗൂഗിൾ തപ്പിയപ്പോൾ കിട്ടിയതിങ്ങനെ, “എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ ടൗണിൽ നിന്ന് വെറും 2.5 km മാറിയാണ് കാവ് സ്ഥിതി ചെയ്യുന്നത്. 108 ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽവെച്ച് പരശുരാമൻ കേരളത്തിൽ പ്രീതിഷ്ഠിച്ച കാവാണെന്ന് പറയപ്പെടുന്നു. കാവിനെക്കുറിച്ചുള്ള ഒട്ടേറെ കഥകളിൽ ഒന്ന് മാത്രമാണിത്. ”

നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒരു കാവായിരുന്നു ഇരിങ്ങോൾ കാവ്.ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന നിയമം1963 ൽ സർക്കാർ കൊണ്ട് വന്നപ്പോൾ, മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980 ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിക്ക് കൈമാറിയതാണ് ഇരിങ്ങോൾ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് കാവ്.

മൂന്ന് പ്രധാന വഴികളും പിന്നെ കൊച്ചു പാതകളുമാണ് കാവിനുള്ളിലൂടെ ക്ഷേത്രത്തിനകത്തേയ്ക്ക് നമ്മെ എത്തിക്കുന്നത്. പച്ചപ്പിന്റെ ഭംഗി ആസ്വദിച്ചും പേരറിയാത്ത അനേകം കിളികളുടെ ആരവങ്ങൾ ശ്രവിച്ചും മാനംമുട്ടെ സൂര്യനെ മറച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലുംപറ്റി ഒരു വട്ടം കാവ് ചുറ്റി നടന്നാൽ മനസിനും ശരീരത്തിനും കുളിർമ്മയേകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഇവിടെ പ്രവേശന ഫീസോ സന്ദർശനത്തിനു പ്രത്യേക സമയമോ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ കാവാണ്‌ ഇത്. കഠിനമായ വേനൽക്കാലത്തു നാട്ടുച്ചക്കുപോലും പ്രകൃതി നൽകുന്ന എ.സിയുടെ അനുഭവിച്ചറിയാൻ ഇവിടെ വന്നാൽ മതി. ചുറ്റിനും വനസമ്പത്തുള്ളതിനാലായിരിക്കും ഇവിടത്തെ കുളത്തിൽ കൊടും വേനൽക്കാലത്തു പോലും നിറയെ വെള്ളം കാണാം.

കാവുകളും കുളങ്ങളും വയലുകളും നികത്തി കെട്ടിടങ്ങൾ പണിതുയർത്താൻ മത്സരിക്കുന്ന ഈ നൂറ്റാണ്ടിൽ, പെരുമ്പാവൂർ നഗര ഹൃദയത്തിന്റെ ഒത്ത നടുക്ക് 50 ഏക്കറോളും വരുന്ന വനവും കാവും സംരക്ഷിച് നിർത്തുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം.വരും തലമുറയ്ക്ക് കാവുകളും കുളങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്ന് കാണിച്ച് കൊടുക്കാൻ അവശേഷിക്കുന്ന കാവുകളെങ്കിലും നമുക്ക് സംരക്ഷിച്ചു നിർത്താം.