‘ഇരുമുലച്ചിക്കല്ല്’ – അധികമാരും കേട്ടിട്ടില്ലാത്ത ഇടുക്കി ജില്ലയിലെ ഒരു വ്യൂ പോയിന്റ്..

വിവരണം – പ്രശാന്ത് കൃഷ്ണ.

വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം ആഴ്ചതോറുമുള്ള യാത്രകൾ കുറവാണു. അങ്ങനെ ഡിസംബർ മാസത്തിലെ രണ്ടാം ശനിയും ഞായറും വന്നെത്തി. അവധി ദിനങ്ങൾ വരുമ്പോഴാണല്ലോ മനസ്സിൽ യാത്രപോകാനുള്ള ഒരു ത്വര ഉണ്ടാകുന്നത്. ഈയിടെയായി യാത്രകൾ തട്ടിക്കൂട്ടി അവസാന നിമിഷം അത് ഉപേക്ഷിക്കുകയാണ് പതിവ്.

ഡിസംബർ 8 ശനിയാഴ്ച വീട്ടിൽ ചില ചില്ലറ പണികളൊക്കെ കഴിഞ്ഞിരിക്കുമ്പോൾ നമ്മുടെ സഹയാത്രികൻ അനന്ദു വീട്ടിലേയ്ക്കു വന്നു. “എങ്ങോട്ടെങ്കിലും പോകാം ചേട്ടാ” എന്നായി അവൻ ഞാനാണെങ്കിലോ പല യാത്രകളും ഉപേക്ഷിക്കേണ്ടി വന്നതിനാൽ ആകെ നിരാശയിലുമാണ്, പോകണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി. അനന്ദു വീട്ടിലിരുന്ന യാത്രാമാസികയും നോക്കി ഇരുന്നു. മാസിക നോക്കിയിരുന്നപ്പോൾ അവനിലെ യാത്രികൻ ഉണർന്നു, കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ താല്പര്യം കാരണം എനിക്കും പോയാൽക്കൊള്ളാം എന്നായി.. ഞാനും അനന്ദുവും ഉണ്ട് പിന്നെ അപ്പൂസിനെ വിളിച്ചു അവനും തയാറാണ് യാത്രയ്ക്ക്.

പക്ഷെ വണ്ടിയുള്ള ഒരാൾകൂടി വേണമല്ലോ അവനു വാഹനമില്ല അപ്പോൾ തന്നെ നമ്മുടെ മനു മോഹന് സന്ദേശമയച്ചു. അവൻ വരാം എന്നേറ്റു അവനോടുതന്നെ ഒരു ദിവസം കൊണ്ട് പോയവരാവുന്ന ഒരിടം പറയാൻ പറഞ്ഞു, അളിയൻ ഒരു സ്ഥലം പറഞ്ഞു പിന്നെ മറ്റൊന്നും ആലോചിച്ചില്ല അങ്ങോട്ട് തന്നെ വിടാം എന്ന് തീരുമാനിച്ചു. അങ്ങനെ ഡിസംബർ 8 നു വളരെ വൈകി ഞായറാഴ്ചത്തെ ഞങ്ങളുടെ യാത്ര തീരുമാനിച്ചു ഇരുമുലച്ചിക്കല്ലിലേയ്ക്ക്..സ്ഥലത്തിന്റെ പേര് കേൾക്കുമ്പോൾ ചിലപ്പോൾ പരിചയമില്ലെങ്കിലും ഉറുമ്പിക്കര എന്ന പേര് എല്ലാപേർക്കും സുപരിചിതമാണ്. ഉറുമ്പിക്കര വഴി ഇരുമുലച്ചിക്കല്ലിലേയ്ക്ക്….

കാൽപ്പന്തു കളിയുടെ ഒരു ആരാധകനായതിനാൽ ശനിയാഴ്ച രാത്രിയുള്ള ഇഷ്ട ടീമിന്റെ കളി കാണാതെ കിടക്കാനാകില്ല എന്നാൽ അതിരാവിലെ തന്നെ യാത്രയും പോകണം അങ്ങനെ കളി കഴിഞ്ഞപ്പോൾ സമയം 1 മണി. എന്തായാലും പിന്നീട് അധികസമയം ഉറങ്ങാനില്ലാത്തതു കാരണം മൊബൈലിൽ കളിച്ചിരുന്നു. സമയം 2 മണി ആയി എണീറ്റ് കുളികഴിഞ്ഞു . അമ്മയെ ശല്യപ്പെടുത്തി ഒരു കട്ടനും കുടിച്ചു. മനു 3 മണിക്ക് ഞങ്ങളുടെ അടുത്തു എത്താം എന്ന് ഏറ്റിട്ടുണ്ട് അവനെ വിളിച്ചാൽ കിട്ടില്ല. അനന്ദുവിനെയും അപ്പൂസിനെയും വിളിച്ചു 3 മണിക്ക് തന്നെ ഞങ്ങൾ മനുവിനോട് പറഞ്ഞിരുന്ന സ്ഥലത്തെത്തി. അവനെ വിളിച്ചു നോക്കി പറഞ്ഞപോലെ തന്നെ കിട്ടുന്നില്ല, പരിധിക്കു പുറത്താണ്. അരമണിക്കൂർ ഞങ്ങളെ കാത്തു നിർത്തിയതിനു ശേഷം മനു എത്തി. അങ്ങനെ കൃത്യം 3.30 നു ഞങ്ങൾ യാത്ര ആരംഭിച്ചു.

വെമ്പായം – വെഞ്ഞാറമൂട് -പത്തനാപുരം – പത്തനംതിട്ട – റാന്നി – എരുമേലി – മുണ്ടക്കയം വഴിയാണ് ഞങ്ങളുടെ യാത്ര. രാവിലെ ആയതിനാൽ തിരക്ക് കുറവാണു ശബരിമല തീർത്ഥാടന കാലമായതിനാൽ വഴികളൊക്കെ നന്നാക്കിയിട്ടുമുണ്ട്. എരുമേലി എത്തിയപ്പോൾ അയ്യപ്പഭക്തരുടെ തിരക്ക് കാരണം നമ്മുടെ വണ്ടി അല്പം വഴിതിരിച്ചു വിട്ടു. അവിടുന്ന് തിരിഞ്ഞ ഞങ്ങൾക്ക് അല്പം മുന്നോട്ടുപോയപ്പോൾ വഴി തെറ്റിയതായി സംശയം തോന്നി അടുത്തുള്ള പെട്ടിക്കടയിൽ തിരക്കി. അവർ വലത്തേയ്ക്കുള്ള ഒരു ഇടവഴി കാട്ടിത്തന്നു സത്യത്തിൽ അത് ഞങ്ങളുടെ യാത്രയിലെ ഏറ്റവും മികച്ച ഒരു അനുഭവമാകും എന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.

ഇടവഴിയിലൂടെ അല്പം മുന്നോട്ടുപോയതും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മൂടൽമഞ്ഞു . ഒരു രക്ഷയുമില്ല കണ്ണിനു ഇത്രയും കുളിർമയുള്ള കാഴ്ച വല്ലപ്പോഴും മാത്രമേ ലഭിക്കാറുള്ളു. ഇടതുവശം ഒരു ജലാശയമാണ് അതിന് മുകളിൽ നിറയെ മൂടൽമഞ്ഞു പൊതിഞ്ഞിരിക്കുന്നു. വണ്ടിയുടെ പ്രകാശത്തിൽപോലും വഴി കാണാൻ കഴിയാത്തവിധം മഞ്ഞുമൂടിയിരിക്കുന്നു. ആ കാഴ്ച ഞങ്ങളുടെ യാത്രയിൽ മറക്കാൻ പറ്റാത്ത ഒരനുഭവമായി. ഇടവഴികടന്നു ഞങ്ങൾ മുണ്ടക്കയം ലക്ഷ്യമാക്കി നീങ്ങി. രാവിലെ ഇറങ്ങിയതിനാലും പിന്നീടങ്ങോട്ട് കടകളോ മറ്റോ കാണില്ല എന്നതിനാലും മനു പറഞ്ഞതുപോലെ ഭക്ഷണം കഴിക്കാൻ ഞങ്ങൾ അടുത്തു കണ്ട ഒരു കടയിൽ കയറി പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ങൾ ലക്ഷ്യസ്ഥാനത്തേയ്‌ക്ക്‌ തിരിച്ചു.

മുണ്ടക്കയത്തു നിന്നും അല്പം മുന്നോട്ടു മാറി ഇടതു വശത്തേയ്ക്ക് തിരിഞ്ഞു ബോയിസ് എസ്റ്റേറ്റ് റോഡ് വഴിയാണ് ഉറുമ്പിക്കരയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അല്പദൂരം നല്ല വഴിയാണ്. ഒരു 2 /3 കിലോമീറ്റർ യാത്രചെയ്യുമ്പോൾ പാതയുടെ ഇടതുവശത്തായി ഒരു വെള്ളച്ചാട്ടമുണ്ട് “വെള്ളപ്പാറ”. അത്യാവശ്യം ഉയരമുള്ള നല്ലൊരു വെള്ളച്ചാട്ടമാണ്. ഞങ്ങൾ വണ്ടി ഒതുക്കി വച്ച് വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു നടന്നു. മഴക്കാലം അല്ലാത്തതിനാൽ വെള്ളം നന്നേ കുറവാണ് എന്നാലും നല്ല ഭംഗിയാണ് . കുളിക്കാൻ പറ്റിയ ഇടമാണ് . അധികം ആഴമില്ല വെള്ളമുള്ളപ്പോൾ ഇറങ്ങുന്നത് അപകടമായിരിക്കും . ഞങ്ങൾ ആരും തന്നെ വെള്ളച്ചാട്ടത്തിൽ കുളിച്ചില്ല പ്രത്യേകം വസ്ത്രങ്ങൾ എടുത്തിരുന്നില്ല എന്നതാണ് കാരണം.അൽപനേരം അവിടെനിന്നു ചിത്രങ്ങളുമെടുത്തു ഞങ്ങൾ മലകയറാൻ തുടങ്ങി.

ഇനിയങ്ങോട്ട് വളരെ ദുർഘടം പിടിച്ച മൺപാതയാണ് , കുറച്ചു മുകളിലായി മനോഹരമായ മറ്റൊരു വെള്ളച്ചാട്ടമുണ്ട്. വടക്കേമല വെള്ളച്ചാട്ടം എന്നും ഏന്തയാർ വെള്ളച്ചാട്ടം എന്നും രണ്ടു പേരുകൾ ഉണ്ടതിന് മഴക്കാലം ആയാൽ മാത്രമേ വെള്ളച്ചാട്ടങ്ങൾക്കു അതിന്റെ പൂർണ സൗന്ദര്യം കൈവരുകയുള്ളു. ഓരോ ഋതുഭേദങ്ങളിലും കാഴ്ചകൾക്ക് പല മനോഹാരിതയായിരിക്കും. അതാണ് പ്രകൃതിയുടെ മായാജാലം. ഞങ്ങൾ ഏന്തയാർ വെള്ളച്ചാട്ടത്തിനടുത്തെത്തി. വഴിയിൽനിന്നു കാണുമ്പോൾ തന്നെ മനോഹരമായൊരു വെള്ളച്ചാട്ടം . അതിനു കുറുകെ ചെറിയൊരു ഇരുമ്പുപാലവും കാഴ്ചയ്ക്കു മിഴിവേകുന്നു.

പലതട്ടുകളിലായുള്ള വെള്ളച്ചാട്ടമാണ്. നല്ല ഉയരത്തിൽ നിന്ന് തന്നെ തട്ടുകളായി വെള്ളം ഒഴുകുന്ന ദൃശ്യം ഏതൊരാൾക്കും സന്തോഷം പകരുന്ന ഒന്നാണ് എന്നതിൽ സംശയമില്ല. ഞങ്ങൾ ആ ഇരുമ്പുപാലത്തിനടുത്തേയ്ക്കു നടന്നു. വർഷങ്ങളുടെ പഴക്കമുള്ള ഒരു പാലമാണ്. കൈവരികൾ നശിച്ചു തുടങ്ങി. ആശ്രെദ്ധമായി അതിൽ ഒന്ന് ചാരിനിന്നാൽ പിന്നീടുണ്ടാകുന്ന അപകടം വളരെ വലുതാണ്. ഇവിടെയെത്തുന്ന സഞ്ചാരി സുഹൃത്തുക്കൾ ഈ കാര്യം ശ്രെദ്ധിക്കേണ്ടതാണ്. ഞങ്ങൾ കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം യാത്ര തുടർന്നു ഇരുമുലച്ചിക്കല്ല്‌ ലക്ഷ്യമാക്കി

ഇനി യാത്ര അല്പം കൂടി കഠിനമാണ് . വലിയ ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ പക്കാ ഓഫ്‌റോഡ് യാത്ര. അല്പമൊന്നു പിഴച്ചാൽ പതിയിരിക്കുന്നത് വലിയ അപകടങ്ങൾക്കും. വളരെ ശ്രെദ്ധാപൂർവം വേണം ഇനിയുള്ള യാത്ര. ജീപ്പുകൾ മാത്രം പോകുന്ന പാതയാണ്, ഇരുചക്രവാഹനങ്ങൾ ഇവിടെ ഓടിക്കുക എന്നത് സാഹസികമാണ്. ഉറുമ്പിക്കരയും അവിടുത്തെ ഇടിഞ്ഞുപൊളിഞ്ഞ തേയില ഫാക്ടറിയും കടന്നു ഞങ്ങളുടെ സാഹസിക യാത്ര തുടർന്നു.

ഏലത്തോട്ടങ്ങൾ ഇടയ്ക്കിടെ കാണുന്നുണ്ട്. ഒരു ഓഫ്‌റോഡ് യാത്രികന് നല്ലൊരു അനുഭവമായിരിക്കും ഈ വഴികൾ. പല ഓഫ്‌റോഡ് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത് ഒരു രക്ഷയുമില്ലാത്ത പാതയാണെന്നു നിസംശയം പറയാം, അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു ഈ യാത്ര. കിലോമീറ്ററുകൾ നീണ്ട ഓഫ്‌റോഡ് യാത്ര അവസാനം ഞങ്ങളെ ആ മലമുകളിൽ കൊണ്ടെത്തിച്ചു. വണ്ടി ഒതുക്കി ഞങ്ങൾ ഇറങ്ങി, നല്ല ചൂടുണ്ട് എന്നാലും മലമുകളിൽ എത്തിയതും വീശിയടിച്ച ഇളംകാറ്റ് നിമിഷനേരം കൊണ്ട് ചൂടിനെ പമ്പകടത്തി. ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു കയ്യിൽ കുടിക്കാനുള്ള വെള്ളം കരുതിയില്ല. നല്ല ദാഹമുണ്ട് എല്ലാവർക്കും , അടുത്തെങ്ങും ഒരു വീടുപോലുമില്ല. ഇനി വെള്ളം കുടിക്കണമെങ്കിൽ കുട്ടിക്കാനം എത്തണം.

അങ്ങനെ ദാഹം ഒക്കെ സഹിച്ചു ഞങ്ങൾ ഇരുമുലച്ചിക്കല്ലിൽ കുറച്ചുനേരം വിശ്രമിച്ചു. പിന്നീട് പുൽമേട്ടിലൂടെ അല്പം നടത്തം. മലമുകളിലായി ഒരു അമ്പലമുണ്ട് , ഇരുമുലച്ചിയമ്മൻ കോവിൽ. അവിടെയെങ്ങും ഒരാളെ പോലും കണ്ടില്ല. ആകെ കണ്ടത് ഒരു കുടുംബത്തിലെ മൂന്നുപേർ നടന്നു മലയിറങ്ങുന്നതാണ്. അവർ ഞങ്ങൾക്ക് അത്ഭുതമായി. എത്രദൂരം നടന്നിട്ടുണ്ടാകും അവർ? ഇന്നത്തെ കാലത്തു ഇത്രയുമൊക്കെ നടന്നു പോകുന്നവർ ചുരുക്കമാണ്. വണ്ടി എടുത്ത അന്നുമുതൽ ഞാൻ ആകെ നടക്കുന്നത് ട്രക്കിങ്ങിനു പോകുമ്പോൾ മാത്രം. ഒരു മണിക്കൂർ മലമുകളിൽ ചിലവിട്ട ശേഷം ഞങ്ങൾ കുട്ടിക്കാനം ലക്ഷ്യമാക്കി നീങ്ങി.

ഇനി അങ്ങോട്ട് മലയിറക്കമാണ് അല്പദൂരം ഓടിച്ചപ്പോൾ ഒരു കാര്യം മനസിലായി കയറിയതിനേക്കാൾ പ്രയാസമാണ് ഇറങ്ങി വരാൻ . വണ്ടിയുടെ അടിഭാഗം രണ്ടുമൂന്ന് തവണ കല്ലിൽ ഉരയുകയും ചെയ്തു. ഇതുവരെ പുറകെയിരുന്ന അനന്തുവിനെ ഇറക്കി നടത്തേണ്ടി വന്നില്ല പക്ഷെ ഇവിടെ ഒരു വഴിയുമില്ലാതെയായിപ്പോയി. അല്പദൂരം അവൻ നടന്നേ പറ്റു. അത്രയ്ക്ക് പ്രയാസമേറിയതാണ് പാറകൾക്കിടയിലൂടെയുള്ള മലയിറക്കം. അങ്ങനെ വളരെ കഷ്ടപ്പെട്ട് ദുർഘടം പിടിച്ച വഴികളിലൂടെ പാറകൾ ഓരോന്നായി കയറിയിറങ്ങി നമ്മുടെ വാഹനം ഞങ്ങളെയും കൊണ്ട് എസ്റ്റേറ്റിന് പുറത്തിറങ്ങി.

ഇനി എങ്ങനെയെങ്കിലും ദാഹമകറ്റണം അതാണ് ലക്ഷ്യം ഞങ്ങൾ കുട്ടിക്കാനത്തിനോട് വിടചൊല്ലി… മുണ്ടക്കയം എത്തി അവിടൊരു കടയിൽ കയറി നാരങ്ങാവെള്ളം കുടിച്ചു യാത്ര തുടർന്നു, ദാഹത്തിനു താത്കാലികശമനം കിട്ടിയെന്നേ ഉള്ളു… പിന്നീട് രണ്ടു മൂന്നിടത്തു നിർത്തി വെള്ളം കുടിക്കേണ്ടി വന്നു….. ഇനി നേരെ വീട്ടിലേയ്ക്കു…..വീട്ടിലിരുന്നു മടുക്കുമായിരുന്ന ഒരു അവധിദിനം അങ്ങനെ ഒരിക്കലും മറക്കാത്ത ഒരു യാത്ര സമ്മാനിച്ച് കടന്നുപോയ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും.

വളരെ കുറഞ്ഞ ചിലവിൽ ഒരു ദിവസം ആസ്വദിക്കാവുന്ന ഒരിടമാണ് ഉറുമ്പിക്കര – ഇരുമുലച്ചിക്കല്ല് യാത്ര. കൂടാതെ നല്ലൊരു ഓഫ്‌റോഡ് അനുഭവവും ഇത് നിങ്ങൾക്ക് സമ്മാനിക്കും എന്നതിൽ തർക്കമില്ല. കുടുംബമായി യാത്ര പോയവരാൻ പറ്റിയ സ്ഥലമല്ല ഇവിടം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദീസ തന്നെയാണ് ഇവിടം എന്നതിൽ സംശയമില്ല.