വർണ്ണനകളിലുള്ള യഥാർത്ഥ ശിവരൂപം; ഒരു യുവ ചിത്രകാരൻ്റെ വ്യത്യസ്തമായ സൃഷ്ടി….

ഈശ്വരന്മാരുടെ രൂപങ്ങൾ നമ്മുടെയുള്ളിൽ പ്രതിഷ്ഠിച്ചതിൽ കൂടുതലും അഭിനന്ദനങ്ങളർഹിക്കുന്നത് ചിത്രങ്ങളും അവ പൂർത്തിയാക്കിയ ചിത്രകാരന്മാരുമാണ്. പണ്ടുമുതൽക്കേ തന്നെ അങ്ങനെയാണ്. എന്നാൽ ചില കലാകാരന്മാർ പതിവിൽ നിന്നും വ്യത്യസ്തമായി ചില സൃഷ്ടികൾ തീർക്കാറുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ ശിവ ഭഗവാന്റെ ചിത്രം നമുക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ് പ്രശസ്ത ചിത്രകാരനായ നിജുകുമാർ വെഞ്ഞാറമൂട്. അദ്ദേഹത്തിൻ്റെ ശിഷ്യൻ വരച്ച ആ ചിത്രത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ…

“വർണ്ണനകളിലുള്ള ശിവരൂപം.. എന്റെ സ്റ്റുഡന്റ് ആദിത്യചന്ദ്രൻ (Aadithyachandran B.S) വരച്ച ക്രിയേറ്റീവ് പെയിന്റിംഗ്.. ചന്ദ്രക്കലാപ്രഭാപൂരത്തിൽ കൈലാസ ഗിരിശൃംഗങ്ങളിൽ തന്റെ കറുത്തിരുണ്ട മേനിയിൽ മുഴുവൻ ചുടലഭസ്മം പൂശിയും രുദ്രാക്ഷമാലകളും, വിഷസർപ്പങ്ങളേയും ആഭരണമാക്കിയും, പുലിത്തോലുടുത്തും ആനത്തോൽ പുതച്ചും നടക്കുന്ന ഭയപ്പെടുത്തുന്ന അഘോരരൂപമാണ് വർണ്ണകളിലൂടെ വായിച്ചറിഞ്ഞ യഥാർത്ഥ ശിവരൂപം.

പക്ഷേ നിർഭാഗ്യവശാൽ ശിവൻ എന്നു കേൾക്കുമ്പോൾ ഇന്ന് പലരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന രൂപം കാലാകാലങ്ങളായി ചിത്രങ്ങളിലൂടെ നമ്മളൊക്കെ കണ്ടുശീലിച്ച ക്ലീൻ ഷേവ് ചെയ്ത സ്ത്രൈണത തുളുമ്പുന്ന മുഖമായിരിക്കും. അല്ലെങ്കിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൈലാസനാഥൻ എന്ന സീരിയലിൽ ശിവനായി വേഷമിട്ട മോഹിത് റെയ്നയുടെ രൂപമോ ഒക്കെ ആയിരിക്കും.

എന്നാൽ യഥാർത്ഥ ശിവരൂപം ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമാണെന്നതിന് തെളിവായി ശിവപുരാണത്തിൽത്തന്നെ ധാരാളം കഥകളുമുണ്ട്. ശിവ – പാർവ്വതിമാരുടെ വിവാഹസന്ദർഭത്തിൽ ഹിമവാന്റെ രാജകവാടത്തിലേക്ക് കടന്നു വന്ന ശിവന്റെ രൂപം കണ്ട് പാർവ്വതിയുടെ അമ്മ ഭയന്നു ബോധം കെട്ടു വീണതായും ഒരു കഥയുണ്ട്. ഇതിൽ നിന്നെല്ലാം തന്നെ ശിവന്റെ യഥാർത്ഥരൂപം എപ്രകാരമാണെന്നു ഏതൊരാൾക്കും ചിന്തിക്കാവുന്നതേയുള്ളൂ. ശ്മശാനവാസിയും, ജഡാധാരിയും, ത്രിശൂലധാരിയും, ത്രിനേത്രനും, ചുടലഭസ്മധാരിയുമായ ശിവന്റെ വാഹനമാണ് നന്തി എന്ന കാള.

തന്റെ മനസ്സിലുള്ള ശിവരൂപം ഒരു പെയിന്റിംഗിലൂടെ സൃഷ്ടിച്ചെടുക്കണമെന്ന ആദിത്യചന്ദ്രന്റെ അതിയായ ആഗ്രഹം ഇന്ന് സഫലമായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ പെയിന്റിംഗിന്റെ പണിപ്പുരയിലായിരുന്നു ആദിത്യചന്ദ്രൻ എന്ന 20 വയസ്സുകാരൻ. വാട്ടർ കളറും ഫാബ്രിക് കളറും ഉപയോഗിച്ച് അതീവക്ഷമയോടെയുള്ള ആ പരിശ്രമം ഇന്ന് പൂർണ്ണതയിലെത്തി. തിരുവനന്തപുരം എം.ജി കോളേജിലെ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥിയാണ് വക്കം സ്വദേശിയായ ആദിത്യചന്ദ്രൻ.

ഒരു അദ്ധ്യാപകൻ ജീവിക്കുന്നത് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൂടെയാണ്.. ശിഷ്യരുണ്ടെങ്കിൽ മാത്രമേ ഗുരുവുമുള്ളൂ. നല്ല ശിഷ്യന്മാരാണ് ഒരു ഗുരുവിന്റെ പ്രധാന സമ്പത്ത്. ഒരു ചിത്രകലാഅദ്ധ്യാപകൻ എന്ന നിലയിൽ എനിക്ക് വളരെയധികം സന്തോഷവും അതോടൊപ്പം അഭിമാനവും തോന്നുന്ന നിമിഷങ്ങളാണിത്.”