ഇസ്രായേലിലെ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ ഉണ്ടായ അനുഭവം

എഴുത്ത് – സജീഷ് പടിക്കൽ.

എന്താവശ്യത്തിനാണെങ്കിലും ഒരു പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ എല്ലാവർക്കും ഒരു പേടിയും മടിയുമാണ്. ഇസ്രയേലിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി പോയി. സൈക്കിളിലാണ് പോയത്.

പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള ഒരു മരത്തിൽ എൻ്റെ സൈക്കിൾ ലോക്ക് ചെയ്യുന്നത് ഓഫീസിനുള്ളിൽ ഇരുന്ന് കണ്ട ഓഫീസർ “നീ എങ്ങനെയാണ് വന്നതെന്ന്” ചോദിച്ചു. സൈക്കിളിലാണ് വന്നതെന്ന് പറഞ്ഞപ്പോൾ, നീ എവിടെയാണ് സൈക്കിൾ വച്ചതെന്ന് ചോദിച്ചു. തൊട്ടടുത്തുള്ള മരത്തിലാണ് ലോക്ക് ചെയ്തതെന്ന് പറഞ്ഞപ്പോൾ ആ സൈക്കിൾ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. വളരെ സേഫ് ആയി ഒരു സ്ഥലത്ത് എൻ്റെ സൈക്കിൾ വയ്ക്കാൻ അവസരം ഒരുക്കി.

എൻ്റെ ആവശ്യം എന്താണ് എന്ന് ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം അവർക്ക് ഒരു ചായ കുടിക്കാനും, സിഗരറ്റ് വലിക്കാനും ഉള്ള സമയം അനുവാദമായി ചോദിച്ച്, വളരെ ഫ്രണ്ട്ലിയായി ഇടപെട്ട ഇസ്രയേൽ പോലീസ് എനിക്ക് ഒരു പ്രത്യേക അനുഭവമാണ്.

നാട്ടിലെ പോലീസ് സ്റ്റേഷനിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ ഉള്ള എല്ലാ ഫീലിംഗ്സോടും കൂടി ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ പോകാനിരിക്കുന്ന എല്ലാവർക്കുമായി. ഇത് ഇസ്രയേലാണ് ബായ്. ഇവിടെ ഇങ്ങനെയാണ് ബായ്.

NB :-“ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം?” ഇതൊരു പഴഞ്ചൊല്ലാണ്. ചെറുപ്പത്തിൽ ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും, എന്തെങ്കിലും ചെറിയ ചെറിയ തെറ്റുകൾ ചെയ്യുമ്പോഴുമൊക്കെ, പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന പാഴ് വാക്ക് കേട്ട് വളരുന്ന നമ്മൾക്ക് തിരിച്ചറിവുകൾ കിട്ടുന്നത് ഇതുപോലെയുള്ള സ്വന്തം അനുഭവങ്ങളിലൂടെയാണ്. “അനുഭവമേ ഗുരു.”