കേസിൽ അനുകൂല വിധി നേടാൻ നിയമം അറിയുന്ന ജഡ്ജിയമ്മാവന്‍ കോവില്‍

കടപ്പാട് – Bipin Elias Thampy (#ജിജ്ഞാസാ (Whatsapp, Telegram,facebook &Google+ Groups).

കോടതിയും നിയമവും കുറ്റകൃത്യങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തില്‍ പ്രശസ്തമാകുന്ന മറ്റൊരു സ്ഥലമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. നീതി തേടി അലയുന്നവര്‍ ഒടുവില്‍ തേടിയെത്തുന്ന ഈ അപൂര്‍വ്വ ക്ഷേത്രം കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും ജയലളിതയ്ക്കും ക്രിക്കറ്റ് താരം ശ്രീശാന്തിനുമൊക്കെയായി നിരവധി തവണ പൂജകള്‍ നടത്തിയ ഈ ക്ഷേത്രം അവസാനം പ്രശസ്തമായിരിക്കുന്നത് ചലച്ചിത്രതാരം ദിലീപിന്റെ അനുജന്‍ ഇവിടെ വന്നു പ്രാര്‍ഥിച്ചതോടെയാണ്. കോടതി വ്യവഹാരങ്ങളില്‍ വിജയം നേടാനും തങ്ങള്‍ക്ക അനുകൂലമായ വിധി നേടിയെടുക്കാനുമായി ആളുകള്‍ പ്രാര്‍ഥിക്കൈാനെത്തുന്ന ജഡ്ജിയമ്മാവനെപറ്റി അറിയാം..

മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പ്രതിഷ്ഠയും ആരാധനയുമാണ് ജഡ്ജി അമ്മാവന്‍ കോവിലിലുള്ളത്. കോടതിയുടെ വിധികളെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലാണ് ജഡ്ജിയമ്മാവന്‍ എന്ന പേരിലുള്ള രക്ഷസിനെ ഇവിടെ ആരാധിക്കുന്നത്.

ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായ കഥ : പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായി മാറുന്നത്. സത്യസന്ധനും നീതിമാനുമായി പേരുകേട്ട ഗോവിന്ദപ്പിള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു. അന്നത്തെ കാലത്ത് അതതു സ്ഥലത്തു വച്ചാണു കേസുകൾ നടത്തിയിരുന്നത്. ആലപ്പുഴ ജില്ലയിലെ രാമപുരത്തു മഠമായിരുന്നു സ്വന്തം തറവാട്. നാട്ടിലെത്തുമ്പോൾ സ്വന്തം പഠിപ്പുരയിൽ വച്ചും കേസുകൾ കേട്ടിരുന്നു. ജഡ്ജി ഗോവിന്ദപ്പിളളയുടെ പ്രിയപ്പെട്ട അനന്തരവനായിരുന്നു പത്മനാഭപ്പിളള. അമ്മാവന് അഹിതമായതൊന്നും അനന്തരവൻ‍‌ ചെയ്യില്ല. അത്രയധികം ഭക്തിയാദരവായിരുന്നു അമ്മാവനോട്. ഇതിനിടയിൽ പത്മനാഭപ്പിളള ഒരു പ്രേമത്തിലകപ്പെട്ടു. കുടുംബശാഖയിലെ തന്നെ ദേവകിയായിരുന്നു കാമുകി. ഇരുവീട്ടുകാരും തമ്മിൽ ശത്രുതയിലായിരുന്നു.

സ്നേഹിച്ച പെണ്ണിനെ കൈവിടാൻ പത്മനാഭപ്പിളള തയാറല്ലായിരുന്നു. വീട്ടുകാരെ തമ്മിൽ യോജിപ്പിച്ചു വിവാഹം നടത്തണമെന്നു പത്മനാഭപിളള ആഗ്രഹിച്ചു. ഇതിനു പറ്റിയ ആൾ ജഡ്ജി ഗോവിന്ദപ്പിളളയാണെന്നു മനസ്സിൽ കണ്ടു. ജ‍ഡ്‍ജിയുടെ നേരെ നിന്നു സംസാരിക്കാൻ പത്മനാഭപ്പിളളയ്ക്കു ധൈര്യമില്ലായിരുന്നു. പകരം ജഡ്ജിയുടെ ഭാര്യയായ ജാനകിയമ്മയെയാണ് അതിനു കണ്ടെത്തിയത്. ഒടുവിലൊരു ദിവസം വിവരങ്ങൾ അമ്മായിയെ ധരിപ്പിക്കാൻ പത്മനാഭപ്പിളള അവിടെ ചെന്നു. കേസുകൾ പഠിക്കുന്ന തിരക്കിലായിരുന്ന ഗോവിന്ദപ്പിള്ള. രാത്രി കുറെ ഇരുട്ടിയിരുന്ന സമയം. പുറത്തു വന്നപ്പോൾ അറപ്പുര വാതിലിലിരുന്ന് പത്മനാഭപ്പിളള തന്റെ പ്രണയത്തിലെ ധർമസങ്കടം ജഡ്ജിയുടെ ഭാര്യയായ ജാനകിയമ്മയോടു വിവരിച്ചു. അവരുടെ മനസ്സലിഞ്ഞു. അവനോട് അവർ‌ക്കു വല്ലാത്ത സഹതാപം തോന്നി. ആശ്വസിപ്പിക്കാനായി അവർ പത്മനാഭപ്പിളളയുടെ തലയിൽ അരുമയോടെ തലോടി.

ഔദ്യോഗികമുറിയിൽ നിന്നു പുറത്തേക്കിറങ്ങിയ ഗോവിന്ദപ്പിളള ഈ രംഗം കണ്ടു കോപിഷ്ഠനായി. ഭാര്യയും അനന്തരവനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നു മനസ്സിലുറപ്പിച്ചു. ജഡ്ജിയുടെ തീക്ഷ്ണനോട്ടം കണ്ട് ജാനകിയമ്മ ഭീതിയോടെ പുറകോട്ടു മാറി. ഭയം കൊണ്ട് അന ങ്ങാൻ പോലും സാധിക്കാത്ത പത്മനാഭപ്പിളള ഭയാശങ്കയാൽ സ്തംഭിച്ചു മരവിച്ചു നിന്നു. വരും വരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ജഡ്ജി അറപ്പുരഭിത്തിയിൽ തൂക്കിയിരുന്ന വാളൂരി പത്മനാഭപ്പിളളയുടെ നേർക്കു വീശി ആ ക്ഷണത്തിൽ പിളളയുടെ തലയും ഉടലും വേർപെട്ടു വീണു. ഈ സമയം ആ ക്രൂരകൃത്യം കണ്ട് ജാനകിയമ്മ അലറി വിളിച്ചു. എല്ലാവരും ഓടിക്കൂടി. ജാനകിയമ്മ കരഞ്ഞു വിളിച്ചുകൊണ്ട് നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു.

സത്യമറിഞ്ഞ് ജഡ്ജി അമ്പരന്നു പോയി. ഹൃദയം പൊട്ടി കേണ സഹോദരി പാർവതി പിളളയെ സമാധാനിപ്പിക്കാൻ പോലും അദ്ദേഹത്തിനായില്ല. സത്യം മനസ്സിലാക്കാതെ ജീവിതത്തിലാദ്യമായി സംഭവിച്ച തെറ്റാണു ജഡ്ജി നടപ്പിലാക്കിയ ആദ്യ ശിക്ഷാവിധി. പിറ്റേ ദിവസം പത്മനാഭപിളളയുടെ കാമുകിയായ ദേവകിയെ കണ്ട് വിവരങ്ങളാരാഞ്ഞു. അവള്‍ എല്ലാം തുറന്നു സമ്മതിച്ചു. തന്റെ പ്രിയപ്പെട്ടവന്‍ കൊല്ലപ്പെട്ടു എന്ന വാർത്ത അവളെ തളർത്തി. അഴിച്ചിട്ട മുടിയുമായി പമ്പാനദിയിൽ ചാടി ദേവകി ജീവനുപേക്ഷിച്ചു. നീതിനിഷ്ഠനും സത്യസന്ധനുമായ ജ‍ഡ്ജി തന്റെ നിരപരാധിത്വം മഹാരാജാവിന്റെ മുമ്പിൽ അവതരിപ്പിച്ചു. തനിക്കുളള ശിക്ഷ വിധിക്കാൻ പറഞ്ഞു. അറിയാതെ ചെയ്ത തെറ്റല്ലേ അതിനു ശിക്ഷയില്ല, നാം ക്ഷമിച്ചിരിക്കുന്നു എന്ന്‌ ആശ്വസിപ്പിച്ചു. ഇനി പ്രത്യേകമായി ശിക്ഷ വേണ്ട എന്നും പറഞ്ഞു. പാടില്ലെന്നു ജഡ്ജിയും പറഞ്ഞു. കൊലക്കുറ്റം ചെയ്ത എനിക്ക് ശിക്ഷ കിട്ടിയാലേ മതിയാകൂ എങ്കിൽ നിങ്ങൾ സ്വയം ശിക്ഷ വിധിക്കാൻ രാജാവും പറഞ്ഞു. നീതി ശാസ്ത്രത്തിന്റെ കലവറയായ താങ്കൾക്ക് എന്തായാലും നടത്തിത്തരാമെന്ന് രാജാവും പറഞ്ഞു.

എന്നെ മരിക്കും വരെ തൂക്കിലിടണമെന്നു ‍ജഡ്ജി പറ‍ഞ്ഞു. അതിനു മുൻപു കാലുകൾ മുറിച്ചുമാറ്റണം. ജഡം മൂന്നു ദിവസം തൂക്കിലിട്ട ശേഷം സംസ്കരിച്ചാൽ മതി. എന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തിൽ വച്ച് ശിക്ഷ നടപ്പിലാക്കണം. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചുവത്രെ. അങ്ങനെയാണ് ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായത്. പിന്നീട് കോടതി വിധികളിലും വ്യവഹാരങ്ങളിലും പെടുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അങ്ങനെയാണ് നിയമം അറിയുന്ന ജഡ്ജിയമ്മാവന്റെ പേരില്‍ പ്രാര്‍ഥനകളും പൂജകളും തുടങ്ങിയതത്രെ. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അനന്തരാവകാശികളുടെയും ആഗ്രഹ പ്രകാരമാണ് പ്രതിഷ്ഠയ്ക്കു പകരം 1978 ല്‍ ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ പണിയുന്നത്.

പ്രാര്‍ഥനയ്ക്കുള്ള പ്രത്യേകത പോലെതന്നെ ഇവിടുത്തെ പൂജകളും വ്യത്യസ്തമാണ്. പകല്‍ മുഴുവന്‍ അടച്ചിട്ടിരിക്കുന്ന കോവില്‍ പ്രധാന ക്ഷേത്രമായ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം മാത്രമേ തുറക്കൂ. രാത്രി 8.30-ഓടെ തുറക്കുന്ന കോവിലില്‍ ഭക്തര്‍ തന്നെയാണ് പൂജകളും മറ്റും ചെയ്യുന്നത്. ജഡ്ജിയമ്മാവനു പ്രിയപ്പെട്ട അട നിവേദ്യവും കരിക്കഭിഷേകവും അടയ്ക്ക-വെറ്റില സമര്‍പ്പണവുമൊക്കെയാണ് ഇവിടെയുള്ളത്. ഇവിടുത്തെ പൂജാ വസ്തുക്കള്‍ നാളികേരവും പൂവും പഴവുമാണ്. കേസിലും വ്യവഹാരങ്ങളിലും പെടുന്ന സാധാരണക്കാരെപ്പോലെ തന്നെ പ്രശസ്തരും ജഡ്ജിയമ്മാവനെ പ്രീതിപ്പെടുത്താന്‍ ഇവിടെ എത്താറുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കും വേണ്ടി അനുയായികള്‍ ഇവിടെയെത്തിയത് വലിയ വാര്‍ത്തായിരുന്നു. ഐ.പി.എല്‍. വാതുവെപ്പു കേസില്‍ കോടതി വെറുതെ വിട്ട ക്രിക്കറ്റ് താരം ശ്രീശാന്ത് ഇവിടെയെത്തിയിരുന്നു.