കുരുമുളക് വിറ്റുകിട്ടിയ കാശുകൊണ്ട് തുടങ്ങിയ ജയശ്രീ ബസ് ഗ്രൂപ്പിൻ്റെ ചരിത്രം…

എഴുത്ത് – ‎Martin Achayan‎.

വടക്കേ മലബാറിലെ ഒരു കാഴ്ച്ച, ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചിട്ട് അധികം ആയിട്ടില്ല, അന്ന് കണ്ണൂരിൽ ഒരു ബസ് പുറപ്പെടാൻ നിൽക്കുന്നു. ലോറിയുടെ പോലെ അറ്റം നീണ്ടുവളഞ്ഞ മുൻഭാഗം. നീണ്ടുനിൽക്കുന്ന ഒരു കമ്പിയിൽ ഒരു ഇരുമ്പ് വളയം കൊണ്ട് കറക്കിയാണ് അത് സ്റ്റാർട്ട്‌ ആക്കുന്നത്. മൂക്കില്ലാത്ത ബസുകൾ റോട്ടിൽ ഇറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ ! ആ കാലത്തെ ഒരു സംഭവമാണിന്നിവിടെ പറയാൻ പോകുന്നത്. മലബാറിലെ ബസ് വ്യവസായത്തെ പറ്റി പറയുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേക്ക് ആദ്യം ഓടിയെത്താറുള്ള സാക്ഷാൽ ഗീതയുടേയും, ഷാജിയുടേയും, രാജേഷിന്റെയും, സൺ സ്റ്റാറിനെയും പോലത്തെ വമ്പൻമാരുടെ സുവർണ കാലഘട്ടത്തിനും മുൻപേ കണ്ണൂർ സാക്ഷ്യം വഹിച്ച മുണ്ടയാട് വാസവത്തിൽ വി.പി.വാസുദേവൻ എന്ന ഒരു ചെറുപ്പക്കാരന്റെ കഥ.

ഏകദേശം ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയ ആ കാലത്താണ് വാസുദേവൻ തന്റെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത്. അങ്ങനെ ഇരിക്കെ തനിക്കൊരു ബസ് മുതലാളി ആവണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ ഉടലെടുത്തു. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടവരെല്ലാം അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി. പക്ഷെ പാറപോലെ ഉറച്ച തീരുമാനമായതിനാൽ അദ്ദേഹം പിൻമാറിയില്ല. അന്ന് പാടിയോട്ടുചാൽ ഭാഗത്ത് അദ്ദേഹം കുരുമുളക് പാട്ടത്തിനെടുത്തു. ആദ്യത്തെ രണ്ട് വർഷകാലം അവ വിൽക്കാതെ സൂക്ഷിച്ചു. പിന്നീട് വിപണിയിൽ വില കൂടിയപ്പോൾ അവ വിൽക്കുകയും അതിൽ നിന്ന് മികച്ചൊരു ലാഭം കിട്ടുകയും ചെയ്തു.

അതിന് ശേഷം കൂത്തുപറമ്പ് – തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന കൈതേരിയിലെ നെല്ലിക്ക അച്യുതനെ പോയി കണ്ടു ബസ് പെർമിറ്റ് ലഭിക്കുന്ന വഴികളെ പറ്റി മനസ്സിലാക്കുകയും ചെയ്തു. അന്നത്തെ കാലത്ത് ഇന്ന് കാണുന്ന പോലെ കോഴിക്കോട് കണ്ണൂർ ജില്ലകളൊന്നും ഇല്ലായിരുന്നു. മലബാർ ജില്ല എന്നായിരുന്നു പേര്. കോഴിക്കോട് മാങ്കാവിലായിരുന്നു അന്നത്തെ RT ഓഫീസ്. അങ്ങനെ അദ്ദേഹം ഒരു ദിവസം പെർമിറ്റ് കിട്ടാനായി കോഴിക്കോട് പോവുകയും RTO യെ കാണുകയും ചെയ്തു. പക്ഷെ നിരാശയായിരുന്നു ഫലം.

അങ്ങനെയിരിക്കെ ഒരിക്കൽ RT ഓഫീസിലെ ഹെഡ് ക്ലാർക്ക് മട്ടന്നൂർ വരികയുണ്ടായി. അവിടെ അദ്ദേഹത്തെ പോയി കാണുകയും പെർമിറ്റിന്റെ ആവശ്യം അറിയിക്കുകയും ചെയ്തു. അതിന്റെ ഫലമായി റൂട്ടിൽ പുതിയ ബസ് വേണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അതിന്റെ അടിസ്ഥാനത്തിൽ RTO അപേക്ഷ ക്ഷണിക്കുമെന്നും കളക്ടർ ചെയർമാനായ സമിതി അത് പരിഗണിക്കുമെല്ലാം ആ ക്ലാർക്ക് വാസുദേവനോട് പറയുകയുണ്ടായി.

അങ്ങനെ പുതിയ ബസ് വേണമെന്ന ആവശ്യം അറിയിച്ച് നാട്ടിൽ തെയ്യം നടക്കുന്ന ഒരു ദിവസം ഒപ്പ് ശേഖരിച്ച് RT ഓഫീസിലേക്ക് നിവേദനമായി അയച്ചു. പക്ഷെ അയച്ചതല്ലാതെ അതിന്റെ യാതൊരു മറുപടിയും കിട്ടിയില്ല. തുടർന്ന് വീണ്ടുമൊരിക്കൽ കൂടി ഒപ്പുകൾ ശേഖരിച്ച് നിവേദനമയച്ചു. തുടർന്ന് RTO കണ്ണൂർ സന്ദർശിക്കുകയും പുതിയൊരു പെർമിറ്റിന്റെ ആവശ്യമില്ലെന്നും റിപ്പോർട്ട് നൽകി.

പക്ഷെ അതുകൊണ്ടൊന്നും തളരാൻ വാസുദേവൻ തയ്യാറല്ലായിരുന്നു. അദ്ദേഹം കോഴിക്കോട്ട് പോയി കളക്ടർ പ്രസാദിനെ എന്ന ICS കാരനെ കണ്ട് നടന്നതെല്ലാം പറയുകയും അന്നത്തെ ബസ് കമ്പനികൾ നടത്തുന്ന ചൂഷണവും വിവരിച്ചു. അങ്ങനെ നിവേദനവും കൈമാറി അദ്ദേഹം മടങ്ങി. കളക്ടർ ആ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ RTO യോട് റിപ്പോർട്ട് തേടിയെങ്കിലും അയാൾ പഴയ റിപ്പോർട്ട് തന്നെ നൽകി. തുടർന്ന് കളക്ടർ കണ്ണൂർ വരികയും നാട്ടുകാരുടെ യാത്രാദുരിതം കാണുകയും പുതിയ പെർമിറ്റിനുള്ള അപേക്ഷകൾ ക്ഷണിക്കാൻ ഉത്തരവിടുകയും ചെയ്തു.

അഞ്ചരക്കണ്ടി – കണ്ണൂർ റൂട്ടിലേക്ക് 11 അപേക്ഷകരുണ്ടായിരുന്നു. അപേക്ഷകൾ പരിഗണിക്കുന്ന വേളയിൽ “എത്രയും പെട്ടെന്ന് ബസ് ഇറക്കാനുള്ള സാമ്പത്തികം ഉണ്ടോ” എന്ന് മാത്രം ആണ് കളക്ടർ അദ്ദേഹത്തോട് ചോദിച്ചത്. “ഒരു മാസത്തിനിടെ ബസ് ഇറക്കിക്കോളാം” എന്ന് കളക്ടർക്ക് വാക്കും നൽകി അദ്ദേഹം പെർമിറ്റും വാങ്ങി കണ്ണൂർക്ക് തിരിച്ചു .

അന്ന് ഇന്ത്യയിൽ ബസിന്റെ ഷാസികൾ ഉണ്ടാക്കാറില്ലായിരുന്നു. പുറമേ നിന്ന് (ബ്രിട്ടനിൽ നിന്നും) ഇറക്കുകയായിരുന്നു പതിവ്. 1960 ലോ മറ്റോ ആണ് ഫർഗോ ചേസിസ് ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങിയത്. പക്ഷെ ഇന്ത്യൻ ബസ് വ്യവസായത്തിന്റെ യഥാർത്ഥ വിപ്ലവം നടന്നത് ടാറ്റയുടെ ബെൻസ് ചേസിസ് ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങിയതിൽ പിന്നെയാണ്. 1969 ലോ മറ്റോ ആണ് അത് തുടങ്ങിയത്.

അങ്ങനെ വാസുദേവൻ മംഗലാപുരത്തുള്ള ബെഡ് ഫോർഡ് ബസ് ഡീലർ CPC Ltd (Canara Public Conwaynce ltd ) മാനേജർ S. പൊതുവാളിനെ കാണുകയും തന്റെ ആവശ്യം അറിയിക്കുകയും ചെയ്യുകയുണ്ടായി. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ പുതിയ രണ്ട് ചേസിസ് വരുന്നുണ്ടെന്നും അതിലൊന്ന് തരാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ 14400 രൂപ ചേസിനും 4800 രൂപ ബോഡി കെട്ടാനും നൽകുകയുണ്ടായി. ആ ബില്ലുകൾ ഇന്നും അദ്ദേഹം സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

ഒടുവിൽ ഒരു മാസത്തിനുള്ളിൽ ബസ് കോഴിക്കോട് എത്തിച്ച് രജിസ്റ്റർ ചെയ്യുകയും MDM 4706 (നമ്പർ ഇപ്പോൾ കൃത്യമായി ഓർമ്മയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്) എന്ന നമ്പറിൽ ഒരു പെട്രോൾ ബസ് റെഡിയാകുകയും ചെയ്തു. ബസിന് പേരായി മൂത്ത സഹോദരിയുടെ മകൾ ‘ജയശ്രീ’യുടെ പേരിടുകയുണ്ടായി. അങ്ങനെ 1952 ഏപ്രിൽ 4 ന് അഞ്ചരക്കണ്ടി – കണ്ണൂർ റൂട്ടിൽ ആദ്യത്തെ ബസ് ഓടി.

ശേഷം കാലം കണ്ടത് വാസുദേവന്റെ വളർച്ചയായിരുന്നു. ഏറെ വൈകാതെ മട്ടന്നൂർ – കണ്ണൂർ റൂട്ടിലും ജയശ്രീ ഓടി തുടങ്ങി. ആ ബസ് കോഴിക്കോട് ഉണ്ടായിരുന്ന MRS ബസ് ഉടമ C.കുഞ്ഞിക്കുട്ടിയുടെ അടുത്ത് നിന്നും 6000 രൂപയ്ക്ക് വാങ്ങിയതായിരുന്നു. അങ്ങനെ ഒരു കൊല്ലത്തിനിടെ കൂട്ടുപുഴ – കണ്ണൂർ റൂട്ടിൽ മൂന്നാമത്തെ ജയശ്രീ ഓടി തുടങ്ങി. ആ വണ്ടിയാണെങ്കിൽ ഒരു ലേലത്തിൽ വിളിച്ചെടുത്ത ഒരു ലോറി ആയിരുന്നു. അത് പിന്നീട് മധുര TVS ൽ കൊണ്ടു പോയി ബോഡി കെട്ടിച്ച് ഇറക്കിയതായിരുന്നു. KLC 2734 എന്നതായിരുന്നു അതിന്റെ നമ്പർ.

അങ്ങനെയിരിക്കെയാണ് കണ്ണൂരിൽ ആദ്യ ഡീസൽ ബസ് ജയശ്രീ ഇറക്കിയത്. അത് 1955 ൽ ഫാർഗോ കമ്പനിയിൽ നിന്ന് ഇറക്കിയതായിരുന്നു. കണ്ണൂർ – വളപട്ടണം ടൗൺ സർവീസായിരുന്നു അത്. ഇവ കൂടാതെ തലശേരി കാഞ്ഞങ്ങാട് റൂട്ടിലും, കണ്ണൂർ – കൊന്നക്കാട് റൂട്ടിലും NCS ബസ് ട്രാൻസ്പോർട്ട് എന്ന പേരിൽ ബസുകൾ ഓടിയിരുന്നു. ഇതിന്റെ പേരിട്ടത് മക്കളായ NISHA , CHITHRA , SWAPNA എന്നിവരുടെ പേരിന്റെ ആദ്യക്ഷരമെടുത്തായിരുന്നു. ഈ ബസുകൾ രണ്ടും ഭാര്യയുടെ പേരിലായിരുന്നു. കൂടാതെ മണക്കടവ് – കണ്ണൂർ , കൊയ്യം – കണ്ണൂർ റൂട്ടിലുമെല്ലാം ജയശ്രീയുടെ ബസുകൾ ഓടി.

ഇവയൊന്നും കൂടാതെ കാഞ്ഞങ്ങാട് – കോഴിക്കോട് റൂട്ടിൽ ഒരു ജയശ്രീ എക്സ്പ്രസ് ഉണ്ടായിരുന്നു. ഏകദേശം 28 കൊല്ലത്തോളം ആ സർവ്വീസ് ഉണ്ടായിരുന്നു. രാവിലെ 7.30 ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട് 11.30 ന് കോഴിക്കോട് എത്തുകയും, തിരിച്ച് 2.30 ന് പുറപ്പെട്ട് 6.30 ആകുമ്പോൾ കാഞ്ഞങ്ങാട് എത്തുന്ന തരത്തിലുള്ള സർവ്വീസ്. സിറ്റിംഗ് ആളെ മാത്രമേ എടുക്കാറുള്ളായിരുന്നു. പെർമിറ്റ് കാലാവധി തീരും മുൻപേ വണ്ടി നിർത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് KSRTC കോടതിയിൽ പോയെങ്കിലും ജയശ്രീയുടെ മുടക്കമില്ലാത്ത സർവ്വീസിനെയും യാത്രക്കാരോടുള്ള സമീപനവും പറഞ്ഞ് കൊണ്ട് പെർമിറ്റ് കാലാവധി കഴിയും വരെ സർവീസ് തുടരാൻ കോടതി വിധിച്ചു.

പിന്നീട് പെർമിറ്റ് റിന്യൂവലിന് KSRTC സമ്മതിക്കാതെ വന്നപ്പോൾ പെർമിറ്റ് LSOS ആക്കുകയും കൂടാതെ പെർമിറ്റ് കണ്ണൂർ – കോഴിക്കോട് എന്നത് കാഞ്ഞങ്ങാട് – കണ്ണൂർ ആയി മാറ്റിക്കയും ചെയ്തു. വണ്ടി നമ്പർ KL 13 H 4118 ആയിരുന്നു. പിന്നീട് 2005 ലോ മറ്റോ ആ പെർമിറ്റ് ശ്യാംമിന് വിൽക്കുകയാണ് ഉണ്ടായത്. അവസാന ഒരു വർഷം കോടതിയിൽ നിന്ന് TP എടുത്താണ് അത് ഓടിയിരുന്നത്. പുരുഷു നമ്പ്യാർ എന്ന ഡ്രൈവറുടെ ഡ്രൈവിംഗ് പാടവം ആ ബസിൽ കേറിയവർ എല്ലാവരും അറിഞ്ഞിട്ടുണ്ടെന്ന് ഇന്നും വാസുദേവൻ ഓർക്കുന്നു. 1999ൽ 28 രൂപ ആയിരുന്നു കണ്ണൂർ – കോഴിക്കോട് ജയശ്രീ എക്സ്പ്രസ്സ്‌ ചാർജ്. KL 13 A 9916 ഉം ഈ പെർമിറ്റിൽ 1994 – 99 കാലത്ത് എക്സ്പ്രസ് ആയി ഓടിയ ഒരു ടാറ്റയായിരുന്നു.

തികഞ്ഞ ഒരു കമ്യൂണിസ്റ്റ്കാരനായിരുന്ന വാസുദേവന് ഇഎംസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ വണ്ടിയിലെ ഡ്രൈവർമാരെല്ലാം സൈന്യത്തിൽ നിന്ന് വിരമിച്ചവരായിരുന്നു. അവരുടെ അടുക്കും ചിട്ടയും ആത്മാർത്ഥതയുമാണ് അതിന് പിന്നിലെന്നും അദ്ദേഹം വിവരിക്കുന്നു. കൂടാതെ കണ്ടക്ടർമാരായി നല്ല കമ്യൂണിസ്റ്റുകാരെ മാത്രമേ നിയമിച്ചിരുന്നുള്ളു. ജനങ്ങളോട് നന്നായി പെരുമാറാൻ കഴിയും എന്നതായിരുന്നു അതിന്റെ പിന്നിലെ കാരണം.

അന്നത്തെ കാലത്ത് പോലീസുകാരുടെ ശല്യം ഉണ്ടാകാതിരിക്കാൻ ഏതൊക്കെ പോലീസ് സ്റ്റേഷന് മുന്നിലൂടെ വണ്ടി ഓടുന്നോ അവിടെയൊക്കെ 4 അണ വീതം നൽകണമായിരുന്നു. കൂടാതെ വണ്ടിക്ക് CF എടുക്കാനായി 25 രൂപ കൈക്കൂലിയായി ഓഫീസർക്ക് കൊടുക്കണമായിരുന്നുവെന്നും, കൂടാതെ വണ്ടി ട്രയലിനായി ഓടിച്ച് നോക്കുന്ന ശിപായിക്ക് 5 രൂപ കൊടുക്കണമായിരുന്നവെന്നും അദ്ദേഹം ഓർക്കുന്നു. അന്നത്തെ കാലത്ത് ഹെഡ് കോൺസ്റ്റബിൾമാർക്കും ബസ് ചാർജ് ചെയ്യാൻ അധികാരമുണ്ടായിരുന്നുവെന്നും താനാണ് അത് നിർത്തിച്ചതെന്നും അദ്ദേഹം സ്വൽപ്പം അഭിമാനത്തോടെ പറയുകയുണ്ടായി.

ബസ് സർവീസിന് പുറമേ സാമൂഹിക സേവനങ്ങളിലും വാസുദേവൻ മുന്നിലായിരുന്നു. അഞ്ചരക്കണ്ടിയിൽ ഹൈസ്കൂൾ തുടങ്ങാൻ ഇ എം സ് നമ്പൂതിരിപ്പാടിനെ കണ്ട് നിവേദനം നൽകി അനുമതിപത്രം വാങ്ങിയതും അദ്ദേഹമായിരുന്നു. കൂടാതെ North Malabar Chamber of Commerce ന്റെ പ്രസിഡന്റായും സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തുഞ്ചത്താചാര്യ എജ്യുക്കേഷൻൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം. കണ്ണൂരിലെ ഫോർട്ട് റോഡിലുള്ള സ്വാതി ഏജൻസീസ് എന്ന പെട്രോൾ പമ്പിന്റെ ഓണർ കൂടിയാണ്.

കടുത്ത ഒരു കാർ സ്നേഹി കൂടെ ആയിരുന്നു വാസുദേവൻ. 1959ൽ ആണ് അദ്ദേഹം തന്റെ ആദ്യത്തെ അംബാസിഡർ വാങ്ങിയത്. 11400 രൂപയായിരുന്നു അന്ന് അതിന്റെ വില. രണ്ടര കൊല്ലം മാത്രമേ അദ്ദേഹം ഒരു കാർ ഉപയോഗിക്കുകയുമായിരുന്നു. കൂടാതെ കറുത്ത നിറമുള്ള കാർ മാത്രമേ വാങ്ങുകയും ഉള്ളായിരുന്നു. അങ്ങനെ 16 അംബാസിഡർ കാറുകൾ അദ്ദേഹം വാങ്ങി. പിന്നീട് അംബാസിഡർ കിട്ടാതായതോടെ മറ്റു ബ്രാൻഡ് കാറുകളിലേക്ക് മാറി. ഇന്നും അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തേക്ക് നോക്കിയ കറുത്ത നിറത്തിലുള്ള കാറുകൾ കിടക്കുന്നത് കാണാം .

വിവരങ്ങൾക്ക് കടപ്പാട് : കെ രാജേഷ് കുമാര്‍, മാത്യഭൂമി, കൂടാതെ മീറ്റിനിടെ ബസുടമ പറഞ്ഞ് കേട്ട കാര്യങ്ങളും, ചിത്രങ്ങൾ – റിദിൻ ദാമു, ബസ് കേരള ഗ്രൂപ്പ്.