ബെംഗളൂരുവിൽ ആനവണ്ടികൾക്ക് കാവലായി ഒരു കന്നഡ നായ്ക്കുട്ടി…

വിവരണം – ജോമോൻ വി.

ആനവണ്ടി പ്രേമികളും ആനവണ്ടി പ്രാന്തന്മാരും ഇന്നേറേയാണ്. ഒരു മലയാളി മലയാളി ആവണമെങ്കില്‍ തന്നെ അവന്‍റെ ഉള്ളില്‍ ഒരു ആനവണ്ടി പ്രണയം ഉണ്ടാവും. എന്നാല്‍ ഇങ്ങ് ബംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനല്‍ പാര്‍ക്കിങ്ങ് യാര്‍ഡില്‍ ആനവണ്ടി യേയും അതിലെ ജീവനക്കാരേയും ആനവണ്ടി സ്നേഹിതരേയും ഇഷ്ടപ്പെടുന്ന ഒരു നായ ഉണ്ട്. നായ എന്നൊന്നും വിളിച്ച് കൊച്ചാക്കണ്ട കേട്ടൊ പേര് ജിന്‍റൊ. ആനവണ്ടി പ്രേമികളും ജീവനക്കാരും അവന് സമ്മാനിച്ചതാണ് ജിന്‍റൊ എന്ന നാമം.

രാവിലെ ആദ്യ ബസ് എത്തുമ്പോഴേക്കും ഉറക്കമുണരും. നമ്മുടെ ഓരൊ ബസിനടുത്തും ചെല്ലും. എല്ലാ വാഹനങ്ങള്‍ക്കും ചുറ്റും നടന്ന് ഒരു മിന്നല്‍ പരിശോധന. പിന്നെ ജീവനക്കാരെ വാലാട്ടി കാണിച്ച് സൗഹൃദം പുതുക്കല്‍.

ജീവനക്കാരോടൊപ്പം തന്നേയാണ് ജിന്റോയും പ്രഭാത ഭക്ഷണം കഴിക്കുക. അവര് കഴിക്കുന്നതിന്‍റെ ഒരു പങ്ക് അത് അവനുള്ളതാണ്. അത് ഇഡലി , ദോശ, ചപ്പാത്തി എന്തും ആയി കൊള്ളട്ടെ അവനൊരു പരാതിയും ഇല്ല. പിന്നൊരു ചെറു മയക്കം. എന്നാലും ആള് വളരെ ശ്രദ്ധാലു ആയിരിക്കും. നമ്മുടെ ബസുകളുടെ അടുത്തേക്ക് പരിചയം ഇല്ലാത്ത ആളുകളെയോ വാഹനങ്ങളെയൊ ജിന്‍റൊ അടുപ്പിക്കില്ല. കുരച്ച് പേടിപ്പിച്ച് അകറ്റി നിര്‍ത്തും.

എത്ര ക്ഷീണത്തില്‍ തളര്‍ന്നുറങ്ങി പോയാലും ജീവനക്കാര്‍ക്ക് പേടിയില്ല. ജിന്‍റൊ ഉള്ളിടത്തോളം ബസിനടുത്തേക്ക് ഒരു കളളന്‍മാരും അടുക്കില്ല എന്ന ധൈര്യത്തില്‍ വിശ്രമിക്കാം. ജീവനക്കാരുമായി ഇണങ്ങിയിട്ട് 6 – 7 മാസമെ ആയുള്ളെങ്കിലും കന്നഡക്കാരന്‍ ജിന്‍റോയ്ക്ക് മലയാളം പച്ചവെള്ളം പോലെ മനസിലാവും എന്നതും വളരെ ശ്രദ്ധേയം ആണ്.

ഉച്ചയ്ക്ക് ജീവനക്കാരുടെ പൊതിച്ചോറ് എത്തുമ്പൊഴേക്കും ജിന്റോയും ഒന്നുണരും. എല്ലാ ബസിലും പൊതി ചോര്‍ എത്തുന്നത് ഒരു കണ്ണ് തുറന്ന് വീക്ഷിക്കും. “ആരും ഉണരുന്നില്ലല്ലൊ ഹാവു” എന്ന ദീര്‍ഘ നിശ്വാസത്തോടെ ചെറുമയക്കം. മൂന്ന് മണിയോടെ ഓരോരുത്തരായ് ഉണര്‍ന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നുണ്ടാവും. അപ്പോൾ ജിന്റോ ഒളികണ്ണിട്ട് നോക്കി അങ്ങനെ കിടക്കും. അവനറിയാം അവന്‍റെ ഓഹരി എന്തായാലും എത്തുമെന്ന്.

നാല് മണിക്ക് ശേഷം ബസ് സ്റ്റാന്‍റ് ഉഷാറാവും. ജീവനക്കാരൊടൊപ്പം ചായയും കടിയും കഴിഞ്ഞിട്ട് ബസുകള്‍ക്ക് ചുറ്റും വീണ്ടുമൊരു പരിശോധന. ഇനി ആശാന് വിശ്രമിക്കാന്‍ സമയമില്ല. പാര്‍ക്കിങ്ങ് യാര്‍ഡില്‍ നിന്നും ഓരോ ബസുകളോടൊപ്പം പ്ലാറ്റ് ഫോം നമ്പര്‍ 7 ലേക്ക് തിരികേ അവരെ യാത്രയാക്കുവാന്‍ എസ്‌കോർട്ട് പോകുകയാണ്. റോഡ് വരെ ഒരോ ബസിനൊപ്പവും ഈ ഓട്ടം നീളും. അവസാന സര്‍വീസ് പോകും വരെയും…! അങ്ങനെ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു ജിന്‍റോയുടെ ഓരോ ദിവസവും..