കെഎസ്ആർടിസി ഡ്രൈവറെ കാണുവാൻ വന്ന ഒരു സഞ്ചാരി; അനുഭവക്കുറിപ്പ്…

തന്നെ കാണുവാൻ വേണ്ടി മാത്രം ബസ്സിൽ കയറിയ, ചാലക്കുടി മുതൽ പാലക്കാട് വരെ ഒന്നിച്ചു യാത്ര ചെയ്ത ഒരു ഫേസ്‌ബുക്ക് സുഹൃത്തിനെക്കുറിച്ച് കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ് കുട്ടൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

“മലാനയിൽ മരിച്ചു വീഴണ്ട മനുഷ്യൻ, ഇത് ജിതിൻ ജോഷി. യാത്രകളെ (സോളോ) ഇഷ്ടപ്പെടുന്ന മനുഷ്യൻ. ചുമ്മാ യാത്രയല്ല, ആളുകളെ അറിയാനും അവരുടെ സംസ്കാരം പഠിക്കാനും, അവരോടൊത്ത് കഴിയാനും അങ്ങനെ കുറെ യാത്രകളെ കുറിച്ച് ഇന്നലെ എന്റെ ഒപ്പം ബോണറ്റിൽ ഇരുന്നു സംസാരിച്ചു. ചാലക്കുടി മുതൽ പാലക്കാട് വരെ.

കുറച്ച് ദിവസങ്ങളായി തമ്മിൽ കാണണം ഒരുമിച്ച് യാത്ര ചെയ്യണം എന്ന് ജിതിൻ എന്നെ വിളിച്ച് പറഞ്ഞിരുന്നു ഒരുതവണ പാലക്കാട് നിന്നും ചങ്ങനാശ്ശേരി വരാം എന്ന് പറഞ്ഞിരുന്നെങ്കിലും സാധിച്ചില്ല. എന്നാല് ഇന്നലെ അത് അങ്ങ് നടത്തി. ജിതിൻ വരുമെന്ന് പറഞ്ഞു. ഞാൻ ഡിപ്പോയിൽ ചെല്ലുമ്പോൾ എന്റെ ബസ്സിന്റെ സമീപത്ത് ഒരാള് ഇയർ ഫോൺ ഒക്കെ വച്ച് നിൽക്കുന്നത് കണ്ടു. ഞാൻ മെക്കാനിക്കൽ ഭാഗത്തേക്ക് നടന്നു. അപ്പൊൾ മൊബൈൽ സംഗീതം പൊഴിച്ചു. “ഹലോ, എവിടാ ഞാൻ വണ്ടിയുടെ അടുത്തുണ്ട്.” “ജിതിൻ, ഇയർ ഫോൺ വച്ച് സംസാരിക്കുന്ന ആളല്ലേ?” “അതേ..” “ഞാൻ കണ്ടൂ ഇപ്പൊ വരാം.”

അടുത്ത് ചെന്നു. പിന്നെ സ്നേഹ സംസാരത്തിന്റെ മഴ. മക്കളെയും കൊണ്ട് ബസ്സ് കഴുകിയ അന്ന് മുതൽ എന്നെ കാണാൻ ഇരിക്കുകയായിരുന്നു ജിതിൻ. ഒരു ഫോട്ടോ വേണം എന്ന് പറഞ്ഞു. ആയിക്കോട്ടെ എന്ന് ഞാനും. പല നാടുകളിൽ, പല രാജ്യങ്ങളിൽ അലഞ്ഞ മനുഷ്യൻ. പല സംസ്കാരങ്ങൾ അറിഞ്ഞ മനുഷ്യൻ. ഈ നാടുകളിലോക്കെ പോയത് ബസ്സിലും ലോറിയിലും. അതുകൊണ്ട് ഒരു ഡ്രൈവർ ആരാണെന്നും ഒരു ഡ്രൈവറെ എങ്ങനെ കാണണമെന്നും ജിതിന് നന്നായി അറിയാം. ഡ്രൈവർമാരുടെ കഷ്ടപ്പാട് എന്തെന്ന് വിളിച്ച് പറയുന്ന ഒരു വീഡിയോയും ജിതിൻ ചെയ്തിട്ടുണ്ട്.

അങ്ങനെയുള്ള ഒരു യാത്രയായിരുന്നു വർഷങ്ങൾക്ക് മുൻപ് മലാനയിലേക്ക്‌. കുറഞ്ഞ ദൂരം കണക്ക് കൂട്ടി നടന്ന ജിതിനു തെറ്റി. കൈയ്യിലെ ഭക്ഷണ പാനീയങ്ങൾ തീർന്നു. വഴിയിൽ തളർന്നു വീണു. ഒറ്റപ്പെട്ട നിമിഷങ്ങൾ, മരണത്തെ മുഖാമുഖം കണ്ട സമയം. മരണത്തിന്റെ നൂൽപ്പാലത്തിൽ നിന്നും ജീവിതത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്താൻ അവിടേയ്ക്ക് ഒരു ദൂതൻ വന്നു. അത് ഒരു ടാക്സി ഡ്രൈവർ ആയിരുന്നു. മറക്കാനാവാത്ത ആ സമയം മരണം വന്നു പുൽകും വരെ മനസ്സിൽ ഉണ്ടാകും. എന്ന് ജിതിൻ പറയുന്നു.

ഇത് ചെറിയ ഒരു കാര്യം മാത്രം. ഓരോ യാത്ര ഓരോ മരുന്നാണ്. കെട്ടഴിച്ചാൽ പറഞ്ഞാല് തീരാത്ത അത്രയും കഥകൾ ഉണ്ട് ജിതിന്റെ കയ്യിൽ. എല്ലാം യാത്രകൾ ആണെന്ന് മാത്രം. ഇന്നലെ എന്റെ ഒപ്പമുള്ള യാത്ര വലിയ കഥകൾക്കിടയിലെ ചെറുകഥയായി ഉണ്ടാവുമോ? ഇല്ലെങ്കിലും സന്തോഷം. കാണാൻ കഴിഞ്ഞതിൽ, സ്നേഹം പങ്ക് വെയ്ക്കാൻ കഴിഞ്ഞതിൽ. ഇനിയും കാണുമല്ലോ അല്ലേ ജിതിൻ.”