ജെ.എം.ജെ. ധാബ – ഇത് ഒരു സാധാരണക്കാരൻ്റെ ഹോട്ടൽ

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഒരുപാട് ‘നന്മ മരങ്ങൾ’ ദിവസം പ്രതി മുളച്ച് വരുന്ന നാടാണ് ഇപ്പോൾ നമ്മുടേത്. സോഷ്യൽ മീഡിയ വഴി അതിന്റെ അതിപ്രസരണം വീഴ്ത്തി നന്മയുടെ സുഗന്ധവാഹകരായി നടക്കുന്ന ഇവരിൽ എത്ര പേരുടെ ഉള്ളിൽ ശരിയായ നന്മയുണ്ട് എന്നുള്ളത് അന്വേഷിച്ചും അനുഭവിച്ചും അറിയേണ്ട കാര്യമാണ്. ഇവിടെ ഇതാ പച്ചയായ ഒരു മനുഷ്യൻ ശ്രീ ജീവൻ കെ ജോസഫ് , വാട്സ്ആപ്പും എഫ്.ബി യും ഒന്നും ഉപയോഗിച്ച് തന്റെ പ്രവർത്തികൾ ഘോഷിക്കാതെ, ഇവയൊന്നും ഇല്ലാതെ, നിശബ്ദം നന്മയാകുന്ന വിപ്ലവത്തിന്റെ സുഗന്ധം തീർക്കുന്നു.

3 രൂപയ്ക്ക് വട എന്ന ബോർഡ് ഈ കടയുടെ മുൻപിൽ കണ്ടാണ് ഞാൻ ഇവിടെ ഇത്രയും നാൾ പോകാതിരുന്നത്. കാരണം എങ്ങനെ 3 രൂപയ്ക്ക് ഒരു വട മുതലാകും. ശരിയായ ഉഴുന്ന്, ശരിയായ എണ്ണ ഇതൊക്കെ ഉപയോഗിച്ച് എന്തായാലും അത് മുതലാകില്ല. ഒരേ എണ്ണയായിരിക്കാം ദിവസങ്ങളോളം ഉപയോഗിക്കുന്നത് എന്നൊക്കെയുള്ള ചിന്തയാൽ പരീക്ഷിക്കാൻ ധൈര്യപ്പെട്ടില്ല.

അങ്ങനെയിരിക്കെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞു നല്ലതാണ് , വിശ്വസിച്ചു കഴിക്കാം, വട പിന്നെ ഉദ്ദേശിക്കും പോലെ വലുതല്ല ചെറുതാണ്. ഇവിടത്തെ ഒരു രണ്ടു വടയൊക്കെ പുറത്തെ ഒരു വലിയ വട അല്ലെങ്കിൽ അതിനേക്കാൾ കുറച്ചൂടെ കാണും. എണ്ണയെല്ലാം നല്ലതാണെന്നും പറഞ്ഞു.ആഹാരത്തിന്റെ കാര്യത്തിൽ ഒരു കാര്യം പറഞ്ഞാൽ അതിനെ പൂർണമായും വിശ്വസിക്കാവുന്ന ആൾ ആയാണ് സ്വന്തം അനുഭവം. പിന്നെ അധികം വച്ച് താമസിപ്പിച്ചില്ല നേരെ ഒരു നാൾ JMJ ദാബയിലേക്ക്.

ഇത് എവിടെയാണെന്ന് അല്ലേ. വഴുതക്കാട് നിന്ന് പോകുമ്പോൾ ഇടപ്പഴഞ്ഞി ജംഗ്ഷൻ കഴിഞ്ഞ്, പാലവും കഴിഞ്ഞ് ഒരു 100 മീറ്റർ മുന്നോട്ടു പോയാൽ ഇടത് വശത്തായിട്ട് വരും. അതിന്റെ തൊട്ട് അടുത്ത് തന്നെ ഏഷ്യാനെറ്റിന്റെ ഓഫീസും അത് കഴിഞ്ഞു SK ഹോസ്പിറ്റലും കാണാം.

ഒരു വൈകുന്നേരമാണ് പോയത്. വട തന്നെയായിരുന്നു ലക്ഷ്യം. പറഞ്ഞ പോലെ വടയ്ക്ക് വലിപ്പം കുറവാണ്. എങ്കിൽ പോലും നഷ്ടമില്ല. പിന്നേയും ഒരു സംശയം ഇതൊക്കെ hygiene ആയിരിക്കുമോ? അതിനുള്ള മറുപടി ദാ ഇവിടെയുണ്ട്. “ഈ ഹോട്ടലിന്റെ പ്രത്യേകത എന്താണ് ?”. ചോദ്യം ഹോട്ടലിന്റെ ഉടയോൻ ജീവൻ ചേട്ടനോട് ആണ്. ഉത്തരം ശടേന്ന് വന്നു “രുചിയില്ലായ്മ ആണ് ഇതിന്റെ പ്രത്യേകത, hygiene ആണ്, വീട്ടിലെ പോലെ വിശ്വസിച്ച് കഴിക്കാം “.

ചങ്ക് ഉറപ്പോടെ, ദൃഢതയാർന്ന വാക്കുകളോടെ ആത്മാർത്ഥതയോടെ ഈ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ അറിയാം അത് വീൺ വാക്കല്ല ഹൃദയത്തിൽ നിന്ന് വരുന്നതാണെന്ന്. ഇതിലുണ്ട് എല്ലാം. പിന്നെ നേരിൽ കണ്ടും കഴിച്ചും അനുഭവിച്ചും വ്യക്തിപരമായി ബോധ്യപ്പെട്ടു. എണ്ണയൊക്കെ അന്നന്ന് ഉപയോഗിക്കുന്നത്. പിന്നെ പറഞ്ഞതിൽ ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. രുചിയില്ലായ്‌മ എന്ന് എല്ലാത്തിനേയും തികച്ചും പറയേണ്ട കാര്യമില്ല. ആവശ്യത്തിന് രുചിയുണ്ട്. പിന്നെ കിക്കിടിലം, ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല സാറേ എന്നതൊക്കെ ഒഴിവാക്കി ചുറ്റുമുള്ളതൊക്കെ കണ്ട് സമാധാനമായിട്ട് ഇരുന്നു കഴിക്കാനുള്ള രുചി ഉണ്ട്. മോശം എന്ന് പറയാൻ ഇല്ല.

ഒരു പ്രത്യേകത കൂടി ഉണ്ട്. പാവപ്പെട്ടവന്റെ മടിശീലയിലെ കാശ് ഇവിടെ വന്നാൽ ഭദ്രം ആയിരിക്കും. വില കൂടുതൽ അല്ല. മാത്രമല്ല കാശ് കൊടുക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് നിങ്ങളെങ്കിൽ കഴിച്ച ആഹാരത്തിനു വില നൽകേണ്ട. അതിന് പ്രായം വച്ച് തരം തിരിച്ചിട്ടില്ല. അങ്ങനെ സൗജന്യമായി അവിടെ മൂന്ന് നേരം കഴിക്കുന്ന പലരും ഉണ്ട്. പിന്നെ പ്രത്യേക ശ്രദ്ധയ്ക്ക് ഒരു അപേക്ഷയാണ്.
ഒരു മനുഷ്യൻ പേരും പ്രശസ്തിയും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന മഹത്തായ ഈ കാര്യത്തെ സ്വാർത്ഥ താല്പര്യത്തോടെ കണ്ട് കയ്യിൽ കാശ് ഉണ്ടായിട്ടും അനർഹമായി ഭക്ഷണം സൗജന്യമായി കൈപറ്റരുത്.

ഇതൊന്നും കൊട്ടിഘോഷിക്കാനോ താൻ ചെയ്യുന്നത് വലിയ ഒരു പ്രവർത്തി ആണെന്നോ ഉള്ള വിചാരവും ഭാവവും ഒന്നും ജീവൻ ചേട്ടന് ഇല്ല . ഇതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് “ഞാൻ അങ്ങനെ വലിയ കാര്യം ഒന്നും ചെയ്യുന്നില്ല, വീട്ടിൽ നിന്ന് ഇറങ്ങമ്പോൾ കുറച്ചു പൈസ പാവപ്പെട്ടവർക്ക് കൊടുത്തു കളയാം എന്ന് വിചാരിച്ചു വീട്ടിൽ നിന്ന് കൊണ്ട് പോകുന്നത് അല്ല. നിങ്ങൾ തന്നെയാണ് അവർക്കു ആഹാരം കൊടുക്കുന്നത്. നിങ്ങൾ കഴിച്ച ആഹാരത്തിന്റെ പൈസയുടെ ലാഭം കൊണ്ടുള്ള ഭക്ഷണം ആണ് മറ്റുള്ളവർക്ക് കൊടുക്കന്നത്. എല്ലാം ദൈവം ചെയ്യുന്നത് ഞാൻ ചെയ്യുന്നതല്ല.”

നമ്മൾക്ക് ഭക്ഷണ അനുഭവത്തിലോട്ടു തിരിച്ചു വരാം. വട എന്ന് പറയുമ്പോൾ – ഉഴുന്ന് വട, പരിപ്പ് വട, കാരാ വട ഇവയാണ് വാങ്ങിയത്. പിന്നെ ഒരു പഴ കേക്കും. ഒരു പൂരി മസാല സെറ്റും, പെറോട്ടയും ഗ്രേവിയും, ഒരു റവ കേസരി, 2 ചായയും. ചെറിയ പൂരി അല്ല. കൊള്ളാം. ഗ്രേവി ഉള്ളിക്കറിയാണ്. അതും നന്നായിരുന്നു. റവ കേസരി അടിപൊളി മധുരം. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഷെയർ ചെയ്താണ് കഴിച്ചത്. എല്ലാം ആവശ്യത്തിന് രുചി ഉണ്ടായിരുന്നു.

വീണ്ടുമൊരിക്കൽ കൂടി ഒരുച്ചയ്ക്ക് പോയി. ഇപ്രാവശ്യം ഒരു ചിക്കൻ ബിരിയാണിയും, ബീഫ് ബിരിയാണിയുമാണ് കഴിച്ചത്. രണ്ടും കൊള്ളാമായിരുന്നു. ചിക്കൻ ബിരിയാണി കുറച്ചും കൂടി ഇഷ്ടപ്പെട്ടു. മുൻപ് പറഞ്ഞത് പോലെ ആവശ്യത്തിനുള്ള രുചി ഉണ്ട്.

JMJ വന്ന വഴികൾ – 1993 ൽ ആലപ്പുഴിയിൽ ഒരു റെസ്റ്റോറന്റ് തുടങ്ങിയാണ് കുട്ടനാട്ടുകാരനായ ശ്രീ ജിതിൻ ജോസഫ് ഭക്ഷണയിടം വ്യവസായം എന്നതിൽ ഉപരി ആയി മാനവ സേവ മാധവ സേവയായി കാണുന്ന യാത്രയിലോട്ടുള്ള തുടക്കം കുറിച്ചത്. പിന്നെ അത് തിരുവല്ലയിലോട്ടും മാറ്റി. കാലത്തിന്റെ യാത്രയിൽ UK യിലേക്ക് പോകേണ്ടി വന്നു. അതിരാവിലെ 5 മണി മുതൽ തുടങ്ങുന്ന ജോലി തീരുന്നത് വൈകുന്നേരം 4 മണിക്കാണ്. അപ്പോഴും അന്നം കൊടുക്കുന്ന കൈകൾക്ക് വിശ്രമം ഉണ്ടായില്ല. വൈകുന്നേരം 6 മണി മുതൽ രാത്രി 12 – 1 മണി വരെ ഹോം ഷെഫിന്റെ റോളിലും അത് തുടർന്നു.

വിവാഹാനന്തരം തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം ഇടപ്പഴിഞ്ഞിയിൽ JMJ Dhaba റെസ്റ്റോറന്റ് തുടങ്ങിയിട്ട് ഈ 2020 ഫ്രെബുവരി ഒന്നിന് നാല് വർഷം ആയി. ഓരോ ദിവസവും കടയിലെ കണക്കുകൾ എഴുതുന്ന പുസ്തകത്തിൽ തുടക്കത്തിൽ എഴുതുന്ന 2 വരികൾ ഉണ്ട്. സർവ മഹത്വവും ദൈവത്തിന്, തൊട്ടു താഴെ മൂന്നക്ഷരവും JMJ. അത് തന്നെയാണ് ഈ ഹോട്ടലിന്റെ പേരിന്റേയും തുടക്കത്തിൽ നമ്മൾ കാണുന്നത് JMJ – Jesus, Mary, Joseph – ഈശോ, മറിയം, ഔസേപ്പ്.

നിരാലംബരായ പെൺകുട്ടികളെ കല്യാണം കഴിച്ചു അയക്കുന്നത് ഉൾപ്പെടെ ചെയ്യുന്ന ജ്യോതിർഗമയ എന്ന സംഘടനയ്ക്കും JMJ തങ്ങളുടേതായ രീതിയിലുള്ള സഹകരണം നല്കുന്നുണ്ട്.

ഇവിടെ JMJ യിൽ വെളിച്ചെണ്ണയും, പാമോയിലും ആണ് എണ്ണയായി ഉപയോഗിക്കുന്നത്. ജീവൻ ചേട്ടൻ പറഞ്ഞ കണക്കുകൾ പ്രകാരം 62 രൂപ ഉണ്ടായിരുന്ന പാമോയിലിന് ഇപ്പോൾ 110, 38-40 രൂപയ്ക്ക് കിട്ടിയിരുന്ന വട പരിപ്പിനു ഇപ്പോൾ 80 രൂപ, 60 രൂപയുടെ ഉഴുന്നിനു ഇപ്പോൾ 110-120 രൂപയായി. എങ്കിലും ദാബയുടെ 3 രൂപയുടെ വട ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ചായക്ക്‌ മിൽമ പാൽ തന്നെയാണ് ഉപയോഗിക്കുന്നത് . വേറെ ഗിമിക്സ് ഒന്നും ഇല്ല.

ഇവിടത്തെ പ്രവർത്തന സമയം രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ്. രാവിലെ ആറ് മണിയാകുമ്പോൾ വെജിറ്റബിൾ കറി, മുട്ട കറി, കടല കറി, ഗ്രീൻ പീസ്/വെജിറ്റബിൾ കറി ചമ്മന്തി, സാമ്പാർ, ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം, പൂരി മസാല, മസാല ദോശ, നെയ്യ് റോസ്റ്റ്, റവ കേസരി, ഇവയെല്ലാം തയ്യാറാകും. 7:30 ആകുമ്പോൾ പെറോട്ടയും, ഉപ്പുമാവും. 9 മണിക്ക് അകത്തു ഉപ്പുമാവു കഴിയും. ₹ 20 മാത്രം വിലയുള്ള ഈ ഉപ്പുമാവിന് ഇവിടെ ഒരു പാട് പേരുടെ വിശപ്പടക്കാൻ കഴിയുന്നുണ്ട്. 8:30 ക്ക് ബീഫ് കറി, ചിക്കൻ കറി തയ്യാറാകും.

11 മണിക്ക് ഊണ്, ബിരിയാണി, ചൈനീസ് ഡിഷുകൾ എല്ലാം കാണും. ഫ്രൈഡ് റൈസ് നെയ്യ് ചോറ്, ഹൈദരാബാദ് ബിരിയാണി, മുഗളായി ബിരിയാണി തുടങ്ങിയ നോർത്ത് ഇന്ത്യൻ വിഭവങ്ങളും ഉണ്ട്. ആവശ്യം അനുസരിച്ചു ഉണ്ടാക്കി കൊടുക്കും 4:30 ആകുമ്പോൾ ദോശ, ചപ്പാത്തി, ഇടിയപ്പം, പെറോട്ട, അപ്പം, ഇടിയപ്പം,നെയ്യ് റോസ്റ്റ്, മസാല ദോശ തുടങ്ങി രാവിലത്തെ വിഭവങ്ങൾ വീണ്ടും ഉണ്ടാക്കും.

രാത്രി ചിക്കൻ ഫ്രൈ, ചിക്കൻ 65, ചില്ലി ചിക്കൻ, ചിക്കൻ മസാല, ചിക്കൻ മഞ്ചൂരിയൻ, ചിക്കൻ ഹൈദരാബാദി, ചിക്കൻ കോലാപുരി, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ബീഫ് ചില്ലി, എഗ്ഗ് മസാല, ചില്ലി പനീർ, പനീർ പഞ്ചാബി, കടായി പനീർ തുടങ്ങി നോർത്ത് ഇന്ത്യയിൽ സാധാരണ കിട്ടുന്ന ഐറ്റംസ് എല്ലാം കിട്ടും. ആവശ്യം അനുസരിച്ചു തയ്യാറാക്കി നൽകും. സ്ഥല പരിമിതി കാരണം ഷവായ, ഷവർമ, തന്തൂരി ഇവ ഇല്ല.

വില വിവരം: പൂരി മസാല: ₹ 25, പെറോട്ട: ₹ 7, വട: ₹ 3, പഴ കേക്ക്: ₹ 3, ചായ: ₹ 7, റവ കേസരി: ₹ 10, ചിക്കൻ ബിരിയാണി: ₹ 90, ബീഫ് ബിരിയാണി: ₹ 90. Timings: 6 AM to 10 PM Seating Capacity: 24.

സാധാരണക്കാരൻ എന്നതിലുപരി വയറു നിറയ്ക്കാൻ പണിപ്പെടുന്ന പാവപ്പെട്ടവർക്കും അത് പോലെ കണ്ടാൽ വീടുണ്ട് എല്ലാമുണ്ട് എങ്കിലും കയ്യിൽ കാശില്ലാത്ത കാരണം ഭക്ഷണം കഴിക്കാൻ ബുദ്ദിമുട്ടുന്ന, ‘അഭിമാനം’ കാരണം സ്വന്തം ദാരിദ്ര്യം മറ്റുള്ളവരെ അറിയിക്കാതെ മുണ്ടു മുറുക്കിയുടുക്കുന്നവർക്കും അത്താണിയാണ് ഈ ഭക്ഷണയിടം. ഇങ്ങനെയുള്ളവയെ അല്ലേ നമ്മൾ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്. സംഭാവന ഇത്യാദികൾ ഒന്നും വേണ്ട ചെല്ലുക വയറു നിറച്ചു ഭക്ഷണം കഴിക്കുക മനസ്സ് നിറഞ്ഞു കാശു കൊടുക്കുക. നമ്മൾ കൊടുക്കുന്ന കാശിൽ ഒരു പങ്ക് അന്നത്തിനു മുട്ടുള്ള ഒരാളുടെ വയറ് നിറയ്ക്കും. അപ്പോൾ മറക്കണ്ട ഈ JMJ ദാബയെ.