എയർ ഏഷ്യയുടെ ‘കബാലി രജനി’ സ്പെഷ്യൽ വിമാനത്തെക്കുറിച്ച്

എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾക്ക് ചിലപ്പോൾ പല തരത്തിലുള്ള താൽക്കാലിക ലിവെറി ചെയ്ഞ്ചുകൾ വരുത്താറുണ്ട്. മിക്കവാറും എന്തെങ്കിലും എക്സിബിഷന്റെയോ, പരിപാടികളുടെയോ പ്രോമോയുടെ ഭാഗമായിട്ടായിരിക്കും ഈ ലിവെറി മാറ്റങ്ങൾ. എമിറേറ്റ്സും ഗൾഫ് എയറും അടക്കമുള്ള എയർലൈനുകൾ ഇതിനുദാഹരണങ്ങളാണ്. എന്നാൽ നമ്മുടെ ഇന്ത്യയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ലിവെറി ചേഞ്ച് നടത്തിയത് എയർഏഷ്യയായിരുന്നു.

കബാലി എന്ന രജനീകാന്ത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് 2016 ൽ എയർ ഏഷ്യ ഇന്ത്യയുടെ ഒരു വിമാനം കബാലി സ്പെഷ്യൽ ലിവെറി നൽകി സർവ്വീസിനിറക്കിയത്. ഇന്ത്യയിലെ എയർലൈൻ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി വിമാനത്തിന്റെ ലിവെറി തന്നെ മാറ്റിയ ഈ സംഭവം.

ഹൈദരാബാദ് എയർപോർട്ടിലാണ് കബാലി വിമാനത്തിന്റെ നിർമാണം നടന്നത്. മുന്നൂറിൽ അധികം ആളുകൾ 200 മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് എയർ ഏഷ്യയുടെ ഒരു A320 വിമാനത്തെ കബാലി എഡിഷനാക്കി മാറ്റിയത്. രജനിയുടെ കിടിലൻ പോസ്റ്ററുകള്‍ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സൂപ്പർസ്റ്റാർ രജനി എന്നും എഴുതിയിരുന്നു.

ഭൂരിഭാഗവും മലേഷ്യയിൽ ചിത്രീകരിച്ച ചിത്രമാണ് കബാലി. അതുകൊണ്ടു തന്നെയാകണം ഇതിന്റെ ഒഫീഷ്യൽ എയർലൈൻ പാർട്ണർ ആയി മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയെ സിനിമയുടെ അവർ തിരഞ്ഞെടുത്തതും. കബാലി സിനിമയിൽ ചില രംഗങ്ങളിൽ എയർഏഷ്യ വിമാനങ്ങൾ ഉപയോഗിക്കുന്നുമുണ്ട്.

രജനീകാന്തിന്റെ ചിത്രവുമായി പുറത്തിറങ്ങിയ വിമാനം കാഴ്ചക്കാരെയെല്ലാം അതിശയിപ്പിച്ചു. വൻതോതിൽ മാധ്യമശ്രദ്ധ നേടുവാനും ഇതുമൂലം സാധിച്ചു. ഇതോടൊപ്പം ആഭ്യന്തര സര്‍വീസുകളില്‍ 786 രൂപയില്‍ ആരംഭിക്കുന്ന ‘Fly Like a SuperStar’ എന്ന ഓഫറും എയർ ഏഷ്യ പ്രഖ്യാപിച്ചു.

കബാലിയുടെ റിലീസ് ദിവസം ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് കബാലി സ്പെഷ്യൽ വിമാനത്തിൽ കയറി സിനിമ കണ്ടു തിരിച്ചു വരുന്നതിനായുള്ള സ്പെഷ്യൽ പാക്കെജ്ഉം എയർ ഏഷ്യ അനൗൺസ് ചെയ്തിരുന്നു. 7860 രൂപയുടെ പാക്കേജിൽ ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, കബാലിയുടെ സിനിമാ ടിക്കറ്റ്, കബാലിയുടെ ഓഡിയോ സിഡി, ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിരുന്നു. യാത്രക്കാര്‍ക്ക് പ്രത്യേക ‘കബാലി മെനു’ തന്നെയായിരുന്നു വിമാനത്തിൽ ഒരുക്കിയിരുന്നതും.

ഈ ഓഫർ പ്രകാരം കബാലി റിലീസ് ദിവസമായ 2016 ജൂലൈ 22 നു രാവിലെ ആറ് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട ഫ്‌ളൈറ്റ് ഏഴ് മണിക്ക് ചെന്നൈയില്‍ എത്തി യാത്രക്കാരെ വാഹനമാർഗ്ഗം തീയറ്ററില്‍ എത്തിക്കുകയും, ഷോ കഴിഞ്ഞ് വൈകുന്നേരം മൂന്ന് മണിക്ക് ചെന്നൈയില്‍ നിന്ന് തിരിച്ച് ബംഗലൂരുവിലേക്ക് ആളുകളുമായി പറക്കുകയും ചെയ്തു.

ഇതുകൂടാതെ ബെംഗലൂരു, ഡല്‍ഹി, ഗോവ, പൂനെ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളിലേക്കൊക്കെ സാധാരണ സർവ്വീസുകളും കബാലി എഡിഷൻ വിമാനമുപയോഗിച്ച് എയർ ഏഷ്യ നടത്തിയിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് രജനീകാന്ത് നൽകിയിട്ടുള്ള സംഭാവനകൾക്ക് ആദരസൂചകമായാണ് എയർ ഏഷ്യ ഇത്തരത്തിലൊരു പ്രചാരണത്തിനു തയ്യാറായതെന്നും അക്കാലത്ത് എയർ ഏഷ്യ അധികൃതർ പ്രസ്താവിച്ചിരുന്നു.

എന്തായാലും എയർ ഏഷ്യയുടെ പ്രൊമോഷൻ വിജയം കണ്ടു എന്നു വേണം പറയാൻ. അതുകൊണ്ടു തന്നെയാണല്ലോ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കബാലി സ്പെഷ്യൽ എഡിഷന് ആരാധകർ ഉള്ളതും.