കുറഞ്ഞ ചെലവിൽ എറണാകുളത്തിൻ്റെ ഗ്രാമഭംഗി ആസ്വദിക്കാം

വിവരണം – ആദർശ് വിശ്വനാഥ്.

എറണാകുളംനഗരത്തിന് വെറും 12 കിലോമീറ്റർമാത്രമകലെ സ്ഥിതിചെയ്യുന്ന ഒരു അതിമനോഹരമായ ഗ്രാമമാണ് കടമക്കുടി. കൊച്ചി നഗരത്തോട് ചേർന്നെങ്കിലും കരയും കായലും പാടങ്ങളും മീൻകെട്ടുകളുമൊക്കെയായി നഗരത്തിന്റെ നേർവിപരീതമായ ദൃശ്യമാണിവിടെ.

കടമക്കുടി ഒരു ദ്വീപാണ്. ശരിക്കുപറഞ്ഞാൽ ചെറുതും വലുതുമായ പതിനാലു ദ്വീപുകളുടെ കൂട്ടമാണിത്. വലിയകടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയംതുരുത്ത്, പിഴല,ചെറിയകടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, എന്നീങ്ങനെ പോകുന്നു കടമക്കുടിദ്വീപുകൾ.

കൊച്ചിയിൽനിന്ന് വരാപ്പുഴ,പിഴലവഴി വെറും അരമണിക്കൂർ യാത്രമാത്രംമതി പ്രകൃതിരമണീയമായ ഈ ദ്വീപുകളിലേക്ക്. നഗരഹൃദയമായ ഇടപ്പള്ളിക്ക് വളരെയടുത്ത്. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നുമാറി ഒരുസായാഹ്നം വിശ്രമിക്കാൻ പറ്റിയഇടമാണിത്. പബ്ലിക് ട്രാൻസ്പോർട്ട് തീരെകുറവാണ് ഇവിടേക്ക്. കാര്യമായ താമസസൗകര്യങ്ങളും കിട്ടാനിടയില്ല.

ഫോട്ടോഗ്രാഫി പ്രേമികൾക്ക് പറുദീസയാണിവിടം. എങ്ങോട്ട് ക്യാമറതിരിച്ചാലും അതിമനോഹര ഫ്രെയിമുകൾമാത്രം. ഫോട്ടോഷൂട്ടുകൾക്കും ഐഡിയൽ ലൊക്കേഷൻ. പക്ഷിനിരീക്ഷണത്തിൽ താൽപ്പര്യമുള്ളവർക്ക് സീസണിൽ ദേശാടനപക്ഷികളടക്കം 170ഓളം പക്ഷികളെ കാണാം. ഒരുചൂണ്ട കയ്യിൽകരുതിയാൽ നിറയെ മീനുംപിടിക്കാം.
പൊക്കാളികൃഷി നടക്കുന്ന അപൂർവ്വം പ്രദേശമാണിത്.

ചെറുവള്ളങ്ങളിൽ കായൽയാത്ര ചെയ്യാം. ഗ്രാമഭംഗിയാസ്വദിച്ച് തോട്ടുവരമ്പുകളിലൂടെയും ചെമ്മീൻ കെട്ടുകൾക്കിടയിലൂടെയും വെറുതെ നടക്കാം. കടമക്കുടി കള്ളുഷാപ്പ് സ്വാദിഷ്ടമായ ഭക്ഷണത്തിന് പ്രശസ്തമാണ്. രണ്ട് ഷാപ്പുണ്ട്. ഒന്ന് റോഡരികിൽ. അതല്ല, മറിച്ച് തുരുത്തിലൂടെ അരക്കിലോമീറ്റർ നടന്നുമാത്രം എത്താനാവുന്ന ഷാപ്പാണ് ഫേമസ്. ഇവിടേക്ക് വള്ളവുമടുപ്പിക്കാം.

സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമൊക്കെയായി എപ്പോഴും തിരക്കാണിവിടെ. മധുരക്കള്ള് താൽപ്പര്യമില്ലാത്തവർക്കും നല്ല ഫുഡ് ആസ്വദിക്കാം. ചെറുകൂരി മുളകിട്ടകറി, കൊഴുവ, പൊടിമീൻ, ചെമ്മീൻറോസ്റ്റ്, പോത്ത്, പോർക്ക്, തിലോപ്പിയ വറുത്തത്, താറാവ്, ഞണ്ടുകറി കൂടെ പുട്ട്, അപ്പം, കപ്പ.. എന്നിങ്ങനെ പരമ്പരാഗത ഷാപ്പ്ഭക്ഷണം അടിപൊളി രുചിയിൽ കിട്ടും. ഭക്ഷണവുംകഴിച്ച് അസ്തമയസൂര്യന്റെ പൊൻകിരണങ്ങൾ കായലിൽ വീണുചിതറുന്ന അതിസുന്ദരമായ സന്ധ്യാരാഗവുമാസ്വദിച്ചേ ഇവിടുന്ന് മടങ്ങാവൂ !!!