തിരക്കുകളിൽ നിന്നും മാറി ശാന്തമായിരിക്കാൻ പറ്റിയൊരിടത്തേക്ക്…

വിവരണം – ചാന്ദ്നി ഷാജു.

തിരക്കുകളിൽ നിന്നും മാറി ശാന്തമായി ഇരിക്കാൻ പറ്റിയ ഒരിടം. അങ്ങനെയുള്ള അന്വേഷണം ചെന്ന് അവസാനിച്ചത് ഇവിടെയാണ്. കല്ലാർ – മാങ്കുളം. 3 ദിവസം അടുപ്പിച്ചു അവധി കിട്ടിയപ്പോൾ ഒരു സ്ഥലത്തിന് വേണ്ടി, ബക്കറ്റിൽ കയ്യിട്ടപ്പോൾ ഇടുക്കിയുടെയും വയനാടിന്റെയും ചിട്ടാണ് കയ്യിൽ തടഞ്ഞത്. തേയിലത്തോട്ടത്തിനുള്ളിലോ കാടിനുള്ളിലോ ശാന്തമായ ഒരിടം, അവിടെ ചുറ്റിയുള്ള കാഴ്ച്ചകൾ. അത്ര മാത്രമേ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.

കുറെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കയറി ഇറങ്ങുക എന്നതിനോട് രണ്ടാൾക്കും താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ മനസ്സിൽ വിചാരിച്ച പോലെ ഒരു സ്ഥലം കിട്ടിയില്ല. പുറപ്പെടുന്നതിന് തലേദിവസം രാത്രിയായിട്ടും സ്ഥലം ഒന്നും സെറ്റാവാതാ യപ്പോൾ ആകെ നിരാശയായി.

“എന്തായാലും നമ്മൾ പോവും. വരുന്നിടത്തു വച്ചു കാണാം.” ഏട്ടൻ അങ്ങനെ പറഞ്ഞപ്പോഴും മനസ് ചാഞ്ചാടി കൊണ്ടിരുന്നു, മൂന്നാർ, വയനാട്… അവസാനം ഒരു റിസോർട്ട് കണ്ടു. Wild Elephant Eco Friendly Resort കല്ലാർ – മാങ്കുളം റോഡ്, മൂന്നാർ. കണ്ട മാത്രയിൽ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി. നല്ല റിവ്യൂ. ഇതു മതി. ഉറപ്പിച്ചു.

വെള്ളിയാഴ്ച, (21-2-2k20 )ശിവരാത്രി പുലർച്ചെ ഞങ്ങൾ പുറപ്പെട്ടു. തൃശൂർ – പെരുമ്പാവൂർ – കോതമംഗലം – നേര്യമംഗലം -അടിമാലി -കല്ലാർ. ഇതാണ് റൂട്ട്. അടിമാലിയിൽ നിന്നും 14 km കല്ലാർ ജംഗ്ഷൻ. കല്ലാർ നിന്നും കഷ്ടി 10km ഉള്ളിലോട്ടു പോയിട്ടാണ് റിസോർട്ട്. കല്ലാർ തിരിഞ്ഞതും ഏല തോട്ടങ്ങളാണ് ഞങ്ങൾക്ക് സ്വാഗതമരുളിയത്‌. പേരറിയാത്ത ഒരുപാട് സസ്യലതാദികൾ കൊണ്ട് സമ്പന്നമായ ഭൂമി. കണ്ണിന് കാഴ്ചയും മനസ്സിന് കുളിർമയുമേകുന്ന വഴികൾ താണ്ടി, ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തു എത്തി. സഞ്ചാരികളുടെ തിക്കും തിരക്കും തീരെ ഇല്ലാത്ത വഴികളാണ്.

കല്ലാർ സെന്ററിൽ നിന്നും ഞങ്ങള്ക്ക് കൂട്ട് വന്ന ചീവീടിന്റെ ഘന ഗംഭീര ശബ്ദം തിരിച്ചു പോരുന്നത് വരെയും ഞങ്ങളെ അനുഗമിച്ചു. ലെച്ചമി ടീ എസ്റ്റേറ്റ് വഴി തേയില തോട്ടങ്ങൾ ക്കിടയിലൂടെ റിസോർട്ടിൽ എത്തിയതും ഫുഡ്‌ ഓർഡർ ചെയ്തു. ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന അതേ പോലത്തെ സ്ഥലം തന്നെയായിരുന്നു . തേയിലത്തോട്ടത്തിന്റെ ഉള്ളിൽ അല്ല എങ്കിലും വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമായ സ്ഥലം.

റിസോർട്ടിൽ നിന്നും 8 km ആണ് മാങ്കുളത്തേക്ക്. അവിടെ നിന്നും 7 km ആനകുളത്തേക്കും. ചൂട് കൂടുമ്പോൾ ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാനും നീരാടാനും വേണ്ടി ഇറങ്ങുന്ന സ്ഥലമാണ് ആനക്കുളം. ഞങ്ങൾ എന്തായാലും അങ്ങോട്ട് പോവാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽപോലും ഭക്ഷണത്തിനുശേഷം ഞങ്ങൾ കുറച്ച് ദൂരം പോയി സ്ഥലങ്ങളൊക്കെ കണ്ടു.

തേയിലത്തോട്ടത്തിന്റെ ഇടയിലൂടെയുള്ള ഒരു കല്ലു വെട്ട് വഴിയിലൂടെ പോയാൽ വെള്ളച്ചാട്ടം ഉണ്ടെന്ന് പറഞ്ഞു ഒരു ചേട്ടൻ. വഴികാട്ടിയായി ആ തോട്ടംതൊഴിലാളി ചേട്ടനും കൂടി ഞങ്ങളോടൊപ്പം പോന്നു. ഒരു 10 മിനിറ്റ് നടക്കാനുള്ള ദൂരം. വെള്ളച്ചാട്ടം കാണാൻ ആളൊന്നുക്ക് 20 രൂപയും വെള്ളത്തിലിറങ്ങി കുളിക്കണമെങ്കിൽ 50 രൂപയും ആണ് നിരക്ക്. പോകുന്നവഴി തീരെ വീതി കുറഞ്ഞ ഒരു കല്ലുവെട്ട് വഴിയാണ്. അത്യാവശ്യം ആന ഇറങ്ങുന്ന വഴി കൂടിയാണ്. വഴിയിൽ നിറയെ ആനപ്പിണ്ഡം കിടക്കുന്നുണ്ടായിരുന്നു..

കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും പേടി തോന്നി തുടങ്ങി. ആന വരുമോ ചേട്ടാ എന്ന് ചോദിച്ചപ്പോ, ഇല്ല ആറുമണി കഴിഞാലെ പേടിക്കാനുള്ളു ത്രെ. എന്തായാലും പോയി നോക്കുക തന്നെ. ടിക്കറ്റെടുത്ത് മുന്നാക്കം നടന്നപ്പോൾ വെള്ളത്തിൽ കളിക്കുന്നവരെയും ധ്യന നിമഗ്നരായ കുറച്ചു വിദേശികളെയും കണ്ടു.. കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വേഗം തിരിച്ചു പോന്നു.

റിസോർട്ടിലെ സിമ്മിംഗ് പൂൾ കണ്ടപ്പോൾ തന്നെ കുട്ടികൾ അവിടെ ഇറങ്ങാൻ തിരക്കുകൂട്ടി കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ റൂമിലെത്തിയതും ഡ്രസ്സ് മാറി പൂളിലേക്കിറങ്ങി. മതിയാവോളം ആർത്തുല്ലസിച്ചു. രാത്രി ഭക്ഷണത്തിനുശേഷം സുഖമായ ഉറക്കം.

പിറ്റേന്ന് നേരം വെളുത്തു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഉദ്യാനത്തിലൂടെ ചുമ്മാ നടത്തം.പൂളിന് ചുറ്റും മലനിരകളുടെ കാഴ്ചകൾ കണ്ടു അങ്ങനെ വെറുതെ ഇരുന്നു. താമസ സ്ഥലത്തിന് തൊട്ടടുത്തെല്ലാം ആന ഇറങ്ങുന്ന ഇടം കൂടിയാണ്. ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റം, അടിപൊളി ഭക്ഷണം, റൂമിലെ ജാലക പാളിയിലൂടെ കാണാവുന്ന മലനിരകൾ, മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന കാഴ്ചകൾ. പറയാതിരിക്കാൻ വയ്യ ആർക്കും സജെസ്റ്റ് ചെയ്യാവുന്ന ഒരു സ്ഥലം തന്നെയാണത്.

ഉച്ചയോടെ മടക്കം. തിരിച്ചു അടിമാലി എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ ഒരു അടിപൊളി സ്ഥലം കണ്ടു . അതു കൂടി പറയട്ടെ. അടിമാലിയിൽ നിന്നും ഇടുക്കി പോകുന്ന വഴി കുറച്ചു മുന്നോട്ട് പോയാൽ ” എരിവും പുളിയും ഷാപ്പിലെ കറികൾ “. അവിടുത്തെ സ്പെഷ്യൽ , മൺചട്ടിയിൽ ചോറാണ്. എന്റെ പൊന്നേ…കിടിലൻ.. സന്ധ്യയോടെ വീട് പിടിച്ചു.