ഹലുവക്കൊതിയനായിരുന്ന ‘കണ്ടമ്പുള്ളി വിജയൻ’ എന്ന ഒറ്റക്കൊമ്പൻ !!

ലേഖകൻ – വിനു പൂക്കാട്ടിയൂർ.

ആനപ്പിറവികളിലെ ആൺപിറപ്പ്. തന്റേടത്തിന്റെയും താന്തോന്നിത്തരത്തിന്റെയും ആനരൂപം. പിടിവാശിയുടെ മൂർത്തീഭാവം. ഉയരംകൊണ്ടു ബാലനാരായണന്റെ അനുജനായിരുന്നെങ്കിലും, വാശിയും സ്വഭാവവും കൊണ്ട് ബാലന്റെ ജേഷ്ഠനായിരുന്നു വിജയൻ. തന്റേതായ കാര്യങ്ങളിൽ ആരുടെ മുൻപിലും ഒരു വിട്ടുവീഴ്ചയ്ക്കും അനുനയത്തിനും തയാറായിരുന്നില്ല ഈ ഇരട്ടചങ്കൻ.!

ബീഹാറിൽ നിന്നും കീരങ്ങാട്ട് മനയിലെത്തപ്പെട്ട വിജയൻ, പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് തച്ചപ്പിള്ളിയിലും തുടർന്ന് കണ്ടമ്പുള്ളിയിലുമെത്തിച്ചേർന്നു. ലക്ഷണത്തികവുകൾക്കുമപ്പുറം, നല്ല സൗന്ദര്യവും, അസാമാന്യ പൊക്കവും അസാധ്യ തലയെടുപ്പുമായിരുന്നു വിജയന്റെ പ്രത്യേകത. പത്തടിക്കുമുകളിൽ ഉയരവും അതിനേക്കാൾ ഉയർന്ന തലപ്പൊക്കവും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മത്സരപ്പൂരങ്ങളിൽ വിജയൻ വെന്നിക്കൊടി പാറിക്കുകതന്നെ ചെയ്തു. അന്നത്തെ മിക്ക ഉത്സവങ്ങളിലും കൂട്ടിയെഴുന്നെള്ളിപ്പുകളിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ വിജയൻ തലയെടുപ്പോടെ ഉദിച്ചുനിന്നിരുന്നു.

മത്സരബുദ്ധിയുടെ പ്രതീകമായിരുന്നു ആന. ആളുകൾ കൈയ്യടിച്ചാൽ ആവേശത്തോടെ തലപിടിച്ചു നിൽക്കും. “കണ്ടമ്പുള്ളി ബാലനാരായണനോടൊപ്പം മത്സരിക്കണമെങ്കിൽ, ആദ്യം വിജയനോട് ജയിക്കണം” ഇതായിരുന്നു അന്നത്തെ മത്സരപ്പൂരങ്ങളിലും പള്ളിപ്പെരുന്നാളുകളിലും നേർച്ചകളിലും മുഴങ്ങിക്കേട്ടിരുന്ന പ്രയോഗം. ചക്കുമരശ്ശേരി തലപ്പൊക്ക മത്സരത്തിൽ ബാലനാരായണനെയും പാറമേക്കാവ് പരമേശ്വരനെയുമെല്ലാം തലയെടുപ്പുകൊണ്ട് കൊണ്ട് കീഴടക്കിയിട്ടുണ്ട് ഈ വീരകേസരി. ഉത്സവപ്പറമ്പുകളിൽ ചുള്ളിപ്പറമ്പിൽ സൂര്യനെയും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും, മംഗലാംകുന്ന് കർണ്ണനെയുമെല്ലാം നന്നായി വിറപ്പിച്ചുവിട്ട ചരിത്രമുണ്ട് വീരനായ വിജയന്.

ബീഹാറിൽ നിന്നും കൊണ്ടുവരുമ്പോഴേ ആനയുടെ കൊമ്പിനു കേടുണ്ടായിരുന്നു. ഒരു പക്ഷെ അതിന്റെ വേദനയാലാവാം ഇടഞ്ഞോടൽ ആനയുടെ സ്ഥിരം സ്വഭാവമായിരുന്നു. ഒരിക്കൽ കൈപ്പറമ്പ് എന്ന സ്ഥലത്തു വച്ചു കുറുമ്പ് കാട്ടി ഓടിയ ആനയെ നിയന്ത്രിക്കാൻ, ആനയുടെ പുറത്തിരുന്ന ചട്ടക്കാരൻ തന്റെ ഉടുത്ത മുണ്ട് അഴിച്ചു ആനയുടെ മുഖത്തേക്കിട്ടു. അങ്ങെനെ കണ്ണുകാണാതെ ആന നിന്നപ്പോൾ തളച്ചു. വേറൊരിക്കൽ പൂങ്കുന്നം ശിവക്ഷേത്രത്തിന് സമീപം ചങ്ങലപൊട്ടിച്ചോടിയ ആനയെ അന്നത്തെ ചട്ടക്കാർ കുരുക്കിട്ടാണ് പിടിച്ചത്. ഒരിക്കൽ കല്ലഴി പൂരത്തിന് വന്നപ്പോൾ, ആന ചങ്ങലയും പൊട്ടിച്ചോടി. ചട്ടക്കാർ പുറകെയും. ഓടിയോടി പൊട്ടിയ ചങ്ങലയെടുത്തു ചട്ടക്കാർ ഒരു സർവേ കല്ലിൽ കെട്ടി. പിന്നീട് വടം കൊണ്ട് ബന്ധിച്ചു.

ഒരിക്കൽ ഓടിയ ആന പുഴയിൽ ചാടി നീന്തി രസിച്ചു. ഓട്ടം തുടർക്കഥയാക്കിയ ആന ഒരിക്കൽ റോഡിൽ കൊമ്പു കുത്തിനിന്നു. ഒരിക്കൽ ഒരു മരത്തിലും ഒരു തവണ ട്രാൻസ്ഫോർമറിലും കുത്തിയതോടെ വലത് കൊമ്പുപോയി. കണ്ടമ്പുള്ളി വിജയൻ അങ്ങെനെ ഒറ്റക്കൊമ്പൻ വിജയനായി. കൊമ്പു പോയതിൽ പിന്നെ ഓട്ടം കുറവായിരുന്നു. പോയ കൊമ്പിനു പകരം പാലമരം കടഞ്ഞെടുത്തു കൊമ്പുണ്ടാക്കി. ആ കൊമ്പിൽ ഒരുപാട് പേർ കണ്ണ് വച്ചിരുന്നു. തുണിയിൽ പൊതിഞ്ഞാണ് അത് സൂക്ഷിച്ചിരുന്നത്. ഒരിക്കൽ പൊതിഞ്ഞ തുണിയിൽനിന്നും ആ കൊമ്പു തന്നെ അപ്രത്യക്ഷമായി.

ഹലുവയായിരുന്നു വിജയന്റെ ഇഷ്ടഭക്ഷണം. മദപ്പാടുകാലത്തിൽ നിന്നും മുക്തനാകുമ്പോൾ ചട്ടക്കാർ ഹലുവ കൊടുത്തു അഴിക്കും. ഉത്സവപ്പറമ്പുകളിൽ പോയാൽ ഹലുവ കടകളിലേക്ക് ഒറ്റപ്പോക്കാണ്. ആര് തടഞ്ഞിട്ടും കാര്യമില്ല. കട കാലിയാക്കി ആന തിരിച്ചു വരും. അത് പോലെ പൊരിച്ചാക്കുകളിൽ തുമ്പിമുക്കി ചാക്ക് മാത്രം ബാക്കിയാക്കി “ഞാനൊന്നുമറിഞ്ഞില്ലേ..” എന്ന ഭാവത്തിൽ നിൽക്കും. ഇടഞ്ഞോടൽ സ്ഥിരമായപ്പോൾ, വിജയൻ ഓടി എന്ന് കേൾക്കുമ്പോഴേ “എത്ര ഹലുവക്കടകൾ കാലിയായി” എന്നാണ് അക്കാലത്തെ ആളുകൾ അന്വേഷിച്ചിരുന്നത്. ഗുരുതരമായ പ്രശ്നങ്ങളൊന്നും ആന ഉണ്ടാക്കിയിരുന്നില്ല.

ആണുങ്ങളിൽ ആണായിത്തന്നെ ജീവിച്ചു. മരണത്തിൽപ്പോലും വിജയൻ തലതാഴ്ത്തിയതുമില്ല. പതിനൊന്നു വർഷങ്ങൾക്കു മുൻപ്, പോരാട്ടവീര്യത്തിന്റെയും മത്സരബുദ്ധിയുടെയും നേർക്കാഴ്ച്ചയായിരുന്ന കണ്ടമ്പുള്ളി വിജയൻ എന്ന ഒറ്റക്കൊമ്പൻ വിജയൻ എന്നെന്നേക്കുമായി ഉത്സവങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.