കണ്ണിപറമ്പ് ബസുകളുടെ സ്വന്തം പാത്തു – ഒരു യഥാർത്ഥ ബസ് പ്രേമി

കടപ്പാട് – Rahees darga, Bus Kerala.

ഗ്രാമത്തിലേക്കുള്ള ബസ്സുകളും ബസ് ജീവനക്കാരും ആ ഗ്രാമവാസികൾക്ക് സുപരിചിതരായിരിക്കും. എന്നാൽ തൻ്റെ നാട്ടിലേക്കുള്ള ബസ്സുകളുടെ സംരക്ഷകയായി മാറിയ ഒരു വനിതയെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ആദ്യം ആ നാടിനെ പരിചയപ്പെടുത്താം. വ്യവസായത്തിന്റെ പ്രതാപിയായിരുന്ന മാവൂർ … അവിടെ നിന്നും 3 km സഞ്ചരിച്ചാൽ പച്ചപ്പും ശുദ്ധവും ആയ ഒരു ഗ്രാമം കണ്ണിപറമ്പ്.

നിറയെ കുട്ടി ബസുകൾ കുന്നമംഗലം – മാവൂർ – കണ്ണിപറമ്പ് വഴി ഓടുന്നു… നിറയെ യാത്രക്കാരും.. മുതിർന്നവരും കുട്ടികളും എല്ലാം ഈ ബസുകളുടെ സ്ഥിരം യാത്രക്കാരാണ്. ഈ നാട്ടിലെ ബസ് സെർവീസുകളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഒരാളുണ്ട്. നാട്ടുകാരുടെ സ്വന്തം പാത്തു താത്ത. ഏകദേശം 50 നോട് അടുത്ത പ്രായം. ഒരു പക്ഷെ നമ്മൾ മാനസിക രോഗി എന്നൊക്കെ പത്തു താത്തയെ മുദ്ര കുത്തിയേക്കാം. ചിലപ്പോൾ ചിന്തിച്ചു നോക്കിയാൽ ഇവരാണ് ശെരി..

കണ്ണിപറമ്പിലേക്ക് ഉള്ള ബസിൽ സ്ഥിരം യാത്രികയാണ് താത്ത. എല്ലാവരും ബസ് സെർവീസുകളെ വെടിഞ്ഞു സ്വാകാര്യ വാഹങ്ങളെ ആശ്രയിക്കുമ്പോൾ ഇവർ നമുക്ക് ഒരു വലിയ പാഠം ആണു പഠിപ്പിച്ചു തരുന്നത്. കണ്ണിപറമ്പിലേക്ക് ഓടുന്ന മുഴുവൻ ബസുകൾക്കും ഇവർ ഒരു സംരക്ഷകയും കൂടിയാണ്. ഈ റൂട്ടിലോടുന്ന ഓടുന്ന ബസുകളിലെ ജീവനക്കാരെ മറ്റു ബസുകളിലെ ജീവനക്കാർ ചീത്ത പറഞ്ഞാൽ ഇവർ കയറി ഇടപെടുന്നതും സ്ഥിരം കാഴ്ചയാണ്. തന്റെ നാട്ടിലെക്ക് സർവ്വീസ് നടത്തുന്ന ബസിലെ ജീവനക്കാർ ചിലപ്പോഴൊക്കെ സമയത്തിൻ്റെ പേരിൽ മറ്റുള്ളവരുമായി വഴക്കു കൂടുന്നത് ഈ സർവീസ് നില നിൽക്കാൻ വേണ്ടി ആണെന്ന് താത്തയ്ക്ക് നന്നായി അറിയാം. എങ്കിലും വഴക്ക് അനിയന്ത്രിതമായി പോകുന്നത് പുള്ളിക്കാരിയ്ക്ക് ഇഷ്ടമല്ല.

പുതിയതായി കണ്ണിപറമ്പിലേക്ക് വരുന്ന ബസുകൾക്ക് ഇവർ സ്വാഗതം അരുളും. ജീവനക്കാർക്ക് ഇവർ സ്ഥിരം യാത്രിക എന്നതിലുപരി സഹോദരതുല്യയായ ഒരു കൂട്ടുകാരി കൂടിയാണ്. ചിലപ്പോൾ സമയക്രമീകരണം നടക്കുന്ന RTO ഓഫീസുകളിലും ഇവരെ കണ്ടേക്കാം, കന്നിപ്പറമ്പ് ബസുകളുടെ സംരക്ഷകയായി. ഇവിടെ നിന്നും കോഴിക്കോടേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ട്രിപ്പ്‌ മാറ്റാൻ ഇവർ അനുവദിക്കാറില്ല. പണ്ട് മാറ്റിയ ബസുകളുടെ ഏജന്റുമാരെ ഇന്നും ഇവർ തപ്പി നടക്കുന്നുണ്ട്.

ഈ ഗ്രാമത്തിനെ കോഴിക്കോടൻ പട്ടണവും ആയി ബന്ധിപ്പിക്കുന്ന ഒരു പെർമിറ്റ്‌ ഉണ്ടായിരുന്നു പണ്ട്. 5 തവണ കണ്ണിപ്പറമ്പ് മാവൂർ via കോഴിക്കോടേക്ക് ഓടിയിരുന്ന KL-17-1017 ബനാറസ് എന്ന ബസ് ആയിരുന്നു അത്. അകാലത്തിൽ നിർത്തി പോയ ഈ പെര്മിറ്റിനെ സ്നേഹിക്കുന്ന ഒരു ബസ് പ്രേമി കൂടിയാണ് താത്ത. ഇപ്പോഴും ഈ പെർമിറ്റ്‌ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആണ് ആ പാവം.

ബസ് പ്രേമികൾ എല്ലാ നാട്ടിലും ഉണ്ടാകാറുണ്ട്. എന്നാൽ പാത്തു താത്തയെപ്പോലെ അവർ മാത്രമായിരിക്കും ഉള്ളത്. അതും ഒരു സ്ത്രീ. നമ്മുടെ യാത്രയ്ക്കിടയിൽ ചിലപ്പോഴൊക്കെ പാത്തു താത്തയെ കണ്ടേക്കാം. ചിലപ്പോൾ കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ ഒക്കെ. കണ്ടാൽ ഒരു പുഞ്ചിരി സമ്മാനിക്കുക. പറ്റുമെങ്കിൽ ഒന്നു പരിചയപ്പെടുക. ഇവരും നമ്മളെ പോലെ ഒരു ബസ് സ്നേഹിയാണ്. തന്റെ നാട്ടിലേക്ക് സർവ്വീസ് നടത്തുന്ന, നാട്ടുകാർക്ക് ഉപകാരപ്രദമായ ബസുകൾ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഒരു യഥാർത്ഥ ബസ് സ്‌നേഹി.