കോവിഡ് കാലത്ത് കണ്ണൂർ – ദോഹ വിമാനയാത്ര; ഒരു അനുഭവക്കുറിപ്പ്

വിവരണം – വിപിൻ വാസുദേവ് എസ്. പൈ.

കോവിഡ് മഹാമാരി മൂലം ഒട്ടുമിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തിയത് കാരണം നമ്മുടെ യാത്രകളൊക്കെ മുടങ്ങികിടക്കുകയായിരുന്നല്ലോ. പ്ലാൻ ചെയ്ത യാത്രകൾ എല്ലാം തന്നെ മുടങ്ങി. ഇനി ഒരു യാത്ര പഴയ പോലെ പോകണമെങ്കിൽ ഒരു ഒന്നൊന്നര കൊല്ലമെങ്കിലും എടുക്കും.

കോവിഡ് കാരണം ഖത്തർ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മാർച്ച് മാസത്തിൽ നാട്ടിൽ എത്തിയ എനിക്ക് തിരിച്ചുപോകാനും പറ്റിയില്ല. നാല് മാസം നാട്ടിലായിരുന്നു ഞാൻ. അങ്ങനെയിരിക്കെയാണ് ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള ഖത്തറിലെ ആരോഗ്യപ്രവർത്തകർക്ക് മടങ്ങാൻ അനുമതി ലഭിച്ചത്. എൻ്റെ പേരും ആ ലിസ്റ്റിൽ ഉണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ ജൂലൈ ഇരുപത്തിമൂന്നാം തിയ്യതി കണ്ണൂരിൽ നിന്നും ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് കിട്ടി.

അഞ്ചു മാസങ്ങൾക്കുശേഷമുള്ള ഒരു അന്താരാഷ്ട്ര യാത്ര ആയിരുന്നു ഇത്. പുതിയ ശീലങ്ങളോടുകൂടിയ യാത്ര ആയതിനാൽ ആവേശവും അതുപോലെ തന്നെ പിരിമുറുക്കവും ഉണ്ടായിരുന്നു. യാത്ര എന്നും ഒരു ആവേശമായിരുന്നു എനിക്ക്, പുതിയ ശീലങ്ങളോടെ എങ്ങനെ പൊരുത്തപ്പെടാം എന്ന ഒരു പരിഭവം ആയിരുന്നു മനസ്സിൽ. സാനിറ്റൈസറും മാസ്കും കയ്യുറകളും പി പി ഇ കിറ്റും കരുതിയിരുന്നു. ഫേസ് ഷീൽഡ് ഇൻഡിഗോ എയർലൈൻസ് തരുന്നത് കൊണ്ട് എടുത്തില്ല. ഇതാണലോ നമ്മുടെ പുതിയ ശീലങ്ങൾ.

അങ്ങനെ യാത്ര ചെയ്യാനുള്ള ദിവസം വന്നെത്തി. കൂത്തുപറമ്പിലുള്ള എൻ്റെ വീട്ടിൽ നിന്നും ഒരു ഇരുപത് മിനിറ്റ് യാത്ര ചെയ്താൽ കണ്ണൂർ വിമാനത്താവളത്തിൽ എത്താം. പുലർച്ചെ മൂന്നര മണിക്ക് വീട്ടിൽ നിന്നുംപുറപ്പെട്ടു വിമാനത്താവളത്തിൽ എത്തി. കോവിഡ് കാലത്തിനു മുമ്പ് പുലർച്ചെയുള്ള ഈ സമയങ്ങളിൽ എപ്പോഴും തിരക്കനുഭവപെടാറുണ്ടായിരുന്നു. എന്നാൽ അതിനു വിപരീതമായി ഉറങ്ങിക്കിടക്കുന്ന ഒരു വിമാനത്താവളമായിരുന്നു ഞാൻ കണ്ടത്.

യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാരെയും കാത്തു ഇൻഡിഗോ വിമാനത്തിൻറെ ജീവനക്കാരി അവിടെ നിൽപ്പുണ്ട്. കാറിൽ നിന്ന് ഇറങ്ങിയതും എൻ്റെ അടുത്തുവന്ന് പേരും ടിക്കറ്റും ചോദിച്ചു. അവരുടെ ലിസ്റ്റിൽ എൻ്റെ പേരുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഒരു ഹെൽത്ത് ഡിക്ലറേഷൻ ഫോം തന്നു. അത് പൂരിപ്പിച്ചതിനു ശേഷം ഹെൽത്ത് സ്ക്രീനിംഗ് സ്ഥലത്തേക്ക് പോകാൻ പറഞ്ഞു.

കാറിൽ നിന്നും ബാഗെടുത്തു, ഫോം പൂരിപ്പിച്ചതിനു ശേഷം ഹെൽത്ത് സ്ക്രീനിംഗ് സ്ഥലത്തേക്ക് പോയി. അവിടെ എൻ്റെ ഡീറ്റെയിൽസ് കൊടുത്തതിനു ശേഷം താപനില പരിശോധിച്ചു. വേറെ ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഹെൽത്ത് ഡിക്ലറേഷൻ ഫോമിൽ സീൽ വെച്ചുതന്നു. അതിനു ശേഷം ബാഗ്‌സ് ഒക്കെ ഡിസൈൻഫെക്ട് ചെയ്തു.

ഇതിനുശേഷം നേരെ വിമാനത്താവളത്തിലേക്ക് കടക്കുന്നതിനുള്ള ടിക്കറ്റും പാസ്പോർട്ട് പരിശോധനയും. മുൻപുള്ള പോലെയല്ല ഇപ്പോൾ പരിശോധന. ക്യാമറയ്ക്കു മുന്നിൽവെച്ചിട്ടുള സ്ഥലത്തു ആദ്യം ടിക്കറ്റ്, പിന്നെ പാസ്പോർട്ട് എന്ന രീതിയിൽ വെക്കണം. അതിനു ശേഷം മാസ്ക് താഴ്ത്തി ആളെ സ്ഥീകരിച്ചതിനുശേഷം ഡിപ്പാർച്ചർ ടെര്മിനലിലിലേക്ക് കടത്തിവിടും.

നേരെ ഇൻഡിഗോയുടെ ചെക്ക്-ഇൻ കൗണ്ടറിലേക്. വിമാനത്താവളത്തിൽ ആകെ കുറച്ചുപേർ. അഞ്ചു ഇൻഡിഗോ സ്റ്റാഫ്, രണ്ടു മൂന്ന് ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ, ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പിന്നെ സെക്യൂരിറ്റി ജീവനക്കാർ. ആകെ പ്രവർത്തിക്കുന്നത് ഇൻഡിഗോയുടെ രണ്ടു കൗണ്ടർ. സാമൂഹ്യഅകലം പാലിച്ചു ക്യൂ നിൽക്കാനൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ എത്തിയപ്പോൾ മനസ്സിലായി ആകെ കുറച്ചുപേർ മാത്രമേ ഈ വിമാനത്തിൽ യാത്രികരായിട്ടുള്ളു എന്ന്.

ചെക്ക്-ഇൻ ചെയ്യുന്നതിനായി എല്ലാ രേഖകളും കൃത്യമായി പരിശോധിക്കുന്നുണ്ട്. യാത്ര ടിക്കറ്റ്, പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ് (കാലാവധി പ്രശ്നമില്ല), റിട്ടേൺ പെർമിറ്റ് (Exceptional Return Permit), ക്വാറന്റീൻ ബുക്കിംഗ് (Discover Qatar വഴിയുള്ള ബുക്കിംഗ്. ഇപ്പോൾ ഏഴു ദിവസമാക്കിയിട്ടുണ്ട്), പിന്നെ മൊബൈലിൽ Ehteraz ആപ്പ് ഡൌൺലോഡ് ചെയ്തിരിക്കണം. ചെക്ക്-ഇൻ ചെയ്തിട്ട് ബോർഡിങ്‌ പാസ് കിട്ടി, കൂടെ ഒരു പാക്കറ്റിൽ ഫേസ് ഷീൽഡ്, മാസ്ക് പിന്നെ കുറച്ചു ചെറിയ സാനിറ്റൈസര്‍ സാഷേകളും. ഏകദേശം ഒരു മണിക്കൂർ വേണ്ടിവന്നു ഇത്രയും ചെയ്തുകിട്ടാൻ.

പിന്നെ ഇമ്മിഗ്രേഷൻ, അവിടെയും ഇതെല്ലാം പരിശോധിച്ചു പാസ്സ്പോർട്ടിൽ സീൽ ചെയ്തതിനു ശേഷം കസ്റ്റംസ് ചെക്കിങ്ങും കഴിഞ്ഞിട്ട് സെക്യൂരിറ്റി ചെക്കിങ്. സാധാരണ ഗതിയിൽ കോവിഡിന് മുന്നേയുള്ള കാലത്തു ഈ പോയന്റിൽ വെള്ളത്തിൻറെ കുപ്പി കളയാൻ പറയുമായിരുന്നു. പക്ഷെ പുതിയ രീതിയിൽ ഒരു കുപ്പി വെള്ളം കൊണ്ടുപോകുന്നതിന് കുഴപ്പമില്ല. കാരണം വിമാനത്താവളത്തിനുള്ള എല്ലാ കുടിവെള്ള ടാപ്പുകൾ അടച്ചിട്ടുണ്ട്. പിന്നെ വിമാനയാത്രക്കിടെ വെള്ളം/ ഭക്ഷണം ഒന്നും തരുകയുമില്ല. ഇവിടെ സെക്യൂരിറ്റി ചെക്കിങ്ങിനും ക്യാമറയ്ക്കു മുന്നിൽവെച്ചിട്ടുള്ള സ്ഥലത്തു ആദ്യം ടിക്കറ്റ്, പിന്നെ പാസ്പോർട്ട് എന്ന രീതിയിൽ വെക്കണം. അതിനു ശേഷം മാസ്ക് താഴ്ത്തി ആളെ സ്ഥിതീകരിച്ചതിനു ശേഷം ബോർഡിങ്‌ പാസിൽ സീൽ വെച്ചു തന്നു.

നേരെ ടെർമിനലിലെ ബോർഡിങ്‌ ഗേറ്റിനടുത്തേക്ക്. പതിവിനു വിപരീതമായി എല്ലാ സ്ഥലവും ശൂന്യമായി കിടക്കുന്നു. വിമാനത്താവളത്തിലെ ഇരിപ്പിടങ്ങൾ എല്ലാം ഒഴിഞ്ഞു കിടക്കുന്നു, കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു മൂകത. തിരക്കൊഴിഞ്ഞ അരങ്ങ് അങ്ങനെ പറയുന്നതാണ് ഉത്തമം. പഴയ പ്രതാപം ഒക്കെ ഇനി എപ്പോൾ കിട്ടുമോ ആവോ. ഇതെലാം കണ്ടുകൊണ്ട് കോറോണയെ മനസ്സിൽ ശപിച്ചുകൊണ്ട് അഞ്ചാം ഗേറ്റിനു സമീപത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു.

കുറച്ചു സമയത്തിന് ശേഷം ഇൻഡിഗോ ജീവനക്കാർ എത്തി ഒരു അറിയിപ്പ് നടത്തി. വിമാനത്തിനുള്ളിൽ ഭക്ഷണം കഴിക്കാൻ പാടില്ല. പിന്നെ ഫ്ലൈറ്റ് ബോർഡ് ചെയ്യുന്നതിന് മുൻപ് തന്നെ ഫേസ് ഷീൽഡ് ധരിക്കണം. ഹാൻഡ് ബാഗുകൾ നമ്മുടെ സീറ്റിൻറ്റെ മുന്നിലത്തെ സീറ്റിനു താഴെയാണ് വെക്കേണ്ടത്. അപ്പോഴേക്കും ഇൻഡിഗോ പൈലറ്റ്, എയർ ഹോസ്റ്റസ് എന്നിവരെത്തി ബോർഡ് ചെയ്തു. എയർ ഹോസ്റ്റസ്സ്മാർ പ്രൊട്ടക്റ്റീവ് ഗൗണും, ഹെഡ് ക്യാപ്പും മാസ്കും ഷൂ കവർ ഒക്കെ ധരിച്ചിട്ടുണ്ട്. അൽപ സമയത്തിനുളിൽ ബോർഡ് ചെയ്യാൻ നിർദേശം.

സാധാരണ ബോർഡിങ് സമയത്തു പാസ്സ്പോർട്ടും ബോർഡിങ് പാസും ജീവനക്കാർ നോക്കിയാണ് ബോർഡിങ് പാസ് സ്കാൻ ചെയ്യുന്നത്. ഇപ്പോൾ യാത്രക്കാർ അവരുടെ പാസ് സ്വന്തമായി സ്കാൻ ചെയ്തുവേണം വിമാനത്തിൽ കയറാൻ .അതിനു ശേഷം ഫേസ് ഷീൽഡ് ധരിച്ചു നേരെ എന്നിക്കു അനുവദിച്ചുകിട്ടിയ സീറ്റിലേക്. അകെ പതിനെട്ടു പേർ മാത്രമേ ഉള്ളു ഫ്ലൈറ്റിൽ.

പത്തിരുപത് മിനുറ്റുകൾക്കുള്ളിൽ ബോർഡിങ് കഴിഞ്ഞു. ഇരുപതു മിനിറ്റ് മുന്നേ തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. ചായ, സ്നാക്ക്സ് എന്നിവയുടെ വിൽപ്പനയോ ഒന്നും തന്നെ ഇല്ലായിരുന്നു. രാവിലെ എഴുനേറ്റത് കാരണം അൽപ സമയം മയങ്ങി. മുടങ്ങിയ യാത്രകളെ പറ്റി ഓർത്തും, ഇനി മുന്നോട്ടുള്ള യാത്രകളെ പറ്റി ചിന്തിച്ചും പുറത്തെ കാഴ്ചകൾ കണ്ടും സമയം തള്ളി നീക്കി. നാല് മണിക്കൂർ നേരം കൊണ്ട് ദോഹ എത്തി.

ദോഹ വിമാനത്താവളത്തിൻറ്റെ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. സാധാരണ ഗതിയിൽ ഇരുപത്തിനാലു മണിക്കൂർ നേരവും തിരക്കുള്ള എയർപോർട്ടിൽ കുറച്ചുപേർ മാത്രം. അധികം ഫ്ലൈറ്റ് ഒന്നും ലാൻഡ് ചെയ്തിട്ടില്ല. ഡിപ്പാർച്ചർ ടെർമിനൽ ആകട്ടെ ഒട്ടുമിക്ക കടകൾ അടഞ്ഞു കിടക്കുന്നു. കുറച്ചു യാത്രക്കാർ മാത്രം. ഇമ്മിഗ്രേഷനിൽ തിരക്കും ഇല്ല.

ഇമ്മിഗ്രേഷൻ കൗണ്ടർ എത്തും മുന്നേ സ്ക്രീനിംഗ് കൗണ്ടർ. ഇവിടെ ആരോഗ്യപ്രവർത്തകർ നില്പുണ്ട്. താപനില പരിശോധിച്ചു, പേർസണൽ ഡീറ്റെയിൽസ് ഉം ഹെൽത്ത് ഡീറ്റെയിൽസ് ഒക്കെ എടുത്തു നേരെ സ്വാബ് ടെസ്റ്റിനയച്ചു. സ്വാബ് ഒക്കെ എടുത്തതിനുശേഷം 14 ദിവസത്തെ ക്വറന്റീനിനു പോകുവാൻവേണ്ടി നിർദേശിച്ചു. പിന്നീട് 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ മതി എന്ന നിർദേശം വന്നു.

ഇമ്മിഗ്രേഷൻ കഴിഞ്ഞു ബാഗ് എടുക്കുന്നതിനുവേണ്ടി ബെൽറ്റിനടുത്തേക്ക് പോയി. ബാഗ് ഒക്കെ അവിടെ ബെൽറ്റിൽ ഉണ്ട്. വിമാനം ലാൻഡ് ചെയ്തതിനു ശേഷം ഏകദേശം രണ്ടു മൂന്ന് മണിക്കൂർ എടുത്തു ഇതൊക്കെ കഴിഞ്ഞു കിട്ടാൻ. അങ്ങനെ ക്വാറന്റീൻ ഹോട്ടൽ ബുക്കിംഗ് അനുസരിച്ചു ഗ്രൂപ്പ് തിരിച്ചു നേരെ ഒരു ബസ്സിൽ കയറ്റി ക്വാറന്റീൻ ഹോട്ടലിലേക്ക്.

ഇനിയുള്ള പതിനാലു ദിവസം ഇവിടെയാണ് താമസം. റൂം വാടക, എയർപോർട്ടിൽ നിന്നും ഹോട്ടലിലിലേക്കുള്ള ബസ്സ് ചാർജ്, ഭക്ഷണം എന്നിവ ഉൾപ്പെട്ട ചാർജ് ആണ് ക്വാറന്റീൻ ഹോട്ടൽ ബുക്കിംഗ് റേറ്റിൽ ഉൾപ്പെട്ടത്. അടുത്ത യാത്രയെ പറ്റിയുള്ള പ്ലാനിംഗ് മനസ്സിൽ തുടങ്ങി എയർപോർട്ടിൻ്റെ പടിയിറങ്ങി. പുതിയ ശീലങ്ങളോടു കൂടിയുള്ള യാത്ര അങ്ങനെ അവസാനിച്ചു.

ദോഹയിലേക് തിരിച്ചു വരുന്ന റസിഡന്റ് പെര്മിറ്റുള്ളവർക്ക് വേണ്ട രേഖകൾ – Exceptional റിട്ടേൺ പെർമിറ്റ് , ഖത്തർ ഐ ഡി
ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് (Discover ഖത്തർ ഇൽ നിന്നും ബുക്ക് ചെയ്തത്). മൊബൈൽ ഫോൺ ഇൽ Ehteraz ആപ്പ് ഡൌൺലോഡ് ചെയ്തു വെക്കണം.