കാന്താരിമുളക് വീട്ടിൽ എളുപ്പത്തില്‍ വളര്‍ത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്.

ഏത് കാലാവസ്ഥയിലും കാന്താരി ചെടി വളരും. സ്ഥലമുള്ളവർക്ക് കാന്താരി കൃഷി ഒരു പ്രശ്നമല്ല. പക്ഷികൾ മുഖേനെ വിത്തുകൾ വിതച്ച് കാന്താരി ചെടി പറമ്പുകളിൽ കാണുകയാണ് സാധാരണ ചെയ്യുന്നത്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും, സ്ഥലം ഇല്ലാത്തവർക്കും ഗ്രോബാഗിലോ, ചെടിച്ചട്ടിയിലോ കാന്താരി നട്ടു വളർത്താവുന്നതാണ്. ഇതിനായി നന്നായി മൂത്ത് പഴുത്ത കാന്താരി വിത്ത് പാകി മുളപ്പിക്കുക. അതിനുശേഷം മൂന്നുനാല് ഇലകൾ വന്നാൽ പറിച്ച് മാറ്റി നടാവുന്നതാണ്.ഇതിനായി ഗ്രോബാഗോ, ചെടിച്ചട്ടി യോ നിറയ്ക്കുമ്പോൾ ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും മണ്ണിന്റ കൂടെയോജിപ്പിച്ചതിനു ശേഷം നടുക.

ജീവകം സി യുടെ കലവറയാണ് കാന്താരിമുളക്. വെള്ളക്കാന്താരി, പച്ച കാന്താരി, നീല കാന്താരി എന്നിങ്ങനെ പലയിനം കാന്താരിമുളകുകൾ ഉണ്ട്. പച്ച കാന്താരിക്കാണ് കൂടുതൽ എരിവ് ഉള്ളത്.കറികളിൽ ഉപയോഗിക്കുന്നതിനു പുറമേ അച്ചാർ ഇടാനും, ഉണക്കി സംരക്ഷിക്കുന്ന തിനുംകാന്താരി മുളക് വളരെ നല്ലതാണ്.

വേനൽക്കാലത്ത് നന ആവശ്യമാണ്. ശീമക്കൊന്നയില കൊണ്ട് പുതയിടുന്നത് വിളവ് വർദ്ധിക്കുന്നതിനും, തണുപ്പ് കിട്ടുന്നതിനും നല്ലതാണ്. ശീമക്കൊന്ന നല്ല പച്ചില വളമാണ്. കോഴി കാഷ്ഠം ഇട്ടു കൊടുത്താൽ കാന്താരി നന്നായി പൂവിടുന്നതായി കാണുന്നുണ്ട്. മാസത്തിൽ ഒന്ന് കോഴിവളം ഇട്ട് കൊടുക്കുക.വേനൽക്കാലത്ത് കോഴി വളം ഇട്ട് കൊടുത്താൽ തീർച്ചയായും നന കൊടുക്കണം കാരണം കോഴിവളം ചൂടുള്ളതാണ്. തുമ്പ, പാണൽ എന്നിവ കൊണ്ട് പുതയിടുന്നത് വളരെ നല്ലതാണ്.

സവിശേഷതകൾ : വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്നു. ഔഷധമായും ഉപയോഗിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. നല്ലയിനം വിത്തുകൾ വാങ്ങുവാൻ സന്ദർശിക്കുക – https://agriearth.com/.