ഹുണ്ടർമാനും ദ്രാസും വാർ മെമ്മോറിയലും – കാർഗിൽ അനുഭവങ്ങൾ…

വിവരണം – അരുൺ കുന്നപ്പള്ളി.

ഹുൻഡർമാൻ : 400 വർഷം പഴക്കമുള്ള അതിർത്തി ഗ്രാമം. ദ്രാസ്സ് : ലോകത്തിലേ തണുപ്പുകൂടിയ രണ്ടാമത്തെ പട്ടണം. കാർഗിൽ വാർ മെമ്മോറിയൽ (Day 8,9)

കാർഗിൽ,ഈ പേര് കേൾക്കുമ്പോൾ എല്ലാവരെയും പോലെ എന്റെ മനസ്സിലും ആദ്യം വരുന്നത് 1999ലെ കാർഗിൽ ഇന്ത്യ -പാകിസ്ഥാൻ യുദ്ധവും, ഓപ്പറേഷൻ വിജയും ടൈഗർ ഹിൽസും തന്നെയാണ്. കാർഗിലിൽ എത്തിയിട്ട് ഇന്നേക്ക് അഞ്ചു ദിവസം കഴിഞ്ഞു. ഓരോ ദിവസവും കാർഗിലിനെ അടുത്തറിയാൻ വേണ്ടി സമയം കിട്ടുമ്പോളൊക്കെ പുറത്ത് ഇറങ്ങി നടക്കാറുണ്ട്. ഡ്രസ്സ് നദിയും സുരു നദിയും വളരെ ഫലഭൂവിഷ്ടമാക്കിയ അത്യാവശ്യം വലിയ ഒരു പട്ടണം തന്നെയാണ് കാർഗിൽ. പണ്ട് ഈ ഭൂമി കാശ്മീരി പണ്ഡിറ്റുകളുടെ കൈകളിൽ ആയിരുന്നു. വാണിജ്യവും കച്ചവടവും എല്ലാം പണ്ഡിറ്റുകൾ തന്നെയാണ് കൈയ്യടക്കി വെച്ചിരുന്നത്.

ഇന്നിപ്പോൾ എല്ലാ വിഭാഗക്കാരും ഇവിടെ ഒരുമിച്ചു ഈ പട്ടണത്തിന്റെ ഭാഗമാണ്. സുരുവിന്റേയും ദറസിന്റെയും തടങ്ങളിൽ മാത്രമേ ഇത്തിരി പച്ചപ്പൊക്കെ ഉള്ളു. ബാക്കി എല്ലായിടത്തും കൂറ്റൻ ഹിമപർവതങ്ങൾ ഒരു വലിയ കോട്ടപോലെ കാര്ഗിലിനു ചുറ്റും ഉണ്ട്. ചിലത് ഇന്ത്യയുടേയും ചിലത് പാകിസ്ഥാന്റെയും. നദിയിൽ നിന്ന് മുകളിലേക്കായി സ്റ്റെപ്പിസ് രീതിയിൽ കല്ലുകളും മണ്ണും കൊണ്ട് വീടുകളും ഹോട്ടലുകളും ഇരു വശങ്ങളിലും കാണാം. എന്തോ, ഇത് ഒരു യുദ്ധം നടന്നു ഭൂമിയാണ് ഇന്ന് പറയുകയില്ല. എല്ലാം കൊണ്ടും വളരെ ശാന്തമായ ഒരു പ്രദേശം.

ഒഴിവു കിട്ടിയ ഒരു നേരത്ത് കൂട്ടുക്കാരനും കാർഗിൽ സ്വദേശിയുമായ നജീബ് എന്നെയും കലേഷ് സാറെയും മനീഷിനെയും കൊണ്ട് അതിർത്തി ഗ്രാമത്തിലോട്ട് കൊണ്ട് പോയി. കാർഗിലിൽ നിന്ന് ഏതാണ്ട് 12km സഞ്ചരിച്ചാൽ ഹുൻഡർമാൻ എന്നാ ഏറ്റവും പഴക്കംചെന്ന ഗ്രാമത്തിൽ എത്താം. എല്ലാ ഹിമാലയം റോഡുകളെയും പോലെ വളഞ്ഞും പുളഞ്ഞും ഉയരത്തിലോട്ട് തന്നെയാണ് കാറിലെ യാത്ര. ഹുൻഡർമാൻ പോകും വഴി ഒരു നൂല് പോലെ പാകിസ്ഥാൻ അതിർത്തിയിലേക്ക് പോകുന്ന ഒരു ചെറിയ വഴി കാണാം. ഇന്ത്യൻ ആർമിയുടെ അവസാനത്തെ പോസ്റ്റും നദിക്കരികിലായി കണ്ടു. ഒരുകാലത്തു ജനങ്ങൾ ഇതിലൂടെ ഒത്തിരി സഞ്ചരിച്ചിട്ടുണ്ടാവാം, വിഭജനത്തിനു ശേഷം വിഭജിക്കപ്പെട്ട ഒരു പോലുള്ള രണ്ട് സഹോദരപ്രദേശങ്ങൾ. ഹുൻഡർമാൻ എത്തുന്നതിനു മുൻപ് ചെറിയൊരു വ്യൂ പോയിന്റ് ഉണ്ട്, അവിടെ നിന്നു അത്യാവശ്യം നന്നായി പാകിസ്താനിലെ ഒരു ഗ്രാമവും പള്ളിയും എല്ലാം കാണാം. 30 രൂപാ വാടകക്ക് ഒരു ബൈനോക്കുലർ എടുത്ത് ഇത്തിരി നേരം പാകിസ്ഥാൻ കണ്ട് ഹുൻഡർമാൻ ലക്ഷ്യമാക്കി മുകളിലോട്ടുപോയി .

ഹുൻഡർമാൻ ഏതാണ്ട് ഒരു 400വർഷം പഴക്കമുള്ള ഗ്രാമമാണ്. ഇന്നവിടെ ആൾതാമസം തീരെ കുറവാണ്, ലോവർ ഹുൻഡർമാൻ എന്നും അപ്പർ ഹുൻഡർമാൻ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. പഴയ ഗ്രാമത്തിലെ ആളുകൾഎല്ലാം ഇന്ന് ലോവർ ഹുൻഡെർമനിൽ ആണ് താമസം, എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തണുപ്പും കൊണ്ടുമാകാം. പക്ഷെ ഗ്രാമത്തിലെ പാടങ്ങളിൽ കൃഷി സജീവമായി തന്നെയുണ്ട്. ഗ്രാമീണൻ രാവിലെ താഴെ നിന്ന് വന്ന് കൃഷിപ്പണിയെല്ലാം ചെയ്തു വൈകീട്ട് തിരിച്ചു പോകും. ചരിത്ര പുസ്തകങ്ങളിലെ പഴയ ഫോട്ടോകൾ അനുസ്മരിക്കുന്ന പോലെ മണ്ണും കല്ലും മരത്തടിയും കൊണ്ട് ഉണ്ടാക്കിവെച്ചിരിക്കുന്നു വീടുകൾ. എല്ലാ വീടുകളും അടുത്തടുത്ത് തന്നെയാണ്,ഒരു വീടിന്റെ അവസാനത്തെ ഭിത്തി അടുത്ത വീടിന്റെ തുടക്കം എന്നാ രീതിയിൽ. ഹുൻഡർമാൻ കാര്ഗിലിന്റെ ഭാഗമായത് അടുത്താണ്. ആദ്യം ഇത് ഗിൽഗിറ്റ് -ബാൾടിസ്ത്താൻ പ്രദേശത്തിന്റെ ഭാഗമായുരുന്നു. വലിയ നാല് പാക് നുഴഞ്ഞു കയറ്റങ്ങളും ചെറിയ യുദ്ധവും നേരിട്ട ഒരു ഗ്രാമം കൂടിയാണ് ഹുൻഡർമാൻ. ഗ്രാമത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ പാകിസ്ഥാൻ ശരിക്കും കാണാം. അതിർത്തി പ്രദേശമായത് കൊണ്ട് റോടെല്ലാം ടാർ ഇട്ടത് തന്നെയാണ്.

ഹുൻഡർമാൻ കഴിഞ്ഞും മുകളിലോട്ടു വഴി പോകുന്നുണ്ട്, ദൂരെ ഒരു ആർമി പോസ്റ്റും കാണാം. ഹുൻഡെർമനിലെ പുതിയ തലമുറയിലെ രണ്ട് കുഞ്ഞ് കുട്ടികളെ കണ്ട്, ഇത്തിരി നേരം ഫോട്ടോ എടുത്ത്, വഴിയോരത്തുകണ്ട ആപ്പ്രികോട്ട് ഇത്തിരി പരിച്‌ കാര്ഗിലിലോട്ട് കുന്നിറങ്ങി. നജീബ് വളരെ നല്ല ഒരു ദിവസം തന്നെയാണ് സമ്മാനിച്ചത്. പിറ്റേന്ന് കാലത്ത് ഒരു 7മണിക്ക് നജീബ് വിളിച്ചു. ദ്രാസ്സ് വരെ വരുന്നോ എന്ന് ചോദിച്ചു. അന്ന് വേറെ പണിയൊന്നും ഇല്ലാത്ത കാരണം വരാം എന്ന് പറഞ്ഞു. ദ്രാസ്സ്… കാശ്മീരികൾ ദറാസ് എന്ന് ഉച്ചരിക്കും. ദ്രാസ്സ് സെക്ടർ ആർമിയുടെ ഒരു സ്പെഷ്യൽ സെക്ടർകൂടിയാണ്. ശ്രീനഗറിൽ നിന്ന് വരുന്ന വഴി Zozila പാസ്സ് കഴിഞ്ഞാൽ ഉള്ള ഒരു സമതല പ്രദേശം. റഷ്യയിലേ സൈബീരിയൻ ശീത മരുഭൂമി കഴിഞ്ഞാൽ ലോകത്തിലെ ആൾ താമസമുള്ള ശീത പ്രദേശങ്ങളിൽ രണ്ടാം സ്ഥാനം ദ്രാസ്സിനാണ്. ഈ സമയത്തു പോയത് കൊണ്ടാവാം, അത്രക്ക് തണുപ്പൊന്നും തോന്നിയില്ല . ജനുവരി ഡിസംബർ മാസങ്ങളിൽ താപനില -36 വരെയൊക്കെ പോകാറുണ്ട്. ചുരുക്കം ചില ആളുകളെ ഈ സമയത്ത് കുന്നിറങ്ങാറുള്ളു .

കാർഗിൽ വിട്ടു വഴിയിൽ നിന്നും ഒരു ബട്ടർ റൊട്ടിയും, ചായയും, ഓംലെറ്റും അടിച്ചു നജീബിന്റെ വർത്തമാനങ്ങളിൽ മുഴുകി. റോഡിന്റെ രണ്ട് സൈഡിലും കൈയെത്തും ഉയരത്തിലായി ആപ്പ്രികോട് പഴുത്തു നിക്കുന്നു. വഴിയിൽ കുട്ടികൾ ചെറിയ കവറിൽ ആക്കി വണ്ടികൾക്ക് കൈ കാണിച്ച് വിൽക്കുന്നുണ്ട്. ഇളം ഓറഞ്ചുനിറമുള്ള ആപ്രിക്കോട്ട് കാണാൻ തന്നെ നല്ല ചേലാ. കാർഗിൽ ഗ്രാമീണരുടെ വലിയ ഒരുഭാഗം വരുമാനം അപ്പ്രികോട്ട് വിറ്റു കിട്ടുന്ന പണമാണ്. ഉറങ്ങിയ ഡ്രൈ ആപ്രിക്കോട്ട് കിലോ 600രൂപ വരും ഇവിടെ, പുറത്ത് അതിന്റെ രണ്ടിരട്ടിയും. ഇവർ അതിനെ കുമാനി എന്നാണ് പറയുന്നത്. ഫേഷ്യൽ ചെയ്യാനും, സൗന്ദര്യ വർധിത ഉല്പന്നങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കും. പിള്ളേർ ഇത് മരത്തിൽ നിന്ന് പറിച്ചു ഏതാണ്ട് ഒരു കിലോ വരുന്ന കവറിലാക്കി 100 രൂപക്ക് വിൽക്കുന്നു. അത് കഴിഞ്ഞാൽ വീണ്ടും പോയി പറിച്ചുവിൽക്കും. സ്വന്തം തോട്ടത്തിൽ നിന്നായാലും, വേറെ ആരുടെയെങ്കിലും തോട്ടത്തിൽനിന്നായാലും പിള്ളേർ കാശ്ഉണ്ടാക്കുന്നുണ്ട്. ഞാനും വാങ്ങി വലിയ ഒരു കവർ 50 രൂപയ്ക്കു. ചിലതു നന്നായി പഴുത്തിട്ടുണ്ട്, ചിലതിനു ഇളംപുളിയും. ദ്രാസ്സ് എത്തും വരെ അത് കഴിച്ച് കൊണ്ടിരുന്നു. നജീബ് ഇടക്ക് പറയുന്നുണ്ട് അതികം കഴിക്കണ്ട വയറിനു പണി കിട്ടും എന്ന്. ചുളിവിൽ കിട്ടുന്ന കാരണം അത് കാര്യമാക്കാൻ നിന്നില്ല.

ദ്രാസ്സ് വലിയ ഒരു സമതല പ്രദേശമാണ്, കുന്നുകൾക്കിടയിൽ ഒരു ഫുട്ബോൾ സ്റ്റേഡിയം പണിത പോലെ. പല ഭാഗങ്ങളിൽ നിന്നായി ചെറിയ അരുവികൾ ദ്രാസ്സ് നദിയുടെ വ്യാപ്തി കൂട്ടുന്നുണ്ട്. പുഴയോര്ത്തു നല്ല കൃഷിയും, നിരപ്പിൽ ഒരു horse polo ടൂർണമെന്റും നടക്കുന്നുണ്ട് . ഇത്തിരി നേരം അതെല്ലാം കണ്ട് ദ്രാസ്സ് അടുത്തായി ഉള്ള കാർഗിൽ വാർ മെമ്മോറിയൽ കാണാൻ പോയി . ദ്രാസിൽ നിന്ന് നോക്കിയാൽ ടൈഗർ ഹിൽസ് ദൂരെ കാണാം. രണ്ട് മൂന്ന് മാസം നീണ്ട് നിന്ന കാർഗിൽ യുദ്ധത്തിൽ india പിടിച്ചടക്കിയ പ്രദേശങ്ങളും. വലിയ ഗേറ്റിനു മുന്നിൽ തന്നെ അകത്തോട്ടു കയറാനുള്ള രെജിസ്ട്രേഷൻ നടക്കുന്നുണ്ട് . Leh പോകുന്ന മിക്ക സഞ്ചാരികളും ഇവിടം കാണാതെ പോവാറില്ല. അന്ന് ഉപയോഗിച്ച് വലിയ buffors, വിമാനങ്ങൾ, പീരങ്കികൾ എല്ലാ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. കുന്നിനു ചെരുവിലായി വീരമൃത്യു വരിച്ച സൈനികർ ഇന്നും ആ മലകൾക്ക് സുരക്ഷഎന്നോണം ഉറങ്ങുന്നുണ്ട്. ഒത്തിരി ദേശീയബോധം ഉണ്ടാകുന്ന കാഴ്ചകൾ തന്നെയാണ് മെമ്മോറിയലിൽ ഉള്ളത്. അവിടുത്തെ ക്യാന്റീനിൽ നിന്ന് രണ്ട് സമൂസകഴിച്ച് വീണ്ടും കാർഗിലിലോട്ട് പോയി.നാളെ രാവിലെ leh വരെ ഒന്ന് പോണം.