കർണാടകയിൽ പോയാൽ സന്ദർശിക്കാവുന്ന 17 സ്ഥലങ്ങളെ അറിഞ്ഞിരിക്കാം..

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊയ കർണാടകയിൽ സഞ്ചാരികൾക്ക് കാണുവാനായി ധാരാളം സ്ഥലങ്ങളുണ്ട്. കേരളത്തിനോട് ചേർന്നു കിടക്കുന്ന സംസ്ഥാനമായതിനാൽ മലയാളികൾക്ക് എളുപ്പം എത്തിപ്പെടാനും സാധിക്കും. കർണാടകയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന 17 സ്ഥലങ്ങളെ പരിചയപ്പെടുത്തി തരികയാണ് ഈ ലേഖനം വഴി.

1 ബെംഗളൂരു : സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ. വൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സം‌വിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാന നഗരം കൂടിയാണ്‌ ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്.

2. മൈസൂർ : കർണ്ണാടകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു നഗരമാണിത്. മൈസൂരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങൾ – മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, മൈസൂർ മൃഗശാല, ആർട്ട് ഗാലറി, ലളിതമഹൽ കൊട്ടാരം, സെൻറ് ഫിലോമിനാസ് ചർച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവൻ ഗാർഡൻ, റെയിൽ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം.

3. കൂർഗ് : കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൊടക്. കൂർഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. കൊടക് പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്, തേക്ക് കാടുകളും മനോഹരമായ താഴ്വരകളുമാണ് പ്രത്യേകതകൾ. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ്. പ്രധാന ആകർഷണങ്ങൾ – അബ്ബി വെള്ളച്ചാട്ടം, ഗദ്ദിഗെ, ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട, രാജാസീറ്റ്, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ്.

4. ഹംപി : ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

5. ഗോകർണ : ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഗോകർണ. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ബംഗളൂരുവിൽ നിന്ന് 483 കി.മീ യും മംഗലാപുരത്തുനിന്ന് 238കി.മീ യും അകലെയാണ് ഗോകർണ്ണം. ഗോകർണ്ണത്തോടടുത്ത് കിടക്കുന്ന നഗരം കാർവാറാണ്. ദേശീയപാത 17 ഗോകർണ്ണത്തുകൂടിയാണ് കടന്നുപോകുന്നത്.

6. ജോഗ് ഫാൾസ് : ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം. ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം കർണാടകത്തിലെ ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഓഗസ്റ്റ്‌-ഡിസംബർ മാസങ്ങളാണ്‌ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം. ബാംഗ്ലൂരിൽനിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാർഗ്ഗം വരാൻ കഴിയും. ഏകദേശം 379 കിലോമീറ്റർ ദൂരമുണ്ട് ബാംഗ്ലൂരിൽ നിന്ന്.

7. ഉഡുപ്പി : ഉഡുപ്പി എന്നു കേൾക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ ഓടിയെത്തുക ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമായിരിക്കും. പിന്നെ ഉഡുപ്പി സ്പെഷ്യൽ മസാല ദോശയും. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് ഭക്ഷണ പ്രിയർക്ക് സന്ദർശിക്കുവാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണിത്. ഇതിനെല്ലാം പുറമെ മാല്‍പേയിലെ മനോഹരമായ ബീച്ചും (സെന്റ് മേരീസ് ഐലൻഡ്) അവിടേക്കുള്ള ബോട്ട് യാത്രയുമൊക്കെയാണ് ഉഡുപ്പിയിലെ മറ്റ് ആകർഷണങ്ങൾ.

8. ബന്ദിപ്പൂർ നാഷണൽ പാർക്ക് : കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഫോറസ്റ്റ് സഫാരിയും താമസ സൗകര്യങ്ങളും ലഭ്യമാണ്.

9. ചിക്കമംഗ്ലൂർ : കർണാടകയിലെ പേരുകേട്ട ഒരു ജില്ലയാണ് ചിക്കമംഗളൂർ. ഹിൽ സ്റ്റേഷനുകളുള്ള സ്ഥലമായതിനാൽ വിനോദ സഞ്ചാരികൾക്ക് ഇവിടം പ്രിയപ്പെട്ടതാണ്. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി ചെയ്തത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് ചിക്കമംഗളൂരിനെ ‘കോഫിലാൻഡ് ഓഫ് കർണാടക’ എന്നു വിളിക്കുന്നത്. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ‘മുല്ലാനഗിരി’ സ്ഥിതി ചെയ്യുന്നത് ചിക്കമംഗളൂരിലാണ്.

10. നാഗർഹോള നാഷണൽ : കർണാടക സംസ്ഥാനത്തിലെ കൊഡഗു, ചാമരാജ് നഗർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാഗർഹോളെ ദേശീയോദ്യാനം. 1988-ലാണ് ഇത് നിലവിൽ വന്നത്. ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. Rajiv Gandhi National Park എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ ഫോറസ്റ്റ് സഫാരി ലഭ്യമാണ്.

11. നന്ദി ഹിൽസ് : ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദി ഹിൽസ്. ടിപ്പുസുൽത്താൻ തന്റെ വേനൽക്കാല വസതിയായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.

12. ഐഹോളെ : ചാലൂക്യരാജാകന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. കർണ്ണാടകസംസ്ഥാനത്തിലെ ബഗൽക്കോട്ട് ജില്ലയിലാണ് ഈ പുരാതനപട്ടണം. ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങൾ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്കൃതികൾ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയിൽ ചാലൂക്യർക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ചാലൂക്യരുടെ ഉദയകാലമായ സി.ഇ. ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നുകഴിഞ്ഞിരുന്നു.

13. ശിവനസമുദ്ര വെള്ളച്ചാട്ടം : കർണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ രണ്ടാമത്തെ വെള്ളച്ചാട്ടമാണ് . ശിവനസമുദ്ര എന്ന കൊച്ചു പട്ടണം മാണ്ഡ്യജില്ലയിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര. ഗഗനചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. മൺസൂൺ കാലത്താണ് ഇവിടെ തിരക്കേറുന്നത്. ജൂലൈ മുതൽ ഒക്‌ടോബർ വരെ ഉള്ള മാസങ്ങളായിരിക്കും ഈ സ്ഥലം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം.

14. ശ്രീരംഗപട്ടണം : കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണു ശ്രീരംഗപട്ടണം. കർണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഒന്നായ മൈസൂറിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം ചരിത്രപരമായും സാംസ്കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയ ശ്രീരംഗപട്ടണം, ടിപ്പു സുൽത്താന്റെ കാലത്തു മൈസൂർ രാജ്യത്തിന്റെ ആധിപത്യം ദക്ഷിണേന്ത്യ മുഴുവനും വ്യാപിച്ചപ്പോൾ ദക്ഷിണേന്ത്യയിലെ ആ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി മാറി. ടിപ്പു സുൽത്താന്റെ കൊട്ടാരങ്ങൾ ,കോട്ടകൾ മുതലായവയും, ഇപ്പോൾ സർക്കാർ സംരക്ഷിച്ചു പോരുന്ന, ഇന്തോ-ഇസ്ലാമിക് ശൈലിയിലുള്ള പല ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തിൽ നിർമ്മിച്ചവയാണ്‌. ടിപ്പു സുൽത്തൻ ബ്രിട്ടീഷുകാരിൽ നിന്നും വെടിയേറ്റു വീണതും ഈ മണ്ണിലാണ്. പ്രധാന ആകർഷണങ്ങൾ – ശ്രീരംഗനാഥസ്വാമി ക്ഷേത്രം, ജുമാമസ്ജിദ്, ദരിയ ദൌലത്, രംഗനതിട്ടു പക്ഷിസങ്കേതം.

15. അന്തർഗംഗെ : കർണാടകയിലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന പ്രദേശമാണ് അന്തർഗംഗെ. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1712 മീറ്റർ ഉയരത്തിലാണ് അന്തർഗംഗേ സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ സാഹസിക ആക്ടിവിറ്റികൾ ഇഷ്ടപ്പെടുന്നവരുടെ പ്രധാനകേന്ദ്രം കൂടിയാണിവിടം. ബെംഗളൂരുവിൽ നിന്നും 70 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

16. ബി.ആർ. ഹിൽസ് : കർണാടകയിലെ ചാമ്‌രാജ് നഗർ ജില്ലയിലാണ് ബി.ആർ. ഹിൽസ് സ്ഥിതി ചെയ്യുന്നത്. ബിലിഗിരി രംഗണ ഹില്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് ബി.ആർ. ഹിൽസ് എന്നത്. സമുദ്രനിരപ്പിൽ നിന്നും 5091 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ മലമുകളിലായി ഒരു ക്ഷേത്രമുണ്ട്. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ – ജന്തുവൈവിദ്ധ്യമാണ് ബി ആര്‍ ഹില്‍സിന്റെ പ്രത്യേകത. ക്ഷേത്രം കൂടാതെ ഇവിടെ ഒരു വന്യജീവി സങ്കേതം കൂടി സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ സത്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന സത്യമംഗലം വന്യജീവിസങ്കേതം വരെ നീണ്ടുകിടക്കുന്നു ബി ആര്‍ വന്യജീവിസങ്കേതം.

17. കുടജാദ്രി : കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ്[അവലംബം ആവശ്യമാണ്]. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗ്ഗം.ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും.ജീപ്പ് ആണു പ്രധാന വാഹനം.ജീപ്പുകാർ മുന്നൂറ്റിഅൻപത് രൂപയോളം ഇതിനായി വാങ്ങാറുണ്ട്. രണ്ടാമതായി ഉള്ളത് വനപാതയാണ്‌. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നിറുകയിൽ എത്താം. പ്രകൃതി രമണീയമായ അം‌ബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്, ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്‌. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.

കടപ്പാട് – വിക്കിപീഡിയ.