യാത്രയ്ക്കിടയിൽ കണ്ട ഒരു അപകടം; യാത്രക്കാരെ രക്ഷിച്ച യുവാവിൻ്റെ അനുഭവക്കുറിപ്പ്…

എഴുത്ത് – Sabu George.

ബാംഗ്ലൂരിൽ നിന്ന് ഏതാണ്ട് അഞ്ഞൂറ്റമ്പത് കിലോമീറ്റർ അകലെയാണ് കാർവാർ എന്ന തീരദേശ നഗരം. കർണ്ണാടകയുടെ കാശ്മീർ എന്ന് ശ്രീ രബീന്ദ്ര നാഥ് ടാഗോർ വിളിച്ചിട്ടുള്ള കാർവാർ അതിസുന്ദരിയാണ്. നമ്മൾ കൊങ്കൺ ബെൽറ്റ് എന്ന് പറയുന്ന മഹാരാഷ്ട്രയുടെയും, ഗോവയുടെയും, കർണാടകയുടെയും തീരപ്രദേശങ്ങൾ എല്ലാം ഇതുപോലെ തന്നെയാണ്. സുന്ദരമായ ഭൂപ്രദേശവും ബീച്ചുകളും മാത്രമല്ല, സഞ്ചാരികളെ ആകർഷിക്കുന്ന, അനേകം ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും ഈ മേഖലയിൽ ധാരാളമുണ്ട്.

കാർവാറിലെ യുദ്ധകപ്പൽ മ്യൂസിയം ഒരു പ്രധാനപ്പെട്ട വിനോദ- വിജ്ഞാന കേന്ദ്രം ആണ്. പണ്ട് പാകിസ്താനുമായുള്ള യുദ്ധത്തിൽ, കറാച്ചി തീരത്തിനടുത്ത്, ഇന്ത്യയുടെ കടൽക്കരുത്തിന്റെ പ്രതീകമായി മാറിയ INS ചാപൽ (chapal) എന്ന് പേരുള്ള ഒരു മിസൈൽ ബോട്ട് ആണത്. സഞ്ചാരികൾക്ക് കപ്പലിനകം കാണാനും, ഫോട്ടോ എടുക്കാനുമൊക്കെ പറ്റും. ചെറിയ ഒരു എൻട്രി ഫീസ് മാത്രമേയുള്ളൂ. കാർവാർ, ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട നാവിക കേന്ദ്രം കൂടിയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ വിമാനവാഹിനിക്കപ്പൽ INS വിക്രമാദിത്യ ആ കേന്ദ്രത്തിലാണ് ബെർത്ത് ചെയ്യുന്നത്.

ഒരു ഓഫീസ് ആവശ്യത്തിനാണ് ഞാൻ കാർവാറിലേക്ക് ഒരു ടെറാനോ കാറിൽ യാത്ര തിരിച്ചത്. കൂടെ ആ പ്രദേശത്തുകാരനായ സഹപ്രവർത്തകൻ മല്ലികാർജ്ജുനും, സുഹൃത്ത് മഹാദേവനും. രാവിലെ ബാംഗ്ലൂരിൽ നിന്ന് യാത്ര തുടങ്ങി. വഴിയോര കാഴ്ചകളൊക്കെ കണ്ട്, രാത്രിയോടെ കാർവാർ എത്തണമെന്നാണ് ഉദ്ദേശം. തുംകൂർ റോഡ് നല്ല വീതിയുള്ളതും, തിരക്ക് കുറഞ്ഞതുമാണ്. ബാംഗ്ലൂർ നഗരാതിർത്തി കഴിഞ്ഞാൽ അതാവശ്യം സ്പീഡിൽ പോകാം. തുംകൂർ കടന്ന് കുറച്ചുകഴിഞ്ഞപ്പോൾ മുതൽ ഒരു ചുവന്ന മാരുതി റിറ്റ്സ് കാർ ഞങ്ങളെ മറികടന്ന് പോകാൻ ശ്രമിക്കുന്നത് മിററിൽ കണ്ട് തുടങ്ങി. ഞാൻ ഏതാണ്ട് നൂറ്റിപ്പത്ത് കിലോമീറ്റർ വേഗതയിലാണ് പോകുന്നത്, പക്ഷെ ആ വണ്ടി പാഞ്ഞു വരും, പിന്നെ പതുക്കെ ആക്കും, പിന്നെയും ഇടതു ഭാഗത്തുകൂടി കയറാൻ ശ്രമിക്കും. വല്ലാത്ത ഹോൺ അടി. ആകെ ബഹളം.

രണ്ടായിരത്തി ഒൻപതിൽ പുറത്തിറങ്ങിയ ഒരു സിനിമയുണ്ട്, ‘കേരള കഫേ’. അതിൽ അവസാനത്തെ ഹൃസ്വചിത്രമായിരുന്നു ‘പുറം കാഴ്ചകൾ’. ശ്രീനിവാസനും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന, ലാൽ ജോസ് സംവിധാനം ചെയ്ത ഒരു മനോഹര കാഴ്ച (ആ സിനിമാക്കഥ ഞാൻ മനപ്പൂർവം പറയാത്തതാണ്, നിങ്ങൾ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാ). അത് കണ്ട ശേഷം, തിരക്ക് പിടിച്ചു വരുന്ന ആരെയും, മനപ്പൂർവ്വം തടയാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അഹംഭാവം കൂടിനിൽക്കുന്ന സമയങ്ങളിൽ, ചിലപ്പോഴെങ്കിലും ഞാൻ അതിൽ പരാജയപ്പെടാറുമുണ്ട്. എന്തായാലും അന്ന് അത്ര അഹംഭാവം ഇല്ലായിരുന്നു. ഞാൻ ഇടത്തേക്കൊതുക്കി അയാളെ കയറ്റി വിട്ടു. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ആ കാർ ഇടതു വശം ചേർന്ന് പതുക്കെ പോകുന്നു. പെട്ടന്ന് ഒന്ന് പാളി നോക്കിയപ്പോൾ, ഡ്രൈവർ ഫോണിൽ സംസാരിക്കുന്നു. പിന്നെയും ഞങ്ങൾ ആ വണ്ടിയെ മറികടന്ന് പോയി.

ഞങ്ങൾ സ്പീഡ് ട്രാക്കിലൂടെ നല്ല വേഗതയിൽ പോയികൊണ്ടിരിക്കുമ്പോൾ, ഇടത് വശത്തെ ചെറിയ ഒരു റോഡിൽ നിന്ന് ഒരു ബസ്സ്, ഹൈവേയിലേക്ക് കയറിവരുന്നത് കണ്ടു. പിന്നെ മനസ്സിലായി, അത് നേരെ റോഡ് കുറുകെ കടക്കാനാണ് വരുന്നതെന്ന്. ഞാൻ വേഗത കുറച്ചു. ബസ്സ് റോഡിന് കുറുകെ പകുതിയോളമായി കഴിഞ്ഞിരുന്നു. പെട്ടന്ന് എന്നെ ഞെട്ടിച്ചു കൊണ്ട്, ആ ചുവന്ന കാർ ഇടത് വശത്തുകൂടി പാഞ്ഞു കയറി വന്നു. ബസ്സിനും ഡിവൈഡറിനുമിടയിലൂടെ കടന്ന് പോകാനായിരുന്നു അയാളുടെ ശ്രമം.

അപകടകരമായ വേഗം, പെട്ടന്നുള്ള തിരച്ചിൽ, എന്റെ കൺമുൻപിൽ ആ കാർ ബസ്സിന്റെ മുൻഭാഗം തകർത്ത് ഡിവൈഡറിന് മുകളിലേക്ക് തെറിച്ചു. ഒരു കളിപ്പാട്ടം പോലെ ആ കാർ മറുവശത്തെ റോഡിലേക്ക് പറന്നിറങ്ങി, പിന്നെ വട്ടം തിരിഞ്ഞ് വീണ്ടും ഞങ്ങളുടെ ട്രാക്കിലേക്ക് വന്ന് വീണു. ആ കാഴ്ചയുടെ ഞെട്ടലിൽ നിന്ന്, ഒന്നോ രണ്ടോ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ബോധത്തിലേക്ക് തിരിച്ചെത്തി. ഞാൻ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. ഞങ്ങളുടെ കാറും ആ ബസ്സിനോട് വളരെ ചേർന്ന് വന്ന് നിന്നു. ഭാഗ്യത്തിന്, ഞങ്ങളുടെ തൊട്ടു പുറകെ ആരും പാഞ്ഞു വന്നില്ല. അല്ലെങ്കിൽ, അവർ ഞങ്ങളുടെ മേൽ ഇടിച്ചു കയറുമായിരുന്നു.

ആ ചുവന്ന കാറിൽ നിന്ന് ആരും പുറത്തേക്കിറങ്ങിയില്ല. വളരെ വിജനമായ ഒരു സ്ഥലം. മൂന്നു വാഹനങ്ങൾ മാത്രം. ഞാൻ വേഗം ഇടതുവശം ചേർന്ന് കാർ പാർക്ക് ചെയ്തു. ഞങ്ങൾ മൂന്ന് പേരും ചാടിയിറങ്ങി. ഇടിച്ച ബസ്സ് പതിയെ പുറകോട്ട് മാറ്റിയിടുന്നത് കണ്ടു. ചുവന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പതിയെ പുറത്തേക്കിറങ്ങി, പിന്നെ ഉച്ചത്തിൽ കരഞ്ഞു. നിയന്ത്രണം വിട്ടു നിലവിളിക്കുന്ന അയാൾക്കരുകിലേക്ക് ഞങ്ങൾ ഓടിച്ചെന്നു. സീറ്റിന്റെ മറുഭാഗത്തേക്കു കൈചൂണ്ടി അയാൾ ദയനീയമായി പറഞ്ഞു, please help me.

ഞാൻ നോക്കിയപ്പോൾ മറുവശത്ത്, സീറ്റ് ബെൽറ്റിൽ തൂങ്ങി, ചോരയിൽ കുളിച്ച്, സീറ്റിൽ ചെരിഞ്ഞു കിടക്കുന്ന ഒരു യുവതി. എയർബാഗ് മുഖത്തേക്ക് വീണ് കിടക്കുന്നു. ഞാൻ വേഗം മറുവശത്തേക്കോടി. വാഹനത്തിന്റെ ആ ഭാഗം മൊത്തം തകർന്നിരിക്കുന്നു. ഡോർ തുറക്കാൻ പറ്റാത്ത വിധം കൊടിപോയിരിക്കുന്നു. ഞാൻ സർവ്വശക്തിയുമെടുത്ത് ഡോറിൽ പിടിച്ച് വലിച്ചു. അപ്പോഴേക്കും വേറെ ആരോ കൂടി എനിക്ക് കൂട്ടായി എത്തി.

ഡോർ തുറന്ന്, എയർബാഗ് വലിച്ചു മാറ്റി, അവരുടെ സീറ്റ് ബെൽറ്റ് ഊരിയെടുത്തു. താഴെ ഒരു ചെറിയ അനക്കം കേട്ടു. ആറേഴ്‌ മാസം പ്രായമുള്ള ഒരു കുഞ്ഞ് മുൻസീറ്റിനിടയിൽ കിടക്കുന്നു. ഞാൻ വേഗം അതിനെ വാരിയെടുത്തു. ആ കുഞ്ഞിക്കണ്ണുകൾ ചിമ്മുന്നുണ്ടായിരുന്നു. ഉടുപ്പിലൊക്കെ ചോരയുണ്ടെങ്കിലും കുഞ്ഞിന് പരിക്കൊന്നുമില്ലെന്ന് തോന്നി. ഒരു പക്ഷെ, അപകടത്തിൽ പെട്ടപ്പോൾ ‘അമ്മ അവളെ (അവനെ) മുറുകെ ചേർത്ത് പിടിച്ചിരിക്കും.

കുഞ്ഞിനെ മല്ലികാർജ്ജുനെ ഏല്പിച്ച്, ഞാൻ കാർ എടുക്കാനോടി. കാറിനടുത്ത് ചില നാട്ടുകാർ നില്പുണ്ട്. ഞാൻ പുറകിലെ സീറ്റിലിരുന്ന സാധനങ്ങൾ മാറ്റികൊണ്ടിരുന്നപ്പോൾ, ഒരാൾ പതിയെ അടുത്ത് വന്ന് എന്നോട് പറഞ്ഞു “നല്ല സീറ്റ് അല്ലെ, ഇതിലൊക്കെ ചോരയാകും. കുറച്ചു കഴിയുമ്പോൾ ആംബുലൻസ് വന്നോളും” ഞാൻ അയാളെ നോക്കി. അയാൾ എന്നെ നോക്കി ചിരിച്ചു.

കാർ തിരിച്ചു വന്നപ്പോഴേക്കും ബസ്സിലുള്ളവർ ചേർന്ന് ആ യുവതിയെ പുറത്ത്, റോഡരുകിൽ കിടത്തിയിരുന്നു. ബോധമില്ലെങ്കിലും, ഒരു ചെറിയ ഞെരുക്കം കേൾക്കാം. അടുത്ത് നിസ്സഹായനായി ഭർത്താവുണ്ട്. അയാൾ “please help” എന്ന് പുലമ്പിക്കൊണ്ടേയിരുന്നു. ഭാഷ അറിയാവുന്നത് കൊണ്ട് മല്ലികാർജ്ജുനെ കുട്ടിയുമായി മുന്നിൽ കയറ്റി. യുവതിയെ പുറകിലെ സീറ്റിൽ കിടത്തി, ഭർത്താവിനെ കൂടെയിരുത്തി. കാറിലെ വസ്തുക്കൾ മോഷണം പോകാൻ സാധ്യതയുള്ളത് കൊണ്ട് പോലീസ് വരുന്നത് വരെ മഹാദേവൻ അവിടെത്തന്നെ നിൽക്കാമെന്ന് ഉറപ്പുപറഞ്ഞു. അടുത്ത് ആശുപത്രികളില്ല, ആകെയുള്ളത് തുംകൂർ ഭാഗത്ത് നാൽപതു കിലോമീറ്റർ അകലെയുള്ള മണിപ്പാൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണെന്നറിഞ്ഞ്, ഞങ്ങൾ അവിടേക്ക് പാഞ്ഞു.

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ ആശുപത്രിയിലെത്തി. കുഞ്ഞ് മല്ലികാർജ്ജുന്റെ കയ്യിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭർത്താവ്, അപ്പോഴേക്കും സ്‌ട്രെച്ചറിലേക്ക് മാറ്റിയ യുവതിയേയും കൊണ്ട് ആശുപത്രിക്കുള്ളിലേക്ക് പോയി. ഞാൻ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് ചെന്ന് യുവാവിന് കൈമാറി, അവനെയും (അവളെയും) പരിശോധിപ്പിക്കണമെന്ന് പറഞ്ഞു. അയാളുടെ ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞു. മറ്റൊന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയ ഞാൻ പതിയെ പുറത്തേക്ക് നടന്നു. ഫോൺ നമ്പർ മേടിക്കണോ എന്ന് ഒരു നിമിഷം ആലോചിച്ചു, പിന്നെ വേണ്ടന്ന് വച്ചു. പ്രതിഫലം ചോദിക്കാനാണെന്ന് തെറ്റിദ്ധരിച്ചാലോ..

പുറത്ത് പാർക്കിങ്ങിൽ കിടന്നിരുന്ന കാറിലെ ചോരപ്പാടുകൾ തുടച്ച് നീക്കിക്കൊണ്ടിരുന്നപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാൻ മറ്റൊരാൾക്ക് ഉപകാരപ്പെട്ടിരിക്കുന്നു. ആ നിമിഷം എനിക്ക് തോന്നിയ സംതൃപ്തിയുണ്ടല്ലോ.. എന്റെ സാറേ…

അപകടത്തിൽ പെട്ട വണ്ടികളുടെ ഫോട്ടോ തിരിച്ചു വന്നപ്പോഴാണ് എടുത്തത്. അപകടത്തിൽ പെട്ടവരുടെ ഫോട്ടോയോ, മറ്റു വിവരങ്ങളോ ഇല്ല. പക്ഷെ, ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി ഇന്നും എന്റെ ഓർമ്മയിലുണ്ട്.