പോളിയോ തളർത്താത്ത യാത്രാ മോഹങ്ങൾ; ഇതൊരു പോസിറ്റീവ് എനർജ്ജിയാണ്

വിവരണം – ബാബു മറ്റക്കുഴി.

ശാരീരികമായ പരിമിതികൾ യാത്രകൾക്ക് തടസ്സമാണോ? അല്ലെന്നു പലരും തെളിയിച്ചിട്ടുണ്ട്. എന്നാൽ അതൊരു പരിമിതി തന്നെയെന്ന് പറഞ്ഞു വീടുകളിൽ ഒതുങ്ങിക്കൂടുന്നവർക്ക് പോകാൻ ഉള്ള ഊർജ്ജം നൽകുകയാണ് കാസര്കോടുകാരനായ ജയേഷ്. ചെറുപ്രായത്തിൽ പോളിയോ തളർത്തിയ കാലുകൾ ഒരിക്കലും തന്റെ യാത്ര എന്ന സ്വപ്നത്തിനു വിലങ്ങു തടിയായില്ല എന്ന ജയേഷ് ഉറപ്പിച്ച് പറയുന്നു.

പുതിയ നെക്‌സോൺ കാറിൽ കാസർഗോഡ് നിന്ന് ഭൂട്ടാൻ വരെ ചെയ്ത യാത്രയുടെ ലക്ഷ്യവും അതായിരുന്നു. ഒപ്പം സ്വയം കണ്ടെത്തലും. ജയേഷ് സംസാരിക്കുന്നു. “എനിക്ക് പോളിയോ ആണ്. ആറാം മാസത്തിൽ മുതൽ തന്നെ അതുണ്ട്. ചുറ്റുമുള്ള സുഹൃത്തുക്കൾ എല്ലാം പണ്ടും ഒപ്പമുണ്ടായിട്ടുണ്ട്. പണ്ട് ക്രിക്കറ്റ് കളിയ്ക്കാൻ അഗ്രമുള്ളപ്പോൾ കൂട്ടുകാർ ഒക്കെ എന്റെ വീടിന്റെ മുന്നിൽ വന്നു കളിക്കും, അങ്ങനെ എന്നെയും കൂട്ടും. അതുകൊണ്ട് ഡിസെബിലിറ്റി ഒരു വേദനയായി തോന്നിയിട്ടില്ല. അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രമാണ് വിഷമം ഉണ്ടായിട്ടുള്ളത്.

ഒക്ടോബര് രണ്ടിന് കാസർഗോഡ് ജില്ലയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഭൂട്ടാനിലെത്താൻ പതിനാലു ദിവസമെടുത്തു. പ്രധാനമായുള്ള സ്ഥലങ്ങളെല്ലാം ഈ ദിവസങ്ങളിൽ ഞങ്ങൾ കവർ ചെയ്തിരുന്നു. കാസർഗോഡ് നിന്നും പോയി വിശാഖപട്ടണത്തെ ഒരു ദിവസം സ്റ്റെ ഉണ്ടായിരുന്നു. അവിടെ മുഴുവൻ ചുറ്റിയടിച്ചു. അവിടെ ഒരുപാടുണ്ട് കാണാൻ. രണ്ടാമത് ഭുവനേശ്വർ ആണ് കാണാൻ പോയത്. കൊണാർക്ക് ഒക്കെ അവിടെയാണ്. അതിനു ശേഷം കൊൽക്കൊത്ത. അവിടെ രണ്ടു ദിവസം ഉണ്ടായിരുന്നു. ഒരുപാടു ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കൊൽക്കത്ത. അവിടെ എല്ലാം കണ്ടു. അവിടെ നിന്ന് സിരിഗുഡിയിലേയ്ക്ക്. പിന്നെ ജയ്ഗൺ, അവിടെ നിന്നാണ് ഭൂട്ടാനിലേയ്ക്ക് പോയത്.

ഭൂട്ടാൻ ഒരു അൾട്ടിമേറ്റ് ഹാപ്പിനെസ്സ്ന്റെ സ്ഥലമാണ്. ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഭൂട്ടാന്റെ ഒരു ഔദ്യോഗികമായ പ്രത്യേകതയും അതാണ്. മാത്രമല്ല ഒരു അന്താരാഷ്ട്ര യാത്രയിൽ നമുക്ക് എളുപ്പത്തിൽ എത്താവുന്ന ഒരു ഇടം കൂടിയാണ് അത്. ഭൂട്ടാൻ കുറിച്ച് ഒരുപാട് കേട്ടിരുന്നു, ഹിമാലയത്തിന്റെ ഒരു വശമാണത്, ഒരുപാട് നല്ല ആൾക്കാരാണ് അവിടെ. അങ്ങനെ കുറെ കാരണങ്ങൾ കൊണ്ടാണ് ഭൂട്ടാൻ അവസാന ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുത്തത്. ഭൂട്ടാനിലേയ്ക്ക് കടക്കുമ്പോൾ തന്നെ അതിന്റെ പ്രത്യേകത മനസ്സിലാകും. ഇന്ത്യയിലെ ശബ്ദ മലിനീകരണത്തിൽ നിന്നൊക്കെ ഭൂട്ടാനിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു നിശബ്ദത അനുഭവപ്പെടാനാകും.

അവിടുത്തെ ട്രാഫിക് റൂൾസ് ഒക്കെ വളരെ കണിശമാണ്. ഹോൺ മുഴക്കാൻ പറ്റില്ല. അനാവശ്യമായി ഓവർ ടേക്കിങ് പാടില്ല. പാർക്കിങ്ങിൽ ഒരു ചെറിയ ലൈൻ പുറത്തേയ്ക്ക് വന്നാൽ തന്നെ ഫൈൻ ലഭിക്കും. മലയുടെ ചുറ്റുമാണ് ഭൂട്ടാൻ. ഡ്രൈവിങ്ങിൽ അത്ര ശ്രദ്ധയില്ലെങ്കിൽ താഴെ കൊക്കയിലേക്ക് വീഴും. അതുകൊണ്ടു കൂടിയായിരിക്കാം ഡ്രൈവിങ്ങിൽ നിയമങ്ങൾ അവിടെ വളരെ കർക്കശമാക്കിയിരിക്കുന്നത്. എല്ലാവരും അവിടെ അത് അനുസരിക്കുകയും ചെയ്യുന്നു.

ഭൂട്ടാനിൽ ചെന്നപ്പോൾ ഒരു ഡിസേബിൾ ആയ വ്യക്തിയാണ് വണ്ടി ഓടിക്കുന്നത് എന്നറിഞ്ഞിട്ട് പലരും കാണാൻ വന്നു. ഇവിടെ ശാരീരികമായ അസുഖം ഉള്ളവർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവരാണ്. പലയിടത്തും വികസിതമായ സ്ഥലങ്ങളാണ്, ചിലയിടത്ത് ഇടിഞ്ഞു വീഴുന്ന മാള നിരകൾ ഒക്കെയുണ്ട്. അവിടെയുള്ള ആൾക്കാരൊക്കെ വളരെ സൗഹൃദമാണ്. വർഷങ്ങൾക്ക് മുൻപ് അവിടുത്തെ സ്ക്കൂളുകളിൽ മലയാളി അധ്യാപകർ നിരവധി ഉണ്ടായിരുന്നു അത്രേ. അവരോടുള്ള സ്നേഹവും ആദരവും ഇപ്പോഴും അവിടെയുള്ളവർക്ക് മലയാളികളോടുണ്ട്.

പോപ്ച്ചിക്ക എന്ന ഒരിടത്തായിരുന്നു താമസം. അവിടെ നിന്നും അവിടുത്തെ ഗ്രാമീണ ജീവിതവും കാണാൻ പറ്റി. ഏതൊരു നാടിന്റെയും ആത്മാവ് ഗ്രാമങ്ങളിലാണല്ലോ. ആ ആത്മാവിനെയും ഞങ്ങൾ അവിടെ ചന്ന് തൊട്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻ വേണ്ടി പത്തു വർഷത്തോളം പോരാടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയൊരു യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ ഒരു യാത്ര പ്രേമി ആയതുകൊണ്ട് തന്നെയാണ്. അതിന്റെ ഒപ്പം യാത്ര ചെയ്യാൻ ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് തനിക്ക് പറ്റില്ല എന്ന പറഞ്ഞിരിക്കുന്നവർക്ക് ഒരു ഊർജ്ജം നൽകുക. പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ വിശാലമനസ്കരാവുകയാണ് ചെയ്യുക. നമ്മൾ സഹിക്കാനും ക്ഷമിക്കാനും ആ യാത്ര പഠിപ്പിക്കും.