മഞ്ഞു പെയ്യും കാശ്മീർ താഴ്വാരത്തിലൂടെ 20 രൂപയ്ക്ക് ചിലവ് കുറഞ്ഞൊരു യാത്ര

വിവരണം – അരുൺ കുന്നപ്പിള്ളി.

ജമ്മു -ശ്രീനഗർ ബസ്സ് ടാക്സി മാർഗ്ഗം ആശ്രയിക്കുന്നവർക്ക് ശ്രീനഗർ എളുപ്പത്തിലും സാമ്പത്തിക ലാഭത്തിനും വളരെ ഉപകാരപ്രദമായ ഒരു വഴിയാണ് ഇത്. ജമ്മുവിൽ നിന്ന് ശ്രീനഗർ ബസ്സ് മിസ്സായാലോ ടാക്സിക്ക് റേറ്റ് അധികമാണെന്നു തോന്നിയാലോ ഒന്നും നോക്കേണ്ട. നേരെ ബനിഹാലിലോട്ട് വണ്ടി കയറുക. ജമ്മുവിൽ നിന്ന് 230 രൂപാ ബസ്സ് ടിക്കറ്റ് ഉണ്ട് ബനിഹാൽ വരെ. അവിടെ നിന്ന് ഇത്തിരി നടന്നാൽ റെയിൽവേ സ്റ്റേഷനിൽ എത്താം.

ശ്രീനഗർവരെയുള്ള 1:30 മണിക്കൂർ യാത്രക്ക് 20 രൂപ ചാർജ്ജ് മാത്രമേ ഉള്ളു. Ananthnag വഴിയുള്ള 250 രൂപയും 2 മണിക്കൂറും ഏതാണ്ട് ലാഭിക്കാം. പിർപഞ്ചാൽ മലനിരകൾക്കു അടിയിലൂടെ ഉള്ള ഈ റൂട്ടിൽ തന്നെയാണ് 12km ദൂരമുള്ള റെയിൽവേ ടണലും. നവംബർ കഴിഞ്ഞാൽ ഈ റൂട്ടിൽ നല്ല മഞ്ഞുപെയ്യും കാഴ്ചകൾ സ്വിറ്റ്സർലാൻഡും ആൽപ്സ് യാത്രയും പോലെ മനോഹരം.

ശ്രീനഗർ ബനിഹാൽ ട്രെയിൻ റൂട്ട് ശരിക്കും തുടങ്ങുന്നത് ബാരാമുള്ളയിൽ നിന്നാണ്. ജമ്മുകശ്മീർ ട്രെയിൻ മാർഗം എത്തിപ്പെടാൻ എല്ലാവരും ആശ്രയിക്കുന്ന ജമ്മു -തവി എക്സ്പ്രസ്സ്‌ ശ്രീനഗർ വാലിയിലേക്ക് ദീർഘിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് northern railway ബാരാമുള്ള – ജമ്മു പ്രൊജക്റ്റ് തുടങ്ങുന്നത്. പീർപാഞ്ചൽ മലനിരകളുടെ കാഠിന്യംമൂലം ആ പദ്ധതി വളരെ പതുക്കെയാണ് മുന്നോട്ട് പോകുന്നത്.

പദ്ധതി പൂർത്തിയായാൽ ഒരു പക്ഷെ ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ഗതാഗത ശൃംഖല ഇവിടെയാവാം. സാധാരണ ഗതിയിൽ ജമ്മുവിൽ നിന്ന് റോഡ് മാർഗമാണ് സഞ്ചാരികൾ ശ്രീനഗർ എത്തുന്നത്. വളരെ ദുഷ്‌കരമായ റോഡും നിരന്തരമായ മണ്ണിലിടിച്ചിലും കാരണം യാത്ര പലപ്പോഴും മുഷിച്ചിൽ ഉണ്ടാക്കാറുണ്ട്. ഈ റൂട്ട് നിലവിൽ വന്നാൽ എല്ലാവർക്കും എളുപ്പത്തിൽ കാശ്മീരിൽ എത്തിപ്പെടുവാനുള്ള വഴിയും തുറക്കും.

2013 ജൂൺ 26 നാണ് ഈ റെയിൽ പാതയിലൂടെ സർവീസ് തുടങ്ങിയത്. സമുദ്രനിരപ്പിൽനിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബനിഹാൽ റെയിൽവേ സ്റ്റേഷന്റെ കാഴ്ചതന്നെ വളരെ മനോഹരമാണ്. നെൽ വയലുകൾകിടയിലൂടെ ഒരു വരമ്പ് വെട്ടിയിട്ടപോലെയാണ് റെയിൽപാത, ചുറ്റും ഹരിതാഭമായ പിർപാഞ്ചാൽ മലനിരകളുടെ ഭംഗിയും മുകളിൽ മഞ്ഞുമൂടിയ പർവ്വതങ്ങളും. എന്ത് കൊണ്ടും കണ്ണുകൾക്ക് ഒരു വിസ്മയം തന്നെയാണ് ഈ പാത.

ശ്രീനഗറിലെ മൂന്ന് ദിവസത്തെ കറക്കംക്കഴിഞ്ഞു അതിരാവിലെ തന്നെ റെയിൽവേ സ്റ്റേഷൻ തപ്പി ഇറങ്ങി. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി നൗഗാം എന്നാ ഒരു ഗ്രാമത്തിനാണ് ശ്രീനഗർ റെയിൽവേ സ്റ്റേഷൻ. ബസ് ഇറങ്ങി ഞാൻ ബാഗ്‌ എടുത്ത് പതുക്കെ നടന്നെത്തിയെപ്പോഴേക്കും അന്നൗൺസ്‌മെന്റ് കേട്ടു, നേരെ സ്റ്റേഷനിലോട്ട് ഓടി. ചെറിയ രീതിയിൽ ചെക്കിങ് ചെയ്ത് ആകത്തു കയറിയപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങി. അടുത്ത ട്രെയിൻ കുറച്ച് കഴിഞ്ഞേ ഉള്ളു എന്നതിനാൽ ടിക്കറ്റ് എടുക്കാതെ ഓടിക്കയറി. വലിയ ബാഗ് എടുത്തുള്ള ഓട്ടം കണ്ടു പോലീസ്കാരൻ ഒന്ന് ചിരിച്ചു.

ഉള്ളിൽ കയറിയപ്പോൾ AC കോച്ചിൽ ആണോ കയറിയെ എന്ന സംശയം. സീറ്റുകളെല്ലാം നല്ല കുഷ്യൻ വെച്ച് VIP മോഡിൽ. പണി ആവുമോ എന്ന് ഇത്തിരി പേടിവന്നു. ബാഗ് ഒതുക്കി വെച്ച് ഡോറിനു അടുത്ത് പോയി നിന്നു. അതിനിടെ കാസിം എന്നൊരു ചേട്ടൻ വന്നു പരിചയപ്പെട്ടു. ഞാൻ ഓടിക്കയറിയത് കണ്ടിട്ടാവാം, ടിക്കറ്റ് എടുത്തിട്ടില്ലല്ലേ എന്ന് ചോദിച്ചു. ഇല്ല എന്ന് മറുപടികേട്ടപ്പോൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി കൂടെ വരാൻ പറഞ്ഞു. Pamapore എത്തി ഞാനും കാസിംഭായിയും കൂടി ടിക്കറ്റ് കൗണ്ടറിൽ പോയി ബനിഹാൽ ടിക്കറ്റ് എടുത്ത് ആ കംപാർട്മെന്റിൽ തന്നെ കയറി. ഇപ്പൊ ഇത്തിരി ആശ്വാസം കിട്ടയപോലെ. അങ്ങനെ ഞാൻ കാസിംഭായിയോട് സംസാരിച്ചിരുന്നു.

ട്രെയിനിൽ പൊതുവെ നല്ല തിരക്കുണ്ട്. ആപ്പിളും മറ്റു പഴങ്ങളും പിന്നെ ലോക്കൽ ഫ്രൂട്ട് ജ്യൂസുമാണ് പ്രധാനമായിട്ടുള്ള കച്ചവടം. വർത്തമാനത്തിൽ നിന്ന് മാറി പുറത്തെ കാഴ്ചകൾ കണ്ടു കുറേ നേരം ഇരുന്നു. നല്ല നെൽപാടങ്ങൾക്കും കാശ്മീരി വില്ലോ മരങ്ങൾക്കും പിന്നെ ചെറുതും വലുതുമായ പുഴകളുടെ ഇടയിലൂടെയുമാണ് ട്രെയിൻ പോകുന്നത്. ഇടക്കെപ്പോഴോ വലിയൊരു തുരങ്കം പിന്നീട്ടു. റെയിൽ ട്രാക്കിനു ഓരത്തുതന്നെയാണ് നിരവധി ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നത്. എല്ലാം ക്യാമെറയിലും കണ്ണിലും പകർത്തി ഞാൻ ആ യാത്ര നന്നായി ആസ്വദിച്ചു.

മഞ്ഞു പെയ്യും സമയത്തിന് ഈ ട്രെയിൻ യാത്ര വളരെ മനോഹരമായ ഒരു കാഴ്ചതന്നെയാണ് എന്ന് അടുത്തിരുന്ന ഒരു ഭായ് പറഞ്ഞു. മഞ്ഞുകാലത്തു സഞ്ചാരികൾക്ക് മനോഹരവും തദ്ദേശീയർക്ക് ഇത്തിരി ബുദ്ധിമുട്ടുമാണ്. പലപ്പോഴും ട്രെയിൻ ഗതാഗതം നിർത്തിവെക്കാറുണ്ട്. ദിവസേന ശ്രീനഗർ പോയിവരുന്ന വിദ്യാർഥികളും കച്ചവടക്കാരും ഈ ട്രെയിൻ സർവ്വീസിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ട്രെയിൻ നിർത്തിയാൽ ഇവർക്ക് ദിവസവും ഏകദേശം 250 രൂപയോളം പോക്കറ്റിൽ നിന്ന് പോകും ഒന്ന് ശ്രീനഗർ പോയി വരാൻ.

രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞു ട്രെയിൻ ബനിഹാൽ സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ പുറത്ത്നിന്ന് തന്നെ ജമ്മുവിലേക്കുള്ള ബസ്സുകളും ടാക്സിയും ലഭ്യമാണ്. ചെറിയ ഒരു യാത്രയിൽ കാശ്മീർ താഴ്വാരത്തിന്റെ മനോഹാരിത ശരിക്കും ആസ്വദിച്ചു ജമ്മു ലക്ഷ്യമാക്കി ഞാൻ ബസ്സ്‌ കയറി !!!

Note :ശ്രീനഗറിൽ ഏതേലും ആഭ്യന്തര പ്രശ്നമുണ്ടായാൽ ഈ ട്രെയിൻ ഓടില്ല. അത് കാരണം അത് ആദ്യം തന്നെ ചോദിച്ചു മനസ്സിലാക്കണം. അവിടേക്ക് പോകുന്ന വഴി എനിക്ക് ഈ ട്രെയിൻ കിട്ടിയില്ല. തിരിച്ചു വരുമ്പോളാണ് ഈ യാത്ര സാധ്യമായത്.