‘ചലോ കശ്‌മീർ’; മഞ്ഞിൽ കുളിച്ച് ഒരു കിടിലൻ കശ്‌മീർ സഫാരി…

വിവരണം – Rahim DCe

കൂടുതൽ വർണ്ണനകളില്ലാത്ത ഒരു കിടിലൻ കാശ്മീർ ട്രിപ്പ്‌. ഇനിയും ഒരിക്കൽ കൂടെ പോകണമെന്ന് ആഗ്രഹിക്കുന്ന ഭൂമിയിലെ ” സ്വർഗം”. അതെ ! നമ്മുടെ സ്വകാര്യ അഹങ്കാരം ” മേരാ കശ്മീർ “… ഇന്ത്യയുടെ സ്വർഗീയ ഭൂമിയായ കാശ്മീർ എന്ന പേര് ആദ്യമായി കേൾക്കുന്നത് തന്നെ കവല സ്കൂളിൽ പഠിക്കുന്ന സമയത്ത് പുസ്തക താളുകളിൽ കണ്ട ഇന്ത്യയുടെ ഭൂപടം നോക്കുമ്പോഴാണ്. കശ്മീർ എന്നു രേഖപ്പെടുത്തിയ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ഭാരതത്തിന്റെ ശിരസ്സ്‌ ആയിരുന്നു കാശ്മീരെന്ന ഈ ഭൂമിക. പിന്നീട് സ്കൂൾ ജീവിതത്തിൽ നിന്നും കുറച്ചു കൂടെ വലുതായപ്പോൾ പത്രത്താളുകളിൽ വായിച്ചു ശീലിച്ച ഭീകരാക്രമണങ്ങളും പട്ടാളങ്ങളും അതിർത്തി സംഘർഷങ്ങളും ഉടലെടുത്ത ഒരു സ്ഥിരം സ്ഥലമായി ഇന്ന് മനസ്സിന്റെ മായിക ലോകത്ത് കാശ്‌മീരിനൊരിടം ലഭിച്ചിരുന്നു… എന്തു കൊണ്ടും അസ്യോരസങ്ങൾ മാത്രം നിറഞ്ഞ ഒരു സ്ഥലമായിട്ടാണെന്ന് എല്ലാവരെയും പോലെ ഞാനും കരുതി പോന്നു…..

പിന്നീട് ബോളിവുഡ് സിനിമകളിലും മല്ലു മൂവിയായ നായർ സാബ് പോലുള്ള സിനിമകൾ ഒക്കെ കാണുമ്പോൾ ആ മഞ്ഞിൽ കുളിച്ച കശ്മീരിൽ എന്നാണാവോ ഒരു ദിവസമെങ്കിലും മഞ്ഞിൽ കിടന്ന് ആർമാദിച്ചു ഉരുളാൻ കഴിയുക എന്നോർത്ത് പലകുറി സങ്കടപ്പെട്ടിരിന്നിട്ടുണ്ട്. കോളേജ് പഠിത്തം കഴിഞ്ഞപ്പോൾ ചുണ്ടിൽ ചായം തേച്ച പെണ്ണിനോടുള്ള പ്രണയത്തിനു പകരം പ്രകൃതിയിലെ മോഹല്യസപ്പെടുത്തുന്ന സ്ഥലങ്ങളിലോട്ടുള്ള യാത്രയോടായി പിന്നീടുള്ള പ്രണയം. അങ്ങിനെ യാത്രയെ പ്രണയിക്കാൻ തുടങ്ങിയപ്പോൾ കാശ്മീരിനോടുള്ള പ്രണയവും കൂടി കൂടി വന്നു.. ഓരോ സഞ്ചാര കഥകൾ (വിവരണങ്ങൾ ) വായിക്കുമ്പോഴും എന്നാണ് എനിക്കും ഇവരെ പോലെ അവിടം പോകാൻ കഴിയുക എന്ന് ആലോചിച്ചു ഇരിപ്പായി പിന്നീട്. ഓരോ യാത്ര വിവരണങ്ങളും മുഖപുസ്തകത്തിന്റെ അലമാരയിൽ ഒന്നോന്നായി അടുക്കി വെക്കാൻ തുടങ്ങി. യാത്രയോടുള്ള മുഹബ്ബത്ത് കൊണ്ട് കാശ്മീരും അങ്ങിനെ പല സ്ഥലങ്ങളും കൊണ്ട് ആ അലമാര നിറഞ്ഞു കവിയാൻ തുടങ്ങി….

റോജ യിലെ “പുതു വെള്ളൈ മഴൈ ഇന്ട്ര പൊഴികിന്ട്രതൈ…. ഉടൽ കൊള്ളൈ നിലാ ഉടൽ നനകിന്ഡ്രതൈ…” എന്ന പാട്ടിൽ മാധു മഞ്ഞ് വാരി എറിയുന്ന പാട്ട് സീൻ കണ്ടതും ആഗ്രഹം ഒന്നൂടെ കൂടി അണപൊട്ടി ഒഴുകാൻ തുടങ്ങി. പെട്ടന്ന് തന്നെ സൂക്ഷിച്ചു വെച്ച ആ പഴയ കശ്മീർ ഫയലുകൾ ഓരോന്നായി പൊടിതട്ടി എടുത്തു. ആ യാത്രയോടുള്ള ഇഷ്‌ടം ഇന്ന് ഭൂമിയുടെ സ്വർഗത്തിലേക്ക് ഉള്ള യാത്രയായി പരിണമിക്കുകയാണ് അതിനിടയിൽ 2014 ഇൽ ഡൽഹി ആഗ്രയൊക്കെ കറങ്ങിയിട്ടും കാശ്മീർ പോകാതെ തിരിച്ചു വന്ന ഞാൻ എന്തൊരു മണ്ടൻ ആണെന്ന് പലപ്പോഴും ആലോചിട്ടുമുണ്ട്. അല്ല അന്നൊക്കെ മഞ്ഞിൽ കുളിക്കാൻ കാശ്മീരിലേക്ക് സഞ്ചാരികൾ ഇപ്പോഴത്തെ പോലെ പോകുന്നത് വളരെ കുറവായിരുന്നല്ലോ.

പിന്നെ എപ്പോഴെങ്കിലും ഒരിക്കൽ പോകാമെന്ന് കരുതി ഇരിക്കുമ്പോഴാണ് നമ്മുടെ ട്രാവൽ ഗ്രൂപ്പ് ലോഞ്ച് ആകുന്നതും. കശ്മീരിന്റെ ഓരോ മുക്കും മൂലയും കലക്കി കുടിച്ച ഷാൻ ഇക്ക ഒരു കാശ്മീർ event നടത്തിയാലോ എന്ന് ചോദിക്കുന്നതും ..അപ്പൊ തന്നെ കശ്മീർ ട്രിപ്പ്‌ മനസ്സിൽ ലഡ്ഡു പൊട്ടി ഡിസംബർ കഴിഞ്ഞാൽ നല്ല മഞ്ഞ് വീഴ്ച്ച ആകും അതിനു മുന്നേ പോയാലെ തിരിച്ചു വരവ് നടക്കു എന്ന് പറഞ്ഞു.. ലാസ്റ്റ് മഞ്ഞ് വീഴ്ച തുടങ്ങുന്നതിനു മുന്പേ അതായത് നവംബറിൽ event നടത്താൻ തീരുമാനമായി.. ഞങ്ങൾ എല്ലാവരും ടിക്കറ്റും എടുത്തു.. പോകുന്നതിനു 2 ആഴ്ച്ച മുന്നേ ടിവി യിൽ നിർത്താതെ ന്യൂസ് വരുന്നു. കാശ്മീരിൽ ഇത്തവണ മഞ്ഞ് വീഴ്ച നേരത്തെ ആണെന്നും, റോഡ് എല്ലാം ക്ലോസ് ചെയ്യുന്നു എന്നുള്ള വാർത്തകൾ. എന്തു പറയാനാ കൂടെ വരുന്നവരെല്ലാം ഒന്ന് അങ്കലാപ്പിലായെങ്കിലും എന്റെ മനസ്സിൽ ശരിക്കും ലഡ്ഡു വീണ്ടും പൊട്ടി കൊണ്ടിരുന്നു. മഞ്ഞ് മൂടി കിടക്കുന്ന കാശ്മീർ.. ആ മഞ്ഞ് മലയിൽ ഒന്ന് കുളിക്കണം.

അങ്ങനെ 3 ദിവസം മുന്നേ ഞാനും ഷെമീർ ഇക്കായും ജഗ്ഗിയും ആലുവയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറി. 2 ദിവസം ദൈർഘമുള്ള ഒരു യാത്ര. തെക്ക് നിന്നും ഇന്ത്യയുടെ വടക്കേ മുനമ്പിലേക്കുള്ള യാത്ര വല്ലാത്തൊരു അനുഭൂതി ആയിരുന്നു. ദേശങ്ങൾ പിന്നിട്ട് ഗ്രാമങ്ങളും പട്ടണങ്ങളെയും കീറിമുറിച്ചോണ്ട് രാപ്പകലില്ലാതെ ചൂളം വളിച്ചു തീവണ്ടി കൂകിപായുമ്പോൾ പുറം കാഴ്ചകൾക്കപ്പുറം എന്റെ മനസ്സും തീവണ്ടിയും മഞ്ഞു മലകളോടുള്ള ദൂരത്തെ കുറച്ചിരുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. ഈ ട്രെയിൻ യാത്രയിൽ ബിന്ദു ചേച്ചിയും ബാബു ചേട്ടനും കൂടെ കൂട്ട് ആയപ്പോൾ യാത്ര തന്നെ വളരെ രസകരമായിരുന്നു. മൂന്നാമത്തെ ദിവസം ഉച്ച ആയപ്പോൾ ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ ഞങ്ങൾ എത്തി.. ഞങ്ങൾ ഇറങ്ങുന്നതും കാത്ത് ഡൽഹിയിലെ മിലിറ്ററി ഓഫീസർ ആലപ്പുഴക്കാരൻ ചങ്ക്‌ ബിബിൻ കാത്തിരിക്കുന്നുണ്ടായിരുന്നു. വൈകാതെ ഷാജി പാപ്പനും കറക്റ്റ് ടൈമിൽ ലാൻഡ് ചെയ്തു. പിന്നെ ഞങ്ങൾ 5 ആളുകളും കൂടി രാത്രിയിൽ ദില്ലി ഒക്കെ ചുറ്റിയടിച്ചു. കൂടെ കരീംസ് ഹോട്ടലിലെ ആട് വേട്ടയും നടത്തി.

പിറ്റേ ദിവസം രാവിലെ തന്നെ പാപ്പനും ഷെമീർ ഇക്കയും ജമ്മുവിലേക്ക് പോയി. ഞാനും ജഗ്ഗിയും ഇന്ത്യയുടെ ആത്മാവ് തൊട്ട് അറിയുവാനായി ദില്ലിയുടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഗ്രാമങ്ങളൊക്ക ഒന്ന് കറങ്ങി. ദില്ലിയിൽ മെട്രോ ഉള്ളത് കൊണ്ട് യാത്ര മാർഗം സാധൂകരിക്കാൻ ബുദ്ധിമുട്ടായില്ല. ഉച്ച കഴിഞ്ഞപ്പോഴേക്കും ശ്രീജ ചേച്ചിയും അയ്യൂബും, കണ്ണനും എത്തി. തത്കാലം ഫ്രഷ് ആയിട്ട് രാത്രിയിൽ കാശ്മീരി ഗേറ്റിൽ നിന്ന് വൈകിട്ട് 8 മണിക്ക് ജമ്മുവിലേക്ക് ഉള്ള വോൾവോ ബസ് പിടിച്ചു 1000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. കിടന്ന് ഉറങ്ങി പോകാനായി സ്ലീപ്പർ തന്നെ എടുത്തു യാത്ര പുറപ്പെട്ടു. ദില്ലി കശ്മീർ ഗേറ്റിൽ നിന്ന് ഇട തടവില്ലാതെ രാത്രിയിൽ ജമ്മുവിലേക്ക് ബസ് ഉണ്ട്. ബസ്‌ യാത്ര നേരം വെളുത്തപ്പോൾ ജമ്മുവിൽ എത്തി. ഞങ്ങൾക്കായി ബാക്കിയുഉള്ള സഹ ട്രിപ്പന്മാർ അവിടെ കാത്തിരിക്കുകയായിരുന്നു. അവരെയും കൂട്ടി പെട്ടെന്ന് തന്നെ ജമ്മുവിൽ സെറ്റ് ചെയ്തിരുന്ന റൂമിൽ പോയി കുളിച്ചു ഫ്രഷായി ഇറങ്ങി…

ഞങ്ങളെയും കൊണ്ട് കശ്മീർ ചുറ്റിയടിക്കാൻ വേണ്ടി അക്രം ഭായ് ട്രാവലറുമായി കാത്തു കിടക്കുന്നുണ്ടായിരുന്നു… ” ചലോ കാശ്മീർ ” എന്ന് പറഞ്ഞതും വണ്ടിയുടെ ഫസ്റ്റ് ഗിയർ വീണു വണ്ടി കുതിച്ചു കൊണ്ടിരിന്നു. ഇതിനിടയിൽ പോകുന്ന വഴിക്ക് എല്ലാവരും പരിചയപ്പെട്ടും കളി തമാശകൾ പറഞ്ഞും ഒരു കുടുംബം പോലെ ആയി. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 250 ൽ കൂടുതൽ കിലോമീറ്ററുകൾ ഉണ്ട്.. എന്താ പറയുക! ഒരു വശത്തു പാറകൂട്ടങ്ങൾ മറു വശത്ത് ഭംഗിയുള്ള മരങ്ങളും മുകളിൽ മേലാപ്പ് ചാർത്തിയ നീലകാശവും, എല്ലാം തന്നെ നയന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. വണ്ടിയിടെ സ്റ്റീരിയോയിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ കാശ്മീരി പാട്ടുകൾ ഓരോന്നായി ഇപ്പോൾ കേൾക്കുന്നുണ്ട്. കാഴ്ചകളും ചെറിയ സംഗീതവുമായി വഴി മദ്ധ്യേ അക്രം ഭായിയുടെ ട്രാവലർ ഞങ്ങളേയും കൊണ്ട് കുതിച്ചു കൊണ്ടേ ഇരുന്നു.

പോകുന്ന വഴിക്ക് ഉച്ചഭക്ഷണവും കഴിച്ചു. റോഡ് പണി നടക്കുന്നതിനാൽ വഴിയിൽ ഇടക്കൊക്കെ ബ്ലോക്ക് കാണുന്നുണ്ട്. കുറേ സമയം ബ്ലോക്ക് ആകാൻ തുടങ്ങി. ബ്ലോക്ക് ആകുമ്പോൾ എല്ലാവരും വഴിയിൽ ഇറങ്ങി ഫോട്ടോ എടുക്കും. ബ്ലോക്കും ഫോട്ടോ എടുപ്പുമായി യാത്ര തുടർന്നു. കുറേ ദൂരം സഞ്ചരിച്ചപ്പോൾ പിന്നീടങ്ങോട്ട് മലകൾ തുരന്ന ടണലിലൂടെ ആയി യാത്ര..10 കിലോമീറ്റർ നീണ്ടു കിടക്കുന്ന ചേനാനി നസ്രി ടണൽ ഞങ്ങളെ ഈ യാത്രയിൽ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഛായക്കൂട്ടുകൾ കൊണ്ട് ആദിത്യൻ പതിയെ മാനം ചുവപ്പിച്ചു തുടങ്ങി. ഇനി ഇരുൾ വീഴുന്ന മാമല മുകളിലേക്ക് വിശ്രമകൂടാരം തേടിപ്പോകുന്ന ആദിത്യൻ സ്വർഗീയഭൂമിൽ ഒരിളം നിലാവെട്ടം കൊളുത്തി വെക്കാനുണ്ടെന്ന് തോന്നുന്നു. അന്തി മയങ്ങാനൊരുങ്ങുന്ന അസ്തമയ സൂര്യന് പോലും ഈ സ്വർഗീയ ഭൂമിയിൽ വശ്യപ്പെടുത്തുന്ന സൗന്ദര്യം പരത്തുന്നുണ്ട്.

നേരം ഇരുട്ടിൽ ചെന്നു വീണു. ബ്ലോക്ക് കൂടാൻ തുടങ്ങി. കഷ്‌ടിച്ചു ഒരു കാർ മാത്രം പോകുന്ന ഏതൊക്കെയോ ഊടു വഴികളിലൂടെ അക്രം ഭായ് വണ്ടിയും കൊണ്ട് പറപ്പിച്ചു. വണ്ടി പോകുന്ന ഇരു വശങ്ങളിലും അഗാധമായ കൊക്കകൾ കാണുന്നു. ഒരു നിമിഷം കണ്ണടച്ചു. “പടച്ചോനെ ഇങ്ങള് കാത്തോളീ”ന്നും പറഞ്ഞു ഞങ്ങളെല്ലാവരും ശ്വാസം ഇറുകിപ്പിടിച്ചിരുന്നു. ഏതൊക്കെ കുറുക്കു വഴിയിലൂടെയുള്ള ഈ യാത്ര ജീവിതത്തിൽ ഒരിക്കലും ഒരാളും മറന്നു പോകാനിടയാവില്ല അത്രക്കും മനോഹരമായിരുന്നു. 10 മണി ആയപ്പോൾ അക്രം ഭായ് ഞങ്ങളെ ശ്രീനഗറിൽ എത്തിച്ചു. അപ്പോയത്തേക്കും ഞങ്ങടെ കാശ്മീരിക്കാരൻ ചങ്ക് കാത്തിരിക്കുയായിരുന്നു. നേരെ ഞങ്ങൾ ഹോട്ടലിലേക്ക് പോയി.. അവിടെത്തെ റൂം എന്ന്പറഞ്ഞാലുണ്ടല്ലോ ഒരു ഒന്നൊന്നര റൂം.. വാട്ടർ ഹീറ്ററും ബെഡ് ഹീറ്ററും എല്ലാം ഉണ്ട്.. ഡബിൾ ബെഡും എക്സ്ട്രാ ബെഡും എല്ലാ റൂമിലും. ശരിക്കും 4 സ്റ്റാർ ഫെസിലിറ്റി ഉണ്ട്..

യാത്ര ക്ഷീണം കാരണം എല്ലാരും പെട്ടെന്ന് ഉറങ്ങി പോയി.. കാലത്തെ നേരത്തെ എണീറ്റ് ചൂട് വെള്ളത്തിൽ ഒരു കുളി പാസാക്കി. കാരണം തണുപ്പ് ആണേൽ ഒരു രക്ഷയും ഇല്ല കൂടി വരുന്നു.. എല്ലാരും സെറ്റ് ആയി അടിപൊളി ബ്രേക്ഫാസ്റ്റും കഴിച്ചു.. അതും ബോഫേ.. കൈയിൽ കിട്ടിയത് എല്ലാം വാരി വലിച്ചു കഴിച്ചു.. കുറെ നാളായി ആഗ്രഹിച്ച കാശ്മീർ ഇന്ന് മുതൽ നമ്മൾ അനുഭവിക്കാൻ പോകുന്ന ത്രില്ലിൽ ആണ് എല്ലാവരും. സമയം ഒട്ടും കളയാതെ ഞങ്ങൾ എല്ലാരും വണ്ടിയിൽ കയറി. ഇന്നത്തെ യാത്ര ഗുൽമാർ്ഗ്ഗിലേക്ക് ആണ്.. ഗുൽമാർഗ്.. ശ്രീനഗർ സിറ്റിയിൽ നിന്നും 54 കിലോമീറ്റർ ദൂരെ ബരവല്ല എന്ന ജില്ലയിൽ ആണ് ഗുൽമാർഗ്ഗ് സ്ഥിതി ചെയ്യുന്നത്. ഗുൽമാർഗ്ഗ് ലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകളെല്ലാം ആസ്വദിച്ചു ഞങ്ങൾ ടാങ് മാർഗിൽ എത്തി.. അവിടുന്ന് 10 km കയറ്റം ആണ് ഗുൽമാർഗിലേക്ക്.. ആ കയറ്റം ഒരു രക്ഷയും ഇല്ല..

പോകുന്ന വഴിക്ക് ഇരു വശത്തുമായി നിറയെ ദേവധാരു മരങ്ങൾ ആണ്.. ശിശിരത്തിൽ കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് പകരം മഞ്ഞു പെയുതു മരമെല്ലാം മഞ്ഞ് മൂടി കിടക്കുന്നു. പോകുന്ന വഴിയെല്ലാം മഞ്ഞിൽ മൂടിയിട്ടുണ്ട്. റോഡ് ഒഴിച്ചുള്ള ഭഗങ്ങെളെല്ലാം തന്നെ വെള്ള പരവതാനി വിരിച്ച പോലെ മഞ്ഞു ഉറഞ്ഞു കിടക്കുകയാണ്. എല്ലാവരും നിർത്താതെ ഫോട്ടോ എടുക്കാൻ തുടങ്ങി..കൂടെ വീഡിയോയും.. മഞ്ഞിൽ നിമിഷങ്ങൾക്ക് അകം കളിക്കാനുള്ള നെട്ടോട്ടം ആയി പിന്നെ.. അങ്ങനെ മഞ്ഞ് മല എത്തി. ഫുൾ മഞ്ഞ് വീണു കിടക്കുന്നു..കണ്ണ് തള്ളി പോയി.. ഇവിടെ പലതരം ആക്ടിവിറ്റിസും ഉണ്ട്.. ഏഷ്യയിലെ ഏറ്റവും വലിയ കേബിൾ കാറും ഇവിടെ തന്നെ ..750 rs ആണ് ആദ്യ സ്റ്റേജിൽ പോകുന്ന റേറ്റ്..രണ്ടാമത്തെ സ്റ്റേജ് വരെ പോകണം എങ്കിൽ 1600 rs ആകും.. മഞ്ഞിനു മുകളിലോടെ കേബിൾ കാറിൽ കറങ്ങാൻ തന്നെ നല്ല രസാണ്.. ഇവിടെ ഐസ് സ്‌കേറ്റിങ്, കുതിര സവാരി, സ്ലെഡ്ജിങ് ,സ്നോ ബൈക്ക് അങ്ങനെ കുറെ ആക്ടിവിറ്റീസ് ഉണ്ട്..

ഞങ്ങൾ ഒരു 11 മണി അയപ്പോയെത്തേക്കും അവിടെ എത്തി.. പിന്നെ അങ്ങോട്ട് മഞ്ഞിൽ കളിക്കലും കുളിക്കലും ആയിരുന്നു.. ഇത്രേം മഞ്ഞ് ഒന്നിച്ചു കണ്ട സന്തോഷത്തിൽ ഞങ്ങൾ ആർത്തുല്ലസിച്ചു ചുവടു വെച്ചു. “മഞ്ഞ് പെയ്യണ്… മരം കുളിരണ് …… മകര മാസ പെണ്ണെ….” എല്ലാരും ആ മഞ്ഞിൽ കിടന്ന് ആടി തിമിർത്തു. പെട്ടെന്ന് എന്റെ മനസ്സിൽ പുതു വെള്ളൈ മഴൈ പാട്ട് സീൻ വന്നു. ഞാൻ ആ ജാക്കറ്റ് അങ്ങോട് ഊരി മഞ്ഞിൽ കുളിക്കാൻ തുടങ്ങി. കുറെ കാലമായിട്ടുള്ള ആഗ്രഹം ആയിരുന്നു മഞ്ഞിൽ ഷർട്ട് ഇല്ലാണ്ട് നിൽക്കണം എന്നുള്ളത്. ഇപ്പൊ അതും നടന്നു. നടന്ന് നടന്ന് ഞങ്ങൾ ആ മല മുഴുവൻ ആ വിറയ്ക്കുന്ന തണുപ്പിൽ നടന്നു കയറി. മഞ്ഞ് മൂടി കിടക്കുന്ന സിനിമ ഷൂട്ടിങ്ങിന് എല്ലാം കാണിക്കുന്ന പള്ളി വരെ നടന്നു കയറി. എല്ലു തുളയ്ക്കുന്ന തണുപ്പിൽ തൊണ്ടയെല്ലാം വരണ്ടുണങ്ങിയിരുന്നു തണുപ്പ് കാരണം.

3 മണി വരെ മഞ്ഞിൽ കളിച്ചു..മഞ്ഞ് വാരി അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു..ശരിക്കും കുറെ നാളത്തെ ആഗ്രഹം ശെരിക്കുമങ്ങോട്ട് തീർത്തു .വൈകുന്നേരം വരെ അവിടെ കറങ്ങി നടന്നു കണ്ടു..മഞ്ഞു മൂടാൻ തുടങ്ങി. സ്ഥലങ്ങൾ പോലും കാണാൻ പറ്റുന്നില്ല .. ഞങ്ങൾ വേഗം അവിടെ നിന്നും ശ്രീ നഗറിലേക്ക് തിരിച്ചു തണുത്ത വിറച്ചു വരുന്ന വഴിക്ക് ധാൽ ലേയ്ക്കിൽ അൽപ നേരം ഇരുന്നു..വൈകുന്നേരം ദാൽ ലേക്കിൽ ഇരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമുണ്ട്. ഭൂമിയും നമ്മളും മാത്രം..കൂട്ടിന് ശിഖാരായിൽ നിന്ന് കേൾക്കുന്ന ഹിന്ദി മെലഡിയും കുറെ കഴിഞ്ഞു ഹോട്ടലിൽ വന്നു ഡിന്നറും കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു…

പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ബ്രേക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ ഇറങ്ങി ആട്ടിടടയാൻമാരുടെ ഗ്രാമത്തിലേക്ക്. പഹൽഗാമം ശ്രീ നഗറിൽ നിന്ന് 90 കിലോമീറ്റർ അകലെയായ് അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ആട്ടിടെയൻമാരുടെ താഴ്വാര’ എന്ന് അറിയപ്പെടുന്ന പഹൽഗാമം ആണ് കാശ്മീരിന്റെ സ്വിറ്റ്സർലൻഡ് ആയും അറിയപ്പെടുന്നത്. സ്വർണ്ണ ഇതളുകൾ പോലെ ചിന്നാർ മരങ്ങളുടെ ഇലകൾ പൊഴിഞ്ഞു കിടക്കുന്ന ചിന്നാർ താഴ് വരയിലൂടെ ഞങ്ങൾ യാത്ര തുടങ്ങി.. വിശാലമായ ദൂരത്തോളം അങ്ങിങ്ങായി കുങ്കുമം വിളയുന്ന പാടങ്ങളും കാണാനാകുന്നുണ്ട് . പാമ്പൂരിലെ കുങ്കുമം വിളയുന്ന പാടത്ത്‌ ഇറങ്ങി കുങ്കുമവും വാങ്ങി.. 150 രൂപയാണ് വില.. ഇടയ്ക്ക് അവന്തിപൂരിലുള്ള സൂര്യ ക്ഷേത്രവും കണ്ട് കുങ്കുമ പാടവും പിന്നിട്ട് യാത്ര ചെന്നെത്തിയത് കാശ്മീർ ആപ്പിൾ വിളയുന്ന ഒരു ഫാമിന് മുൻപിലാണ്. ആ ആപ്പിൾ ഫാമിൽ ഇറങ്ങി കാശ്മീരി ആപ്പിളിന്റെ രുചിയും അറിഞ്ഞു..600 രൂപയ്ക്ക് 6 കിലോയുള്ള ഒരു പെട്ടി ആപ്പിളും വാങ്ങിച്ചു യാത്ര തുടർന്നു ..

ഇനി അവിടുന്നങ്ങോട്ട് പോകുന്ന വഴിയെല്ലാം ക്രിക്കറ്റ് ബാറ്റ് നിർമാണ ശാലകൾ ആണ്. ബാറ്റ് നിർമാണ ശാലകളും റോഡിനു ഇരുവശത്തുമായി കാഴ്ചകൾക്ക് ഭംഗിയേകാനെന്ന വണ്ണം പച്ച നിറത്തിൽ ഒഴുകുന്ന അമറൽഡ് ലീഡർ നദിയും ഇട തടവില്ലാതെ ഒഴുകികൊണ്ടിരിക്കുവാണ്. ഈ നദിയുടെ ചില ഭാഗങ്ങളിൽ റിവർ റാഫ്റ്റിംഗുമൊക്കെ നടക്കുന്നുണ്ട്. പഹൽ ഗാമിൽ എത്തി കഴിഞ്ഞാൽ ഒന്നുകിൽ ഫുൾ നടന്ന് കാണാൻ പറ്റും..അല്ലെങ്കിൽ ഗൻഡോളയിൽ വേണം അങ്ങോട്ട്‌ പോകാൻ .. ഞങ്ങൾ കുതിര പുറത്താണ് പോയത്..ഒരാൾക്ക് 2000 രൂപ പറഞ്ഞു. വില പേശലുകൾക്ക് ഒടുവിൽ അവസാനം 600 രൂപയ്ക്ക് കിട്ടി .5 മണിക്കൂർ കുതിരയിൽ സ്ഥലങ്ങൾ ഒക്കെ നല്ല രീതിയിൽ അവർ ചുറ്റി കാണിക്കും.. വതാഫ് വാലി, ആറു വാലി ,debiyan, പുൽമേടുകൾ നിറഞ്ഞ baisaraan, Dnow valley , waterfalls , kani marg , മഞ്ഞ് മലകൾ നിറഞ്ഞ പഹൽ ഗം വാലിയും കണ്ട് മടങ്ങാം..

ഇടതടവില്ലാതെ റോഡ് സൈഡിൽ കാണുന്ന വലിയ വലിയ ദേവധാരു മരങ്ങളുടെ കാടുകളും കാണുന്നുണ്ട് .. ഇടക്ക് അക്രം ഭായ് സൂചിപ്പിച്ചു ദേവധാരു മരങ്ങൾക്കിടയിലൂടെ രാത്രിയിൽ ധ്രുവ കരടികൾ ഇറങ്ങി വരാറുണ്ടെന്ന് . പഹൽ ഗാമം കറക്കമൊക്കെ കഴിഞ്ഞപ്പോൾ സമയം വൈകുന്നേരം ആയിട്ടുണ്ടായിരുന്നു ഇരുട്ടിതുടങ്ങുന്നതിനു മുന്പ് ഞങ്ങൾക്കായി ഒരുക്കിയ resortil ഞങ്ങൾ എത്തി.. മലമുകളിലായാണ് ഈ റീസോർട് ഉള്ളത്, ഫുള്ളായിട്ട് മരത്തടിയിൽ പണിതിരിക്കുന്ന റിസോർട്ട് റൂമുകൾ കാണാൻ തന്നെ നല്ല ഭംഗിയുണ്ട് .. റിസോർട്ടിന്റെ അകത്തിരിക്കുമ്പോൾ ജാലക ചില്ലിലൂടെ നേർത്ത മഞ്ഞ് വീഴാൻ തുടങ്ങിയിട്ടുണ്ട് . വൈകാതെ നല്ല മഴയും പെയ്യാൻ തുടങ്ങി… പുറമേ മഞ്ഞു വീഴ്ചയും മഴയും കൊണ്ട് അകമെല്ലാം തണുത്ത്‌ തുടങ്ങി.. നല്ല കാശ്മീരൻ ഫുഡ് കൊണ്ട് ഞങ്ങളെ അവർ വരവേറ്റു..

9 മണി കഴിഞ്ഞപ്പോൾ തണുപ്പിൽ നിന്ന് രക്ഷ നേടാൻ ക്യാമ്പ് ഫൈറും തുടങ്ങി..തീയ്ക്ക് ചുറ്റും ഇരുന്ന് ഞങ്ങൾ തീ കാഞ്ഞു ശരീരം ചൂട് ആക്കി.കൂടെ bbq ക്കൂടി ആയപ്പോൾ ഞങ്ങൾ ശരിക്കും സ്വർഗത്തിൽ ആയി പോയി.. ഈ റിസോർട്ട് ഒരു കിടു അമ്പിയൻസ് തന്നെയാണ് .. രാവിലെ മനസ്സില്ല മനസ്സോടെ ബ്രേക്ഫാസ്റ്റും കഴിച്ചു അവിടുന്ന് ഇറങ്ങി..നേരെ സോനാമർഗിലേക്ക്. റൂമിൽ നിന്നും പോകുന്ന വഴി റോഡ് സൈഡിലെല്ലാം നല്ല രീതിയിൽ മഞ്ഞ് വീണു കിടക്കുന്ന മഞ്ഞിൻ മനോഹര കാഴ്ചകളെല്ലാം തന്നെ എന്റെ വിവരണങ്ങൾക്കു അപ്പുറത്താണ് അത് അനുഭവിച്ചറിയുക തന്നെ വേണം .. സോനാ മാർഗ് ശ്രീ നഗറിൽ നിന്നാണെകിൽ 80 km അടുത്ത് ഉണ്ട് ഇങ്ങോട്ട്. പഹൽ ഗാമിൽ നിന്നും അത്രയും ദൂരം തന്നെ ഉണ്ട്.. മഞ്ഞു മൂടി കിടക്കുന്ന മലകളാൽ സമ്പന്നമായ തേജിവാസ് ഗ്ലാഷിറിൽ കുറെ നേരം ആനന്ദിച്ചു ഞങ്ങൾ.. സോനാമർഗിലെ മറ്റു സ്ഥലങ്ങൾ ആയ ഗഡ്‌സർ ലാകും വൈഷണർ ലാകും യസ് മർഗും കണ്ടതിനു ശേഷം ഞങ്ങൾ തിരിച്ചു ശ്രീ നഗറിലേക്ക് പുറപ്പെട്ടു..

അന്ന് രാത്രി ധാൽ ലേക് എത്തിയപ്പോൾ കമ്പിയിൽ ഇട്ട് പൊരിച്ച മട്ടൻ ആയിട്ട് ഭായ് കാത്തിരിക്കുകആയിരുന്നു..ഇതിന്റെ ടേസ്റ്റ് അന്യായം തന്നെ.120 രൂപ ആണ് ഒന്നിന്റെ വില.. തണുപ്പ് ദേഹത്തേക്ക് കുത്തി കയറാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.. നല്ല കിടിലൻ ഡിന്നറും ബ്രേക്ഫാസ്റ്റും ബോഫേ ആയി അവിടെ നിന്നും കിട്ടി..ലാസ്റ്റ് ദിവസം രാവിലെ തന്നെ ശ്രീ നഗർ ഡൗൺ പൂർണമായും ആസ്വദിക്കാൻ ആയി ഇറങ്ങി. ശ്രീ നഗർ എത്തിയിട്ട് 4 ദിവസം ആയെങ്കിലും ശരിക്കുമുള്ള ശ്രീനഗർ സിറ്റിയെ ആസ്വദിക്കാൻ പോകുന്നതെ ഉള്ളു.. അതിൽ പ്രധാനമാണ് ധാൽ ലെയ്ക്കിലെ ശികാര റൈഡ്. 1 മണിക്കൂർ നമുക്ക് ആ തടകത്തിലോടെ ഒഴുകി നടക്കാം.നല്ലൊരു ഫീൽ ആണ്..”ഖുദാസെ ജന്നത് ഹേയ് മേരീ..” പാടി ഞങ്ങളും ഒഴുകി നടന്നു.. ഈ തടകത്തിലോടെ വിവിധ തരം കച്ചവടക്കാർ നമ്മുടെ അടുത്തേക്ക് വരും. വില പേശി യാൽ വില കുറച്ചു കിട്ടും എല്ലാം..ഈ ശികാര റൈഡ് നല്ലൊരു അനുഭവം തന്നെ ആണ്..

പിന്നെ സിറ്റിയിൽ കാണാൻ ഉള്ളത് ചിന്നാർ മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ശാലിമർ ബാഗ് ആണ്.. മുഗൾ ഗാർഡൻ , നിഷാദ് ബാഗ് ,പാരി മഹൽ , ചഷമേ ഷാഹി ,ശങ്കരാചാര്യ ഹിൽസ് temple , ഹസ്രത് പാൽ മോസ്‌ക് , എന്നിവയെല്ലാം ഞങ്ങൾ ആസ്വദിച്ച് നടന്നു.. . ഇവിടുത്തെ മാർക്കറ്റുകളിൽ കൂടി കറങ്ങി നടന്ന് വേണ്ടവിധം പർച്ചേസിങ്ങും നടത്തി.. ഏപ്രിൽ മാസം ആണ് കാശ്മീർ ടൂറിസം ടൈം..അപ്പോയത്തേക്കും പൂക്കളുടെ വിസ്മയം തീർക്കുന്ന തുലിപ് ഗാർഡൻ ഓപ്പൺ ചെയ്‌യും. ഏപ്രിൽ 1 മുതൽ 20 വരെ ആണ് ഇതിന്റെ സീസൺ.. ലക്ഷകണക്കിന് പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കും..

നല്ല മഞ്ഞ് വീഴ്ച തുടങ്ങിയിരുന്നു ഞങ്ങൾക്കു തിരിച്ചു വരേണ്ട സമയം ആയപ്പോയേക്കും റോഡുകൾ 3 ദിവസം കഴിഞ്ഞാൽ ക്ലോസ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഉള്ളുന്ന കാളി. ‘- 8’ വരെ വന്നത് കൊണ്ട് തണുപ്പും കൂടി. വൈകുന്നേരത്തോടെ ഞങ്ങൾ ജമ്മുവിലേക്ക് തിരിച്ചു. വന്നപ്പോൾ ഉള്ള റോഡ് അല്ല ഇപ്പോൾ 2 സൈഡിലും മഞ്ഞ് വീണിട്ട് കോരി മാറ്റിയിരിക്കുന്നു..തിരിഞ്ഞു നോക്കുമ്പോൾ സൈഡിൽ എല്ലാം മഞ്ഞ് മലകൾ മാത്രം കാണുന്നു. രാവിലെ ആയപ്പോയേക്കും ഞങ്ങൾ ജമ്മു എത്തി. ഒരു സ്വപ്നം സഫലം ആയ സന്തോഷത്തിൽ ഞങ്ങൾ എല്ലാവരും ഡെല്ലിയിലേക്ക് തിരിച്ചു.