ഗണേഷ് കുമാർ എം.എൽ.എ. 20 വർഷമായി ഉപയോഗിക്കുന്ന ടൊയോട്ട ക്വാളിസ്

കേരളം കണ്ട മികച്ച ഗതാഗതമന്ത്രി ആരാണെന്നുള്ള ചോദ്യത്തിന് ഭൂരിഭാഗം പേരും പറയുക കെ.ബി. ഗണേഷ് കുമാറിന്റെ പേരായിരിക്കും. നിലവിലെ പത്തനാപുരം എംഎൽഎയും സിനിമാതാരവുമായ ഗണേഷ് കുമാർ ഒരു വാഹനപ്രേമി കൂടിയാണെന്ന കാര്യം അധികമാർക്കും അറിയില്ല. കഴിഞ്ഞയിടെ 20 വർഷമായി താൻ ഉപേയോഗിക്കുന്ന ടൊയോട്ട ക്വാളിസ് കാറിനെ പറ്റി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വാചാലനായിരുന്നു. ആ വിശേഷങ്ങളിലേക്ക് കടക്കാം.

സുഹൃത്തും നടനുമായ മണിയൻപിള്ള രാജു ഒരു ടൊയോട്ട ക്വാളിസ് വാങ്ങിയതോടെയാണ് ഗണേഷ് കുമാറിനും ക്വാളിസിനോട് ഇഷ്ടം തോന്നുന്നത്. അങ്ങനെ അന്ന് 6 – 7 ലക്ഷം രൂപ മുടക്കി അദ്ദേഹം കടുംനീല നിറത്തിലുള്ള ഒരു ക്വാളിസ് വാങ്ങി. രൂപഭംഗിയേക്കാൾ അതിലെ യാത്രാസുഖമാണ് വണ്ടിയിലേക്ക് ആകർഷിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപാണ് അദ്ദേഹം ഈ ക്വാളിസ് സ്വന്തമാക്കുന്നത്.

ഇന്ന് എംഎൽഎ ആയി സേവനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ സ്ഥിര വാഹനവും ഈ നീല ക്വാളിസ് തന്നെയാണ്. പത്തനാപുരത്തുകാർക്ക് ഈ വാഹനം ചിരപരിചിതമാണ്. അതുകൊണ്ടുതന്നെ ഇതിൽ എം.എൽ.എ. എന്ന ബോർഡ് വെച്ചില്ലെങ്കിലും അവർ തിരിച്ചറിയും ഗണേഷിൻ്റെ വണ്ടിയാണെന്ന്.

വണ്ടി വാങ്ങിയപ്പോൾ ഉള്ള അതേ നീല പെയിന്റ് തന്നെയാണ് ഇപ്പോഴും ഉള്ളത്. കൃത്യമായി സർവീസ് ചെയ്യുന്നത് കൊണ്ട് ഇതുവരെ വലിയ പണികൾ ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 4 തവണ പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒപ്പം ഈ നീല ക്വാളിസും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൻ്റെ മറ്റുള്ള വാഹനങ്ങളെക്കാൾ ഒരു പടി ഇഷ്ടം ഈ ക്വാളിസിനോട് ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. സന്തോഷത്തിലും, ദുഖത്തിലും ഒപ്പമുണ്ടായിരുന്ന ഈ വാഹനം എത്ര രൂപ തരാമെന്ന് പറഞ്ഞാലും കൊടുക്കില്ല എന്നാണു എം.എൽ.എ. പറയുന്നത്.

ടൊയോട്ട ക്വാളിസ് 2000 -ത്തിന്റെ തുടക്കത്തിൽ ജനപ്രിയ എംപിവികളിൽ ഒന്നായിരുന്നു. 2004 -ൽ ടൊയോട്ട, ക്വാളിസ് തിരികെ വിളിച്ചതിനുശേഷം, ഇന്നോവ കൊണ്ടുവന്നു. അത് ഇപ്പോഴും ഈ വിഭാഗത്തിൽ വളരെ പ്രചാരമുള്ള എംപിവിയായി നിലകൊള്ളുന്നുമുണ്ട്. ഇപ്പോൾ ക്രിസ്റ്റ എന്നറിയപ്പെടുന്ന ഇന്നോവയുടെ പുതുതലമുറയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. എങ്കിലും ക്വാളിസിനു ആരാധകർ ഇന്നും ഏറെയാണുള്ളത്. രാജ്യമെമ്പാടും തങ്ങളുടെ പഴയ ക്വാളിസ് എം‌പിവികൾ പുനരുധരിച്ച നിരവധി ഉടമകളുണ്ട്.