ലോകസഞ്ചാരി ദമ്പതികളെ കാണുവാൻ മലപ്പുറത്തു നിന്നും എറണാകുളത്തേക്ക്

വിവരണം – സാദിയ അസ്‌കർ.

തലേന്ന് വൈകി ഉറങ്ങിയ കാരണം ഇക്കയും മോളും നല്ല ഉറക്കത്തിലായിരുന്നു. എനിക്കാണേൽ ഉറക്കം വരുന്നില്ല. എന്തെങ്കിലും ഒന്ന് മനസ്സിലുറപ്പിച്ചാൽ പിന്നെ ഊണും ഇല്ല ഉറക്കവും ഇല്ലാന്ന് പറയുംപോലെ (സോറി എനിക്ക് ഊണുണ്ട്) . ഇക്ക ഉണരാൻ നിന്നാൽ വൈകും എന്ന് തോന്നിയപ്പോൾ ഗൂഗിൾ മാപ് നോക്കി വെറും 18 മിനുട്ട് അവരുടെ ഷോപ്പിലേക്ക്. അങ്ങനെ ഒരു ആറ് ആറര ആയപ്പോ ബാഗും ഫോണും എടുത്തു ഇക്കാനോടു “അവരുടെ ഷോപ് ഇവിടെ അടുത്താണ് ഞാൻ അവരെ കണ്ടു വരാം” എന്ന് പറഞ്ഞു ഇറങ്ങി.

സത്യം പറഞ്ഞാൽ കുറേ കാലങ്ങളായുള്ള ആഗ്രഹം ആണ് എറണാംകുളം പോലത്തെ സിറ്റിയിൽ തേരാ പാരാ നടക്കണംന്ന് (എന്തോരം ആഗ്രഹങ്ങളാ അല്ലേ) മഴപെയ്തു ചോർന്ന ആ പുലരിയിൽ ആ കുളിർകാറ്റേറ്റു ഞാൻ നടന്നു. മെട്രോയുടെ താഴെ കൂടെ.

അവിടെത്തിയപ്പോൾ ഷോപ് അടഞ്ഞു കിടക്കുകയായിരുന്നു. പടച്ചോനെ ഇനി അവർ ട്രിപ്പിലായിരിക്കുമോ അങ്ങനെയാണെങ്കിൽ ഇവിടം വരെ വന്നത് വെറുതെ ആകുമല്ലോ. അവരെ കണ്ടു അവിടുന്നൊരു ചായ കുടിക്കുക എന്ന ആ ആഗ്രഹം ഇല്ലാതായല്ലോ എന്നോർത്ത് ശരിക്കും സങ്കടായി. അന്വേഷിച്ചപ്പോൾ ഷോപ് തുറക്കും അവരുടെ മകൾ അവിടുണ്ട് അവരോടു ചോദിച്ചാൽ മതീന്ന് പറഞ്ഞു. പിറകിലെ വീട്ടിൽ തന്നെ ആണ് മകൾ താമസിക്കുന്നത്. അവരെ കണ്ടു ഞാൻ പറഞ്ഞു മലപ്പുറത്ത് നിന്നും വരികയാണ് അച്ഛനേയും അമ്മയെയും ഒന്ന് കാണണം അവരിപ്പോൾ ഷോപ്പിൽ വരോ എന്ന്.

ഷോപ് ഇപ്പോൾ തുറക്കും. അച്ഛനു സുഖമില്ല ഇന്ന് ഇനി വരും തോന്നുന്നില്ല എന്തായാലും വിളിച്ചു നോക്കിക്കോളൂ എന്ന് പറഞ്ഞു വിജയേട്ടന്റെ നമ്പർ എനിക്ക് തന്നു. ഫോൺ ഓഫ് ആയിരുന്നു. എന്താ വേണ്ടെന്നറിയാതെ നിന്നു. ഷോപ്പിനു പിറകിലേക്ക് തമിഴ് നാട്ടിൽ കാണുന്ന പോലത്തെ അടുത്തടുത്ത വീടുകളും ആളുകളും ഒക്കെയുള്ള ഒരു കോളനി ആണ്. വെറുതെ അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. സൈക്കിളിൽ വന്ന ഒരു പൂക്കാരന്റെ കയ്യിൽ നിന്നും കുറച്ചു മുല്ലപ്പൂ മേടിച്ചു അവിടെ തന്നെ നിന്നു.

ശോകാവസ്ഥയിലുള്ള എന്റെ ആ നിൽപ്പ് കണ്ടിട്ടാവണം ഒരു അമ്മ വന്നു പറഞ്ഞു ഇതിലൂടെ കുറച്ചു പോയാൽ അവരുടെ വീടാണ് കാണണം എന്നുണ്ടെങ്കിൽ പോയി നോക്കൂ എന്ന്. കേട്ട പാതി ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഓടി. ചോദിച്ചറിഞ്ഞു അവസാനം ഞാനവരെ വീട്ടിൽ എത്തി. ചെറിയൊരു ഹാളും കുഞ്ഞു രണ്ടു റൂമുകളും അടുക്കളയും ആയിട്ട് ഒരു കുഞ്ഞുവീട്. അമ്മയുടെ രണ്ടു അനിയത്തിമാരും ഉണ്ട് അവിടെ അവരെ സഹായിക്കാൻ..വിജയേട്ടൻ കിടക്കുകയായിരുന്നു. കയറി ഇരിക്കാൻ പറഞ്ഞു അമ്മ ഏട്ടനെ വിളിച്ചു. നല്ല ചുമ ഉണ്ടായിരുന്നു വിജയേട്ടന്. അതൊന്നും വക വെക്കാതെ അയാൾ എന്നോട് സംസാരിച്ചു തുടങ്ങി. TV ചാനൽ അല്ല വ്ലോഗ് ൽ നിന്നല്ല എന്നെല്ലാം അറിഞ്ഞിട്ടും ഞാൻ ചോദികുന്നതിനെല്ലാം മറുപടി തന്നു.

വല്ലാത്ത ബഹുമാനം ആയിരുന്നു ആ മനുഷ്യനോട്. ഈ 67 വയസ്സിൽ തന്റെ പ്രിയതമയേയും കൊണ്ട് ലോകം കാണാൻ ഇറങ്ങിയ മനുഷ്യൻ. എന്റെ മുന്നിൽ അയാളായിരുന്നു ഏറ്റവും വലിയ ധനികൻ. 23 രാജ്യങ്ങൾ കണ്ടു കഴിഞ്ഞു 24 ലേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. അടുത്ത മാസം ഓസ്‌ട്രേലിയയിലേക്ക്..

പൈസ അല്ല പ്രശ്നം യാത്ര ചെയ്യാനുള്ള മനസ്സാണ് ആദ്യം വേണ്ടതെന്ന് ഞാൻ തറപ്പിച്ചു പറയുന്നതിന്റെ ഉദാഹരണങ്ങളാണ് എന്റെ മുന്നിൽ നിൽക്കുന്നത്. ഞാൻ അയാളിൽ കണ്ടത് എന്നെ തന്നെയാണ്. എന്റെ അതേ വാക്കുകളാണ് അയാൾക്കും പറയാനുള്ളത്. ആഗ്രഹിക്കുമ്പോൾ ചെയ്യണം, ഒന്നും നാളേക്ക് മാറ്റി വെക്കരുത്, മാറ്റി വെച്ചാൽ നാളെ നമ്മൾ ഉണ്ടായില്ലങ്കിലോ എന്ന്. ഞാൻ പറയാറുള്ള എന്റെ അതേ വാക്കുകൾ.

”ആഗ്രഹം അങ്ങേ അറ്റം ഉണ്ടെങ്കിൽ പൈസയും നമ്മൾ ഉണ്ടാക്കും ആഗ്രഹിച്ച സ്ഥലത്തും നമ്മൾ എത്തും. ഈ വയസ്സ് കാലത്തു നിങ്ങൾ ഇതെന്തു ഭാവിച്ചാ, പൈസ ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ലേ ഇതെല്ലാം, അതോ ഒരുപാടുണ്ടോ നിങ്ങളെ അടുത്ത് അങ്ങനെ അങ്ങനെ ഒരുപാടു ചോദ്യങ്ങൾ കേട്ടതാണ്. എല്ലാവര്ക്കും അപ്പോൾക്കപ്പോൾ മറുപടി ഞാൻ കൊടുക്കും. അപ്പൊ അവർ മിണ്ടാതിരിക്കും, ആളുകളെ പേടിച്ചൊന്നും ജീവിക്കാൻ പറ്റില്ല. “ഞങ്ങൾക്ക് പ്രായമായെന്നു അവരാണോ പറയേണ്ടത്. ഞങ്ങളാണത് തീരുമാനിക്കേണ്ടത്. കാണാനേ ഞങ്ങൾക്ക് വയസ്സായൊള്ളു, സാദിയ നോക്ക് എന്റെയും ഇവളുടെയും തൊലിയെല്ലാം ചുളിവ് വന്നു, പക്ഷെ നങ്ങളുടെ മനസ്സിപ്പോഴും ചെറുപ്പമാണ് പിന്നെന്താ ഞങ്ങൾ പോയാൽ..
വിജയേട്ടന്റെ വാക്കുകൾ ആണ്. ഞങ്ങൾ ഫ്രീ birds ആണ്, ഞങ്ങളിങ്ങനെ ലോകം മുഴുവൻ കാണും എന്ന് പറഞ്ഞു അമ്മയെ അടുത്ത് പിടിച്ചപ്പോൾ അമ്മയുടെ ചിരി കാണണം.

നല്ല പ്രായത്തിൽ പ്രാരാബ്ധങ്ങളും ബാധ്യതകളും എല്ലാം ആയി ആഗ്രഹങ്ങൾ നടക്കാതെ പോയ ഒരാൾ. അയാളുടെ ബാധ്യതകൾ എല്ലാം തീർന്നപ്പോൾ ഒതുക്കിവെച്ച ആഗ്രഹങ്ങൾ നടത്തുന്നു. അയാൾക്ക് നല്ലൊരു വീട് വെക്കാം കാർ മേടിക്കാം ഷോപ്പ് അടിപൊളി ആക്കം, അതൊന്നും ചെയ്യാതെ ആ ചായക്കടയിൽ നിന്നും കിട്ടുന്നത് മാറ്റി വെച്ച് മാറ്റി വെച്ച് അയാൾ 23 രാജ്യം കണ്ടു വന്നിരിക്കുന്നു.

ആ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു വിമാനത്തിൽ കയറണം എന്നുള്ളത്. ഇപ്പോൾ പോയി പോയി അത് വല്ല്യ സംഭവമല്ലാതായിപ്പോയി. പിന്നെ ഉള്ളത് മമ്മുട്ടിയെ കാണണം എന്നായിരുന്നു. മമ്മുട്ടി ഇതറിഞ്ഞപ്പോൾ അതിനുള്ള വഴി ഉണ്ടാക്കി കൊടുത്തു. മരിക്കുന്നതിന് മുന്നേ ആഗ്രഹങ്ങളെല്ലാം തീർത്തു കൊടുക്കുന്ന ജീവിത പങ്കാളി. ആ സന്തോഷം ആ അമ്മയുടെ വാക്കുകളിൽ ഉണ്ട്.

അവർക്കായി ഞാൻ ഒന്നും കൊണ്ട് പോയില്ലന്ന സങ്കടം ആയിരുന്നു. കയ്യിൽ ആകെ ഉള്ളത് ആ മുല്ലപ്പൂ ആയിരുന്നു. അതമ്മക്ക് കൊടുത്തു ഞാൻ ഇനിയും വരും എന്ന് പറഞ്ഞു ഇറങ്ങി. സംസാരിച്ചു തീർന്നിട്ടല്ല ഞാൻ തിരിച്ചു പോന്നത്. അസ്കർക്കയും മോളും വിളിയോട് വിളി. അവരുടെ ഷോപ്പിൽ കയറി ചായ കുടിച്ചിട്ടാണ് തിരിച്ചു പോയത്. ഒരു ചായ ഭ്രാന്തി ആയ ഞാൻ മനസ്സ് നിറഞ്ഞു കുടിച്ച ചായ ഇതായിരുന്നു..

തിരിച്ചുപോരുമ്പോൾ മനസ്സ് നിറയെ അയാളുടെ വാക്കുകൾ ആയിരുന്നു. പിന്നെ അയാളുടെ ഏറ്റവും വലിയ ഒരാഗ്രഹവും. അതെനിക്ക് നിറവേറ്റി കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും. സാദിയക്ക് പറ്റും, സാദിയ ശ്രമിക്കൂ… ഈ വാക്കുകളാണ് ഇന്നെനിക്ക് ചുറ്റും..