പത്ത് പൈസ കയ്യിലില്ലാതെ പത്ത് മാസം യാത്ര നടത്തിയ 21 കാരിയുടെ കഥ

വിവരണം – ലിജോ ചീരൻ ജോസ്.

ചെറുപ്പം മുതല്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച യാത്ര പ്രിയത്തിന് പുറകെ ആരോടും മിണ്ടാതെ ഇറങ്ങി പുറപെട്ട ഒരു പെണ്‍കുട്ടി. ചാര്‍ളി എന്ന സിനിമയുടെ പ്രചോദനത്തില്‍, യാത്രികരുടെ അനുഭവ കഥകളില്‍ നിന്നുള്ള ഊര്‍ജ്ജവും മാത്രമായി 8 സംസ്ഥാനങ്ങളിലൂടെ പത്തരമാസം യാത്ര ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഉമയെന്ന കുന്നംകുളത്തുകാരി.

“ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യന്‍ നശിപ്പിച്ചുകളയും” ഖലീല്‍ ജീബ്രാന്റെ വാക്കുകളാണിത്. പ്രണയമെന്നത് മനുഷ്യനോട് മാത്രം തോന്നുന്ന ഒരു വാകരമല്ല. പ്രകൃതിയോട്, പൂക്കളോട് മഴയോട്, മുന്നില്‍ കാണുന്ന അജ്ഞാതരായ മനുഷ്യരുടെ ജീവിത പരിചയത്തോട് അങ്ങിനെ പ്രണയത്തിന് പല ഭാവങ്ങളുണ്ട്.

ഒരു ഗ്രാമത്തിലെ സൂര്യോദയത്തില്‍ നിന്ന് മറ്റൊരു നാട്ടിലെ അസ്തമയത്തിലേക്ക് പരിചതരില്ലാത്ത മനുഷ്യര്‍ക്കിടയിലൂടെ, സംസ്‌ക്കാരങ്ങള്‍ക്ക് നടുവിലൂടെ, പച്ചയായ ജീവ യാതാര്‍ത്ഥ്യങ്ങളോട് പോരാടി നാടും നഗരവും താണ്ടുകയെന്നത് ഏതൊരു മനുഷ്യനാണ് കൊതിച്ചുപോകാത്തത്. ആശകള്‍ നെഞ്ചിനുള്ളില്‍ കനല് പെയ്യിക്കുമ്പോള്‍ മനുഷ്യന് ഉള്‍വിളിയുണ്ടാകും, പിന്നെ ആ തോന്നലുകള്‍ക്ക് പുറകെ ഇറങ്ങി പുറപെടും. യാത്രകള്‍ പലപ്പോഴും സംഭവിക്കുന്നത് അങ്ങിനെയൊക്കെയാണ്.

കയ്യില്‍ കാശില്ലാതെ യാത്ര ചെയ്ത് യാത്രികരുടെ ഇഷ്ട താരമായി മാറിയ ഒരു പെണ്‍കുട്ടിയുണ്ട് തൃശൂരിലെ കുന്നംകുളത്ത്. കുന്നംകുളത്ത് നിന്നും ആസ്സാം വരെ ചില്ലി കാശ് പോലും കയ്യിലില്ലാത്ത യാത്ര. പത്ത മാസം കൊണ്ട് 8 സംസ്ഥാനങ്ങള്‍ ചുറ്റി കറങ്ങി തിരികെ നാട്ടിലെത്തി. കുട്ടിക്കാലം മുതല്‍ നെഞ്ചില്‍ കുരുങ്ങിയ യാത്രാ പ്രണയത്തിന് പുറകെ ഒരു പുലര്‍കാലത്ത് ഇറങ്ങി പുറപ്പെടുമ്പോള്‍ ഉമയുടെ പഴ്‌സും മനനസ്സും ശൂന്യമായിരുന്നു

ഹിച്ച് ഹൈക്കിംങ്ങ് എന്ന യാത്ര രീതിയാണ് ഉമ തിരഞ്ഞെടുത്തത്. പണം ചിലിവിടാതെ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര തുടരുന്ന രീതിയാണിത്. പലരും പരീക്ഷിച്ച് വിജയച്ച രീതി പലവട്ടം ആലോചിച്ചുറപ്പിച്ചതാണ് എന്നും ഉമ പറയുന്നു. ഒപ്പം ചാര്‍ളി എന്ന സിനിമയും പ്രചോദനമായി.

രാപകലുകള്‍ സഞ്ചരിച്ച് മൂന്നാം നാള്‍ മാത്രമാണ് തന്റെ യാത്രാ ലക്ഷ്യം വീട്ടുകാരെ അറിയിച്ചത്. സാധാരണ രക്ഷിതാക്കളെ പോലെ അവരും പിന്‍ വിളിച്ചു. പക്ഷെ അപ്പോഴേക്കും യാത്രയുടെ പുത്തന്‍ അനുഭവങ്ങള്‍, നേര്‍കാഴ്ചകള്‍ ഉമയെ മുന്നോട്ട് തന്നെ ആവാഹിച്ചു. തിരിച്ചു വരാന്‍ വീട്ടുകാര്‍ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് യാത്ര ചെയ്യണമായിരുന്നു.

കയ്യില്‍ പണമില്ലാതരുന്നത് കാര്യമായി ബാധിച്ചില്ല. ചെല്ലുന്നിടത്ത് നിന്നും കിട്ടുന്നത് ഭക്ഷിക്കും. പൊലീസ് സ്റ്റേഷനിലോ, റെയില്‍ പ്ലാറ്റ് ഫോമിലോ, അഭയം ചോദിച്ചോ രാത്രികള്‍ നിശ്ബ്ദമായി കണ്ണടച്ചു. നിലാവ് കണ്ട് പലപ്പോഴും ഉറങ്ങിയെഴുന്നേറ്റും. പുതിയ സൂരോദയങ്ങള്‍ കണ്ടു. പത്തര മാസം നീണ്ട യാത്രയില്‍ എട്ട് സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര കാഴ്ചകളേക്കാളേറെ, പുതിയ പാഠങ്ങളും നെഞ്ചില്‍ പതിഞ്ഞു.

യാത്ര തുടങ്ങിയത് ഒറ്റക്കായിരുന്നുവെങ്കിലും വിവിധ ദിക്കുകളില്‍ നിന്നും സമാന യാത്രക്കാര്‍, സുഹൃത്ത് സംഘങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. 2019 സെപ്‌തംബര്‍ 18 നായിരുന്നു കുന്നംകുളം കാണിപയ്യൂരിലെ വീട്ടില്‍ നിന്നും ഉമ യാത്ര തുടങ്ങിയത്. കേരളവും, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലുങ്കാന തുടങ്ങി സഞ്ചാരത്തിനൊടുവില്‍ ആസ്സാമില്‍ കുറച്ചു കാലം. ഇടയ്ക്ക്‌ ലോക്ഡൗണ്‍ എത്തിയതോടെ സഞ്ചാരത്തിന് ബ്രേക്കിട്ട് നാട്ടിലേക്ക് മടങ്ങി.

കണ്ട് മുട്ടിയ ഏത് നാടാണ് നല്ലെതെന്ന് പറയുക വയ്യ. ഏത് സംസ്‌ക്കാരമാണ് നല്ലതെന്ന് പറയാനും കഷ്ടപെടും. കാഴ്ചകള്‍ എല്ലാം പുതുമയുള്ളതും, ഓര്‍ത്തുവെക്കാനാവുന്നതുമാണ്. കണ്ണിന്റെ നേര്‍പടം നല്ലതിലേക്ക് മാത്രം പതിക്കുമ്പോള്‍ യാത്രികന്റെ മുന്നിലോടുന്നത് മുഴുവന്‍ നല്ല കാഴ്ചകള്‍ തന്നെയായിരിക്കും. യാത്ര കൊതിക്കുന്നഏതൊരാളേയും ഉമയുടെ യാത്രാനുഭവും വല്ലാതെ കൊതിപ്പിക്കും. പണമില്ലാത്തതിന്റെ പേരില്‍ യാത്ര ചെയ്യാനാകാത്തവര്‍ക്ക് ഈ പെണ്‍കുട്ടിയുടെ ജീവിതം ഏറെ പ്രചോദനവും നല്‍കും.

ഇനിയും അവസരമുണ്ടായാല്‍ യാത്ര മുടക്കില്ല. പക്ഷെ ഇത്തരത്തില്‍ ഒരു യാത്ര ഇനി നടക്കുമോ. അറിയില്ല വിത്യസ്ഥങ്ങളായ മനുഷ്യരുമായുളശ് സൗഹൃദങ്ങളിലൂടെ, കാഴ്ചകളിലൂടെ ഉമ നടത്തിയ ഈ അപൂര്‍വ്വ യാത്രാനുഭവം. അത് മറക്കില്ല. അത്രമാത്രം രസകരമായിരുന്നു ഈ യാത്ര. ഉമ പറയുന്നു.