സ്‌നേഹത്തിൻ്റെ അന്നം വിളമ്പിയ പോലീസ് മാമന്മാർക്കു നന്ദി

കൊറോണപ്പേടിയിൽ നാടെങ്ങും ലോക്ക്ഡൗൺ ആയിരിക്കുന്ന ഈ സമയത്ത് പോലീസുകാരുടെ സേവനം അഭിനന്ദനീയം തന്നെയാണ്. ചില പോലീസുകാർ മാത്രം ചെയ്യുന്ന മോശം പ്രവർത്തികൾക്ക് എല്ലാവരും അപവാദം ഏറ്റുവാങ്ങുകയാണെങ്കിലും അവർ കർത്തവ്യബോധത്തോടെ തങ്ങളുടെ ജോലി, സേവനം തുടരുകയാണ്.

ചുമ്മാ പുറത്തിറങ്ങി നടക്കുന്നവർക്ക് പോലീസ് നല്ല പണി കൊടുക്കും, എന്നാൽ ആവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നവരെ പോലീസ് ഒന്നും ചെയ്യാറില്ല. കഴിഞ്ഞ ദിവസം പോലീസുകാരിൽ നിന്നും ഉണ്ടായ മനസ്സു നിറച്ച ഒരനുഭവം പങ്കുവെയ്ക്കുകയാണ് പൊന്നാനി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ റസാഖ്. റസാഖിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“സ്‌നേഹത്തിന്റെ അന്നം വിളമ്പിയ പോലീസ് മാമന്മാർക്കു നന്ദി. നാഷണൽ ഹെൽത്ത് മിഷൻ ആലപ്പുഴയിലേക്ക്‌ മാസ്ക്കുമായി പോയി വരും വഴി ആലപ്പുഴയിൽ നിന്ന് പോലീസ് മാമന്മാര് കൈകാണിച്ചു. ചെക്കിങ്ങിന്റെ ഭാഗമായി വഴിയിലെല്ലാം കൈകാണിച്ച പോലീസുകാർ ഇവിടെയും അതിനുവേണ്ടി കൈകാണിച്ചതാവും എന്ന വിശ്വാസത്തോടെ വണ്ടിയാണ് നിർത്തിയത്.

എങ്ങോട്ടാ ഈ പാതിരാത്രിക്ക് എന്ന ചോദ്യത്തോടെ ആണ് കൂട്ടത്തിലെ ഒരു പോലീസ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോൾ നിങ്ങൾ ഫുഡ്‌ കഴിച്ചതാണോ എന്നായി അടുത്ത ചോദ്യം.

ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോൾ, “സത്യം പറയൂ നിങ്ങൾ കഴിച്ചതാണോ” എന്നായി അടുത്ത ചോദ്യം. ഇല്ലായെന്ന് അൽപ്പം മടിയോടെ പറഞ്ഞു. അപ്പോഴാണ് രണ്ട് പൊതി ഞങ്ങൾക്കുനേരെ നീട്ടിയത്. കൂടെ ഒരു ഉപദേശവും “സൂക്ഷിച്ചു പോണം കേട്ടോ മക്കളെ..”

ആദ്യമായാണ് പോലീസുകാരിൽ നിന്നും ഇങ്ങനെ ഒരനുഭവം. വരും വഴിയേ ഇടക്ക് സൈഡാക്കി തന്ന ഭക്ഷണപ്പൊതി തുറന്നുനോക്കി. നല്ല അടിപൊളി നെയ്‌ചോറും ചിക്കൻ കറിയും പിന്നെ നല്ല അടിപൊളി മാങ്ങാ അച്ചാറും. വയറും മനസും നിറഞ്ഞ് പേരറിയാത്ത പോലീസ് ഏമാന്മാർക്ക് വീണ്ടും മനസ്സിൽ നന്ദി പറഞ്ഞ് യാത്ര തുടർന്നു.”