ഒറ്റവിളിയിൽ സഹായത്തിനു പോലീസ് എത്തി; നന്ദിയോടെ യുവതിയുടെ കുറിപ്പ്

രാത്രി സമയത്ത് വഴിയിൽ ഒറ്റപ്പെട്ടു പോയാൽ സ്ത്രീകളും പെൺകുട്ടികളും എന്ത് ചെയ്യും? ഒന്നുകിൽ വീട്ടുകാരെ വിളിക്കും, അല്ലെങ്കിൽ ധൈര്യം സംഭരിച്ച് റിസ്ക്ക് എടുത്തു ഒറ്റയ്ക്ക് നടക്കും. എന്നാൽ എന്തിനും ഏതിനും എപ്പോഴും തങ്ങൾക്ക് ഒരു രക്ഷകർ ഉണ്ടെന്നു ഭൂരിഭാഗം സ്ത്രീകളും മനസ്സിലാക്കുന്നില്ല. ‘പോലീസ്’ തന്നെയാണ് ആ രക്ഷകർ.

ഇതു കേട്ടിട്ട് പരിഹസിക്കാനോ, മോശം കമന്റുകൾ ഇടാനോ നിൽക്കുന്നതിനു മുൻപ് ഒരു യുവതിയുടെ അനുഭവക്കുറിപ്പ് ഒന്ന് വായിക്കാം. അഞ്ജു തച്ചനാട്ടുകര എന്ന യുവതിയാണ് ഒറ്റ വിളിയിൽ സഹായഹസ്തവുമായി എത്തിയ പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിൽ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

അഞ്ജുവിന്റെ ആ പോസ്റ്റ് ഇങ്ങനെ – “വർക്ക് കഴിഞ്ഞ് രാമനാട്ടുകരയിൽ നിന്ന് വണ്ടി കയറിയത് രാത്രി 9.30 കഴിഞ്ഞാണ്. പതിവ് പോലെ ബസ്സ് സ്റ്റോപ്പിൽ വന്ന് കൂട്ടികൊണ്ടു പോകാൻ ഇപ്രാവശ്യം ഏട്ടനോ അച്ഛനോ കഴിയുമായിരുന്നില്ല. ഈ ഒരാഴ്ചക്കാലം ടൈറ്റ് ഷെഡ്യൂളിൽ ജീവിക്കുന്ന എനിക്ക് ആ രാത്രി തന്നെ യാത്ര തിരിക്കാതിരിക്കാനും കഴിയുമായിരുന്നില്ല. എന്നാലും നേരമെത്ര വൈകിയാലും തന്റെ വയ്യായ്മകളെ മറന്ന് സ്റ്റോപ്പിൽ വന്ന് കൊണ്ട് പോകാൻ അച്ഛൻ തയ്യാറായിരുന്നു. പക്ഷേ ആ പാവം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഒറ്റക്കുള്ള രാത്രിസഞ്ചാരത്തിന് ധൈര്യമുണ്ടായിരുന്നെങ്കിൽ കൂടി.

നാട്ടുകൽ ജനമൈത്രി പോലീസിലേക്ക് ഒരു ഫോൺ കോളിൽ ഞാനെന്റെ ആവശ്യം ഉന്നയിച്ചതേയുള്ളു, അവിടെയെത്തുമ്പോഴേക്കും പോകാനുള്ള വണ്ടി റെഡിയെന്ന് നിമിഷ നേരം കൊണ്ട് മറുപടി കിട്ടി. സ്റ്റേഷനിലെത്തി യാതൊരു സമയനഷ്ടവും കൂടാതെ വളരെ സുരക്ഷിതയായി അവരെന്നെ വീട്ടിലെത്തിച്ചു. നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം സുരക്ഷയാണ് നമുക്ക് ഒരുക്കി തരുന്നത് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് എഴുതിയ പോസ്റ്റ്. ഇത് നൽകിയ സന്തോഷം ചെറുതല്ല. Thanks ever so much for the help done by Janamaithri Police.”

അഞ്ജുവിൻ്റെ ഈ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട കേരള പോലീസ്, തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ അതിനു മറുപടിയും നൽകി. ആ മറുപടി ഇങ്ങനെ – “നല്ല വാക്കിന് നന്ദി. അനുഭവവേദ്യമായ സേവനത്തെക്കുറിച്ചുള്ള അഞ്ജുവിൻ്റെ ഈ വാക്കുകൾ ഒറ്റപ്പെട്ടതല്ല. ഓർമപ്പെടുത്തലാണ്. അടിയന്തര സഹായത്തിനായി എപ്പോഴും വിളിക്കാം 112.”

പോലീസ് എന്നു കേട്ടാൽ ഭയക്കേണ്ട കാലമൊക്കെ കഴിഞ്ഞു. ഒരു പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുവാൻ നമ്മുടെ പോലീസ് കാണിച്ച ആ കർത്തവ്യ ബോധത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അതെ, പുതിയ പോലീസ് സംവിധാനങ്ങൾ ജനങ്ങൾക്ക് ഒരു പ്രതീക്ഷ തന്നെയാണ്. ഒരിക്കലും ഇരുളിൽ വീണുപോകില്ലെന്ന പ്രതീക്ഷ…