കേരള പോലീസിൻ്റെ സഹായത്തോടെ പരീക്ഷ മുടങ്ങാതെയെഴുതി യുവതി

പലകാര്യത്തിലും മിക്കയാളുകളും കുറ്റപ്പെടുത്തുകയും ഭയക്കുകയും ചെയ്യുന്ന വിഭാഗമാണ് പോലീസുകാർ. എന്നാൽ പോലീസുകാർ ചെയ്യുന്ന നന്മകൾ അധികമാരും ശ്രദ്ധിക്കാതെ പോകാറുണ്ട്. കഴിഞ്ഞ ദിവസം കേരള പൊലീസിലെ ചില സുമനസ്സുകളുടെ ഇടപെടൽ മൂലം ഒരു യുവതിയ്ക്ക് പി.എസ്.സി. പരീക്ഷ എഴുതുവാൻ സാധിച്ചു. ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ വീട്ടിൽ രാജേഷ് കുമാറിന്റെ ഭാര്യ ദീപയാണ് പോലീസിന്റെ നന്മ നേരിട്ടറിഞ്ഞത്.

ദീപ പറയുന്നു. “നമ്മൾ പൊലീസുകാരെ കുറിച്ച് കരുതുന്ന പോലെയല്ല. ഒരു പ്രശ്നത്തിൽ ചെന്ന് പെട്ടപ്പോഴാണ് മനസ്സിലായത്, അവരുടെ നന്മയെകുറിച്ച്. ഈ കാലത്ത് ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടാകുമോന്നു പോലും അറിയത്തില്ല. പുറമെ നിന്നുള്ള കാഴ്ചപ്പാടുകളിൽ നിന്നും വ്യത്യസ്തമായി എനിക്കിന്ന് അവരെ ഒത്തിരി മനസ്സിലാക്കാൻ സാധിച്ചു.”

ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിനായി ഏറെ നാളത്തെ കഠിനപ്രയത്നത്തിന് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുത്ത് പരീക്ഷ സെന്ററിൽ എത്തിയപ്പോഴാണ് തിരിച്ചറിയൽ രേഖകൾ അടങ്ങിയ തന്റെ പേഴ്‌സ് നഷ്ടപ്പെട്ട വിവരം ദീപ ഞെട്ടലോടെ മനസ്സിലാക്കിയത്. തിരിച്ചറിയൽ രേഖയില്ലാതെ പരീക്ഷ എഴുതാൻ കഴിയില്ല. മണി പന്ത്രണ്ടര കഴിഞ്ഞു. ഒന്നരയ്ക്കാണ് ഹാളിൽ പ്രവേശിക്കേണ്ടത്. മടങ്ങിപ്പോകുക മാത്രമേ വഴിയുള്ളൂ.

നീർക്കുന്നം ഗവണ്മെന്റ് UP സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ വീട്ടിൽ രാജേഷ് കുമാറിന്റെ ഭാര്യ ദീപ. സ്‌കൂട്ടറിൽ തൊട്ടപ്പള്ളിയിൽ എത്തിയ ശേഷം അവിടെ സ്‌കൂട്ടർ വച്ചിട്ട് വണ്ടാനം മെഡിക്കൽ കോളേജ് ബസിൽ സ്‌കൂളിലേക്ക് എത്തുകയായിരുന്നു. യാത്രയ്ക്കിടയിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ അടങ്ങിയ പേഴ്‌സ് എവിടെയോ നഷ്ടപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജ് എയിഡ് പോസ്റ്റിലെ പോലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്നു കരുതി. അവർ നൽകിയ ധൈര്യവും ആത്മവിശ്വാസവും സഹായവും എത്രമാത്രമാണെന്ന് ദീപയ്ക്ക് പറയാൻ വാക്കുകളില്ല.

എയിഡ് പോസ്റ്റിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ബിന്ദു പണിക്കർ ഉടൻ തന്നെ പരീക്ഷാ സെന്ററിൽ എത്തി പരീക്ഷാ ജീവനക്കാരോട് കാര്യങ്ങൾ ധരിപ്പിച്ചു. ഈ സമയം, സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സിവിൽ പോലീസ് ഓഫീസർ എം. കെ വിനിൽ ദീപയോടൊപ്പം ബൈക്കിൽ തൊട്ടപ്പള്ളിയിലേക്ക് തിരിച്ചു. ഇടയ്ക്ക് അമ്പലപ്പുഴ വച്ച് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് തന്റ വാഹനം ഇവർക്കായി വിട്ടുകൊടുത്തു. ഡ്രൈവർ വിനോദും വിനിലും ദീപയും ഡ്രൈവിംഗ് ലൈസൻസ് എടുത്ത് പരീക്ഷയ്ക്ക് മുൻപ് തന്നെ സ്‌കൂളിൽ എത്തി. ദീപ പരീക്ഷാ ഹാളിലേക്ക് കയറി ശേഷമാണ് പോലീസുകാർ മടങ്ങിയത്.

പോലീസുദ്യോഗസ്ഥരുടെ സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടൽ മൂലം പരീക്ഷ എഴുതാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ദീപ. ജനസേവനത്തിനായി പോലിസിസുകാർ നേരിടുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും ഒരുപാടാണ്. എന്നാൽ വളരെ ചുരുക്കം ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്ത പരമായ സമീപനം മൂലം മൊത്തം സേനക്കും പേരുദോഷം ഉണ്ടാവുന്നു എന്നുള്ളതാണ് സാരം. കരടുകളെയെല്ലാം തുടച്ചു നീക്കി എന്നും ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ നല്ലവരായ ഉദ്യോഗസ്ഥർ എന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.