കേരള പോലീസിനെകുറിച്ച് അഭിമാനവും ആദരവും തോന്നിയ അനുഭവം..

വിവരണം – അക്ബർ മങ്ങാട്

കേരള പോലിസിനെകുറിച്ച് അഭിമാനവും ആദരവും തോന്നിയ ദിനമായിരുന്നു ഇന്നലെ (ഞായർ 14-10 – 18 ). മകൾക്കു വേണ്ടി ഞാനും ഫാമിലിയും വൈകുന്നേരം ഉണ്യാ ആലിൻ ചുവടിനടുത്തുള്ള ബീച്ചിൽ പോയി. സീസൺ അല്ലാതതുകൊണ്ടും കാലവസ്ഥ അത്ര സുഖമല്ലാതതുകൊണ്ടും ആ ഭാഗത്തു ഞങ്ങൾ ഒഴികെ മറ്റു സന്ദർശകർ അരും ഉണ്ടായിരുന്നില്ല. അവിടെ നിർത്തിയിട്ടിരിക്കുന്ന പോലീസ് ബസ്സിനടുത്ത് ഞങ്ങൾ ബൈക്ക് നിർത്തി ബീച്ചിനടുത്തേക്കു പോയി.

മൂടികെട്ടിയ കാലാവസ്ഥയായതുകൊണ്ട് നേരത്തേ മടങ്ങാൻ തീരുമാനിച്ചു. എന്റെ കേമറയും മറ്റും അടങ്ങുന്ന ബാഗ് വൈഫിനെ ഏൽപ്പിച്ചു ബൈക്കിനടുത്തേക്കു വന്നു. അപ്പോഴേക്കും ഇരുട്ടിത്തുടങ്ങിയിരുന്നു. ബൈക്കിനടുത്തെത്തിയപ്പോൾ വൈഫിന്നു നിൽക്കാൻ പ്രയാസമുള്ള പോലെ തോന്നി. “എനിക്കു തല കറങ്ങുന്ന പോലെ തോന്നുന്നു. ബൈക്കിൽ കയറാൻ കഴിയില്ല” എന്നു പറഞ്ഞു തീരുംബോഴേക്കും അവർ ഒരു സൈഡിലേക്കു വീഴാൻ തുടങ്ങി. മകനെ താഴെ ഇരുത്തി വൈഫിനെ പിടിച്ചു ഇരുത്താൻ തുടങ്ങുംബോഴെ അവരുടെ ബോധം നഷ്ട്ടപ്പെട്ടു. മകൾ ഉറക്കേ കരയാൻ തുടങ്ങി. ഈ അവസ്ഥയിൽ ഞാനും ഭയന്നു.

അപ്പോഴേക്കും പോലിസുകാർ ഓടി എത്തി. എത്രയും പെട്ടന്നു ഹോസ്പിറ്റലിൽ എത്തിക്കുക എന്നതുമാത്രമായി പിന്നെ. വാഹനം കിട്ടണമെങ്കിൽ മെയിൻ റോഡിലേക്കു കുറച്ചു വരണം. പോലിസുകാർ പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു പോലിസുകാരൻ എന്റെ മകനെ എടുത്തു മറ്റൊരു പോലിസുകാരൻ മകളുടെ കൈ പിടിച്ചു ബസ്സിലേക്ക് ഓടി. ഞാനും മറ്റൊരു സാറും ചേർന്ന് വൈഫിനെ എടുത്ത് ബസ്സിനകത്തേക്ക്. ബസ്സ് പിന്നേ ഹോസ്പിറ്റലിലേക്കു കുതിച്ചു. ബസിൽ ഞാൻ തിരിഞ്ഞു നോക്കുംബോൾ മകനെ എടുത്ത് കളിപ്പിച്ച് ഒരു പോലിസും മകളേ ആശ്വസിപ്പിച്ചു മറ്റൊരു പോലിസുകാരന്നും.

ഒന്നുമറിയാതെ കിടക്കുന്ന വൈഫിനരികിൽ ഞാനും തന്റെ തൊപ്പി കൊണ്ടു വീശി കൊണ്ട് ഒരു സാറും. വളരെ പെട്ടന്നു തന്നെ ഹോസ്പിറ്റലിൽ എത്തി. എല്ലാ സാറൻമാരും എന്റെ കൂടെ ഹോസ്പിറ്റലിൽ വന്നു. എല്ലാം ക്ലിയറയതിന് ശേഷം എന്റെ ഒരു നന്ദിവാക്കിനു പോലും കാത്തു നിൽക്കാതെ അവർ മടങ്ങി. കുറച്ചു സമയത്തിനു ശേഷം ഭാര്യയുടെ അവസ്ഥ കുറച്ചു നോർമൽ ആയി. ഹോസ്പ്പിറ്റലിൽ ബ്രദറിനെ നിർത്തി ഞാൻ ബൈക്ക് എടുക്കാൻ പോയി.

ബീച്ച് റോഡിൽ ലൈറ്റില്ലാത്തതിനാൽ വളരേ ഇരുട്ടായിരുന്നു. മൊബൈലിൽ ടോർച്ച് തെളിയിച്ചു. അപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്. എൻ്റെ ക്യാമറയും മറ്റു സധാനങ്ങളും അവിടെയാണ്. നടത്തത്തിനു വേഗത കൂട്ടി ബൈക്കിനടുത്തെത്തിയപ്പോൾ ബൈക്കിന്നു മുകളിൽ ബാഗും മറ്റു സാധനങ്ങളും അടുക്കി വച്ചിരിക്കുന്നു. അപ്പോൾ തന്നെ ഒരു ബൈക്കിൽ പോലീസ് എൻ്റെ അടുത്ത് വന്നു നിർത്തി. “എല്ലാം നിലത്തു കിടക്കുകയായിരുന്നു. ഞങ്ങൾ അവ എടുത്ത് വച്ച് നിങ്ങളെ കാത്തിരിക്കുകയായിരുന്നു.”

ഇന്നു ഞാൻ കണ്ടത് സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും മുഖങ്ങളായിരുന്നു. ഒഴുകുന്ന നദിയുടെ മുകൾ പരപ്പിലൂടെ മാലിന്യങ്ങൾ ഒഴുകി നടക്കും അതിലും പതിൻമടങ്ങ് ശക്തിയിൽ ശുദ്ധജലം അടിത്തട്ടിലൂടെ ഒഴുകിക്കൊണ്ടിരിക്കും. ആ ജലം ഇന്നലെ എന്റെ മുൻപിലൂടെ ഒഴുകി…