ബസ്സിൽ കളഞ്ഞു പോയ ഫോൺ സിനിമാ സ്റ്റൈലിൽ വീണ്ടെടുത്ത് കേരള പോലീസ്

ബസിൽ വെച്ചോ മറ്റോ നമ്മുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ആ ഫോണിലേക്ക് വിളിച്ചു നോക്കും. അത് കിട്ടുന്നയാൾ മനഃസാക്ഷിയുള്ളവനാണെങ്കിൽ ഫോൺ നമുക്ക് തിരികെ ലഭിക്കും. അല്ലെങ്കിൽ സാധനം കൈവിട്ടു പോകും. പോലീസിൽ പരാതി കൊടുക്കുവാൻ മടിഞ്ഞു നിൽക്കുന്ന ഫോണുടമ പോയത് പോട്ടെ എന്നു വിചാരിച്ചുകൊണ്ട് പുതിയ ഫോൺ വാങ്ങുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും വന്ന ബസ്സിൽ വെച്ച് ഫോൺ നഷ്ടപ്പെട്ട യാത്രക്കാരന് അത് തിരിച്ചു കിട്ടിയത് പോലീസിന്റെ ഇടപെടൽ മൂലമാണ്. ആ സംഭവം വിവരിച്ചുകൊണ്ട് പ്രസ്തുത യാത്രക്കാരൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇടുകയുണ്ടായി. ആ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

എന്റെ പേര് ഫസൽ. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞ് വരുന്ന വഴി കുഞ്ഞിപ്പള്ളിയിൽ നിന്നുള്ള ബസ്സിൽ വെച്ച് എൻ്റെ ഫോൺ (85000 വിലയുള്ള) നഷ്ടപ്പെട്ടു. ഇറങ്ങിക്കഴിഞ്ഞു ബസ്സ് മുന്നോട്ട് പോയ ശേഷമാണ് ഫോൺ നഷ്‌ടപ്പെട്ട വിവരം ഞാൻ അറിയുന്നത്. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം സ്തംഭിച്ച് നിന്ന ഞാൻ സുഹൃത്തിന്റെ കയ്യിൽ നിന്നും അവൻ്റെ ഫോൺ വാങ്ങി 2 തവണ കളഞ്ഞ് പോയ എൻ്റെ ഫോണിലേക്ക് വിളിച്ച് നോക്കി. ബസ്സിൽ നിന്നും ഫോൺ കിട്ടിയ ആ മാന്യൻ 2 തവണയും കട്ട് ചെയ്തു.

അതോടെ ഫോൺ തിരിച്ച് കിട്ടില്ല എന്ന് ഞാൻ ഭയപ്പെട്ടു. പിന്നെ എനിക്കൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. നേരെ പോയത് ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക്. അവിടത്തെ എസ്.ഐ. ബാബുരാജ് സാറിനോട് പരാതി പറഞ്ഞു. എൻ്റെ പരാതി വ്യക്തമായി കേൾക്കുകയും ഒട്ടും അമാന്തിക്കാതെ നടപടിയെടുക്കുവാനായി തുനിഞ്ഞിറങ്ങി. ഞൊടിയിടയിൽ അദ്ദേഹം വിവരം ഹൈവേ പോലീസിന് കൈമാറി. അതിനു ശേഷം ഹൈവേ പോലീസ് എസ്.ഐ സർ, കൂടെയുണ്ടായിരുന്ന ഷിബു സർ, ദിലീപ് സർ ഇവരുടെ നേതൃത്വത്തിൽ അവിടെ നടന്നത് സിനിമയെ വെല്ലുന്ന രംഗമാണ്.

ഞാൻ യാത്ര ചെയ്ത ബസ്സ് (പേര് – Galaxy) വടകര മൂരാട് പാലത്തിന് സമീപത്ത് വച്ച് തടയുകയും, ബസ്സിൽ കയറി കളഞ്ഞു പോയ ഫോണിലേക്ക് വിളിച്ച് നോക്കുകയും ചെയ്തു. എന്റെ തൊട്ടടുത്ത് യാത്ര ചെയ്ത ആ മാന്യന്റെ പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചു. അയാൾക്ക് ഒന്നും പറയുവാനുണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാൽ 20 കിലോമീറ്ററിനുള്ളിൽ അതായത് 30 മിനിറ്റിനുള്ളിൽ കേരളാ പോലീസിന്റെ സംയോചിതവും കൃത്യവും വേഗതയിലുള്ളതുമായ ഇടപെടൽ മൂലം എനിക്ക് എൻ്റെ നഷ്ടപ്പെട്ട ഫോൺ തിരിച്ചു കിട്ടി.

കേരള പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നവർ ഈ സംഭവം ഒന്നു കാണുക. പോലീസുകാരിൽ ആരെങ്കിലും മോശം പ്രവൃത്തികൾ ചെയ്തു എന്നുകരുതി എല്ലാവരെയും ഒന്നടങ്കം കുറ്റക്കാരാക്കുന്നത് മോശം പ്രവണത തന്നെയാണ്. എല്ലാ പോലീസുകാരും ഈ സംഭവത്തിൽ ഇടപെട്ട നല്ലവരായ കർമ്മനിരതരായ പോലീസ് ഉദ്യോഗസ്ഥരെ മാതൃകയാക്കുക.