“ഖ്വാജ അൻബർ” – മരക്കാർമാർക്കും മുന്നെ പടവാളേന്തിയ നാവികൻ

ലേഖകൻ – Abdulla Bin Hussain Pattambi.

കോഴിക്കോട്ടെ സാമൂതിരിക്കു വേണ്ടി ആദ്യമായി കടൽ യുദ്ദങ്ങൾ നടത്തിയ നാവിക പടത്തലവനായിരുന്നു ഖ്വാജ അൻബർ. ഇദ്ദേഹം യമൻ അല്ലെങ്കിൽ ഒമാൻ സ്വദേശിയായിരുന്നെന്നും, അതല്ല കേരളക്കരയിൽ ജനിച്ചു വളർന്ന മലബാറുകാരൻ തന്നെയായിരുന്നു എന്നും വിവിധ അഭിപ്രായങ്ങൾ ചരിത്രകാരന്മാർക്കിടയിലുണ്ട്‌.

എ. ഡി 1502 ൽ വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ മലബാർ തീരത്ത്‌ പറങ്കിപ്പട അഴിച്ചു വിട്ട കൊടും ക്രൂരതകൾക്കെതിരെ സാമൂതിരിയുടെ നായർ പടയാളികൾക്കൊപ്പം ചേർന്ന് ഖ്വാജ അൻബറിന്റെ നേതൃത്വത്തിൽ സഹോദരൻ ഖ്വാജ ഖാസിമും മാപ്പിള പോരാളികളും കടലില്‍ പ്രതിരോധം തീർക്കുകയുണ്ടായി.

നായർ പോരാളികൾ കരയുദ്ദങ്ങൾ നിയന്ത്രിച്ചപ്പോൾ ഖ്വാജ അൻബറും മാപ്പിളമാരും നാവിക പോരാട്ടങ്ങൾ നടത്തിയുമാണ് പറങ്കിപ്പടക്കെതിരെ ചെറുത്ത്‌ നിൽക്കാൻ ശ്രമിച്ചത്‌. ഖ്വാജ അൻബറിനു മുന്നെ സാമൂതിരി രാജാവിന് ഒരു സ്ഥിര നാവിക സേന ഉണ്ടായിരുന്നില്ലെന്നാണ് ചരിത്രകാരന്മാരിൽ ചിലരുടെ അഭിപ്രായം.

കടൽ യുദ്ദങ്ങളിൽ പ്രസിദ്ദിയാർജ്ജിച്ച നാവികനായിരുന്ന അൻബറെ , സാമൂതിരി തന്റെ നാവിക സേനാ മേധാവിയായി നിയമിച്ചതോടെയാണ്
പോർച്ചുഗീസുകാർക്കെതിരായ പോരാട്ടങ്ങൾക്ക്‌ ശക്തിയാർജ്ജിച്ചതും , അവരെ നേരിടാൻ കോഴിക്കോടിന് കഴിയുമെന്ന ആത്മ വിശ്വാസം മുളപൊട്ടിയതും.

കൊച്ചി തുറമുഖത്തിന് ഏതാനും നാഴിക ദൂരെ പതിയിരുന്ന് നടത്തിയ ആദ്യ മിന്നലാക്രമണത്തിൽ ഖ്വാജ അൻബറുടെ നേതൃത്വത്തിലുളള സാമൂതിരിയുടെ നാവികപ്പട പറങ്കികൾക്ക്‌ കനത്ത നാശം വരുത്തി വെച്ചതായി പോർച്ചുഗീസ്‌ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

ഖ്വാജ അൻബറിന്റേയും ഖ്വാജ ഖാസിമിന്റേയും നേതൃത്വത്തിൽ നടത്തിയ രണ്ടാം ആക്രമണം പരാജയത്തിൽ കലാശിക്കുകയായിരുന്നു. അന്ന് സാമൂതിരിപ്പടക്ക്‌ ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പോർച്ചുഗീസുകാർ മലബാർ തീരവും ഒപ്പം തങ്ങളുടെ മോഹങ്ങളും ഉപേക്ഷിച്ച്‌ തിരികെ പോവേണ്ടി വരുമായിരുന്നു.

അൻബറിന്റെ ആദ്യ ആക്രമണത്തിൽ സാരമായി ക്ഷതം പറ്റിയ പറങ്കിപ്പട വളരേയേറെ മുന്നൊരുക്കങ്ങളോടേയാണ് മലബാർ തീരത്തേക്ക്‌ തങ്ങളുടെ പായ്മരങ്ങൾ നിവർത്തി വെച്ച്‌ മുന്നേറിയത്‌. ഇത്തവണ അവരുടെ സംഘത്തിൽ 600 ലധികം സൈനികരും ചെറുതും വലുഘുമായ 100 കപ്പലുകളും 70 പത്തേമാരികളും ഉൾപ്പെട്ടിരുന്നു. പോരാത്തതിന് വിദൂര ലക്ഷ്യങ്ങളിലേക്കു വരെ തൊടുത്ത്‌ വിടാവുന്ന പീരങ്കികളും കപ്പലുകളിൽ സജ്ജമാക്കിയിരുന്നു.

സാമൂതിരിയുടെ നാവികപ്പടയുടെ ഭാഗത്താണെങ്കിൽ 20 കപ്പലുകളും 70 പത്തേമാരികളും 400ൽ താഴെ സൈനികരുമേ ഉണ്ടായിരുന്നൊളളു. മാത്രവുമല്ല പറങ്കിപ്പടയുടെ കൈവശമുളള തരം ആയുധങ്ങളെ പ്രതിരോധിക്കാൻ ഉതകുന്ന സജ്ജീകരണങ്ങളും തുലോം പരിമിതവുമായിരുന്നു.

ഈ യുദ്ദത്തിൽ ഖ്വാജ അൻബറിന്റേയും ഖ്വാജ ഖാസിമിന്റേയും നേതൃത്വത്തിലുളള നാവികപ്പടക്ക്‌ വിജയിക്കാനായില്ലെങ്കിലും യുദ്ദത്തിന്റെ നിർണ്ണിത സ്വഭാവം തകിടം മറിച്ചതായും പറങ്കിപ്പടക്ക്‌ മലബാർ തീരത്ത്‌ അവരിൽ നിന്ന് കനത്ത വെല്ലു വിളി നേരിടേണ്ടി വന്നതായും പോർച്ചുഗീസ്‌ ചരിത്രകാരനായ കൊറിയ രേഖപ്പെടുത്തിയിട്ടുണ്ട്‌.

16 ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാവിക ആക്രമണമായാണ് ഖ്വാജ അൻബറിന്റെ ഈ പോരാട്ടത്തെ കൊറിയ അടക്കമുളള ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്‌. പോരാട്ടത്തിൽ വിജയം പോർച്ചുഗീസ്‌ പക്ഷത്തായിരുന്നു എങ്കിലും അവരെ ചെറുക്കാനാവുമെന്ന ആത്മവിശ്വാസം സാമൂതിരിയിലും മലബാർ സൈന്യത്തിലും ഉണ്ടാക്കാൻ ഈ ആക്രമണങ്ങൾക്ക്‌ കഴിഞ്ഞു. കുഞ്ഞാലി മരക്കാർമാരുടെ നാവിക പടയോട്ടങ്ങൾക്ക്‌ പ്രചോദനമായതും അസ്തിവാരമിട്ടതും ഖ്വാജ അൻബറിന്റെ ഈ യുദ്ദതന്ത്രങ്ങളായിരുന്നു.