കെ.എം.എസ് അഥവാ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് : മലയോര ജനതയുടെ വിശ്വാസം

1950 കളിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ പാലാ എന്ന ഗ്രാമത്തിൽ ജനങ്ങൾ യാത്ര പോകാൻ മണിക്കൂറുകൾ നോക്കി നിന്ന കാലം. പോവാൻ വണ്ടിയില്ലാതെ വിഷമിച്ച കാലം. കാറില്ലാത്തവർക്ക് ദീർഘദൂരയാത്ര ബുദ്ധിമുട്ടായിരുന്ന കാലം. ഇതേ കാലഘട്ടത്തിൽ പൊതുഗതാഗതം എന്തെന്നും മീനച്ചിൽ താലൂക്കിൽ എത്രത്തോളം അതിനു പ്രസക്തി ഉണ്ടെന്നും മനസ്സിലാക്കണമെങ്കിൽ കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ വരവിനെപ്പറ്റി അറിയണം.

1951 മുതൽ പാലാ, ചേറ്റുതോട്, രാമക്കൽമേട്, എറണാകുളം, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ, ഹ്രസ്വദൂര സർവ്വീസുകൾ കെ.എം.എസ്സ് ആരംഭിച്ചു. ഇതിനൊപ്പം പാലാ – പൊൻകുന്നം ചെയിൻ സർവ്വീസും. പാലാ, പെെക, പൊൻകുന്നം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും ആശ്രയകരമായ ഒന്നായിരുന്നു ഈ ചെയിനുകൾ.

ഒരിക്കൽ, പല റോഡുകളും ടാർ ചെയ്യാതിരുന്ന കാലത്ത് കെ.എം.എസ്സ് മാത്രം ആയിരുന്നു ഇതേ നാട്ടിലെ ജനങ്ങളുടെ യാത്രാമാർഗ്ഗം ആയിരുന്നത്. അക്കാലത്ത് ആനവണ്ടി എന്നത് ശബരിമല സീസണിൽ വരുന്ന ഒരു കൗതുകം മാത്രമായിരുന്നു. എല്ലാം പഴങ്കഥകൾ…!!!

കെ.എം.എസ്സ് എന്ന കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസിന്റെ ചരിത്രമറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക..

കെ.എം.എസിന്റെ ഏറ്റവും പേരുകേട്ട പെർമിറ്റ് ബോയ്സ്സ് എസ്റ്റേസ്റ്റ് – എറണാകുളം ആയിരുന്നു. 1967 ൽ ആരംഭിച്ചതാണ് ഈ സർവ്വീസ്, മലയോരമേഖലയായ മുണ്ടക്കയത്തിനടുത്തുളള ബോയ്സ് എസ്റ്റേറ്റിൽനിന്നും, എസ്റ്റേറ്റിലെ തൊഴിലാളികൾക്കും, സാധാരണക്കാർക്കും ആശ്വാസമായ ഗതാഗത മാർഗ്ഗമായി കെ.എം.എസ്സ് ആരംഭിച്ചു. മുണ്ടക്കയം ബോയ്സ്സ് എസ്റ്റേറ്റ് – വില്ലിംങ്ങ്ടൺ ഐലന്റ് ആയിരുന്നു ആദ്യകാല പെർമിറ്റ്, അതും എക്സ്പ്രസ്സ്.. ഈ കാലഘട്ടത്തിലെ അപൂർവ്വം എക്സ്പ്രസ്സ് പെർമിറ്റുകളിൽ ഒന്ന്…

മുണ്ടക്കയത്തുളളവരെ എറണാകുളം കാണിച്ചത് കെ.എം.എസ്സ് ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. മുണ്ടക്കയം ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും അതിരാവിലെ പുറപ്പെട്ട് ക്യത്യം 9:30ന് എറണാകുളം എത്തുന്ന സർവ്വീസ് ഒരുപാട്പേരുടെ ഏക യാത്രാമാർഗ്ഗം ആയിരുന്നു. എറണാകുളത്ത് ആദ്യ A/C തീയറ്റർ വന്ന സമയത്ത് ഇതേ തിയറ്ററിൽ പോയി സിനിമാ കണ്ട് തിരിച്ചുവരണ്ടവർ കെ.എം.എസ്സിൽ പോയിരുന്നു എന്നതും മറ്റൊരു സത്യം.

സൂപ്പർമാർക്കറ്റുകളും ഹെെപ്പർമാർക്കറ്റുകളും ഇല്ലാതിരുന്ന കാലത്ത് എറണാകുളത്തുനിന്നും സാധനങ്ങൾ എത്തിയിരുന്നതും കെ.എം.എസ്സിൽ ആയിരുന്നു. മലയോരജനതയുടെ വിശ്വാസം ആയിരുന്നു, എത്ര ബുദ്ദിമുട്ടുകളുണ്ടായാലും അതിരാവിലെ ബോയിസ്സ് എസ്റ്റേറ്റ് കവാടത്തുനിന്നും കെ.എം.എസ്സ് ഉണ്ടാവും എന്നത്. ആ വിശ്വാസം 49 വർഷങ്ങൾ തികഞ്ഞ പൂർണ്ണതയോടെ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് കാത്തുസൂക്ഷിച്ചു.

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുകന്നതിൽ കെ.എം.എസ്സിന്റെ പങ്ക് വലുതായിരുന്നു. ഓരോ മൂന്നു വർഷത്തിലും പുതിയ ബസ്സുകൾ എക്സ്പ്രസ്സ് പെർമിറ്റിൽ വന്നിരുന്നു. അമിത വേഗതയോ മത്സരമോ ഇല്ലാതെ വണ്ടിയിൽ കയറുന്ന ഓരോ യാത്രാക്കാരനേയും സുരക്ഷിതമായി കിലോമീറ്ററുകളോളം എത്തിച്ചിരുന്നത് കെ.എം.എസ്സ് ആയിരുന്നു. അതുപോലെ തന്നെ പാലാ, അരുണാപുരം വരെ കെഎംഎസ് ബസ്സുകൾ എല്ലാം ഓടിയിരുന്നത് സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടിയായിരുന്നുവെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

കെഎംഎസിൻ്റെ മിക്ക ബസ്സുകൾക്കും ഒരേ ലിവറിയും അതോടൊപ്പം ഫാൻസി രജിസ്‌ട്രേഷൻ നമ്പറുകളും ആയിരുന്നു. KMS എന്നായിരുന്നു പ്രധാന പേരെങ്കിലും ചാച്ചി, സെന്റ് മേരി, പാപ്പൻ, രേഷ്‌മ, മാത്യൂസ്, സാബു, സെന്റ് ജോസഫ് എന്നിങ്ങനെയൊക്കെ ഓരോ ബസുകൾക്കും വ്യത്യസ്ത പേരുകൾ കൂടി അവർ കൊടുത്തിരുന്നു. ഇതിൽ ‘ചാച്ചി’ ആയിരിക്കും ഏറ്റവും പേരുകേട്ടത് എന്നു തോന്നുന്നു.

 

നിയമങ്ങൾ മാറിമറിഞ്ഞപ്പോൾ 2012 ൽ കെ.എം.എസ്സ് ഫാസ്റ്റ് പാസഞ്ചർ ആയി മാറി. വില്ലിംങ്ങ്ടൺ ഐലന്റ് എന്നത് വെെറ്റില ഹബ്ബായും മാറി. വർഷം പലത് കഴിഞ്ഞപ്പോൾ കെ.എം.എസ്സ് എന്ന നാമം ചരിത്രത്താളുകളിലേക്ക് ഒതുങ്ങുന്ന അവസ്ഥ വന്നു. പിന്നീട് വന്ന പുതിയ പരിഷ്കാരങ്ങൾ വഴി 2016 ൽ കെ.എം.എസ്സിന് തങ്ങളുടെ സൂപ്പർക്ലാസ്സ് പെർമിറ്റ് നഷ്ടപ്പെട്ടു. അതോടെ എല്ലാ സർവ്വീസുകളും പൂർണ്ണമായി നിർത്തിയും, കൊടുത്തും കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് പിൻവാങ്ങി. 2017 ൽ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിക്കൊണ്ട് KMS എല്ലാവരെയും അമ്പരപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും എല്ലാം അവസാനിപ്പിക്കുകയായിരുന്നു.

സർവ്വീസുകൾ നിർത്തിയതിനു ശേഷം 2019 ൽ KMS തങ്ങളുടെ ഏറ്റവും പ്രതാപമുള്ള, തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ബോയ്സ് എസ്റ്റേറ്റ് പെർമിറ്റ് ‘സെന്റ് അൽഫോൻസ’ എന്ന ഓപ്പറേറ്റർക്ക് നൽകി. അവർ സർവ്വീസ് പുനരാരംഭിക്കുകയും ഇപ്പോൾ തുടർന്നു കൊണ്ടുപോകുകയും ചെയ്യുന്നു.

മനസ്സിലെ വിങ്ങലായി ഒരു ജനതയുടെ വിശ്വാസം നിലനിൽക്കുന്നു KMS എന്ന പേരിനൊപ്പം. പൊതുഗതാഗതം എന്തെന്നും, ദീർഘദൂര യാത്രയിൽ പൊതുഗതാഗതത്തിന്റെ സ്ഥാനം എന്തെന്നും പഠിപ്പിച്ച കെ.എം.എസ്സിനെ ആരും മറക്കില്ല. ഒരു നാടിന്റെ വികസനത്തിൽ കെ.എം.എസ്സ് വഹിച്ച പങ്ക് എന്നും ചരിത്രത്താളുകളിലുണ്ടാവും. ഇന്നും രണ്ടു FP പെർമിറ്റുകൾ KMS ൻ്റെ കൈവശമുണ്ട്. ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചു തന്നെയാണ് യാത്രക്കാരും ബസ് പ്രേമികളും കാത്തിരിക്കുന്നതും..

ലേഖനത്തിനും ചിത്രങ്ങൾക്കും കടപ്പാട് – Private Bus Kerala FB Group, Other Bus Fans from Kottayam Area.