പച്ചപ്പിനു നടുവിൽ നീല ജലാശയം; പ്രകൃതി ഒരുക്കിയ ഒരു വിസ്മയം

ഒരു യാത്ര ആരംഭിക്കുന്നതിനു മുൻപ് നമ്മൾ പല കാര്യങ്ങളും നോക്കി വെക്കാറുണ്ട്. അത് പോകുന്ന സ്ഥലങ്ങൾക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും. എന്നാൽ ആ കൂട്ടത്തിൽ ഏറ്റവും പുതുതായി വന്നതാണ് നമ്മുടെ പഞ്ചായത്ത്‌ സോൺ ഏതാണെന്നു നോക്കുന്നത്. കാരണം നിലവിലെ നിയന്ത്രണങ്ങൾ എല്ലാം പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ആയതിനാൽ പോകുന്ന സ്ഥലം ഏത് സോണിൽ ആണെന്ന് ആദ്യമേ അറിഞ്ഞിരിക്കണം എന്നുള്ളത് ഇപ്പോൾ അനിവാര്യമാണ്. അത് ആദ്യം അന്വേഷിച്ചതിനു ശേഷമാണ് ഈ യാത്ര പോകാൻ പദ്ധതിയിട്ടതും.

എറണാകുളം കളക്ടറുടെ പേജിൽ A കാറ്റഗറി എന്ന് കണ്ടപ്പോൾ നല്ലത് പോലെ ആശ്വാസമായി. അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ബൈക്കിൽ ഒരു യാത്ര. ഏകദേശം 20 Km മുകളിൽ ദൂരമുണ്ട് തൊടുപുഴയിൽ ഞാൻ നിൽക്കുന്ന സ്ഥലത്തു നിന്നും അങ്ങോട്ട്. ജോർജ്കുട്ടിയുടെ വീട് നിൽക്കുന്ന വഴിത്തല വഴിയാണ് യാത്ര. എല്ലാം ഗൂഗിൾ ചേച്ചി പറഞ്ഞ് തരുന്ന വഴിയാണ്. മുന്നോട്ടുള്ള വഴി നല്ലതായതിനാൽ വാർത്തകളിൽ കാണുന്ന പോലെ കുഴിയിലൊന്നും ചേച്ചി ചാടിക്കില്ല എന്ന് മനസിലായി. എന്റെ ഒട്ടുമിക്ക യാത്രകളിലും മഴ കൂടെ ഉണ്ടാകാറുണ്ട്. ഇപ്പോൾ മഴക്കാലം ആയതിനാൽ അതിൽ അത്ഭുതമില്ല പക്ഷെ അല്ലാത്ത സമയത്തും എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളത് എന്റെ പഴയ യാത്ര അനുഭവങ്ങളിൽ എഴുതിയിട്ടുണ്ട്.

ലക്ഷ്യം അടുക്കാറായപ്പോഴേക്കും വഴിയുടെ രീതിയിലും അല്പം മാറ്റം സംഭവിച്ചിരുന്നു. റോഡ് സൈഡിൽ ആകെ ഉള്ളത് ഒരു ബൈക്ക് മാത്രം. അതാണെങ്കിൽ പോകാൻ തയാറായി നിൽക്കുന്നു. ചേച്ചി പറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോയപ്പോൾ ഒടുവിൽ ലക്ഷ്യത്തിലെത്തി. മറിഞ്ഞു കിടക്കുന്ന ഒരു പടുകൂറ്റൻ മരമാണ് മുന്നിലെ ആദ്യ കാഴ്ച. ചെറിയ ചാറ്റൽ മഴ അപ്പോഴുമുണ്ട്. ദൂരെ നീല വെള്ളത്തിൽ നിറഞ്ഞു നിൽക്കുന്ന കുളം. മഴയുടെ വെള്ളത്തുള്ളികൾ വീഴുന്ന ശബ്ദം. പാറകൾക്കിടയിലൂടെ വരുന്ന തെളിനീര്. അങ്ങനെ ഒറ്റ നോട്ടത്തിൽ കാണുന്ന ഈ കാഴ്ചകൾ തന്നെ മനസ്സ് നിറച്ചു.

പച്ചപ്പ് നിറഞ്ഞ ആ വഴിയിലൂടെ താഴേക്ക് നടന്നു. വഴിയുടെ ആരംഭത്തിൽ തന്നെ പാറകൾക്കിടയിലൂടെ വരുന്ന തെളിനീര് കാണാൻ കഴിയും. അവിടെ ഉള്ളവരുടെ കുടിവെള്ളമാണ് ഇത്‌ എന്ന് അവിടെ ഉള്ള ഒരു ചെറിയ എഴുത്തു കണ്ടപ്പോൾ മനസിലായി. കൂടാതെ രണ്ട് പൈപ്പുകളും അതിൽ നിന്നും പോകുന്നുണ്ട്. കല്ല് പാകിയ പോലുള്ള വഴിയാണ് മുന്നിൽ. ഇരു വശത്തുകൂടിയും ചെറിയ രീതിയിൽ ഉള്ള നീരോഴുക്കു കാണാൻ കഴിയും. അതെല്ലാം അവസാനിക്കുന്നത് തൊട്ടു താഴെ കാണുന്ന കുളത്തിലാണ്.

മുന്നോട്ട് നടക്കുമ്പോ ഇടത് വശത്തായി ഒരു ഗുഹ അല്പം മുകളിലായി കാണാൻ കഴിയും. അതിലേക്കുള്ള വഴി എന്നോണം ഒരു വലിയ മരത്തിന്റെ വേരുകൾ താഴെ വരെ എത്തിയിട്ടുണ്ട്. മഴ പെയ്ത ഈ അവസരത്തിൽ ആ വഴി തിരഞ്ഞെടുക്കുന്നത് ബുദ്ധിമോശം ആയതിനാൽ താഴെ നിന്നുള്ള ഗുഹ നിരീക്ഷണം മതി എന്നു മനസ് പറഞ്ഞു. വലിയ മരങ്ങൾ തന്നെയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. അതിന്റെ ഭംഗി കൂട്ടുന്ന തരത്തിൽ നിലത്തു പടർന്നു കിടക്കുന്ന വേരുകളും.

ഈ കാഴ്ചകൾ കാണുമ്പോഴും തൊട്ടു താഴെ നിറഞ്ഞു നിൽക്കുന്ന നീല കുളത്തിലേക്കും ഇടക്ക് എന്റെ കണ്ണ് പോകുന്നുണ്ടായിരുന്നു. വെള്ളം ഒഴുകുന്ന ചെറിയ പടികളിലൂടെ താഴേക്ക് നടന്നു. മനോഹരം എന്നല്ലാതെ മറ്റൊരു വാക്ക് അതിനെ പറ്റി പറയാൻ സാധിക്കില്ല. കാവലായി നിൽക്കുന്ന കൂറ്റൻ മരങ്ങൾക്ക് താഴെ അവരുടെ തണലിൽ നിറഞ്ഞു നിൽക്കുന്ന കുളം.
അതിന്റെ നിറം തന്നെയാണ് അതിന്റെ പ്രധാന ആകർഷണം.

കുളത്തിന്റെ വശത്തുള്ള മരങ്ങളുടെ വേര് മണ്ണിൽ പടർന്നു കിടക്കുന്നതും മറ്റൊരു കാഴ്ച്ചയാണ്. പക്ഷെ മരങ്ങൾക്കിടയിലെ മറ്റൊരു കാഴ്ച ഏറെ നിരാശപ്പെടുത്തി. പ്ലാസ്റ്റിക്, മദ്യ കുപ്പി തുടങ്ങിയവ അതിൽ ഉണ്ടായിരുന്നു. എത്ര പറഞ്ഞാലും അറിഞ്ഞാലും അനുസരിക്കാൻ കഴിയാത്ത ഒരു വിഭാഗം ആയി മലയാളികൾ മാറി എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു ഇത്തരം കാഴ്ചകൾ.

ആ കാഴ്ചകൾ അധികം നേരം ആസ്വദിക്കാൻ മഴ അനുവദിച്ചില്ല. കയറി നിൽക്കാൻ ഒരിടം പോലും ഇല്ലാത്തതിനാൽ കൂടുതൽ അവിടെ നിക്കാനും ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷെ ആ പെയ്യുന്ന മഴ തന്നയാണ് അതിന്റെ ഭംഗി കൂടുതൽ ആക്കുന്നത് എന്ന് അറിയുമ്പോ അതൊരു വിഷയമല്ലാതായി മാറും. പക്ഷെ കയ്യിലുള്ള ക്യാമറക്ക് ഈ കാര്യം ഒന്നും അറിയില്ലല്ലോ എന്ന് ഓർത്തപ്പോൾ വൈകാതെ തന്നെ പ്രകൃതി ഒരുക്കിയ ഈ കാഴ്ചകളോട് വിട പറഞ്ഞ് അടുത്ത സ്ഥലത്തേക്ക് നീങ്ങി.

എഴുത്ത് – വൈശാഖ് കീഴേപ്പാട്ട്. വീഡിയോ കാണാം – https://youtu.be/jHzZZws_Yyc .