ശ്രീലങ്കൻ എയർലൈൻസിൽ ഒരു ബിസിനസ്സ് ക്ലാസ്സ് യാത്ര റിവ്യൂ..

വയനാട് ട്രിപ്പ് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യ ശ്വേതയുടെ പനിയൊക്കെ മാറിയിരുന്നു. പിന്നീട് ഞങ്ങളുടെ അടുത്ത യാത്ര ബഹ്റൈനിലേക്ക് ആയിരുന്നു. ശ്വേതയുടെ അച്ഛനും അമ്മയും ബഹ്‌റൈനിൽ ആണ് താമസം. അവരുടെ അടുത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര.

കൊച്ചിയിൽ നിന്നും ബഹ്‌റൈനിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ ബുക്ക് ചെയ്തത് ശ്രീലങ്കൻ എയർലൈൻസിൽ ആയിരുന്നു. കൊച്ചിയിൽ നിന്നും കൊളംബോയിലേക്കും പിന്നീട് അവിടെ നിന്നും ബഹ്റൈനിലേക്കും ആയിരുന്നു ഞങ്ങളുടെ യാത്രാ റൂട്ട്.

ശ്രീലങ്കൻ എയർലൈൻസിനെക്കുറിച്ച് പറയുകയാണെങ്കിൽ ശ്രീലങ്കയുടെ നാഷണൽ കാരിയർ ആണ് ഈ എയർലൈൻസ്. ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിയൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നു. ശ്രീലങ്കയുടെ യഥാർത്ഥ പതാക വാഹക എയർലൈനായ എയർ സീലോൺ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ശേഷം, 1978-ൽ എയർ ലങ്ക എന്നാ പേരിലാണ് ശ്രീലങ്കൻ എയർലൈൻസ് സ്ഥാപിക്കപ്പെട്ടത്. 1998-ൽ എമിരേറ്റ്സ് ഭാഗികമായി എയർലൈൻ സ്വന്തമാക്കിയപ്പോൾ ശ്രീലങ്കൻ എയർലൈൻസ് എന്ന് പുനർനാമം ചെയ്തു. എമിറേറ്റ്സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച ശേഷവും അതേ ലോഗോയും പേരും തന്നെയാണ് എയർലൈൻ ഇപ്പോഴും ഉപയോഗിക്കുന്നത്.

എക്കൊണോമി ക്ലാസിൽ എടുത്ത ടിക്കറ്റ് ഞങ്ങൾക്ക് ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്ത ലഭിക്കുകയായിരുന്നു. ഞാൻ ആണെങ്കിൽ ഇതുവരെ ബിസ്സിനസ്സ് ക്‌ളാസിൽ യാത്ര ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ യാത്രാദിവസം ഞങ്ങൾ കൊച്ചി എയർപോർട്ടിൽ എത്തിച്ചേർന്നു. ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർക്കായി സ്പെഷ്യൽ ക്യൂ ആയിരുന്നു എയർപോർട്ടിൽ ഉണ്ടായിരുന്നത്. ഞങ്ങളുടെ ചെക്ക് ഇൻ നടപടികൾ എളുപ്പത്തിൽ കഴിഞ്ഞു. എമിഗ്രെഷൻ ചെക്കിംഗുകൾ കഴിഞ്ഞശേഷം ഞങ്ങൾ ഫുഡ് കോർട്ടിൽ  ചെല്ലുകയും ലഘുഭക്ഷണങ്ങൾ കഴിക്കുകയും ചെയ്തു.

ബിസ്സിനസ്സ് ക്ലാസിൽ ആദ്യ യാത്രയായിരുന്നതിനാൽ ഞാൻ നല്ല പ്രതീക്ഷയിൽ ആയിരുന്നു. ബോർഡിംഗ് സമയമായപ്പോൾ ഞങ്ങൾ ഗേറ്റിനരികിലേക്ക് നീങ്ങി. ഗേറ്റിലെ ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഞങ്ങൾ വിമാനത്തിലേക്ക് നടന്നു. ചില്ലു ഭിത്തിയുടെ പുറത്തേക്ക് നോക്കിയപ്പോൾ അതാ കിടക്കുന്നു ഞങ്ങളുടെ വിമാനം – ശ്രീലങ്കൻ എയർലൈൻസ് എയർബസ് 330 മോഡൽ. ശ്രീലങ്കൻ ആതിഥ്യ മര്യാദയോടെയായിരുന്നു ജങ്ങളുടെ വിമാനത്തിലേക്ക് ജീവനക്കാർ സ്വീകരിച്ചത്. സാരി ആയിരുന്നു എയർഹോസ്റ്റസുമാരുടെ വേഷം. നമ്മളുടേതിൽ നിന്നും വ്യത്യസ്തമായി പ്രത്യേക രീതിയിൽ ആയിരുന്നു അവർ സാരി ധരിച്ചിരുന്നത്.

ഞങ്ങളുടെ സീറ്റുകളിൽ ഇരിക്കുവാൻ തുടങ്ങിയപ്പോൾ ഒരു എയർഹോസ്റ്റസ് വെൽക്കം ഡ്രിങ്കുമായി എത്തിച്ചേർന്നു. ശ്വേത മംഗോ ജ്യൂസും ഞാൻ ആപ്പിൾ ജ്യൂസും ആയിരുന്നു എടുത്തത്. ഡ്രിങ്ക്സ് കഴിച്ചതിനു ശേഷം ബിസ്സിനസ്സ് ക്ലാസിലെ വിശേഷങ്ങൾ പകർത്തുവാനായി ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു. ഏഴു റോകളിലായി മൊത്തം 28 സീറ്റുകളായിരുന്നു ആ വിമാനത്തിലെ ബിസ്സിനസ്സ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ജനാലയ്ക്കരികിൽ സിംഗിൾ സീറ്റുകളും നടുക്കായി ഇരട്ട സീറ്റുകളുമാണ് സജ്ജീകരിച്ചിട്ടുണ്ടായിരുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കു സൈഡ് സീറ്റുകളും കപ്പിൾസ് ആയി യാത്ര ചെയ്യുന്നവർക്ക് നടുവിലെ സീറ്റുകളും ബുക്ക് ചെയ്യാവുന്നതാണ്.

മുൻപിലെ സീറ്റിനു പിന്നിലായി അതായത് നമ്മുടെ മുന്നിലായി ടച്ച് സ്ക്രീനും റീഡിംഗ് ലാമ്പും ഉണ്ടായിരുന്നു. സ്‌ക്രീൻ നോക്കിയപ്പോൾ പല ഭാഷകളിലുള്ള സിനിമകളും പാട്ടുകളും അതിൽ ലഭ്യമായിരുന്നു. ഓരോ സീറ്റിനും ഓരോ ഹെഡ്സെറ്റും ഉണ്ടായിരുന്നു. ഇത് കൂടാതെ നമ്മുടെ വിമാനം സഞ്ചരിക്കുന്ന ലൈവ് ദൃശ്യങ്ങൾ ഈ സ്‌ക്രീനിലൂടെ നമുക്ക് കാണാവുന്നതാണ്. ലാപ്ടോപ്പും മൊബൈലുകളും ഒക്കെ ചാർജ്ജ് ചെയ്യാവുന്ന പോർട്ടുകളും ഓരോ സീറ്റിനരികിലും ലഭ്യമായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യുവാൻ പോകുന്നു എന്നുള്ള പൈലറ്റിന്റെ അറിയിപ്പ് വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങൾ ഞങ്ങൾ സ്‌ക്രീനിലൂടെ നോക്കിയിരുന്നു. മുഴുവനായും പൊങ്ങിക്കഴിഞ്ഞപ്പോൾ പിന്നെ ദൃശ്യങ്ങളൊന്നും കാണാതെയായി. മേഘങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുന്നത് കൊണ്ടാണ് ഒന്നും ദൃശ്യമാകാതിരുന്നത്.

കൊച്ചിയിൽ നിന്നും കൊളംബോ വരെ 50 മിനിറ്റു നേരത്തെ യാത്രയുണ്ട്. ഞങ്ങൾ യാത്രയ്ക്കിടെ ഭക്ഷണമൊക്കെ ആസ്വദിച്ചു കഴിച്ചു. എന്തായാലും ബിസ്സിനസ്സ് ക്ലാസ്സ് യാത്ര അടിപൊളിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കൃത്യ സമയത്തു തന്നെ ഞങ്ങളുടെ വിമാനം കൊളംബോയിൽ ലാൻഡ് ചെയ്തു. ഞങ്ങൾ വിമാനത്തിൽ നിന്നും ടെര്മിനലിലേക്ക് ഇറങ്ങി.

ഇനി കൊളംബോയിൽ നിന്നും ബഹ്റൈനിലേക്കാണ് ഞങ്ങൾക്ക് പോകേണ്ടത്. ഞങ്ങൾ ബിസ്സിനസ്സ് ക്ലാസ്സിന്റെ ബോർഡിംഗ് പാസ്സ് വാങ്ങി സെക്യൂരിറ്റി ചെക്കിംഗുകൾ ഒക്കെ കഴിഞ്ഞു ഗേറ്റിനരികിലേക്ക് നടന്നു. കൊളംബോയിൽ നിന്നും ഞങ്ങളുടെ യാത്ര ഒരു എയർബസ് 321 വിമാനത്തിൽ ആയിരുന്നു. ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു ഇതിലെ ബിസ്സിനസ്സ് ക്ലാസ്സ്. ആദ്യത്തെ വിമാനം ആയിരുന്നു കിടിലൻ. എന്നാലും എക്കണോമി ക്‌ളാസിനേക്കാൾ ഭേദമാണ് ഇതിൽ. ബാക്കി കാര്യങ്ങളൊക്കെ ഇതിലും സമാനമായിരുന്നു.

വിമാനം യാത്രയാരംഭിച്ചപ്പോൾ ഓർഡർ എടുക്കുവാനായി എയർഹോസ്റ്റസ് വന്നെത്തി. ചുമ്മാ ഒരു രസത്തിനു വേണ്ടി ഞാൻ അൽപ്പം മദ്യം ഓർഡർ ചെയ്യുകയുണ്ടായി. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ് എന്ന കാര്യം ഞാൻ എല്ലാവരെയും ഓർമ്മപ്പെടുത്തുകയാണ്. ഫ്ളൈറ്റിലെ ഭക്ഷണം ഒക്കെ അടിപൊളിയായിരുന്നു. എയര്ഹോസ്റ്റസുമാരുടെ സർവ്വീസും സ്തുത്യർഹമായിരുന്നു. ബഹ്റൈനിലേക്ക് ഏകദേശം 5 മണിക്കൂർ നേരം യാത്രയുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്ഷീണം കാരണം ഞങ്ങൾ രണ്ടുപേരും ഉറക്കമാരംഭിച്ചു.

വിമാനം ലാൻഡ് ചെയ്യുവാൻ പോകുന്നു എന്നുള്ള പൈലറ്റിന്റെ അറിയിപ്പ് കേട്ടാണ് പിന്നീട് ഞങ്ങൾ ഉറക്കമുണർന്നത്. വിൻഡോയിലൂടെ നോക്കിയപ്പോൾ താഴെ ബഹറിൻ ദ്വീപുകളുടെ മനോഹരമായ രാത്രിദൃശ്യം ഞങ്ങളെ വരവേറ്റു. വിമാനം ലാൻഡ് ചെയ്തയുടനെ ഞങ്ങൾ ടെർമിനലിലേക്ക് നീങ്ങി. എമിഗ്രെഷൻ നടപടികളൊക്കെ കഴിഞ്ഞു ബാഗേജ് ഒക്കെ കളക്ട് ചെയ്തതിനു ശേഷം ഞങ്ങൾ ടെർമിനലിന് പുറത്തേക്ക് നടന്നു. അവിടെ ഞങ്ങളെക്കാത്ത് ശ്വേതയുടെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു. ഒപ്പം കുറച്ചു ബഹ്‌റൈൻ സുഹൃത്തുക്കളും ഞങ്ങളെ വരവേൽക്കുവാനായി എയർപോർട്ടിൽ എത്തിയിരുന്നു. കുറച്ചു സമയത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും ഒപ്പം താമസസ്ഥലത്തേക്ക് യാത്രയായി.