നന്ദി.. സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..

എഴുത്ത് – Padmakumar Manghat.

കൊച്ചി മെട്രോയിൽ ഇന്ന് ആദ്യമായല്ല ഞാൻ യാത്ര ചെയ്യുന്നത്. പക്ഷെ ഈ കുറിപ്പ് കൊച്ചി മെട്രോക്ക് ഹൃദയം കൊണ്ട് ഞാൻ പ്രകാശിപ്പിക്കുന്ന ഒരു സ്നേഹവും നന്ദിയും കൂടിയാണ്. കുറച്ചു നാളായി കൊച്ചിയിൽ ജീവിച്ചു വരുന്ന എല്ലാവർക്കുമറിയാം, ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും യാത്രക്ലേശങ്ങളും.. \

ഇന്ന് വൈകിട്ട് 6.30 ന് പനമ്പിള്ളിനഗറിൽ നിന്ന് എനിക്ക് 7മണിക്ക് ഇടപ്പള്ളി എത്തിച്ചേരേണ്ട അത്യാവശ്യം. ഒരു ഊബർ ടാക്സിയാണ് try ചെയ്തത്. 370 രൂപയും 70 മിനിറ്റ് സമയവും ആണ് ആവശ്യപ്പെട്ടത്. അതു നൽകാൻ കഴിയാത്തതു കൊണ്ട് കടവന്ത്ര സ്റ്റേഷനിൽ നിന്ന് മെട്രോ കയറി. 40 രൂപയും 20 മിനിറ്റും മാത്രമെടുത്ത് കൊച്ചി മെട്രോ എന്നെ ഇടപ്പള്ളിയിൽ എത്തിച്ചു.

ആവശ്യമാണ് ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന തിയറി കടമെടുത്താൽ 40 അല്ല, അതിന്റെ പത്തിരട്ടിയാണ് മെട്രോക്ക് ഞാൻ നൽകേണ്ടത്. പൊതുഗതാഗതത്തിൻറെ മേന്മയും അത് ഉപയോഗപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും സ്വന്തം അനുഭവത്തിലൂടെ ഞാൻ പങ്കുവെക്കുന്നു, ഒരിക്കൽ കൂടി നന്ദി, സ്നേഹം.. പ്രിയപ്പെട്ട കൊച്ചി മെട്രോ..😍

കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്‍.എല്‍ വാട്‌സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്‌സാപ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതില്‍ നിന്ന്് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ അനായാസം തിരഞ്ഞെടുത്ത് അറിയാം.

പൊതുവായ അന്വഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്‌സാപ് സേവനം ഉപയോഗിക്കാം. കെ.എം.ആര്‍.എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളിൽ വർധിപ്പിക്കും.

മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്വൂആര്‍കോഡ് സ്‌കാന്‍ചെയും ഈ സേവനം ഉപയോഗിക്കാം.ഫോണിലൂടെ നേരിട്ടും, ഇമെയില്‍ വഴിയും, കസ്റ്റമര്‍കെയര്‍ സെന്ററുകള്‍ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മേട്രൊ നവീന സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിപുലമായ ഉപഭോക്തൃസേവനം വാട്‌സാപ് പ്ലാറ്റ്‌ഫോമിലൂടെ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.