കൊച്ചിയിൽ നിന്നും ‘ആനപ്പാറ’യിലേക്ക് ഒരു വെളുപ്പാൻകാല യാത്ര…

വിവരണം – ആര്യ ഷിജോ (Travel Couple).

A Morning Ride To ആനപ്പാറ_ ഏഴല്ലൂർ_ തൊടുപുഴ… പഠിച്ചോണ്ടിരുന്ന സമയത്തൊക്കെ ഏറ്റവും ഇഷ്ടം വെള്ളിയാഴ്ചകളോടായിരുന്നു., ഇനി രണ്ടു ദിവസം അവധി എന്ന് ഓർക്കുമ്പോ തന്നെ കുളിര് കോരുമായിരുന്നു. പഠനം കഴിഞ്ഞ് ജോലിക്ക് കേറിയേ പിന്നെ വെള്ളിയാഴ്ച കുളിര് ശനിയിലേക്ക് Transfer ചെയ്തു. അങ്ങനെ പിന്നേം ഒരു ശനിയാഴ്ച എത്തി.

“നല്ല കുളിരോട് കൂടി നാളെ ഉച്ചിയിൽ വെയിലടിക്കും വരെ ഉറങ്ങാൻ പറ്റണേ…” എന്ന് ദൈവം തമ്പുരാനൊരു അപേക്ഷയും കൊടുത്ത് പുതപ്പിന്റെ അടിയിലേക്ക് നൂളാൻ പോയ എന്നെ ‘നമുക്ക് ഒരു Trip പോകാം’ എന്ന അശരീരി പിടിച്ച് നിറുത്തി! അശരീരിയുടെ ഉറവിടം എന്റെ പ്രിയ ഭർത്താവ് ആയതു കൊണ്ടും.. വരില്ലെന്ന് പറഞ്ഞാൽ സന്തോഷമായിട്ട് ഒറ്റക്ക് പോകും എന്നുള്ളത് കൊണ്ടും കയ്യിലിരുന്ന പുതപ്പിനെ ചുരുട്ടി എറിഞ്ഞ് ഞാൻ ബാഗ് പാക്ക് ചെയ്യാൻ ഓടി!

ഒരു കുപ്പിവെള്ളവും അത്യാവശ്യം സാധനങ്ങളുo ഒരു കുഞ്ഞ് ബാഗിലാക്കി തിരിച്ച് വന്നപ്പോഴാണ് വെളുപ്പിന് മൂന്നരക്കാണ് പോകുന്നതെന്ന് പറഞ്ഞത്. ഇപ്പോ 12 മണി കഴിഞ്ഞതേ ഉള്ളു. ഏതായാലും കിട്ടിയ സമയത്ത് ഒരു പൂച്ച ഉറക്കവും പാസ്സാക്കി. നേരത്തെ എഴുന്നേറ്റ് എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും ചോദിക്കാതെ ഞാൻ പുള്ളിക്കാരന്റെ ബൈക്കിൽ കയറി വിചാരിച്ച സമയത്തിനു മുമ്പേ ഞങ്ങൾ കൊച്ചി വിട്ടു…

ഞായറാഴ്ചയും ആ സമയം വഴി ഏറെക്കുറെ വിജനമായിരുന്നു…. ഡിസംബറിന്റെ വരവ് അറിയിച്ചു കൊണ്ട് പലയിടങ്ങളിലും വർണ കടലാസിലും ലൈറ്റിലും തീർത്ത നക്ഷത്ര കുഞ്ഞുങ്ങൾ മഞ്ഞിൽ കുതിർന്ന് നിൽപ്പുണ്ടായിരുന്നു.

മൂവാറ്റുപുഴയിൽ നിന്നു ചൂട് കട്ടനും ഊതി കുടിച്ചോണ്ടിരുന്നപ്പോഴാണ് തൊടുപുഴയിലെ ഏഴല്ലൂരിലെ ആനപ്പാറയിലേക്കാണ് ഈ യാത്രയെന്നും പറഞ്ഞ് എന്റെ പങ്കാളി എനിക്ക് സഞ്ചാരിയിലെ Post കാണിച്ചത്. ആ Post ഇട്ട Ratheesh Thodupuzha എന്ന തൊടുപുഴക്കാരൻ ചേട്ടനെ ഇന്നലെ തന്നെ Contact ചെയ്ത് details എടുത്തിട്ടാണ് ഈ യാത്രയെന്ന് ഞാൻ അപ്പോഴാ അറിഞ്ഞത്.

ഈ സ്ഥലം തൊടുപുഴയിലെ മീശപ്പുലിമല എന്ന പേരിൽ ഇപ്പോൾ star ആയി നില്ക്കുന്ന കോടപ്പാറയിൽ നിന്നും ഏകദേശം 7 km അടുത്താണ്…. (ഒരാഴ്ച മുൻപ് കോട്ടപ്പാറയിൽ പോയി വന്നിട്ട് ഫോട്ടോയിൽ കാണുന്ന മഞ്ഞും മേഘോം ഒന്നും ഇല്ലാന്ന് പറഞ്ഞ ആളാണ് അതിന്റെ അയൽവാസിയെക്കാണാൻ ഈ കൊച്ചുവെളുപ്പാൻ കാലത്ത് പായുന്നതെന്ന് ഓർത്തപ്പോൾ എന്റെ നഷ്ടപ്പെട്ട ഉറക്കത്തെ അറിയാണ്ട് ഓർത്തു പോയി!) Ratheesh Thodupuzha യെ വിളിച്ചപ്പോൾ പുള്ളിയും കൂട്ടുകാരും ഇന്നലെ മുതൽ ആനപ്പാറയിൽ camp ചെയ്യുവാണെന്നും പഞ്ഞി കെട്ട് പോലത്തെ മേഘമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നും വലിയ പ്രതീക്ഷ ഒന്നും വേണ്ടാന്നും പറഞ്ഞത്ര!

അങ്ങനെ അടഞ്ഞുകിടന്നിരുന്ന ഒരു കടയുടെ ഒഴിഞ്ഞ തിണ്ണയിലിരുന്ന് ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചിറങ്ങി. ഏഴല്ലൂരിലെ ശാസ്താ ക്ഷേത്രവും റബ്ബർ തോട്ടങ്ങളും കുഞ്ഞ് വീടുകളേയും പിന്നിലാക്കി ഞങ്ങൾ ആനപ്പാറയിലേക്കുള്ള വഴിയിലെത്തി! ശകടം ഇവിടെ വരെയുള്ളൂ. ഞങ്ങൾക്ക് മുന്നേ വന്നവരുടെ ശകടങ്ങളായിരുന്നു റോഡ് മുഴുവൻ… വെളിച്ചം വീണ് തുടങ്ങാത്ത ആ മലഞ്ചെരിവിലൂടെ നീണ്ട് നിൽക്കുന്ന പുല്ലുകളേയും കാട്ടുചെടികളേയും വകത്ത് മാറ്റി ഞങ്ങൾ മല കയറി… പറയത്തക്ക വഴിയൊന്നുമില്ലായിരുന്നെങ്കിലും ആളുകൾ നടന്ന് ചതഞ്ഞ പുല്ലുകൾ ഞങ്ങൾക്ക് വഴികാട്ടി…

ഇഞ്ചിപുല്ലിന്റേയും കമ്മ്യൂണിസ്റ്റ് പച്ചയുടേയുo ഗന്ധം ആകാട്ടിൽ ഞങ്ങളെ പിന്തുടർന്നു. ഏകദേശം 300 മീറ്ററോളം കയറി ഞങ്ങൾ പാറക്കെട്ടിന് മുകളിലെത്തി. നടന്ന് തളർന്ന ഞങ്ങളെ ഒഴുകി വന്നൊരു ഇളം കാറ്റ് തലോടി കടന്നു പോയി. പരന്നു കിടക്കുന്ന പാറക്കെട്ടും ഇരുൾ മുടിയ താഴവാരവും നേർത്ത മേഘപടലങ്ങളുമെല്ലാം അതി മനോഹരമായ ഒരു കാഴ്ചയായിരുന്നു അവിടെ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. യാതൊരു പ്രതീക്ഷയുമില്ലാണ്ടെത്തിയ ഞങ്ങളെ കാത്തു നിന്നത് കാഴ്ചയുടെ സ്വർണനൂലുകളായിരുന്നു.

ആ മായ കാഴ്ചയിൽ നിന്ന് കണ്ണൊന്ന് തെറ്റിയപ്പോഴാണ് നമ്മുടെ തൊടുപുഴക്കാരൻ രെതീഷ് ചേട്ടന്റെയും ചങ്ക്സിന്റേ  ടെൻറ് കണ്ടത്. ആ ടെന്റുകൾ വലിച്ച് കെട്ടിയിരിക്കുന്നത് കരിസ്മ ബൈക്കിലും… ഒന്നു നടന്ന് കയറിയപ്പോൾ ‘പത’ വന്ന ആ കാട്ടുവഴിയിലെ കേറ്റത്തിൽ കൂടി അവര് ബൈക്ക് കയറ്റിയ തോർത്തപ്പോൾ ഞങ്ങളുടെ കണ്ണ് തള്ളി.

ഞങ്ങളുടെ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാ യൂത്തൻമാരും അത്ഭുതത്തോടെ ആ ബൈക്കുകളെ നോക്കുന്നുണ്ടാർന്നു. പരിചയപ്പെട്ടപ്പോൾ രെതീഷ് ചേട്ടൻ ഞങ്ങളെ ശരിക്കുള്ള ആനപ്പാറ കാണിച്ചു തന്നു. ആനയുടെ ആകാരത്തിലുള്ള ഒരു പാറയാണ് അതെന്നും താഴെ ഒരു ഭാഗത്തു നിന്നും നോക്കുമ്പോൾ അത് വ്യക്തമാകും എന്നും അറിയാൻ കഴിഞ്ഞു. ആനപ്പാറയിൽ കയറാൻ സാധിക്കുമെങ്കിലുo അപകട സാധ്യത ഉള്ളതിനാൽ ആ ശ്രമം ഉപേക്ഷിച്ച് ഞങ്ങൾ സൂര്യോദയം കാണാൻ ഒരു ഭാഗത്ത് നിലയുറപ്പിച്ചു.

അല്പം കഴിഞ്ഞപോൾ ഇരുളിനെ പതിയെ തലോടിക്കൊണ്ടെന്നപ്പോൽ കടും വർണത്തിൽ തിളങ്ങുന്ന പൊൻ കിണ്ണം കിഴക്കുഭാഗത്ത് ദൃശ്യമായി… നിമിഷങ്ങൾക്കകം ഒരു സ്വർണ പ്രകാശം ഞങ്ങളെ വലയം ചെയ്തു… സ്വർണനൂലുകൾ ഇഴ നെയ്ത പോലെ പാറക്കെട്ടുകൾ മുഴുവൻ ശോഭിതമായി… പരന്നു കിടക്കുന്ന പാറക്കെട്ടും നേർത്ത മേഘങ്ങളുo അടിവാരത്തിലെ നോക്കാത്ത ദൂരത്തോളമുള്ള പച്ച പരവതാനിയും കൺമുന്നിൽ തെളിഞ്ഞു വന്നു… മഞ്ഞിന്റെ തണുപ്പുള്ള കാറ്റിൽ 🌬ഇളകുന്ന ചെറിയ പുൽനാമ്പുകൾ പോലും ആ പുലരിയെ അതി മനോഹരിയാക്കി..

ഓരോ യാത്രയും വ്യത്യസ്തമാണ്…. ഓരോ കാഴ്ചയും പുതിയതാണ്… ഓരോ പുതിയ കാഴ്ചയും ഇതാണ് അതി മനോഹരമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിനെക്കാൾ മനോഹരമായതെന്തോ എവിടെയോ ഉണ്ടെന്ന മറ്റൊരു തോന്നലാണ് അടുത്ത യാത്രക്കുള്ള ഊർജം… അങ്ങനെ സ്വർണനൂലുകൾ കൊണ്ടുള്ള പുലരി സമ്മാനിച്ച അടുത്ത യാത്രക്കുള്ള ഊർജവുമായി ഞങ്ങൾ ആനപ്പാറയോട് വിട പറഞ്ഞു….

Route:- തൊടുപുഴ- ഏഴല്ലൂർ ശാസ്താവ് അമ്പലം- ഏഴല്ലൂർ ആനപ്പാറ.