ലോക്കൽ യാത്രയ്ക്കായി സ്ഥിരം ഉപയോഗിച്ചിരുന്നത് സൂപ്പർ എക്സ്പ്രസ്സ്; ബസ് സഞ്ചരിക്കുന്ന ദൂരം അറിഞ്ഞപ്പോൾ ഞെട്ടൽ..

ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. ദൂരയാത്രകൾ ചെയ്തില്ലെങ്കിലും ലോക്കൽ യാത്രകൾക്കെങ്കിലും കെഎസ്ആർടിസി ഉപയോഗിക്കുന്നവരുണ്ട്. ഇവരിൽ പലരും ഓർഡിനറി ബസ്സുകളായിരിക്കും ഇത്തരം ലോക്കൽ യാത്രകൾക്ക് ഉപയോഗിക്കാറുള്ളത്. മിക്കയാളുകളും ഇങ്ങനെ ചെറിയ ദൂരത്തേക്ക് യാത്ര പോകുമ്പോൾ കയറുന്ന ബസ് എവിടെ നിന്നും വരുന്നതാണെന്നോ എവിടേക്ക് പോകുന്നതാണെന്നോ എത്ര ദൂരം സഞ്ചരിക്കുന്നതാണെന്നോ ഒന്നും ഓർക്കാറില്ല. ഇങ്ങനെ ലോക്കൽ യാത്രയ്ക്ക് സൂപ്പർ എക്സ്പ്രസ്സ് ഉപയോഗിച്ച കഥയാണ് കണ്ണൂർ സ്വദേശിയായ അഭിലാഷ് മാരാർക്ക് പറയാനുള്ളത്. അഭിലാഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“പുലർച്ചെ 4.45 ന്റെ ട്രെയ്നിനെങ്കിലും കണ്ണൂരിൽ നിന്ന് വിട്ടാലേ പത്തുമണിക്കൊക്കെ എറണാകുളത്തു എത്തുള്ളു. രാത്രി എറണാകുളത്തെത്തി താമസിക്കാൻ ഒക്കെ ബുദ്ധിമുട്ടാണെന്നതിനാൽ ആവിശ്യങ്ങൾക്കായി തെക്കോട്ടേക്ക് പോകുന്നതൊക്കെ പുലർച്ചെയുള്ള ട്രെയ്നിനാണ്. ഒരു നാല് വർഷം മുൻപ് എനിക്ക് ടു വീലർ എന്നുപറയാൻ ആകെയുള്ളത് ഒരു സൈക്കിൾ മാത്രമുള്ള കാലം. ഇരുപതോളം കിലോമീറ്റർ സഞ്ചരിച്ചാലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ എത്തുള്ളു. ഒരു വണ്ടി ഉണ്ടെങ്കിൽ അരമണിക്കൂർ കൊണ്ട് വീട്ടിൽ നിന്ന് സ്റ്റേഷൻ എത്താമെന്നിരിക്കെ ഞാൻ 4.45 ന്റെ ട്രെയിനിന് വീട്ടിൽ നിന്ന് രണ്ടരയ്ക്ക് ഇറങ്ങി ധർമ്മശാല ഹൈവേയിൽ പോയി നിൽക്കും.

“രാത്രിയൊക്കെ ഇഷ്ട്ടം പോലെ ആനവണ്ടി ഉണ്ടെടാ” എന്ന അച്ഛന്റെ വാക്ക് വിശ്വസിച്ചാണ് ആദ്യമായി ഈ യാത്ര തുടങ്ങുന്നത്. അന്ന് വെളുപ്പിന് രണ്ടേമുക്കാലിനോ മറ്റോ ധർമ്മശാല എത്തി നിന്നു. കുറെ വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. സത്യംപറഞ്ഞാൽ അന്ന് ലിഫ്റ്റ് അടിച്ചുപോകാൻ പേടിയായതുകൊണ്ട് അച്ഛൻ പറഞ്ഞ “ഇഷ്ടംപോലെ ഉള്ള ആനവണ്ടി”യെ കാത്തിരുന്നു. മൂന്നേകാൽ ആകുമ്പഴത്തേക്കും അതാ ഹൈവേയിൽ കൂടെ പറന്നു വരുന്നു ഒരു KSRTC സൂപ്പർ എക്സ്പ്രസ്സ്.

“കൊട്ടാരക്കര” എന്ന ബോർഡ് ഉള്ള ആ ബസ് പിന്നീട് എനിക്ക് 4.45നുള്ള ട്രെയിനിന്റെ കണക്ഷൻ ബസ് ആയി. അങ്ങനെ എന്റെ ധർമശാല – കണ്ണൂർ യാത്രകൾ ഈ ബസ്സിൽ രണ്ടോ മൂന്നോ തവണ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഞാൻ മനസ്സിലാക്കിയത് ഈ ബസ്സ് സഞ്ചരിക്കുന്ന 600 ഓളം കിലോമീറ്ററിൽ 20 കിലോമീറ്റർ മാത്രമാണ് എന്റെ യാത്രയെന്ന്. ഈ ബസ്സ് വടക്കു നിന്നും പാഞ്ഞു വരുന്നത് കാണാം എന്നതല്ലാതെ അതെവിടുന്നാണെന്നു ഞാൻ ശ്രദ്ധിച്ചിരുന്നില്ല. കൊല്ലൂരിൽ നിന്നും നാട്ടിലേക്ക് ഡയറക്റ്റ് KSRTC സർവീസ് സർവീസ് ഉണ്ടെന്നു പോലും ഞാൻ അറിഞ്ഞ നിമിഷമായിരുന്നു അത്.

പിന്നെ ഒട്ടും താമസിച്ചില്ല, അതുകഴിഞ്ഞു അടുത്തമാസം തന്നെ ഇതേ ബസ്സിൽ വിട്ടു അങ്ങ് വടക്കോട്ട്, മൂകാംബിയിലേക്ക്. നല്ല യാത്ര അനുഭവങ്ങൾ മാത്രം സമ്മാനിച്ച ഈ കൊല്ലൂർ – കൊട്ടാരക്കര ശബരി ബസ്സിൽ പിന്നീട് പല സ്ഥലങ്ങളിലേക്കായി യാത്ര നടത്തി. ഇപ്പഴും കൊല്ലൂരിൽ പോകുമ്പോൾ ഗസ്റ്റ്ഹൌസിന്റെ മുന്നിൽ നിർത്തിയിടുന്ന കേരളത്തിന്റെ ഈ കൊലകൊമ്പനെ ഒന്ന് തലോടാറുണ്ട്.”