പോലീസുകാരുടെ കരുതലും വാത്സല്യവും നന്മയുമെല്ലാം ഈ സംഭവത്തിലുണ്ട്

“ഇത് എന്താ ഉണ്ണി സാറെ ബിസ്ക്കറ്റ് ഈ പലചരക്ക് സാധനങ്ങളുടെ കൂടെ ഇടുന്നത്..? സഹപ്രവർത്തകൻ മനോജ് സാർ, ഉണ്ണിസാറോട് ചോദിക്കുമ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അരി, പഞ്ചസാര, ചായപ്പൊടി, കടല തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയ്ക്കാണ് ഉണ്ണി സാർ സ്റ്റേഷനറി കടയിലെ ഏറ്റവും മധുരം ഉള്ള ബിസ്ക്കറ്റ് കൂടി അതിൽ ചേർത്തത്. മനോജ് സാറിന്റെ ചോദ്യത്തിന് ഉണ്ണിസാർ “അത് അവിടെ കിടക്കട്ടെടാ” എന്ന മറുപടിക്കൊപ്പം ഒരു ചിരിയും.

15/04/20 ന് CI സാറിന്റെ ഫോണിലേക്ക് ഒരു വോയിസ് മെസ്സേജ് വന്നു. “സാർ ഞാൻ നാല് മാസം മുൻപ് ഗൾഫിലേക്ക് വന്നതാണ് ഒരു മാസം വീട്ടിലേക്ക് പണം അയച്ചു കൊടുത്തതാ. കഴിഞ്ഞ 2 മാസം വീട്ടിലേക്ക് ഒന്നും അയക്കാൻ പറ്റിയിട്ടില്ല. ഒരുപാട് പ്രാരാബ്ധമായതുകാരണമാണ് സാറെ കടൽ കടന്നത്. മോളുടെ കല്യാണം, പുതിയ ബിസ്സിനസ്സിലെ പരാജയം ആകെ കൂടി സങ്കടക്കടലിൽ നില കിട്ടാതെ ആഴ്ന്നപ്പോൾ ഒരു കച്ചിതുരുമ്പ് എന്നോണം കിട്ടിയ വിസയ്ക്ക് പോന്നതാണ്. ഇവിടെ എത്തി ഒരു മാസത്തിന് ശേഷം കൊറോണ എന്ന മഹാമാരിയിൽ എന്റെ കമ്പനിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു. ഞാനുൾപ്പെടെ ഉള്ള ആളുകൾക്ക് ശമ്പളം തരാൻ കമ്പനിയ്ക്ക് കഴിയുന്നില്ല. എന്റെ കുടുംബം നാട്ടിൽ പട്ടിണിയിലാണ് സാറെ എന്തങ്കിലും ചെയ്യാൻ പറ്റുമോ?”

ആ അസഹനീയമായ ശബ്ദ സന്ദേശം. CI സാർ എന്നെയും മനോജ് സാറെയും വിളിച്ചു പറയുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. അതു പ്രകാരം16/04/20 ന് രാവിലെ ഞാനും മനോജ് സാറും CI സാർ പറഞ്ഞ വീട്ടിൽ എത്തി. വീട്ടിലെ സ്ത്രീ ഞങ്ങളോട് അവരുടെ നിസ്സഹായവസ്ഥ പറയുമ്പോൾ അവരുടെ കണ്ണുനനയാതെ ഇരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. തൊട്ടടുത്ത വീട്ടിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രണ്ട് വീട്ടിലേയും അവസ്ഥകൾ സ്റ്റേഷനിൽ എത്തി CI സാറിനെ അറിയിച്ചു.

CI സാറിന്റെ നിർദ്ദേശപ്രകാരം അവരുടെ വീടുകളിൽ കൊടുക്കാൻ ഭക്ഷണ കിറ്റ് അടുത്തുള്ള പലചരക്ക് കടയിൽ നിന്നും തയ്യാറാക്കുമ്പോഴാണ് ഉണ്ണിസാറിന്റെ ബിസ്ക്കറ്റ് പാക്കിംഗ് ശ്രദ്ധയിൽ പെട്ടത്. ഭക്ഷണം കിറ്റ് റെഡി ആക്കിയതിന് ശേഷവും സാറിന് ഒരു സംതൃപ്തി ഇല്ലാത്തത് പോലെ തോന്നി എനിക്ക് “എന്താ ഉണ്ണി സാറോ ആലോചിക്കുന്നത് ?”

“അതല്ലാ ഗോവി നമ്മൾ ഇവർക്ക് ചോറിനുള്ള അരി മാത്രം വാങ്ങിയാൽ മതിയോ കുറച്ച് പച്ചരി കൂടി വാങ്ങിയാൽ ചായയ്ക്ക് കൂട്ടാമല്ലോ.” “അതിന് ഇനി കുറച്ച് പണം കൂടി വേണ്ടി വരുമല്ലോ സാറെ.” “അത് കുഴപ്പമില്ല ഗോവി.” അങ്ങനെ അന്ന് തന്നെ (16/04/20) ഉച്ചയ്ക്ക് ശേഷം ഞങ്ങൾ ആ വീട്ടിലേക്ക് പുറപ്പെട്ടു.

ഞങ്ങൾ പോലീസ് അവിടെ എത്തിയപ്പോൾ വീട്ടുകാരുടെ മുഖത്ത് ഒരേ സമയത്ത് അമ്പരപ്പാണോ അതോ സന്തോഷമാണോ എന്നറിയില്ല. സാർ ഞങ്ങളെ കാത്ത് നിൽക്കാതെ തന്നെ ഒരു ഭക്ഷണ കിറ്റ് തോളിലേറ്റി വീട്ടിലേക്ക് നടന്നു. അവരുടെ മുന്നിലേക്ക് ഞങ്ങൾ ഭക്ഷണ കിറ്റ് നൽകി.

ഭക്ഷണ കിറ്റ് കുടുംബനാഥ വാങ്ങുമ്പോൾ അകത്തു നിന്നു എന്റെ കുമ്പാരിയുടെ പ്രായമുള്ള ഒരു കുഞ്ഞ് കടന്നുവന്നു. ഉണ്ണി സാർ ഉടനെ ഭക്ഷണ കിറ്റ് തുറന്ന് അതിൽ നിന്നും ബിസ്ക്കറ്റ് പാക്ക് എടുത്ത് പൊട്ടിച്ച് ആ മോൾക്ക് കൊടുത്തു.

അപ്പോൾ ആ കുഞ്ഞിന്റെ മുഖത്തെ സന്തോഷം എങ്ങനെ എനിക്ക് ഇവിടെ പറഞ്ഞറിയിക്കുക എന്നറിയൂല. വല്ലാതെ കൊതിയാകുമ്പോൾ കുമ്പാരിയുടെ ഇഷ്ടമുള്ള മിഠായി വാങ്ങി കൊടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾ വലിയ സന്തോഷം കണ്ടു ഞാൻ ആ കുഞ്ഞു മുഖത്ത്. കാരണം മിഠായി ഏറെ കൊതിക്കുന്നുണ്ടെങ്കിലും പോലീസുകാരായ ഞങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കാതെ കിട്ടിയ സന്തോഷം ആ കുഞ്ഞിൽ എനിയ്ക്ക് തെളിഞ്ഞു കാണാമായിരുന്നു. ചിലപ്പോൾ മധുര പലഹാരങ്ങൾ കഴിച്ചിട്ട് കുറേ ദിവസങ്ങൾ ആയിട്ടുണ്ടാകാം.

രണ്ട് വീടുകളിലും സാധനങ്ങൾ ഏൽപിച്ചതിന് ശേഷം മടങ്ങുമ്പോഴും ഉണ്ണി സാർ അവരുടെ അടുത്ത വീട്ടുകാരുടെ അടുത്തും ഈ വീട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയായിരുന്നു. അടുത്ത വീട്ടുകാരോട് അദ്ദേഹം പറഞ്ഞു ഇവരുടെ കാര്യം ഇടയ്ക്ക് ശ്രദ്ധിക്കണം എന്നും, എന്തങ്കിലും ആവുശ്യമുണ്ടങ്കിൽ സ്റ്റേഷനിലേക്ക് വിളിക്കണം എന്നും കൂട്ടി ചേർത്തു.

സ്റ്റേഷനിലേക്ക് ഞങ്ങൾ തിരിച്ച് വരുമ്പോഴും ആ കുഞ്ഞു മുഖത്തെ സന്തോഷത്തെ കുറിച്ചായിരുന്നു ഞങ്ങളുടെ സംസാരം. പോലീസ് ട്രെയിനിംഗിനിടയിൽ മധുരം കഴിച്ച് പണിഷ്മെന്റ് വാങ്ങിയ മനോജ് സാറിന്റെ രസകരമായ അനുഭവം ഞങ്ങളിൽ നർമ്മത്തേക്കാൾ കൂടുതൽ ചിന്തകൾ പടർത്തി.

അവിടെ നിന്നും സ്റ്റേഷനിൽ എത്തിയതിന് ശേഷം ഉണ്ണി സാർ, “ഗോവി, എനിയ്ക്കറിയുന്ന മറ്റൊരു കുടുംബം ഉണ്ട് ഇവിടെ അവിടെ കൂടി ഒന്ന് പോകണം.” “സാർ അതിന് കിറ്റ് എന്ത് ചെയ്യും? “ഞാൻ കുറേ കാലത്തിന് ശേഷം റേഷൻ കടയിലെ അരി വാങ്ങിയിട്ടുണ്ട്. നമുക്ക് ആ അരിയും അതിന്റെ കൂടെ കുറച്ച് പച്ചക്കറികളും വാങ്ങി പോകാം.”

അവിടെ അവസ്ഥ ഇതിനേക്കാൾ ദയനീയമായിരുന്നു. ഭക്ഷണ കിറ്റ് നൽകിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. “നിങ്ങൾക്കു വെള്ളം കുടിക്കാനെടുക്കട്ടെ” എന്നു ചോദിച്ചു ആ വീട്ടുടമസ്ഥ. “വേണ്ട വരും വഴി കുടിച്ചു” എന്ന ഞങ്ങളുടെ ഉത്തരം കേട്ട് അവർ ഒരു പാത്രത്തിൽ കുറച്ച് ബിസ്ക്കറ്റ് ഞങ്ങൾക്ക് നേരെ നീട്ടി. “സാറെ ഇതേ ഇവിടെ ഒള്ളൂ.” ഞങ്ങൾ ഒരുപാട് വേണ്ട എന്ന് പറഞ്ഞു. ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് ബിസ്ക്കറ്റ് എടുത്ത് ഞങ്ങൾ സ്റ്റേഷനിലേക്ക് മടങ്ങി.

കഴിഞ്ഞ ദിവസം (22/04/20) ബഹു: കൊണ്ടോട്ടി IP SHO ബിജു സാറിന്റെ നിർദ്ദേശ പ്രകാരം വീണ്ടും ഞാനും മനോജ് സാറും ഭക്ഷണ കിറ്റ് കൊടുത്ത പ്രവാസിയുടെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ചെന്നു. അപ്പോൾ അവർ ഞങ്ങളോട് പറഞ്ഞത് കേട്ട് വല്ലാത്ത സന്തോഷം തോന്നി.

“സാർ നിങ്ങൾ വന്നതിനു ശേഷം ഇവിടെ മറ്റ് പല സംഘടനകളും, പ്രവർത്തകരും ഭക്ഷണ കിറ്റും മറ്റും നൽകാൻ വന്നിരുന്നു. അതിൽ ഞങ്ങൾക്ക് ആവശ്യമുള്ളത് മാത്രം ഞങ്ങൾ എടുത്ത് ബാക്കി ഞങ്ങളെ പോലെ ദുരിതം അനുഭവിക്കുന്ന മറ്റു വീടുകളിൽ എത്തിക്കാൻ പറഞ്ഞു.”

ഇതാണ് കേരളം. കഴിഞ്ഞ പ്രളയ സമയത്ത് ഇറങ്ങിയ ഗാനത്തിന്റെ വരികൾ ഓർമ്മ വന്നു – “നൻമയുള്ള ലോകമേ കാത്തിരുന്നു കാണുക… കരളുടഞ്ഞു വീണിടില്ലത് കരളുറപ്പുള്ള കേരളം..”

എത്ര പ്രയാസങ്ങൾ നാം അനുഭവിക്കുമ്പോഴും തന്നെപ്പോലെ തന്നെ ഈ അവസരത്തിൽ തനിക്കു ചുറ്റുമുള്ളവരുടെ പ്രയാസങ്ങൾ കൂടി അറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിച്ച ആ പ്രവാസിയുടെ ഭാര്യയുടെ മനസ്സിനെ പോലെ ഒരുപാട് മനസ്സുകളുള്ളതാണ് നമ്മുടെ ഈ കേരളം. ഈ ഒത്തൊരുമയും ഐക്യവും ഇല്ലായ്മ ചെയ്യാൻ ഒരു മഹാമാരിക്കും സാധിക്കുകയില്ല.

ശബ്ദ സന്ദേശം കേട്ട ഉടനെ ഞങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി Follow up ചെയ്ത ബഹു: IP ബിജു സാറിനും, തനിക്ക് ഉള്ളതിൽ ഒരു ചെറിയ പങ്ക് മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ച പ്രിയ സഹപ്രവർത്തകൻ ഉണ്ണി സാറിനും ഹൃദയത്തിൽ നിന്നും ഒരായിരം സല്യൂട്ട്. Krishnan Unni സാറിനെ പോലെയുള്ള മനസ്സുകൾ ഇനിയും പിറവിയെടുക്കട്ടെ.

ഇതു പോലെ ജനങ്ങൾക്കിടയിൽ ഇറങ്ങി ജനങ്ങളോടപ്പം ജനങ്ങളിൽ ഒരാളായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകർക്ക് ഹൃദയപൂർവ്വം സമർപ്പിക്കുന്നു.

കടപ്പാട് – Njangal Chalakudikkar Media, കൊണ്ടോട്ടി ജനമൈത്രി പോലീസ്.