ആനക്കമ്പം ഉള്ളവർക്ക് ഒരു ദിവസത്തെ ട്രിപ്പ് പോകാവുന്ന കോന്നി ആനക്കൊട്ടിൽ

വിവരണം – Aji Kulathunkal.

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ യാത്രകൾ എപ്പോഴും വിനോദത്തിനു മാത്രമല്ല വിജ്ഞാനത്തിനും വഴി മാറാറുണ്ട്. അത്തരത്തിലുള്ള യാത്ര ഇഷ്ടപ്പെടുന്നവർക്ക് പോകുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ്, കേരള വനംവകുപ്പിന് കീഴിൽ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ആനത്താവളം (ആനക്കൂട്).

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ആനത്താവളം കാണുകയെന്നത് ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. ഒപ്പം മകൻ ആദർശിന്റ നിരന്തരമായുള്ള ആവശ്യവും. അങ്ങനെയാണ് ഞങ്ങൾ രണ്ടാളും കൂടി കോന്നി ആനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്നത്. ഒപ്പം എപ്പോഴും കൂടെയുള്ള ‘ചങ്ക് സിയാസും’.

ഇടുക്കിയിൽ നിന്ന് രാവിലെ തന്നെ പത്തനംതിട്ടയിൽ എത്തി. അവിടെ നിന്നും ഗൂഗിളിന്റെ സഹായത്താൽ കുമ്പഴ വഴി കോന്നി ജംഗ്ഷനിൽ നിന്നും, വലത്തേക്ക് ഉദ്ദേശം 300 മീറ്റർ സഞ്ചരിച്ചപ്പോൾ ആനത്താവളത്തിൽ എത്തിച്ചേർന്നു. റോഡിന്റെ വലതുവശത്തായി വൃത്തിയും ഭംഗിയുമുള്ള മനോഹരമായ കമാനം. കമാനത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ വിശാലമായ പാർക്കിംഗ് ഏരിയ.

രാവിലെ ആയതിനാൽ തിരക്ക് നന്നേ കുറവ്. സുരക്ഷിതമായ ഒരു സ്ഥലത്ത് കാർ പാർക്ക് ചെയ്തതിനുശേഷം, ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു. ആദ്യം കണ്ട കെട്ടിടത്തിനു പുറത്ത്, പ്രവേശന ഫീസും ഒപ്പം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസും വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഒരാൾക്ക് അകത്ത് പ്രവേശിക്കണമെങ്കിൽ 20 രൂപയാണ് ഫീസ്. കുട്ടികൾക്ക് 5 രൂപ. ചെറിയ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് 15 രൂപ. വലുതിന് 50. ആന സവാരിയുമുണ്ട്. രണ്ട് പേർക്ക് 600 രൂപക്ക് 300 മീറ്റർ സഞ്ചരിക്കാം.

ഒൻപത് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വലിയ വ്യക്ഷങ്ങൾ തണൽ വിരിച്ച ശാന്തസുന്ദരമായ പ്രദേശം. അകത്തേക്ക് പ്രവേശിച്ച ഞങ്ങൾക്ക് മുമ്പിൽ, വൃത്തിയുള്ള വഴിയിൽ മനോഹരമായ ടൈൽ പാകിയ വഴി. ആദ്യം ഞങ്ങൾ എത്തിയത് പിഞ്ചു എന്ന് പേരുള്ള ഒരു വയസ്സു പ്രായമുള്ള കുട്ടിയാനയുടെ അടുത്താണ്.

ആനക്കൂട് സ്ഥാപിതമായ 1948 ൽ കമ്പകം (Hopia parvifolia) എന്ന തടി ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ കൂട്ടിലാണ് പിഞ്ചു എന്ന ആനക്കുട്ടിയുടെ വിഹാരകേന്ദ്രം. ആനക്കൂട്ടികൾക്ക് താമസിക്കുന്നതിനു വേണ്ടി പ്രത്യേകം വേർതിരിച്ച കൂടുകളുടെ ഒരു സമുച്ചയം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം.

പിഞ്ചുവിന് സംഗീതം അസ്വദിക്കുന്നതിനായി മനോഹരമായ ഒരു പാട്ട് അവിടെ കേൾക്കുന്നുണ്ടായിരുന്നു. പാട്ടിനനുസരിച്ച് താളത്തിൽ ചുവടുകൾ വെയ്ക്കുന്ന പിഞ്ചുവിനെ കാണുന്നത് നമുക്ക് വലിയ കൗതുകവും ആഹ്ലാദവും ഉണ്ടാക്കും. എന്നാൽ അല്പം കുസൃതി ആയതുകൊണ്ടാവാം പിഞ്ചുവിന്റെ അടുത്തേക്ക് ആളുകളെ കയറ്റുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അടുത്തുചെന്ന് മനോഹരമായ ഒരു ഫോട്ടോ എടുക്കണം എന്ന എൻറെ ആഗ്രഹം നടപ്പിലായില്ല എന്ന് വേണം പറയാൻ.

അവിടെനിന്നും മുൻപോട്ടു പോയ പ്പോൾ വലതുഭാഗത്തായി ‘എലിഫൻറ് കിച്ചൺ’ എന്ന ബോർഡ് തൂക്കിയിരിക്കുന്നു. അതിന് സമീപത്തായി ഷർട്ട് ധരിക്കാത്ത ഒരു ചേട്ടൻ ആനക്ക് വേണ്ടി, വലിയ അണ്ടാവിൽ വിറകടുപ്പിൽ വച്ച് പ്രത്യേകം ഭക്ഷണം തയ്യാർ ചെയ്യുന്നത് കാണുവാൻ സാധിച്ചു. അടുത്ത് ചെന്ന് വിവരങ്ങൾ ചോദിച്ചു. കൂടൽ സ്വദേശിയായ ശ്രീ. ചന്ദ്രൻ ആയിരുന്നു അത്. ആന ഭക്ഷണത്തിന്റെ പ്രത്യേക ചേരുവകളുടെ കൂട്ടുകളും അദ്ദേഹം വിവരിച്ചു തന്നു. മുതിര, റാഗി, പച്ചരി, ചെറുപയർ, ഉപ്പ്, മഞ്ഞൾപൊടി, കരിപ്പെട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണമാണിത്.

രാവിലെ 10 നും 10.30 നും ഇടയ്ക്ക് ഈ പ്രത്യേക വിഭവം ആനകൾക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം പുല്ലാണ് ഭക്ഷണമായി നൽകുന്നത്. ഒരു ആനയെ സംരക്ഷിക്കുന്നതിന് രണ്ടു പാപ്പാന്മാർ ആണ് ഉള്ളത്. ഒന്നിച്ച് നിന്ന് ഒരു ഫോട്ടോ എടുത്തു.

മുമ്പോട്ട് പോയ സമയത്ത് വിവിധ സ്ഥലങ്ങളിലായി ആനകൾക്ക് സ്വതന്ത്രമായി നിൽക്കാവുന്ന തരത്തിലുള്ള മനോഹരമായ സൗധങ്ങൾ കാണുകയുണ്ടായി. ആനക്കൂടിന് പ്രത്യേക അളവുകളുണ്ട്. നീളം 12 .65 മീറ്റർ. വീതി 8.60 മീറ്റർ. ഉയരം 7 മീറ്റർ. ആദ്യമായി 27 വയസ്സുകാരിയായ മീനയെന്ന പിടിയാനയെ ആണ് ശ്രദ്ധയിൽപ്പെട്ടത്. 1991 ൽ മണ്ണാറ പാറയിൽ നിന്നും ലഭിച്ചതാണ് മീനയെ. പാപ്പാൻ മോഹനൻ 20 വർഷമായി ഇവിടെ ജോലി ചെയ്യുന്നു.

അടുത്തത് 34 വയസ്സുകാരിയായ പ്രിയദർശിനി. 1990-കളിൽ മണ്ണാറപാറയിൽ നിന്നു തന്നെ ലഭിച്ചതാണ് . അടുത്തത് മണിയൻ എന്ന കൊമ്പനാന അവൻ മദപ്പാടിൽ ആയിരുന്നു. മദപ്പാടിൽ ഉള്ള ആനയെ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ചില സമയത്ത് അവൻ അക്രമകാരിയായി മാറാം. മറ്റുള്ള ആനകളിൽ നിന്നും വ്യത്യസ്തമായി കാലിൽ പ്രത്യേകം ചങ്ങലയുണ്ട്. കൂടാതെ അവന്റെ പാപ്പാൻ തുടർച്ചയായി തണുത്ത വെള്ളം ശരീരത്തിലേക്ക് ഒഴിച്ച് ശ്രദ്ധയോടെ പരിപാലിക്കുന്നത് കാണുവാൻ കഴിഞ്ഞു. മണിയന്റെ അടുത്തുനിന്ന് ശ്രദ്ധയോടെ ഈ പ്രവർത്തനം ചെയ്തുകൊണ്ടിരുന്നത് ഷാജി എന്ന പാപ്പാനായിരുന്നു.

അടുത്തത് പത്ത് വയസ്സുകാരിയായ കൃഷ്ണ, പാലോട് നിന്നും കൊണ്ടുവന്നതാണ്. അടുത്ത് മറ്റൊരു ആനയെ ഭംഗിയായി കുളിപ്പിക്കുന്നു. കിടന്നു കൊണ്ട് കുളി നന്നായി ആസ്വദിക്കുന്നു പേരറിയാത്ത ആന കുട്ടി. തുടർന്ന് മുന്നോട്ടു പോയപ്പോൾ സഞ്ചാരികൾക്ക് യാത്രചെയ്യുന്നതിനുള്ള വഴി വൃത്തിയാക്കുന്ന മോളി ചേച്ചിയെ കണ്ടു. മോളിച്ചേച്ചിയോട് വിശേഷങ്ങൾ ചോദിച്ചു.

13 വർഷമായി ഇവിടെ തുടർച്ചയായി ജോലി ചെയ്യുകയാണ് മോളി ചേച്ചി. കോന്നിയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ ദൂരെയുള്ള ആകോലികുഴി എന്ന വനമേഖലക്ക് സമീപത്തുനിന്നാണ് മോളി ചേച്ചി അവിടെ ജോലിക്കായി വരുന്നത്. കൊല്ലങ്ങൾക്ക് മുമ്പ് ദിവസം 100 രൂപ ശമ്പളത്തിൽ ജോലിക്ക് കയറിയ മോളി ചേച്ചിക്ക് ഇപ്പോൾ നല്ല ശമ്പളമുണ്ടെന്ന് സന്തോഷത്തോടെ പറഞ്ഞു. രാവിലെ എട്ടു മുതൽ വൈകിട്ട് 5 .30 വരെയാണ് ജോലി സമയം.

ചേച്ചിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ചേച്ചി വീൽബാരോ യിൽ വഴിയിൽ കിടക്കുന്ന ആനപ്പിണ്ടം വണ്ടിയിൽ ആക്കി കൊണ്ടു വരുന്നത് കണ്ടു. എൻറെ കുശലാന്വേഷണത്തിൽ രണ്ടുപേരും വലിയ ആഹ്ലാദത്തോടെ വിശേഷങ്ങൾ പങ്കുവച്ചു. വളരെ സംതൃപ്തിയോടെയാണ് അവർ അവിടെ ജോലി ചെയ്യുന്നത് എന്ന് അവരുടെ സംസാരത്തിൽ നിന്ന് ബോധ്യപ്പെട്ടു .

ആറ് ആനകൾക്ക് പരിശീലനം നൽകുവാനുള്ള ശേഷിയുള്ള ഇവിടെ ഇപ്പോൾ നിലവിലുള്ള ആനകൾ, സോമൻ 65 വയസ് , പ്രിയദർശനി 30, മീന 15, സുരേന്ദ്രൻ 19 കൃഷ്ണ ,പിഞ്ചു ഇത്രയും ആനകൾ ആണുള്ളത്. 1942 സ്ഥാപിതമായ ആന പരിശീലന കേന്ദ്രം, 1977 ൽ കാട്ടാനകളെ പിടിക്കുന്നത് അവസാനിച്ചതിനെ തുടർന്ന് മുൻപത്തെ പോലെ വലിയ പരിശീലനങ്ങൾ നടക്കുന്നില്ല.

വാരിക്കുഴിയിൽ വീഴ്ത്തിയാണ് അന്ന് ആനകളെ പിടിച്ചിരുന്നത്. മുണ്ടോ മൂഴി, മണ്ണാറപാറ, തുറ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ആനകളെ പിടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൂട്ടം തെറ്റി ഒറ്റപ്പെട്ട് ജനവാസ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന ആനകളെ മാത്രമാണ് ഇവിടെക്ക് കൊണ്ടുവന്ന് പരിശീലനം നൽകുന്നത്.

ആനക്കമ്പം ഉള്ളവർക്കും, ഒന്നിലധികം ആനയെ നേരിൽ കണ്ട് ആന പരിശീലനം എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനും, ആനസവാരിക്കും കോന്നിയിലോ കോടനാടോ ഉള്ള ആന പരിശീലന കേന്ദ്രത്തിൽ എത്താവുന്നതാണ്. തിങ്കൾ ദിവസങ്ങളിൽ ഇവിടെ അവധിയാണ്.