ഉറങ്ങിക്കിടക്കുന്ന കൂവാകം ചൈത്രപൗർണമി ഉത്സവലഹരിയിൽ ഉണർന്നപ്പോൾ…

വിവരണം – Arun Nemmara.

കൂവാകം അതികം വീടുകൾ ഇല്ലാത്ത ഒരു പ്രദേശം അതുകൊണ്ട് തന്നെ വർഷത്തിൽ പതിനൊന്നു മാസവും ഉറങ്ങികിടക്കുന്ന സ്ഥലം. എന്നാൽ ഏപ്രിൽ, മെയ്‌ മാസങ്ങളിലെ 18 നാൾ ഇവിടെ ഉള്ളവർക്ക് ഉത്സവത്തിന്റെ നാളുകളാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരുപാട് ട്രാൻസ്‍ജൻഡർസ് എത്തുന്നു കൂവാകം കൂത്താണ്ടവർ ക്ഷേത്രത്തിലേക്ക്. അവരുടെ ഉത്സവം ആണ്. ഒരുപാട് കാലം ആയി പോവാൻ ആഗ്രഹിച്ച സ്ഥലം. കൂവാകത്തിലെ ഉത്സവം കാണാനും അവിടത്തെ ആചാരനുഷ്ഠാനങ്ങളെ കുറച്ചു അറിയാൻ വേണ്ടി ഛൈത്രപൗർണമി മാസത്തിനു വേണ്ടി കാത്തിരുന്നു.

വില്ലുപുരം ആയിരുന്നു ഭിന്നലിംഗക്കാരുടെ താമസകേന്ദ്രം. ഏപ്രിൽ മാസം ആരംഭത്തോട് കൂടി ട്രാൻസ്ജൻഡർക്കാരുടെ വരവ് തുടങ്ങി. രണ്ടു മാസം വില്ലുപുരത്തിലെ ലോഡ്ജുകൾക്ക് ചാകരയാണ് ഒന്നിലും ഒഴുവുണ്ടാവില്ല. അങ്ങനെ ആ ദിവസം വന്നെത്തി കൂട്ടുകാരൻ സനൂജിനെയും കൂട്ടി ക്യാമറയും തൂക്കി കൂവാകത്തിലേക്ക്. ആളെ കൊല്ലുന്ന വെയിൽ ആയതിനാൽ 4 മണിക്കാണ് പുറപ്പെട്ടത്. വില്ലുപുരത്തിൽ നിന്നും 30 കിലോമീറ്ററോളം ഉണ്ട്. ബസ് സ്റ്റാൻഡിൽ നിന്നും കൂവാകം സ്പെഷ്യൽ ബസ് ഓടുന്നുണ്ടായിരുന്നു. നല്ല തിരക്കുള്ളതിനാൽ എങ്ങനെയോ ബസ്സിൽ കയറി പറ്റി. ഹൈവേയിൽ നിന്നും ഒരു ലോക്കൽ റോഡിലേക്ക് ബസ് കിതച്ചു കൊണ്ട് ഓടിത്തുടങ്ങി. ഗ്രാമങ്ങളിലൂടെയും പിന്നീട് കൊയ്ത്തുകഴിഞ്ഞ പാടത്തിലൂടെ ഉള്ള റോഡിലൂടെയുമായി യാത്ര.

ഞങ്ങൾ കയറിയ ബസിന് മുന്നിലും പിന്നിലും ആയി കൂവാകത്തിലേക്ക് പല സംസ്ഥാനങ്ങളിൽ നിന്നും വന്ന പുരുഷാങ്കനാമാരുടെ വാഹനങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ കൂവാകത്തിൽ എത്തി താത്കാലികമായ ബസ് സ്റ്റോപ്പ്‌ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ആയിരുന്നു. നേരത്തെ കുടുംബാംഗങ്ങളുമായി എത്തിയവർ കൂട്ടം കൂട്ടമായി അവർക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നു. മറ്റൊരു ഭാഗത്ത് പലതരം വേഷങ്ങൾ ധരിച്ചു വരുന്ന പുരുഷാങ്കനമാർ എല്ലാവരും സന്തോഷത്തിലാണ്. സമയം 6 മണിയോട് അടുക്കുന്നു. ക്ഷേത്രത്തിലേക്കുള്ള റോഡിൽ തിരക്ക് കൂടി വരാൻ തുടങ്ങി അവർ എല്ലാവരും കുളിച്ചു സുന്ദരികളായി കൂത്താണ്ടർ കോവിലിലേക്ക് നടക്കാൻ തുടങ്ങി അവരോടൊപ്പം ഞങ്ങളും

കൂത്താണ്ടർ കോവിലിലെ ഉത്സവത്തെ കുറിച്ചുള്ള ചരിത്രം : മഹാഭാരത കഥയെ ആസ്പദമാക്കി ആചാരാനുഷ്ഠാനങ്ങൾ നടത്തിവരുന്ന കൂത്താണ്ടർ കോവിലിലെ ഉത്സവം അർജുന പുത്രനായ അറവാൻ ആണ് പ്രതിഷ്ഠ. പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധസമയത്ത്‌ വിജയത്തിനായി തന്റെ ജീവൻ ത്യജിക്കാൻ തയ്യാറാവുന്ന അർജുന പുത്രനായ അറവാന്റെ അവസാനത്തെ ആഗ്രഹം ആയിരുന്നു മരണത്തിന് മുൻപായി ഒരു വിവാഹം കഴിക്കുകയും അവളോടൊപ്പം ഒന്നിച്ചു കഴിയണം എന്ന്. എന്നാൽ അടുത്ത ദിവസം മരിക്കും എന്ന് ഉറപ്പുള്ള അറവാനെ പെൺകുട്ടികൾ ആരും കല്യാണം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചില്ല. അവസാനം ശ്രീ കൃഷ്ണൻ മോഹിനി രൂപത്തിൽ എത്തുകയും അറവാനെ കല്യാണം കഴിച്ചു ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം അറവാൻ മരിക്കുന്നതോടെ മോഹിനി താലി പൊട്ടിച്ചു ചിതയിൽ എറിഞ്ഞത്തോടെ ഭഗവാൻ പൂർണരൂപം പ്രാപിക്കുന്നത്തിന്റെ പുനരാവിഷ്കരണമാണ് കുവാകത്തിൽ ചൈത്ര പൗർണമി മാസങ്ങളിൽ പുരുഷാങ്കനമാർ ഇന്നും ആഘോഷിച്ചു വരുന്നത്.

ബസ് ഇറങ്ങിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്ററോളം ഉണ്ട് നടക്കാൻ. ബാഗിൽ ഉണ്ടായിരുന്ന വള്ളം കുടിച്ചു രണ്ട് പേരും കൂടി തിരക്കിനിടയിലൂടെ നടക്കാൻ തുടങ്ങി. കാണാൻ വന്നവരിൽ പാതിപേരും മദ്യത്തിന്റെ ലഹരിയിലാണ്. അവരിൽ ചിലർ പുരുഷാങ്കണകളായ സുന്ദരിമാരെ ശല്യപ്പെടുത്താൻ തുടങ്ങി. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അവർ അവരുടെ ഉത്സവം ആഘോഷിക്കുക ആണ്. പഴയ കൂട്ടുകാരെ ഓർമ്മപുതുക്കൽ, അവരുടെ സന്തോഷങ്ങൾ പങ്കുവയ്ക്കൽ.. സന്ധ്യ ആയതോടുകൂടി തിരക്ക് കൂടി. മോഹിനികളായി വന്ന പുരുഷാങ്കസുന്ദരികൾ അവരുടെ പങ്കാളികളെ (അറവാൻ) തിരഞ്ഞെടുക്കാൻ തുടങ്ങി.

അവർക്ക് ഇഷ്ടമുള്ള ആരെ വേണേലും അത് ട്രാൻസ്ജൻഡർ ആവാം അല്ലെങ്കിൽ പുരുഷൻമാർ ആവാം അറവാന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽ വച്ചു താലി കെട്ടാം. ഓരോ സ്ഥലത്ത് നിന്ന് വന്ന ഭിന്നലിംഗക്കാരുടെ അവരുടേതായ ഡാൻസും പാട്ടും ഉണ്ടായിരുന്നു. ഉത്സവം കാണാൻ ഒരുപാട് മലയാളികളും എത്തിയിരുന്നു. ഞങ്ങൾക്ക് ഇടയിലൂടെ വയസായ അമ്മയും അച്ഛനും കടന്നു പോയി. മലയാളികളാണ്, അവർ എന്തോ തിരയുന്ന പോലെ തോന്നി. ഞങ്ങൾ കാര്യം അന്യഷിച്ചു. കോഴിക്കോട് ആണ് വീട്. 4 വർഷം മുൻപ് വീട്ടിൽ നിന്നും ഇറങ്ങി പോയ അവരുടെ മകനെ അന്യഷിച്ചു വന്നതാണ്. “മകന്റെ സ്വഭാവം മാറാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ചീത്ത പറഞ്ഞതാ… അന്ന് രാത്രി ഇറങ്ങിപ്പോയതാ.”ഞങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ചായയും കുടിച്ച് അവർ വിടപറയുമ്പോൾ അവരുടെ മകനെ അവർക്ക് തിരികെ ലഭിക്കട്ടെ എന്ന് മനസ്സിൽ വിചാരിച്ചു.

ക്ഷേത്രത്തിനു ചുറ്റും ഭിന്നലിംഗസുന്ദരിമാരോടൊപ്പം എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ഞങ്ങളും എടുത്തു കുറെയേറെ ഫോട്ടോസ്. അതിനിടയിൽ പരിചയപെട്ടവരാണ് ചെന്നൈക്കാരി RJ യും മോഡലുമായ മൃദുല, കോയമ്പത്തൂരിൽ നിന്ന് വന്ന ഐശ്വര്യ എന്നിവർ. എല്ലാവരുടെയും മുഖത്ത് സന്തോഷം. അന്ന് വരെ ലൈംഗികചുവയോടും ഒരുമാതിരി നോട്ടത്തോടെയും കാണുന്ന അവരെ അന്ന് അവരുടെ കൂടെ നിന്ന് ഫോട്ടോസ് എടുക്കുന്നു. അവരിൽ നിന്നും ആശിർവാദം വാങ്ങുന്നു.

രാത്രി വൈകിയതോടെ ഞങ്ങൾ രണ്ടുപേർക്കും നല്ല വിശപ്പു തുടങ്ങി. അടുത്തുള്ള കടയിൽ കയറി തമിഴ്നാട് സ്പെഷ്യൽ കൊത്തുപൊറോട്ടയും കഴിച്ചു വീണ്ടും ക്ഷേത്രത്തിലേക്കു നടന്നു. പുലർച്ചെ ഒരു മണി കഴിഞ്ഞിരിക്കും. തലേ ദിവസം താലി കെട്ടിയ മോഹിനിമാർ അവരുടെ താലി പൊട്ടിച്ചു വലിച്ചു എറിഞ്ഞു, കുളി കഴിഞ്ഞ് വിധവയുടെ ഡ്രസ്സ്‌ (വെള്ള സാരി) അണിഞ്ഞു കൂത്താണ്ടർ കോവിലിലെ അറവാന്റെ പ്രതിഷ്ഠയ്ക്ക് മുൻപിൽ വന്നു പ്രാർത്ഥിച്ചു കഴിഞ്ഞതോടെ ആചാരങ്ങൾ കഴിഞ്ഞു. എല്ലാവരും അവരവരുടെ സുഹൃത്തുക്കളോട് വിടപറഞ്ഞു നാട്ടിലേക്ക് പോവാൻ തുടങ്ങി. ബസ് സ്റ്റോപ്പിൽ തമിഴ്നാടിന്റെ ആനവണ്ടി കാത്തു കിടക്കുന്നുണ്ടായിരുന്നു. അതിൽ ഞങ്ങളും കയറിക്കൂടി നേരെ വില്ലുപുരത്തിലേക്ക് 2 ടിക്കറ്റ് എടുത്തു. രാത്രി നന്നായി നടന്നതിന്റെയും ഉഉറങ്ങാതെ ഇരുന്നത് കാരണം ബസിൽ കയറി ഉടനെ ഉറങ്ങിപ്പോയി.. അടുത്ത വർഷം വീണ്ടും വരാമെന്ന പ്രദീക്ഷയിൽ കൂവാകത്തോടും മോഹിനിമാരോടും വിടപറഞ്ഞു.