ജയലളിതയുടെ എസ്റ്റേറ്റ് ബംഗ്ലാവും കോത്തഗിരിയിലെ കാട്ടുപോത്തുകളും

വിവരണം – ദീപ ഗംഗേഷ്.

കോത്തഗിരിയിലെ റോഡുകളിലും തേയില തോട്ടങ്ങളിലും നിറയെ കാട്ടുപോത്തുകളാണെത്രെ. രാത്രിയായാൽ റോഡിൽ മുഴുവൻ കാലിൽ വെള്ള സോക്സിട്ട അവർ നിരന്നു നിൽക്കുമെത്രെ. ഒരു സുഹൃത്തിൽ നിന്ന് അറിഞ്ഞതാണ്. യാത്രകൾ ആരംഭിച്ചു തുടങ്ങിയ കാലമാണ്. കാഴ്ചബംഗ്ലാവിൽ അല്ലാതെ കാട്ടുപോത്തിനെ നേരിട്ട് കണ്ടിട്ടില്ല.

കോത്തഗിരിയിലെ കാട്ടുപോത്തുകളെക്കുറിച്ച് അറിഞ്ഞ നാൾ മുതൽ കോത്തഗിരി കാണാൻ മോഹം. കൂടെ ജയലളിത അമ്മാവുടെ എസ്റേററ്റ് ബംഗ്ലാവ് വഴിയിലൂടെ പോയി കോടനാട് വ്യൂ പോയൻറും കാണാം. അങ്ങനെ ഒരു ഊട്ടി യാത്രയുടെ മടക്കത്തിൽ ഇതിനു വേണ്ടി ഒരു ദിവസം കോത്തഗിരിയിൽ താമസിക്കാൻ തന്നെ നിശ്ചയിച്ചു.

നീലഗിരി കുന്നുകളിലെ മൂന്നു പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കോത്തഗിരി. കോട്ട ട്രൈബ്സിൻ്റ മല എന്നതിൽ നിന്നാണെത്രെ ഈ പേര് കിട്ടിയിട്ടുള്ളത്. ഊട്ടിയിൽ നിന്നും 29 കി.മി ദൂരം ഇവിടേക്കുണ്ട്. കോടമഞ്ഞ് മുത്തമിടുന്ന തേയിലക്കാടുകളാലും മലകളാലും ചുറ്റപ്പെട്ടുള്ള ഈ വഴിയിലൂടെയുള്ള യാത്രയുടെ അനുഭൂതി സ്വർഗ്ഗീയമാണ്.

അങ്ങനെ നയനാനന്ദകരമായ കാഴ്ചകൾ കണ്ട്, ഇടക്ക് വണ്ടി നിർത്തി പാറയിൽ പിടിച്ചു കയറി, മഞ്ഞ ഊട്ടി ഫ്ലവർ പറിച്ചെടുത്ത്, ഒരു ഉച്ചയോടു കൂടി ഞങ്ങൾ കോത്തഗിരിയിൽ എത്തി. ബസ് സ്റ്റാൻ്റിന് അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ഉച്ചഭക്ഷണം. “ചേട്ടാ ഈ കാട്ടുപോത്തിനെ കാണാൻ എങ്ങോട്ടാ പോകേണ്ടത്?” നിഷ്കളങ്കമായ എൻ്റെ ചോദ്യം കേട്ട് ഒരു ചിരിയോടെ ഹോട്ടൽകാരൻ എതിർവശത്തുള്ള മലഞ്ചെരുവിലെ തേയിലത്തോട്ടത്തിലേക്ക് കൈ ചൂണ്ടി. അവിടെ ഇടക്കിടെ നടക്കുന്നത് കാണാം. ആർത്തിയോടെ നോക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല.

താമസം ബുക്ക് ചെയ്ത ഹോട്ടലിൽ കയറി ഫ്രഷ് ആയി ആദ്യം കോടനാട് പോവാം എന്ന തീരുമാനമായി. തലൈവി എസ്റേററ്റ് ബംഗ്ലാവിൽ ഉണ്ടെന്ന് ഹോട്ടലുകാരൻ പറഞ്ഞാണറിഞ്ഞത്. അതോടെ ആവേശം കൂടി. മണിമാളികയിലെ മട്ടുപ്പാവിൽ തലൈവി നിൽക്കുന്നു. ഞങ്ങൾ വണ്ടി നിർത്തി കൈവീശിക്കാണിക്കുന്നു. തലൈവി മനോഹരമായി ചിരിക്കുന്നു. മലർപ്പൊടിക്കാരൻ്റെ സ്വപ്നങ്ങൾ വളരുകയാണ്.

കോത്തഗിരിയിൽ നിന്ന് 12 കി.മി ആണ് കോടനാട് എന്നാണ് ഓർമ്മ. കോടനാട് വ്യൂ പോയൻ്റിൽ നിന്നാൽ നീലഗിരി മലകളുടെ അഭൗമ സൗന്ദര്യം ആസ്വദിക്കാനാവാം. കൂടെ ദൂരെയായി കാതറിൻ ഫാൾസ് മലകൾക്ക് വെള്ളി കൊലുസു ചാർത്തുന്നത് കാണാം. ഇരുള ആദിവാസി വിഭാഗത്തിൻ്റെ പുണ്യസ്ഥലമായ രംഗസ്വാമി പീക്കും, ഡോൾഫിൻ നോസ് എന്നറിയപ്പെടുന്ന മലനിരകളും ഈ വ്യൂ പോയൻറിലെ പ്രധാന കാഴ്ചകളാണ്.

കാടുകളുടെയും ഇടയിലൂടെയുള്ള ചെറിയൊരു വഴിയിലൂടെയാണ് യാത്ര. എസ്റ്റേറ്റ് ബംഗ്ലാവ് എത്തി എന്ന് ആരോ വിളിച്ചു പറഞ്ഞതും വണ്ടി നിന്നതും ഒരുമിച്ചായിരുന്നു. വാഹനത്തിൻ്റെ വിൻഡോകർട്ടൻ നീക്കി എല്ലാ കണ്ണുകളും ബംഗ്ലാവിലേക്ക്. മരങ്ങളുടെ മറയിൽ വലിയൊരു ജാലകം മാത്രമേ കാണാൻ കഴിയുന്നുള്ളൂ. പെട്ടന്നുള്ള ആരുടെയോ വലിയ ഒച്ച കേട്ടാണ് ഞെട്ടി തിരിഞ്ഞത്.

കൈയ്യിൽ വലിയ തോക്കുകളുമായി കരിമ്പൂച്ചകളാണ്. വാഹനം വളഞ്ഞിട്ടുണ്ട്. പേടിച്ച് മിണ്ടാൻ പറ്റാത്ത അവസ്ഥ. കുട്ടികളെ കണ്ടപ്പോൾ അവർ തോക്ക് താഴ്ത്തി. വേഗം സ്ഥലം വിടാൻ നിർദ്ദേശം. അവിടെ വാഹനങ്ങൾ നിർത്താൻ പാടില്ലാത്രെ. അമ്മയെ ആക്രമിക്കാൻ വന്ന തീവ്രവാദികളെ പോലെ ആയി ഞങ്ങൾ. മലർപ്പൊടി സ്വപ്നത്തിലെ അമ്മയുടെ പുഞ്ചരിയിൽ അല്പം പരിഹാസം കലർന്നോ എന്നൊരു സംശയം.

തളരരുത് രാമൻ കുട്ടീ.. മനസ്സ് പറഞ്ഞു. കോടനാട് വ്യൂ പോയൻറിൽ എത്തിയപ്പോഴേക്കും ഗംഭീര മഴ ആയി കഴിഞ്ഞിരുന്നു. മഴയെ അവഗണിച്ച് വണ്ടിയിൽ നിന്നറങ്ങി. ആ സമയത്തും ഐസ്ഫ്രൂട്ട് വാങ്ങികഴിക്കുന്ന ഞങ്ങളെ മറ്റു സഞ്ചാരികളിൽ ചിലർ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു. മഴ കാരണം കോടമഞ്ഞ് നന്നായി ഉണ്ടായിരുന്നു. തണുപ്പ് ഇരച്ചുകയറുന്നുണ്ട്. മഴ മാറിയപ്പോൾ വ്യൂ പോയൻറിൽ ചെന്ന് നോക്കി. സുന്ദരിയായ നീലഗിരിയുടെ സൗന്ദര്യം മതിയാവോളം കണ്ണുകളാൽ ഒപ്പിയെടുത്തു.

രാത്രി ആയിട്ടും വഴിയിൽ കാട്ടുപോത്തിനെയൊന്നും കണ്ടില്ല. കോത്തഗിരിയിൽ നിന്നും 5 കി.മി ഉള്ളിലേക്ക് വനപാതയിലൂടെ പോയാൽ ഗ്രാമം എന്ന സ്ഥലത്ത് എത്തുമെന്നും അവിടെ എന്തായാലും കാട്ടുപോത്ത് ഉണ്ടാവുമെന്നും ഹോട്ടൽ ജോലിക്കാരുടെ ഉറപ്പ്. അങ്ങനെ രാത്രി പത്തിനുശേഷം ഗ്രാമത്തിലേക്ക് വാഹനം ഓടി തുടങ്ങി. മനുഷ്യവാസം ഇല്ലാത്ത വിജനമായ പരിചയം ഇല്ലാത്ത റോഡ് അല്പം അസ്വസ്ഥത സൃഷ്ടിച്ചു. വാഹനത്തിൻ്റെ വെളിച്ചം മാത്രമേ ആകെയുള്ളൂ. വഴിയറിയാതെ വണ്ടി നീങ്ങുകയാണ്.

ഒടുവിൽ ഒരു കൊച്ചു കവലപോലുള്ള സ്ഥലത്ത് രണ്ട് മനുഷ്യർ സംസാരിച്ചിരിക്കുന്നത് കണ്ടു. “നിങ്ങൾ എങ്ങോട്ടാണീ രാത്രിയിൽ?” ചോദ്യം മലയാളത്തിലാണ്. മലയാളികൾ ആണെന്ന് മനസ്സിലായിക്കാണും. ആഗമന ഉദ്ദേശം പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ദേഷ്യവും ചിരിയും ഒരുമിച്ച് മാറി മറയുന്നത് കണ്ടു. “ഇവിടുത്തെ റോഡെല്ലാം അപകടം ആണ്. പരിചയം ഇല്ലാതെ ഈ വഴിയിലൂടെ രാത്രി സഞ്ചരിക്കരുത്. എന്തായാലും ഇത്രയും വന്നതല്ലേ കാട്ടുപോത്തുകൾ രാത്രി വിശ്രമിക്കുന്ന സ്ഥലം ഉണ്ട്. അവിടെ കാണാതിരിക്കില്ല.”

ഞങ്ങളുടെ കൂടെ അയാളും വാഹനത്തിൽ കയറി. ഹെയർപിൻ വളവുകൾ തോൽക്കുന്ന വളവുകൾ തിരിഞ്ഞ് വാഹനം താഴോട്ട് ഇറങ്ങുകയാണ്. അവസാനം നിരപ്പായ ഒരു സ്ഥലത്ത് വാഹനം എത്തി. അതാണ് സ്ഥലം. അവിടെയെല്ലാം അരിച്ചു പറക്കിയിട്ടും ഫ്രഷ് കാട്ടുപോത്ത് ചാണകം മാത്രമേ കണ്ടു കിട്ടിയുള്ളൂ.

പാലക്കാട് വടക്കുംഞ്ചേരിയിൽ നിന്ന് കോത്തഗിരിയിൽ കുടുബസമേതം താമസമാക്കിയ ഒരാളായിരുന്നു ആ നല്ല മനുഷ്യൻ. ഗ്രാമത്തിൽ ചെറിയൊരു ഹോട്ടൽ നടത്തുകയാണ് അദ്ദേഹം. എന്നാൽ രാവിലത്തെ ബ്രേയ്ക്ക് ഫാസ്റ്റിന് അദ്ദേഹത്തിൻ്റെ ഹോട്ടലിൽ എത്താം എന്ന വാക്കും നൽകി തിരിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി.

രാവിലെ ഹോട്ടൽ വെക്കേറ്റ് ചെയ്ത് വീണ്ടും ഗ്രാമത്തിലേക്ക് യാത്ര തുടങ്ങി. ഞങ്ങൾ രാത്രി സഞ്ചരിച്ച വഴികളുടെ ഭീകരത പകൽ വെളിച്ചത്തിൽ കണ്ടപ്പോൾ അല്പം ഞെട്ടി എന്നു പറഞ്ഞാൽ അത് അതിശയോക്തി ആവില്ല. അത്രക്കും ചെറിയ റോഡ് വശങ്ങളിൽ അഗാധഗർത്തങ്ങൾ. റോഡ് അവസാനിക്കുന്നത് ചെറിയൊരു കവലയിൽ. അതാണ് ഗ്രാമം എന്നു പേരുള്ള കുഗ്രാമം.

പരിഷ്കാരം എത്തി നോക്കിയിട്ടു പോലുമില്ലാത്ത സ്ഥലം. ഒന്നോ രണ്ടോ കടകൾ ഓടിട്ട പഴയ കെട്ടിടത്തിൽ കണ്ടു. സ്ട്രോബറി കൃഷി ആദ്യമായി കണ്ടത് അവിടെയാണ്. ഒരു ചെറിയ കോൺക്രീറ്റ് നിർമ്മിതിക്കുള്ളിൽ ഒരുശൂലം കുത്തി നിർത്തിയിരിക്കുന്നു. അതാണ് കോവിൽ. അതിനു മുന്നിലാണ് കാട്ടുപോത്തുകൾ വന്നു കിടക്കാറെത്രെ. കാട്ടെരുമ എന്നാണ് അവരുടെ ഭാഷ. അന്നു രാവിലെയും അവ അവിടെ ഉണ്ടായത്രെ. അവർക്ക് ഇവ ശല്യമാണ്. ഞങ്ങൾ എത്തുന്നതിനു മുൻപ് ആരോ ഓടിച്ചു വിട്ടെന്ന്. വീണ്ടും മിസ്സിംഗ്.

ഗ്രാമത്തിൽ നിന്നും തേയില എസ്‌റ്റേറ്റിനുള്ളിലൂടെ രാത്രി പോയ വഴിയിലൂടെ വീണ്ടും താഴേക്ക് ഇറങ്ങി. ഹെയർപിൻ വളവുകളുടെ അപാരത. അവസാനം എത്തിയ നിരപ്പായ സ്ഥലം തേയില മലകളാൽ ചുറ്റപ്പെട്ടിരുന്നു. അതിസുന്ദരമായ, നിശബ്ദമായ, ആരാലും അറിയപ്പെടാത്ത ഭൂമിയിലെ സ്വർഗ്ഗങ്ങളിൽ ഒന്നായിരുന്നു അത്. രണ്ട് എസ്റേററ്റ് ബംഗ്ലാവുകൾ എന്നു പറയുന്ന കെട്ടിടങ്ങളും അവിടെ കണ്ടു. അതിൽ ഒരെണ്ണത്തിൽ നോർത്ത് ഇന്ത്യക്കാരായ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ… ഇവരെങ്ങനെ ഇവിടെയെത്തി എന്ന് ഒട്ട് അത്ഭുതവും തോന്നാതിരുന്നില്ല.

ഉച്ചഭക്ഷണത്തിന് അൽഫാം ചിക്കൻ ഉണ്ടാക്കാനുള്ള സാമഗ്രികളുമായി ഗ്രാമത്തിലെ ഞങ്ങളുടെ ആതിഥേയൻ എത്തി. ആൺ പ്രജകൾ ജോലി ഏറ്റെടുത്തപ്പോൾ സ്ത്രീകളും കുട്ടികളും വെറുതെ നടക്കാൻ തുടങ്ങി. പെട്ടന്നാണ് കാട്ടുപോത്തിൻ്റെ കാലടികൾ കണ്ണിൽ പെട്ടത്. എൻ്റെ ആവേശം കണ്ടപ്പോൾ രണ്ടു മൂന്നു പേർ കൂടെ കൂടി.

കാലടികളെ പിൻതുടർന്ന് കുത്തനെയുള്ള മലയിൽ തേയിലകളുടെ ഇടയിലൂടെ മുകളിലേക്ക് കയറാൻ തുടങ്ങി. കുറെ കയറി താഴോട്ട് നോക്കിയപ്പോൾ താഴെ നിൽക്കുന്നവരുടെ വലിപ്പം എത്ര ഉയരത്തിലാണ് ഞങ്ങളെണ് മനസ്സിലാക്കി തന്നു. കാട്ടുപോത്തുകളുടെ പച്ചചാണകത്തിൻ്റെ കാഴ്ച വീണ്ടും കയറാനുള്ള ഊർജ്ജമായി. എങ്ങോട്ടോ തിരിഞ്ഞപ്പോൾ നിറയെ പാറയുള്ള ഒരു സ്ഥലത്തെത്തി. താഴേക്ക് നോക്കുമ്പോൾ തേയിലകൾ മാത്രം. ആരെയും കാണുന്നില്ല. വഴി തെറ്റിയിരിക്കുന്നു.

പെട്ടന്നാണ് വിദ്യാർത്ഥികൂട്ടത്തിലെ രണ്ടു പേർ എവിടെ നിന്നോ മുന്നിൽ വന്നു പെട്ടത്. “നിങ്ങൾ എങ്ങോട്ടാണ് പോവുന്നത്?” ചോദ്യമാണ്. “കാട്ടുപോത്തിനെ തേടി..” മറുപടി പറഞ്ഞു. “ഇനി പോയാൽ കയറി വന്ന വഴി മറക്കും. തിരിച്ചിറങ്ങുന്നതാണ് നല്ലത്” എന്നൊരു ഉപദേശവും കിട്ടി. സംഗതി സത്യവുമായിരുന്നു. ഏതിലൂടെയാണ് കയറി വന്നത് എന്ന് തിരിച്ചറിയാതെ തിരിച്ചിറങ്ങാൻ നന്നായി കഷ്ടപ്പെട്ടു.

ഒരു കണക്കിന് തേയിലയുടെ തല്ലും തലോടലും പോറലുമേറ്റ് താഴെ എത്തിയപ്പോൾ ഭക്ഷണം തയ്യാറായിരുന്നു. ഭക്ഷണവും അല്പം ചുറ്റിക്കറങ്ങലും ഒക്കെ കഴിഞ്ഞ് നാട്ടിലേക്ക്. സോക്സിട്ട മൃഗത്തെ കണ്ടില്ലെങ്കിലും കോത്തഗിരിയുടെ ഗ്രാമത്തെ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ…

വാൽകഷണം – പിന്നീടുള്ള പറമ്പിക്കുളം യാത്രയിൽ ഞാൻ അവനെ കണ്ണുനിറയെ കണ്ടു. റോഡരികിൽ ഞങ്ങളുടെ ക്യാമറക്ക് അവൻ മോഡലായി നിന്നു. ആദ്യമായി കാട്ടുപോത്തിനെ കണ്ട സന്തോഷത്തിൽ കാറിൽ നിന്ന് തല പുറത്തേക്കിട്ട് ചിരിക്കുന്ന എൻ്റെ രൂപം സുഹൃത്തുക്കളുടെ ക്യാമറയിലും രസകരമായ ഒരു ചിത്രമായി മാറി.