കൊട്ടാക്കമ്പൂർ – നായാട്ട് സിനിമയിൽ കണ്ട സൂപ്പർ ലൊക്കേഷൻ

എഴുത്ത് – Jubin Kuttiyani

“നായാട്ട്” എന്ന സിനിമയിൽ കൊട്ടാക്കമ്പൂരും വട്ടവടയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സിനിമ പകുതിയും മൂന്നാറും വട്ടവടയും കൊട്ടാക്കമ്പൂരുമാണ് ഷൂട്ട് ചെയ്തത്. നല്ല ചിത്രം. താരങ്ങളെല്ലാം നല്ല അഭിനയം കാഴ്ച വച്ചു. ഒപ്പം മനോഹരമായ സ്ഥലങ്ങളും കാണിച്ചപ്പോൾ സിനിമ സൂപ്പറായി.

എഴുതിയാലും വർണ്ണിച്ചാലും തീരാത്ത മനോഹരമായ കാഴ്ചകൾ നിറഞ്ഞ സ്ഥലമാണ് കൊട്ടാക്കമ്പൂർ. തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ ഒറ്റപ്പെട്ട ഗ്രാമം. മൂന്നാറിൽ നിന്ന് നാൽപ്പത്തെട്ടു കിലോമീറ്റർ അകലെയാണ് മനോഹരമായ കൊട്ടാക്കമ്പൂർ. ഈ ഗ്രാമത്തിനു സമീപമാണ് ‘കമ്പക്കല്ല്’ (മുൻപ് കഞ്ചാവ് കൃഷിക്ക് പേരുകേട്ട സ്ഥലം). എന്നാൽ ഇന്ന് ഇവിടെ നിന്നും കഞ്ചാവ് കൃഷിക്കാരെ ഉൻമൂലനം ചെയ്യുവാൻ വനംവകുപ്പിനു സാധിച്ചു.

കമ്പക്കല്ലിൽ നിന്നും കുറച്ചു ദൂരം പോയാൽ കൊടൈക്കനാലിൽ എത്താം. പക്ഷേ ഈ വഴി സഞ്ചാരയോഗ്യമല്ല. ആരെയും വനംവകുപ്പ് അതിലെ കടത്തിവിടുകയില്ല. ഇതിലെയുള്ള വഴി നന്നാക്കിയെടുക്കുവാൻ സാധിച്ചാൽ ഇരു സംസ്ഥാനങ്ങൾക്കും ടൂറിസം രംഗത്ത് വൻ ഉയർച്ച ഉണ്ടാകുമായിരുന്നു.

കൊട്ടാക്കമ്പൂർ ഒറ്റപ്പെട്ട ലോകമാണ്. മൂന്നാറിനെക്കാളും തണുപ്പാണിവിടെ. എങ്ങും ഹരിതഭംഗി! പേരിനു വനങ്ങൾ കാണാം. ബാക്കി എവിടെ നോക്കിയാലും തട്ട് തട്ടായി തിരിച്ച
കൃഷിയിടങ്ങളും ഒറ്റമുറി വീടുകളും. തനി നാടൻ കാഴ്ചകൾ… കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കോളിഫ്ലവറും, ബീറ്റ്റൂട്ടും, ഉള്ളിയും, ബീൻസും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും,കാരറ്റും, കാബേജും ആണ് ഇവിടെ കൂടുതലും കൃഷി ചെയ്തിരിക്കുന്നത്. കാലുകൾ കൂട്ടിക്കെട്ടിയ കോവർ കഴുതകളുടെ പുറത്തുവെച്ച് പച്ചക്കറികൾ കോവിലൂർ ചന്തയിലെത്തിക്കും.

മലമുകളിൽ നിന്നു പൈപ്പ് വഴിയാണ് കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കുന്നത്. വനപ്രദേശമാണെങ്കിലും ഇവിടെ വന്യ മൃഗങ്ങളുടെ ശല്യമില്ല. ചുറ്റും മലനിരകളും പാറക്കെട്ടുകളും നിറഞ്ഞ കൊട്ടാക്കമ്പൂർ മനോഹരമായ പ്രദേശമാണ്. മൂന്നാറിൽ നാലു ഡിഗ്രി സെൽഷ്യസാണ് താപനിലയെങ്കിൽ ഇവിടെ പൂജ്യമായിരിക്കും. ശീതകാല പച്ചക്കറികളുടെ കേന്ദ്രമാണ് ഈ സുന്ദര ഗ്രാമം.

മൂന്നാറിൽ നിന്ന് മാട്ടുപെട്ടി – കുണ്ടള – ടോപ്പ് സ്റ്റേഷൻ വഴി വട്ടവടയും, കോവിലൂരും പിന്നിട്ടു വേണം കൊട്ടാക്കമ്പൂർ എത്താൻ. മഞ്ഞു പുതച്ച തണുത്ത വഴിയിലൂടെ അവിടേക്കുള്ള യാത്ര തന്നെ മനോഹരമാണ്. ‘നായാട്ട് ‘ എന്ന ചിത്രത്തിൽ വളരെ മനോഹരമായി വട്ടവടയും പരിസരപ്രദേശങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ഈ സിനിമ കണ്ടപ്പോൾ കൊട്ടാക്കമ്പൂരു പോകണം എന്ന് ആഗ്രഹം. സമയം ശരിയല്ലല്ലോ. വീട്ടിലിരിക്കാം.

ലോകം മുഴുവൻ സഞ്ചരിക്കുന്ന കോറോണ എന്ന സഞ്ചാരി ആരിൽ കയറണം എന്നോർത്ത് നടക്കുന്ന ഈ സമയം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി വീട്ടിൽ ഇരിക്കാം. ഈ നാളുകളും കടന്നു പോകും. ബന്ധപ്പെട്ട അധികാരികൾ പറയുന്നത് അനുസരിച്ച് നമുക്ക് ഒരുമിച്ച് നിൽക്കാം. എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ബന്ധപ്പെട്ട അധികാരികൾക്കും സല്യൂട്ട്.