കൊട്ടാക്കമ്പൂർ : മൂന്നാറിൽ വണ്ടി ചെല്ലുന്ന ഒരു അവസാന ഗ്രാമം..

വിവരണം – ശബരി വർക്കല.

ലോകത്തിൻറെ എല്ലാ കോണിലുമുണ്ട് ദൂരത്തെ മനസുകൊണ്ട് കീഴടക്കിയ മലയാളികൾ. അവസാനത്തെ ഒരിടവും ഇന്ന് മലയാളിയെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ പറയാം. അപ്രാപ്യമായിരുന്ന ഓരോ ദൂരവും ഇന്ന് അവനു അരികത്തായി മാറുകയാണ്. അത്തരത്തിൽ മൂന്നാറിൽ വണ്ടി ചെല്ലുന്ന ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനായ മൂന്നാറിനെക്കുറിച്ച് മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ ഇവിടെ പരിചയ പെടുത്തുന്നത് മൂന്നാറിന്റെ ഒരു അവസാന ഗ്രാമമായ കൊട്ടാക്കമ്പൂരിനെ ആണ്.

റോഡിനിരുവശവും കുഞ്ഞു വീടുകള്‍. അത്യാവശ്യത്തിന് തിരക്കുണ്ട്. റോഡ് നന്നെ ചെറുതായിരിക്കുന്നു. ഒരു വണ്ടിക്കുമാത്രം പോകാവുന്ന വീതി. ഇറക്കങ്ങളും കയറ്റങ്ങളും. കിതച്ചു കിതച്ച് ഞങ്ങളുടെ വണ്ടിയും കുത്തനെയുള്ള കുന്നുകള്‍ കയറി കോട്ടകമ്പൂരില്‍ എത്തിയിരിക്കുന്നു. മൂന്നാറില്‍നിന്നും തുടങ്ങിയ റോഡ് ഇവിടെ അവസാനിക്കുന്നു. ഇവിടെ നിന്നും കൊടൈക്കനാലിലേക്ക് ട്രക്കിങ് പാതയുണ്ട്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി ആവഴിയെ പതുക്കെ നടന്നുതുടങ്ങി.

ചുറ്റും മലനിരകള്‍, പച്ചവിരിച്ചുതാഴ്വാരങ്ങള്‍, പുല്‍പ്രദേശങ്ങള്‍. ജീപ്പ് വരുന്ന വഴി തെളിഞ്ഞുകണ്ടു, നടപ്പാതയിലൂടെ മുന്നോട്ടു നടന്നു. വഴിയില്‍ പലയിടങ്ങളിലും യൂക്കാലി, ഗ്രാന്‍ഡിസ് മരങ്ങള്‍ മുറിച്ചടുക്കി വെച്ചിരിക്കുന്നു. ഒരുവശം മലനിരകളും മറുവശം താഴ്വരകളുമാണ്. അങ്ങകലെ കൊടൈക്കനാല്‍ മലനിരകള്‍ കാണാം. പെട്ടെന്നാണ് ആ കാഴ്ച ഞങ്ങളുടെ കണ്ണുകളിലേക്ക് ഓടിയത്തെിയത്. കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന നിരവധി ഓറഞ്ചുമരങ്ങള്‍. അതില്‍ തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന ഓറഞ്ചുകളില്‍നിന്നും മഞ്ഞുതുള്ളികള്‍ ഇറ്റിറ്റ് താഴേക്കുവീഴുന്നു.

ചെറിയ കുട്ടികളെപ്പോലെ ഞങ്ങള്‍ ഓറഞ്ച് മരങ്ങള്‍ക്കടുത്തേക്ക് ഓടിയടുത്തു. കൈ എത്തുന്ന ശിഖരങ്ങളില്‍നിന്നെല്ലാം ഓറഞ്ചുകള്‍ പറിച്ചു. തണുത്ത തൊലികള്‍ പൊളിച്ച് ഓരോ അല്ലിയായി രുചിച്ചു. ഓറഞ്ചിന്റെ നീര് ശരീരത്തിലെ ഓരോ ഞരമ്പുകള്‍വഴിയും ഓടിയിറങ്ങി മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിച്ചു. നഗരങ്ങളിലെ കടകളില്‍നിന്ന് ആയിരം ഓറഞ്ചുകള്‍ രുചിച്ചാലും ഇതിനടുത്തത്തെില്ല. ഈ യാത്ര പോലും ഓറഞ്ചിന്റെ തേനൂറുന്ന രുചി നുകരാനായിരുന്നോയെന്ന് ചിന്തിച്ചു പോയി.

ആ രുചിയില്‍ മതിമറന്നുനിന്ന ഞങ്ങളെ തലേന്ന് പെയ്ത മഴയുടെ ബാക്കിപത്രമെന്ന പോലെ കാര്‍മേഘങ്ങള്‍ മൂടി ഒരു വലിയ മഴക്കുള്ള സാധ്യത. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്രയും നല്ല ഓറഞ്ചിന്റെ രുചി അനുഭവിച്ചറിഞ്ഞ സന്തോഷത്തോടെ ആ വലിയ മഴക്കു മുന്നെ ഞങ്ങള്‍ മടങ്ങി. ദൂരം- മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷന്‍ 35കി.മീ. വട്ടവട 42 കി.മീ. കൊട്ടകമ്പൂര്‍ 47 കി.മീ.