വാഗമണിലെ മഞ്ഞുപെയ്യുന്ന കോട്ടമലയും പറവക്കൂട്ടവും…

വിവരണം – സവിൻ സജീവ്.

എല്ലാവരും പോയിട്ടുള്ള ഇടുക്കിയിലെ മനോഹരമായ സ്ഥലമാണ് വാഗമൺ. എന്നാൽ അവിടെ കോട്ടമല എന്ന തേയിലത്തോട്ടങ്ങളാൽ സമ്പന്നമായ സ്ഥലം ഇപ്പോഴും എല്ലാവർക്കും അന്യമായി തുടരുകയാണ്. ആളനക്കങ്ങൾ ഇല്ലാത്ത കിളിക്കൊഞ്ചുകൾ മാത്രം സമ്മാനിക്കുന്ന പ്രകൃതി. ഒരു പക്ഷേ മൂന്നാറിനേക്കാൾ വന്യമായ സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഭൂമി. ഇത്തവണ ‘പറവകൾ’ ഒത്തുകൂടലിനായി തിരഞ്ഞെടുത്തത് ഈ മലമ്പ്രദേശം ആയിരുന്നു. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ആളുകൾ പൊതുവേ യാത്ര നിർത്തി വെയ്ക്കുന്നതാണ് പതിവ്. എന്നാൽ അത്യുഷ്ണത്തിലും നല്ല തണുത്ത കാറ്റും രാവിൽ വന്നു പൊതിയ കോടമഞ്ഞും വാഗമണ്ണിനു മാത്രം സ്വന്തമായ പ്രത്യേകതയാണ്.

ലോകത്ത് മനുഷ്യൻ കണ്ടിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി നാഷണൽ ജിയോഗ്രഫിക് ചാനൽ വിശേഷിപ്പിച്ച പച്ചത്തുരുത്ത് എനിക്ക് കൈയ്യെത്തും ദൂരത്തിൽ സ്ഥിതി ചെയ്യുന്നതിൽ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു. മലനിരകൾക്ക് താഴെ പച്ചപ്പിന്റെ പട്ടുടുപ്പിട്ട് കോടമഞ്ഞിൻ പൊതിഞ്ഞ സ്വർഗ്ഗഭൂമി. കാലം സഞ്ചാരിക്കായി ഒരുക്കി വെച്ച പറുദീസ്സയിലേക്കാണ് യാത്ര പോകുന്നത്. വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതകൾ സ്വാഗതമരുളി നില്ക്കുന്ന തീക്കോയിൽ നിന്നാണ് വാഗമൺ എന്ന കൊച്ചു സുന്ദരിയുടെ കഥ തുടങ്ങുന്നത്.കാല ചക്രത്തിന്റെ കുത്തൊഴുക്കിൽ മലമ്പാതകൾക്ക് പുതുവസന്തം കിട്ടിയതു പോലെ സുന്ദരമായി ടാറുചെയ്തിരിക്കുന്നു. മഴ പെയ്ത് തോർന്നു നിന്ന പ്രകൃതി ഞങ്ങളെ വളരെ സന്തോഷിപ്പിച്ചു ഇടയ്ക്ക് ഞങ്ങളുടെ ബൈക്കിനെ മറികടന്നു പോയ ആനവണ്ടി പഴയ പ്രതാപത്തിന്റെ ബാക്കി പത്രമായി ഇപ്പോഴും സർവ്വീസ് നടത്തുന്നത് മലയോര മേഖലയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസകരമാണ്. ഗവി സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളും ആനവണ്ടിയും വേറെ ഒരു അനുഭൂതി സമ്മാനിച്ചാണ് കടന്നു പോയത്.

ചെങ്കുത്തായ കയറ്റങ്ങൾ വളരെ ആയാസപ്പെട്ട് കയറിത്തുടങ്ങിയതോടെ ഉള്ളം തണുപ്പിക്കുന്ന തണുപ്പ് എത്തിത്തുടങ്ങിയിരുന്നു. ഇടയക്ക് ഒന്നു രണ്ട് മഴ കിട്ടിയതിനാൽ മലനിരകളിൽ പച്ചപ്പ് കണ്ടുതുടങ്ങിയിട്ടുണ്ട്. ഇരുളും മുമ്പേ ഞങ്ങൾ മൂന്നു പേരും വാഗമണ്ണിൽ എത്തിയിരുന്നു.എന്നാൽ മറ്റുള്ളവരെല്ലാം വാഗമണ്ണും പിന്നിട്ട് കോട്ടമല എന്ന സ്വർഗ്ഗഭൂമിയിൽ എത്തിയിരുന്നു. ഞങ്ങൾ കോട്ടമല എത്തിയപ്പോഴേക്കും ഇരുട്ടു വീണു കഴിഞ്ഞിരുന്നു. ബൈക്ക് ഒതുക്കി വെച്ച് ക്യാമ്പ് സൈറ്റിലേക്ക് നടന്നു. ചെറിയ കയറ്റം കയറിയപ്പോഴേ ഞങ്ങൾക്ക് താമസിക്കാനുള്ള ആദ്യ ടെൻറ് കണ്ടു. ബാക്കിയുള്ള സഹയാത്രികരെയെല്ലാം പരിചയപ്പെട്ടു. ഇനിയുള്ള ടെൻറ് മുകളിലാണ് ഉള്ളത്. ഏലത്തോട്ടത്തിനുള്ളിലൂടെ ഓരോരുത്തരായി മുകളിലേക്ക് നടന്നു. മഴ പെയ്തതിനാൽ വഴുക്കൽ ചെറുതായി ഉണ്ടായിരുന്നു. വെള്ളത്തുള്ളികൾ തങ്ങി നില്ക്കുന്ന ഏലക്കാട്ടിൽ ചീവീടുകൾ ഞങ്ങൾക്ക് മുമ്പേ താളമേളങ്ങൾ തീർക്കുന്നുണ്ടായിരുന്നു.

എല്ലാവരും എവിടെ തുടങ്ങും എന്നറിയാതെ നില്ക്കുകയാണ്. ക്യാമ്പ് ഫയറിനുള്ള വിറകെല്ലാം നനഞ്ഞു കുതിർന്നു കിടക്കുകയാണ്.3 തട്ടിലായി ടെൻറ് ഒരുക്കിയിരുന്നു. വലിയ താമസം കൂടാതെ കുറച്ചു വിറക് കൊണ്ടുവന്ന് തീ കൂട്ടി. അതോടെ ചുറ്റും കൂടിയിരിക്കാൻ ചങ്ങായിമാരും എത്തി. എമർജൻസി ലൈറ്റ് ഓഫ് ചെയ്ത് ക്യാമ്പ് ഫയറിനു ചുറ്റും ഇരുന്ന് പാട്ടും മേളവുമായി ഒത്തുകൂടി. ഏലത്തോട്ടത്തിലെ കൂരിരുട്ടിൽ ഞങ്ങളൊരുക്കിയ തീനാളങ്ങൾ അവിടമാകെ പ്രകാശം പരത്തി. എല്ലാവരും പെട്ടന്ന് തന്നെ കമ്പനിയായി. ഹാഷിമിക്കായുടെ തേപ്പുകഥയാണ് കൗണ്ടറുകൾക്ക് തുടക്കം കുറിച്ചത്. പിന്നെ പൊട്ടിച്ചിരികൾക്കും കൂക്കിവിളിക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അധികം സംസാരിക്കാത്ത അജിത്ത് വരെ കൗണ്ടറുകൾ അടച്ചു തുടങ്ങിയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും രണ്ടാം റൗണ്ട് മേളത്തിന് ഒത്തുകൂടി. സന്തോഷവും ആഹ്ലാദ പ്രകടനവും പാട്ടും കൂടി ചേരുമ്പോൾ ആ രാവ് സമ്മാനിച്ച ഓർമ്മകൾ വിലമതിക്കാനാവാത്തതായി. ചില വട്ടപ്പേരുകളും ഏറ്റുവാങ്ങിക്കൂട്ടി ചിലരെല്ലാം. സൈക്കോ, തമിഴ്പുലി, സുവർണ്ണ സനൽ, അൽ-കോഴി,മാത്തൻ.

പാതിരാത്രിക്ക് ശേഷം എല്ലാവരും ടെന്റിനുള്ളിലേക്ക് മടങ്ങി. അപ്പോഴാണ് പലരുടേയും തേപ്പു കഥകൾ തലപൊക്കി പുറത്തുവന്നത്. കൂർക്കം വലിയിൽ എന്നെ തോല്പ്പിക്കുവർക്ക് പൂക്കോയിയുടെ വക കുതിരപ്പവൻ സമ്മാനം എന്നു ഉറക്കെ പ്രഖ്യാപിച്ച കോട്ടയംകാരൻ അനന്തുവും ഉറങ്ങാൻ ആരെയും സമ്മതിക്കില്ലേന്ന് പറഞ്ഞ അനന്തപുരിയുടെ സ്വന്തം അലനും അഞ്ചാം ക്ലാസിലെ പ്രണയം പറഞ്ഞ ഷാജി പാപ്പനും കൂടി ചേർന്ന ടെന്റിനുള്ളിൽ ഞാൻ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല. തണുപ്പിന്റെ കാഠിന്യം കൂടിയതോടെ ഉറക്കവും നഷ്ട്ടപ്പെട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ദൂരെ ഏതൊ മലയിലെ ക്ഷേത്രത്തിൽ നിന്നും ഭക്തിഗാനം കേട്ടു തുടങ്ങി. മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു വരുന്നതിനാൽ വലിയ ശബ്ദത്തിലാണ് പാട്ട് കേൾക്കുന്നത്. അതിനേക്കാൾ ഉച്ചത്തിൽ കിളികളുടെ ശബ്ദം കാതുകളിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. ടവറുകൾ ഇല്ലാത്തതിനാൽ പക്ഷികളുടെ എണ്ണം കൂടുതലായിരുന്നു.

ചെറിയ വിറയലോടു കൂടി പുലരിയെ കണ്ട് ആസ്വദിക്കാൻ ഞങ്ങൾ പുറത്തിറങ്ങി. ഇറക്കം ഇറങ്ങി തേയിലത്തോട്ടത്തിലേക്ക് നീങ്ങിയപ്പോൾ കണ്ട കാഴ്ച, മീശപ്പുലിമലയ്ക്കും, കുറുമ്പാലകോട്ടയ്ക്കും സമാനമായി കോടമഞ്ഞിൽ പൊതിഞ്ഞ താഴ്വാരവും തേയിലത്തോട്ടവും.ഒരു പക്ഷേ ഈ ഒരു കാഴ്ച തേടി വന്ന ആദ്യ സഞ്ചാരികൾ ഞങ്ങളാവാം.മഞ്ഞിൻ കണങ്ങളിൽ മുങ്ങിക്കുളിച്ച തേയിലച്ചെടികൾ പുലരിയുടെ വരവിനായി ഞങ്ങളെപ്പോലെ കാത്തു നില്ക്കുകയാണ്. ഫോട്ടോ എടുക്കുവാൻ ഓരോരുത്തരും മത്സരിക്കുകയാണ്.പതിയെ ഞങ്ങൾ കാത്തു നിന്ന ആ നയന മനോഹര കാഴ്ചയെത്തി. കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകൾക്ക് മുകളിലേക്ക് പുതിയൊരു ഉഷസ്സായി സൂര്യഭഗവാൻ ഉദിച്ചുയർന്നു. മേഘ കെട്ടുകണക്കെ കാണപ്പെട്ട മഞ്ഞിൻ കണങ്ങളിൽ തട്ടി സൂര്യൻ ഉദിച്ചുയർന്നു. ഞങ്ങളും സന്തോഷത്തിലായി.

കിളിക്കൊഞ്ചലുകൾ പ്രകൃതിയിൽ അലയൊലികൾ തീർത്തപ്പോൾ എനിക്ക് മനസ്സിലായി അവരും ഈ പ്രഭാത കാഴ്ചയിൽ സന്തോഷത്തിലാണ്. ദൂരെ ചെറു പച്ചപ്പണിഞ്ഞ കുന്നിൻ ചെരുവിലെ ക്ഷേത്രത്തിൽ നിന്നും അപ്പോഴും ആ ഭക്തി ഗാനം കേൾക്കുന്നുണ്ടായിരുന്നു. തേയിലച്ചെടികളിലെ മഞ്ഞിൻ കണങ്ങളിൽ സൂര്യകിരണങ്ങൾ വന്നു പതിക്കുമ്പോൾ അതിന്റെ തിളക്കം കൂടി വരുന്നപ്പോലെ തോന്നി. ഞാനും പാപ്പനും അലനും കൂടി തേയിലത്തോട്ടത്തിലൂടെ മഞ്ഞു പൊതിഞ്ഞ താഴ്വാരത്തേക്കിറങ്ങി. വളരെ ശ്രമകരമായ കാര്യമാണ് തേയിലച്ചെടികൾക്കിടയിലൂടെയുള്ള നടത്തം. വളരെ ബലമുള്ള ശിഖരങ്ങളാണ് തേയിലചെടിക്ക്. ഒരുപാട് നേരത്തെ നടത്തത്തിനൊടുവിൽ ഞങ്ങൾ കോടമഞ്ഞിനോട് വളരെ അടുത്തെത്തി. മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്ന അടിക്കാട് പൂർണ്ണമായും മഞ്ഞിൻ കുളിച്ച കാഴ്ച അത് ഒരിക്കലും മറക്കാൻ സാധിക്കില്ല. അവയ്ക്കിടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യകിരണങ്ങളും കൂടിച്ചേർന്നതോടെ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത മനോഹര കാഴ്ചക്ക് ഞങ്ങൾ സാക്ഷിയായി. കട്ടപ്പ ബാഹുബലിയെ കൊല്ലുന്ന സീൻ ഞങ്ങൾ അവിടെ പുന:സൃഷ്ടിച്ചു.

ട്രക്കിംങിനു പോകാനുള്ള ത്തിനാൽ തിരികെ ക്യാമ്പ് സൈറ്റിൽ എത്തി.പ്രകൃതി നല്കിയ കാഴ്ചയിൽ എല്ലാവരും സന്തോഷത്തിലാണ്. നല്ലപോലെ വെളിച്ചം വീണിരിക്കുന്നു. ഇപ്പോഴാണ് ഏലത്തോട്ടത്തിന്റെ ആ പച്ചപ്പ് നിറഞ്ഞ കാഴ്ച കാണുന്നത്. എന്നേക്കാൾ ഉയരത്തിലാണ് ഓരോ ഏലച്ചെടിയും നില്ക്കുന്നത്. ചുവട്ടിൽ കുലയായി ഏലക്കായും കായ്ച്ചു കിടക്കുന്നുണ്ട്. ഞങ്ങൾ അടുത്ത മല ലക്ഷ്യമാക്കി തോട്ടത്തിലൂടെ നടന്നു. തോട്ടത്തിൽ അവിടവിടെയായി ചാമ്പ മരങ്ങളിൽ ചാമ്പങ്ങ കായ്ച്ചു നിന്നത് പൊട്ടിച്ചു തിന്നു. അല്ലി നാരങ്ങ മരങ്ങളാണ് അധികവും അവിടെയുള്ളത്.മഞ്ഞ നിറത്തിൽ നാരങ്ങ പഴുത്തു നിന്നത് കണ്ടപ്പോൾ പറിക്കാതിരിക്കാൻ കഴിഞ്ഞില്ല. നല്ല പുളിയുള്ള നാരങ്ങ അറഞ്ചം പുറഞ്ചം തട്ടുന്നതിനു വേണ്ടി ഹാഷിമും സജനാസും ഓന്റെ പ്രിയ പത്നിയും ടെന്റ് സൈറ്റിലേക്ക് തിരികെ മടങ്ങിപ്പോയി. ഞങ്ങൾ മുന്നോട്ട് തന്നെ നടന്നു. ഇതിനിടയിൽ തോട്ടത്തിൽ നിന്നും ഫ്രീയായി അട്ടയും കൂടെ കൂടിയിരുന്നു. അട്ടകടി ഇപ്പോൾ ശീലമായി.

വേനലിന്റെ കാഠിന്യത്തിൻ കത്തിയർന്ന മലയിൽ നാളെയുടെ പ്രതീക്ഷകളായി പുതിയ പുല്നാമ്പുകൾ മുളച്ചുപൊങ്ങിയിരുന്നു. പേരറിയാത്ത എന്തൊ ക്കൊയോ ചെടികളും മുളച്ചു പൊന്തിയിട്ടുണ്ട്. വെയിലിനു ചൂട് കൂടുന്നതു പോലെ തോന്നി.വരിവരിയായി ഓരോരുത്തരും കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ട് നടന്നു. ഇപ്പോൾ താഴ്വാരം നല്ലപോലെ തെളിഞ്ഞു കാണാൻ സാധിക്കുന്നുണ്ട്. കുന്നുകളിൽ പച്ചപട്ടുചേല പുതപ്പിച്ച തേയിലത്തോട്ടങ്ങൾ കാണാൻ വല്ലാത്ത ചേല് തന്നെയാണ്. മലമടക്കുകളിൽ ചെത്തിയെടുത്ത വഴിത്താരകൾ പാമ്പിനേപ്പോലെ വളഞ്ഞു പുളഞ്ഞു പോകുകയാണ്.

ഒരു പക്ഷേ മൂന്നാറിനേക്കാൾ ഭംഗിയും ശാന്തമായ പ്രകൃതിയും ഇവിടെയാണ്. സഞ്ചാരികളുടെ തിരിക്കില്ലാത്ത സുന്ദരഭൂമി. കാടും കുന്നുകളും തേയിലത്തോട്ടവും ഏലക്കാടും കണ്ട് ഞങ്ങൾ തിരികെ ക്യാമ്പ്സൈറ്റിൽ എത്തി. ഭക്ഷണം കഴിച്ച് ക്യാമ്പിനോട് വിട പറയാൻ പലർക്കും മടി തോന്നി. അത്ര രസകരമായ നിമിഷങ്ങൾ സമ്മാനിച്ചാണ് ഒരു രാവും പകലും കടന്നു പോയത്. ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് എല്ലാവരും പിരിഞ്ഞു പോകാതെ വീണ്ടും വാഗമൺ തടാകക്കരയിൽ ഒത്തുകൂടി. വെയിലിന്റെ കാഠിന്യം കൂടി വന്നതോടെ എല്ലാവരും മടങ്ങുവാൻ തയ്യാറെടുത്തു. അടുത്ത ക്യാമ്പിൽ കാണാൻ എന്ന ശുഭ പ്രതീക്ഷയോടെ ഞങ്ങൾ ഓരോരുത്തരായി വാഗമണ്ണിനോട് വിട ചൊല്ലിപ്പിരിഞ്ഞു.